03 February Friday

'അന്ന് ഞങ്ങള്‍ക്കൊപ്പം അടിയുറച്ച് നിന്നത്‌ വി കെ പ്രശാന്തായിരുന്നു; ആത്മവിശ്വാസവും കരുത്തും നല്‍കിയത് ആ ഇടപെടലായിരുന്നു'

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

കൊച്ചി > വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ നേതൃപാടവും ജനകീയതയും ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. കേരളാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ അന്ന് ഡിവൈഎഫ്‌ഐ ബ്‌ളോക്ക് സെക്രട്ടറിയായിരുന്ന പ്രശാന്ത് നടത്തിയ ഇടപെടലുകള്‍ ഓര്‍ത്തെടുക്കുകയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ മുന്‍ വൈസ് പ്രസിഡന്റും കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ത്ഥിയുമായിരുന്ന അമല്‍ പുല്ലാര്‍ക്കാട്ട്. ക്യാമ്പസിലെ ലൈബ്രറി സമയം വര്‍ധിപ്പിക്കണമെന്നും വനിതാ ഹോസ്റ്റലിലെ കര്‍ഫ്യൂ ടൈമിംഗ് എടുത്ത് മാറ്റണം എന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സമരത്തെ തുടര്‍ന്ന് കേസില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും നിയമ പരിരക്ഷയുമായി പ്രശാന്ത് ഉണ്ടായിരുന്നു. അന്ന് തങ്ങള്‍ക്ക് ഏറ്റവും ആത്മവിശ്വാസവും കരുത്തും നല്‍കിയത് പ്രശാന്തിന്റെ ഇടപെടല്‍ തന്നെയായിരുന്നുവെന്നും അമല്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്‌‌ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം

കേരളാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ (കാര്യവട്ടം, തിരുവനന്തപുരം) MA വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് VK Prasanth നെ ആദ്യമായ് കാണുന്നത്. ഓര്‍ത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അന്ന് 2013 ല്‍ ക്യാമ്പസിലെ ലൈബ്രറി സമയം വര്‍ധിപ്പിക്കണമെന്നും വനിതാ ഹോസ്റ്റലിലെ കര്‍ഫ്യൂ ടൈമിംഗ് എടുത്ത് മാറ്റണം എന്നും ആവശ്യപ്പെട്ടുകൊണ്ട് SFI ശക്തമായ സമരം നയിച്ചു. അതായിരുന്നു വായനാസമരം! സാധാരണ SFI നേതൃത്വം നല്‍കുന്ന സമരങ്ങള്‍ പാടെ അവഗണിക്കാറുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ ആ പക്ഷാഭേതം ഈ സമരത്തോട് കാണിച്ചില്ല.

സമാധാനപരമായ് ലൈബ്രറിയില്‍ കയറിയിരുന്ന് വായിക്കുവാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ പിന്നെ തങ്ങളുടെ വായന അവസാനിപ്പിച്ചില്ല. ഇരവും പകലും അവരുടെ വായന ഭാവഭേതങ്ങളില്ലാതെ മുന്നോട്ട് പോയി. ശാന്തമായ് വായന തന്നെ വായന! ആദ്യ ദിവസങ്ങളില്‍ സമയത്തില്‍ ഒരു മാറ്റവും വരുത്താന്‍ സൗകര്യമില്ലെന്ന് യൂണിവേഴ്‌സിറ്റിയുടെ കടുംപിടുത്തം. തുടര്‍ന്ന് ഹോസ്റ്റല്‍ മേട്രണ്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നു, യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ സമരം അവസാനിപ്പിക്കണമെന്ന് മുറവിളി കൂട്ടുന്നു, അങ്ങിനെ അങ്ങിനെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധികാരികള്‍ക്കും ഉറക്കമില്ലാതായി. ആകെ കോലാഹലം. എന്നാല്‍ ഇതൊന്നും ശ്രദിക്കാതെ തങ്ങളുടെ വായന തുടരുന്ന കുട്ടികളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വിളിച്ചു വരുത്തിയ പോലീസ് കുട്ടികളെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റും തികച്ചും സമാധാന പൂര്‍ണ്ണമായിരുന്നു. എന്നാല്‍ ഗത്യന്തരമില്ലാതെ സര്‍വ്വകലാശാലാ അധികാരികള്‍ക്ക് ലൈബ്രറി സമയവും ലേഡീസ് ഹോസ്റ്റല്‍ സമയവും രാത്രി 12 മണി വരേയായ് നിജപ്പെടുത്തേണ്ടി വന്നു. കൂടാതെ രാത്രി പഠനം കഴിഞ്ഞ് കുട്ടികള്‍ക്ക് ഹോസ്റ്റലിലേക്ക് തിരിച്ചു പോകാന്‍ യൂണിവേഴ്‌സിറ്റി വക സ്‌പെഷ്യല്‍ ബസ്സും. സമരം വന്‍ വിജയം!

