വൃത്തിയുള്ള പൊതു മൂത്രപ്പുരകള്‍ ഉറപ്പുവരുത്തുകയെന്നത് പ്രഖ്യാപിത ലക്ഷ്യം തന്നെയാണെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക്. കേരള പഠന കോണ്‍ഗ്രസ്സില്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമാണിത്. തയ്യാറായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും ഇത് പ്രാധാന്യത്തോട് പരിഗണിക്കുമെന്നും തോമസ് ഐസക് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തിരുവനന്തപുരത്തെ വി കെയര്‍ എന്ന സംരംഭകര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പിങ്ക് പോയിന്റ് ടോയ്ലറ്റ് ശൃംഖല, സഹകരിക്കാന്‍ തയ്യാറുള്ള വഴിയോര ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയില്‍ ഏറ്റവും ശുചിയും ആധുനികവുമായ ടോയ്ലറ്റ് സംവിധാനം സര്‍ക്കാര്‍ ചെലവില്‍ പണിത് കൊടുക്കുക എന്നീ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെക്കുന്നു. ഏതാണ് കൂടുതല്‍ ഫലപ്രദം എന്നതിന്റെ അടിസ്ഥാനത്തില്‍ അത് അഖിലകേരളാടിസ്ഥാനത്തില്‍ സ്വീകരിക്കാമെന്നും, ഒപ്പം ഇവയേക്കാള്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയും തോമസ് ഐസക് പങ്കുവെക്കുന്നു.
'' കേരളത്തിലെ പൊതു മൂത്രപ്പുരകള്‍ നന്നേ കുറവാണ്. ഉള്ളവ ഏറ്റവും വൃത്തിഹീനവുമാണ്. ഇതിന്റെ ദുരന്തഫലം ഏറ്റവും അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്കുള്ള മൂത്രപ്പുര പൊതുസ്ഥലങ്ങളില്‍ ഉറപ്പുവരുത്തണമെന്ന സുനിത ദേവദാസ്, അനുപമ മോഹനന്‍ എന്നിവരുടെ പോസ്റ്റും കിരണ്‍ തോമസിന്റെ പ്രതികരണവും ശ്രദ്ധയില്‍പ്പെട്ടു. കേരള പഠന കോണ്‍ഗ്രസ്സില്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യമാണിത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. പക്ഷെ, ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യം പറയാം. ചേര്‍ത്തലആലപ്പുഴ നാഷണല്‍ ഹൈവേ ഓരത്ത് ഒരു ഡസന്‍ ഷീ ടോയ്ലെറ്റുകളെങ്കിലും ഉറപ്പുവരുത്തും. അതുപോലെതന്നെ, നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും. ഇതിനായി സ്വീകരിക്കാന്‍ പോകുന്ന ബിസിനസ് മോഡലുകള്‍ രണ്ടു തരത്തിലുള്ളവയാണ്.
ഒന്ന്, തിരുവനന്തപുരത്തെ വി കെയര്‍ എന്ന സംരംഭകര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പിങ്ക് പോയിന്റ് ടോയ്ലറ്റ് ശൃംഖലയാണ് ഇത്. കേവലം ടോയ്ലെറ്റുകളായിട്ടല്ല ഇവ വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങളും മറ്റും വില്‍ക്കുന്നതിനുള്ള ഒരു കടയോട് ചേര്‍ന്ന് ഏറ്റവും ആധുനിക രീതിയിലും ഓട്ടോമെറ്റിക് ആയി കഴുകി വൃത്തിയാക്കാന്‍ കഴിയുന്ന ടോയ്ലെറ്റുകള്‍ സ്ഥാപിക്കുകയാണ് ഈ പരിപാടി.
രണ്ട്, ആലപ്പുഴയില്‍ ആദ്യത്തെ മാര്‍ഗം ഞങ്ങള്‍ തിരസ്കരിക്കുന്നില്ല. പക്ഷെ, കൂടുതല്‍ ഊന്നുന്നത് സഹകരിക്കാന്‍ തയ്യാറുള്ള വഴിയോര ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയില്‍ ഏറ്റവും ശുചിയും ആധുനികവുമായ ടോയ്ലറ്റ് സംവിധാനം സര്‍ക്കാര്‍ ചെലവില്‍ പണിത് കൊടുക്കുകയാണ്. ഇതിന്റെ മെയിന്റനന്‍സിനായി സംഭാവന പെട്ടി ടോയ്ലറ്റിനു സമീപം സ്ഥാപിക്കുന്നതാണ്. ടോയ്ലറ്റ് വൃത്തിയായി സൂക്ഷിക്കേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ ടോയ്ലറ്റുകള്‍ ഉണ്ട്. പക്ഷെ, ഇവിടത്തെ സൌകര്യങ്ങള്‍ പരിമിതമാണ്. ശുചിത്വത്തിന് കൃത്യമായ മാനദണ്ഡങ്ങളില്ല. ഇവയാണ് പൊതു ഇടപെടലിലൂടെ ഉറപ്പുവരുത്തുന്നത്. സ്ഥാപനത്തിനെന്താണ് ഗുണം? ഇത്തരം സൌകര്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഏകീകൃതവും ആകര്‍ഷകവുമായ ചൂണ്ടുപലകകള്‍ നാഷണല്‍ ഹൈവേയില്‍ സ്ഥാപനത്തിനു സമീപം സ്ഥാപിക്കും. തന്മൂലം ഇവരുടെ ബിസിനസ് വര്‍ദ്ധിക്കും.
ഏതാണ് കൂടുതല്‍ ഫലപ്രദം എന്നതിന്റെ അടിസ്ഥാനത്തില്‍ അത് നമുക്ക് അഖിലകേരളാടിസ്ഥാനത്തില്‍ സ്വീകരിക്കാവുന്നതാണ്. ഒരുപക്ഷേ, ഇവയേക്കാള്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങളും ഉണ്ടാകാം. ഏതായാലും ഒരു കാര്യം ഉറപ്പ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ഇത്തരം ടോയ്ലറ്റ് സംവിധാനം കേരളത്തില്‍ സാര്‍വ്വത്രികമാക്കും.''
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..