01 June Thursday

'ചുമയ്ക്കാന്‍ പോലും ഭയന്ന് ഇടുങ്ങിയ മുറികളില്‍ അവനെപ്പോലെ എത്രപേര്‍...പരിഗണിക്കണം അവരെകൂടി നമ്മൾ'

സനിത മനോഹര്‍Updated: Wednesday Apr 15, 2020

അവനെ ഞാൻ കാണുന്നത് ഒമാനിലെ ബർക്കയിൽ വച്ചാണ് . ഒമാനിലെത്തിയ ആദ്യനാളുകളിൽ ജന്മനാടിന്റെ മണവും വായുവും നഷ്ടബോധമായി മനസ്സിനെ പിടിച്ചുലയ്ക്കുമ്പോൾ ഞാനും മുരളിയേട്ടനും മോളും വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങും. അങ്ങിനെ നടക്കുന്നതിനിടയിൽ കളിപ്പാട്ടങ്ങളുടെ കട കണ്ട്  കയറിയപ്പോൾ ആണ് അവനെ ആദ്യം കാണുന്നത് . ഞങ്ങൾ കോഴിക്കോടാണെന്ന് പറഞ്ഞപ്പോൾ വലിയ ഉത്സാഹത്തോടെ അവൻ പറഞ്ഞു ഞാൻ തലശ്ശേരിയാണെന്ന് . അവന്റെ ആരുമായിരുന്നില്ല ഞങ്ങൾ എന്നിട്ടും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. കടയിൽ നിന്ന് ഇറങ്ങുമ്പോൾ ഇടക്ക് വരണേന്ന് ഒാർമ്മിപ്പിച്ചു. മൂന്നുമാസമേ ആയിട്ടുള്ളൂ അവൻ ഒമാനിൽ എത്തിയിട്ട്.

പിന്നീട് ആ വഴി പോവുമ്പോഴൊക്കെ ആ കടയിൽ കയറും. വെറുതെ സംസാരിച്ച് നിൽക്കുന്നത് മുതലാളി ശ്രദ്ധിക്കുമെന്നതിനാൽ സാധനങ്ങൾ നോക്കികൊണ്ട് സംസാരിക്കും. വേണ്ടിയിട്ടല്ലെങ്കിലും മുതലാളിക്ക് അവനോട് സ്നേഹം തോന്നിക്കോട്ടേന്ന് കരുതി എന്തേലും വാങ്ങിക്കും. വീടും നാടും വിട്ടു നിൽക്കുന്നതിൽ വലിയ സങ്കടമുണ്ട് അവന് . ഇരുപത്തിരണ്ട് വയസ്സായെങ്കിലും ചെറിയ കുട്ടിയെപോലെയാണ്. അച്ഛൻ മരിച്ചപ്പോൾ അമ്മയും അനിയനും അനിയത്തിയും അടങ്ങുന്ന വീട് അവന്റെ ഉത്തരവാദിത്തമായി. അച്ഛന്റെ ചികിത്സയുടെ കടം വീട്ടണം.വീടുപണി പൂർത്തിയാക്കണം.അനിയനെയു അനിയത്തിയെയും പഠിപ്പിക്കണം.  വീടിനെ കുറിച്ചും കൂട്ടുകാരെ കുറിച്ചും പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയും.  നാട്ടിൽ നിന്നുള്ള ഹൽവയും ചിപ്സും കൊടുക്കുമ്പോൾ നാടിന്റെ മണമെന്ന് പറഞ്ഞ് അവൻ നെഞ്ചോട് ചേർക്കും. കടവും വീട് പണീയും തീർത്തിട്ടേ പോവുന്നുള്ളൂവെന്നും പറഞ്ഞ് നാലു വർഷം കഴിഞ്ഞാണ് നാട്ടിൽ പോയത് . ആ പോക്കിൽ ആരോടൊക്കെയോ കടം വാങ്ങിയും കൈയ്യിലുള്ളതും ചേർത്ത് അനിയത്തിയുടെ കല്ല്യാണം നടത്തി. ഏട്ടന്റെ വരുമാനത്തെ കുറിച്ചോ കഷ്ടപ്പാടിനെ കുറിച്ചോ യാതൊരു ആശങ്കയും ഇല്ലാത്ത അനിയൻ ബൈക്ക് വേണമെന്ന് പറഞ്ഞപ്പോൾ അതും വാങ്ങി കൊടുത്ത്  അനിയന്റെ ആഗ്രഹപ്രകാരം ബിബിഎ ക്ക് വലിയ ഫീസ് കൊടുത്ത് പഠിപ്പിക്കാമെന്നേറ്റ്  വലിയൊരു കടക്കാരനായി തിരിച്ചു വന്നു. സ്വയം ഒരു കരുതൽ വേണമെന്ന് ഞാൻ ഒാർമ്മിപ്പിക്കുമ്പോൾ പറയും കരുതാൻ എന്തേലും വേണ്ടെ ചേച്ചീ. അവന് ജോലി ആയാൽ എനിക്കൊരു ആവശ്യം വരുമ്പോൾ അവൻ ഉണ്ടാവുമല്ലൊയെന്ന് .
     