പക്ഷേ ഈ സമരവുമായ് ബന്ധപ്പെട്ട് കുട്ടികള്‍ക്കെതിരേ ഒരിക്കലും കേസ് ഫയല്‍ ചെയ്യില്ല എന്ന് പറഞ്ഞ സര്‍വ്വകലാശാലയുടെ കോണ്‍ഗ്രസ് ഭരണകൂടം അവരുടെ വര്‍ഗസ്വഭാവം പോലെ തരാതരമായ് നിലപാട് മാറ്റി. വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസെടുത്തു. അവകാശങ്ങള്‍ക്കായ് ജനാധിപത്യപരമായ് സമരം ചെയ്ത വിദ്യാര്‍ത്ഥി പ്രധിനിധികള്‍ വര്‍ഷങ്ങളോളം കേസുമായ് കോടതി കയറി. എന്നാല്‍ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്കൊപ്പം ശക്തമായ സാന്നിധ്യമായ് വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും നിയമ പരിരക്ഷയും തന്ന് ഞങ്ങളുടെ ജേഷ്ഠ സഹോദരനെ പോലെ, അടിയുറച്ച സഖാവായ് കൂടെയുണ്ടായിരുന്നത് അന്ന് DYFI കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറിയായിരുന്ന അഡ്വ:വികെ പ്രശാന്തായിരുന്നു! ഞങ്ങള്‍ക്ക് ഏറ്റവും ആത്മവിശ്വാസവും കരുത്തും നല്‍കിയത് ഈ പ്രിയ നേതാവിന്റെ ഇടപെടല്‍ തന്നെയായിരുന്നു.

പിന്നീട് അദ്ദേഹം അനന്തപുരിയുടെ മേയറായ് തിരഞ്ഞെടുക്കപ്പെട്ട് നാടാകെ സ്‌നേഹിക്കുന്ന തരത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവക്കുന്നത് കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇന്നിപ്പോള്‍ സഖാവ് വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവിന്റെ സാമാജിക സ്ഥാനാര്‍ത്ഥിയായ് മുന്‍പോട്ട് വരുമ്പോള്‍ നമ്മള്‍ നമ്മളെ ഈ സുരക്ഷിതമായ കരങ്ങളിലല്ലാതെ എവിടെ ഏല്‍പ്പിക്കും? ഒരു ജനതയെ അവരുടെ ദൈനംദിന ജീവിത പ്രശ്നങ്ങളില്‍ കൃത്യമായ് ഇടപെട്ട് ജൈവീക രാഷ്ട്രീയ നേതൃത്വത്തിന്റെ മാതൃകയായ് മാറിയ ഈ സഖാവിനെയല്ലാതെ മറ്റാരെ നമ്മള്‍ വിജയിപ്പിക്കാന്‍..? മനസ്സുനിറഞ്ഞ സന്തോഷത്തോടെ അഭിവാദ്യങ്ങള്‍ നേരുന്നു. ലാല്‍സലാം 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top