ഞങ്ങൾ ബർക്ക വിട്ടതിൽ പിന്നെ കാണൽ കുറഞ്ഞു. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും  വിളിക്കും. അനിയൻ പഠിച്ച് ജോലി നേടുകയും കല്ല്യാണം കഴിക്കുകയും ചെയ്തു. അവന് ഒരു കൂട്ട് വേണ്ടെ എന്ന് അമ്മപോലും ചോദിച്ചില്ലെന്ന് പറഞ്ഞ് ഒരിക്കൽ തൊണ്ടയിടറി. വീട്ടുകാർക്ക് അവന്റെ കല്ല്യാണകാര്യത്തിൽ താല്പര്യമില്ലെന്ന് മനസ്സിലാക്കിയ കൂട്ടുകാർ മുൻ കൈയ്യെടുത്ത് അവന് ഒരു കൂട്ട് കണ്ടെത്തി. പന്ത്രണ്ട് വർഷം മുന്നെ കടം വീട്ടാൻ ഗൾഫിൽ എത്തിയവനാണ് . ഇപ്പോഴും കടക്കാരനാണ് .കഴിഞ്ഞ ദിവസം വിളിച്ചത് വലിയ സങ്കടത്തോടെയാണ്. കല്ല്യാണം കഴിഞ്ഞ് ഇരുപത്തിയഞ്ച് ദിവസം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങിയതാണ് . രണ്ടു വർഷം കഴിഞ്ഞു.ഈ വിഷുവിന് വീട്ടിലെത്താമെന്നും ഭാര്യക്കൊപ്പം കൂടാമെന്നും കരുതിയിരുന്നതാണ് . ലോക് ഡൗൺ കാരണം അവിടെ പെട്ടു. എട്ടുപേരുള്ള മുറിയിലാണ് താമസം. കടകളൊക്കെ അടച്ചതിനാൽ ശമ്പളമില്ലാത്ത അവധിയാണ്.വേദനയോടെ പറയുന്നുണ്ടായിരുന്നു. രണ്ടു വർഷം മുന്നെയാണെങ്കിൽ കൊറോണ വന്നോട്ടെ മരിച്ചോട്ടെ എന്ന് വയ്ക്കുമായിരുന്നു. ഇന്ന് അങ്ങിനെയല്ലല്ലോ.പാവമാണ് അവൾ . എന്റെ അസാന്നിധ്യത്തിൽ അവൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് . വീട്ടിലെ പണി   അമ്മയുടെ കുശുമ്പ്  അനിയന്റെ ജോലിയുള്ള ഭാര്യയുടെ ജാഡ എല്ലാം കൂടെ അവൾ ഒരുപാട് കരയുന്നുണ്ട്. വിഷുവിന് കാണാലോന്നുള്ള സന്തോഷത്തി.....വാക്കുകൾ മുറിഞ്ഞു. കണ്ണീരൊഴുകി.

പ്രാരാബ്ധത്തിന്റെ ഭാണ്ഡവുമായി അവനെപ്പോലെ തനിച്ചായിപ്പോയ നിരവധിപേർ ഉണ്ട് ഗൾഫു നാടുകളിൽ.ആഘോഷങ്ങളോ ആഹ്ലാദങ്ങളോ ഇല്ലാതെ വരണ്ട ജീവിതം ജീവിക്കുന്നവർ. നാലും അഞ്ചും വർഷമായി കുടുംബത്തെ കാണാനാവാതെ ക്യാമ്പുകളിൽ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചു ക്യാമ്പുകളിലേക്കും മാത്രമായി ജീവിതം വെന്തുരുകിതീർക്കുന്നവർ. സഹോദരിമാരെ കെട്ടിക്കാൻ സഹോദരങ്ങളെ പഠിപ്പിക്കാൻ ഭാര്യക്കും മക്കൾക്കും അല്ലലില്ലാതെ ജീവിക്കാൻ ഗൾഫിലേക്ക് പുറപ്പെട്ട അവർ ഇന്നിപ്പോൾ  ഒന്നു ചുമയ്ക്കാൻ പോലും ആവാതെ, ആരെങ്കിലും ചുമച്ചാൽ ഭീതിയോടെ നോക്കി ഇടുങ്ങിയ മുറിയിൽ ഒന്നിനുമീതെ ഒന്നായി അടുക്കിയ കട്ടിലിൽ ഉറങ്ങാതെ ജീവിക്കുകയാണ്. പരിഗണിക്കണം അവരെകൂടി നമ്മൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top