ബ്ലൂ വെയിൽ ചലഞ്ചിന് ശേഷം സമാനസ്വഭാവമുള്ള മറ്റൊരു ഗെയിം കൂടി രംഗത്തെത്തിയതായാണ് വിവിധ രാജ്യങ്ങളിലെ പോലീസ് സേനകൾ മുന്നറിയിപ്പ് നൽകുന്നത്. 'മോമോ ചലഞ്ച്' എന്നാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഈ പുതിയ ഗെയിമിന്റെ പേര്. കഴിഞ്ഞ ആഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഈ ഗെയിം പ്രത്യക്ഷപ്പെടുന്നത്. ബ്ലൂ വെയിൽ ചലഞ്ചിനെപ്പോലെ ഈ ഗെയിമും ലക്‌ഷ്യം വെക്കുന്നത് ഇന്റർനെറ്റ് അടിമകളായ കുട്ടികളെയാണ്.
വളരെ അപകടകാരിയായ 'ബ്ലൂ വെയിൽ ചലഞ്ച്' എന്ന ഗെയിമിനെക്കുറിച്ച് നിങ്ങളേവരും കേട്ടിട്ടുണ്ടാകുമല്ലോ. കഴിഞ്ഞ വർഷം 130 ലധികം കൗമാരക്കാരുടെയും യുവാക്കളുടെയും ജീവനുകളാണ് 'ബ്ലൂ വെയിൽ ചലഞ്ച്' അപഹരിച്ചത്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് ഈ കൊലയാളി ഗെയിമിന്റെ രീതി. ഗെയിം തുടങ്ങുമ്പോൾ തന്നെ ചില നിർദ്ദേശങ്ങളെത്തും. ഈ ചലഞ്ചുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും വേണം.
ഇല്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥർ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഓരോ ടാസ്‌കുകൾക്കൊപ്പവും ഇരകളിൽ നിന്നു ശേഖരിച്ച സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ബ്ലാക് മെയ്‌ലിംഗ് കുട്ടികളെ മാനസികമായി തളർത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയിലാണ് ഗെയിം തുടരുന്നത്. തുടർന്ന് ഇവർ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കാനിടയാകുന്നു.
ബ്ലൂ വെയിൽ ചലഞ്ചിന് ശേഷം സമാനസ്വഭാവമുള്ള മറ്റൊരു ഗെയിം കൂടി രംഗത്തെത്തിയതായാണ് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകൾ മുന്നറിയിപ്പ് നൽകുന്നത്. 'മോമോ ചലഞ്ച്' എന്നാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഈ പുതിയ ഗെയിമിന്റെ പേര്. കഴിഞ്ഞ ആഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഈ ഗെയിം പ്രത്യക്ഷപ്പെടുന്നത്. ബ്ലൂ വെയിൽ ചലഞ്ചിനെപ്പോലെ ഈ ഗെയിമും ലക്‌ഷ്യം വെക്കുന്നത് ഇന്റർനെറ്റ് അടിമകളായ കുട്ടികളെയാണ്.
വാട്സ്ആപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. പ്രശസ്ത കലാകാരിയായ 'മിഡോറി ഹയാഷി' ജാപ്പനിസ് സ്പെഷ്യൽ എഫക്റ്റ്സ് കമ്പനിയായ ലിങ്ക് ഫാക്ടറിക്ക് വേണ്ടി നിർമ്മിച്ചതും ടോക്കിയോയിലെ ഹൊറർ ആർട്ട് വാനില ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളതുമായ 'മദർ ബേഡ്' എന്ന ശിൽപ്പത്തിന്റെ മാതൃകയിലാണ് മോമോയുടെ ഐക്കൺ നിർമ്മിച്ചിരിക്കുന്നത്. തുറിച്ച കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ നോട്ടത്തിൽ തന്നെ കുട്ടികളിൽ ഭീതി ജനിപ്പിക്കുന്നു.
'നിങ്ങൾക്കറിയാത്ത നിങ്ങളിലെ കഴിവുകളും നിങ്ങളിലെ രഹസ്യങ്ങളും ഞാൻ പറഞ്ഞു തരാം' എന്ന ആമുഖത്തോടെയാണ് മോമോ ഗെയിം ആരംഭിക്കുന്നത്. ഗെയിമിൽ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ മോമോ എന്ന പേരുള്ള ഈ അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന ചലഞ്ചാണ് ആദ്യം നൽകുന്നത്. തുടർന്ന് ഈ അജ്ഞാത നമ്പറിൽ നിന്നും പേടിപ്പെടുത്തുന്ന മെസേജുകളും വീഡിയോകളും ലഭിക്കും. മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്തിയെടുത്ത് പിന്നീട് ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഈ കളിയിലും പിന്തുടരുന്നത്.
കഴിഞ്ഞ മാസം അർജൻറീനയിൽ ആത്മഹത്യ ചെയ്ത ടീനേജുകാരിയുടെ മരണത്തിനു പിന്നിൽ മോമോ ആണെന്നാണ് പോലീസ് സംശയിക്കുന്നത്.
http://www.batimes.com.ar/…/police-suspect-12-year-old-girl…
റിപ്പോർട് ചെയ്യപ്പെട്ട കേസുകളുടെ സെർവർ അഡ്രസ് പരിശോധിച്ചതിൽ നിന്നും ഗെയിമിന്റെ നിയന്ത്രണം ജപ്പാനിൽ നിന്നാണെന്നാണ് മനസ്സിലാകുന്നത്. എന്നാൽ ഒട്ടുമിക്ക ഭാഷയിലുമുള്ള സന്ദേശങ്ങളും ഈ കളിയിൽ ലഭ്യമാണ്. എന്നാൽ ഈ സംഭവം ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പലർക്കും മോമോയുടെ ഫോട്ടോ ഡിസ്‌പ്ലെ പിക്ചർ ആയുള്ള വിദേശ നമ്പറുകളിൽ നിന്ന് വാട്സാപ്പ് മെസ്സേജുകൾ വരുവാൻ തുടങ്ങി. പറയുന്ന കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഫോൺ ഹാക്ക് ചെയ്യുമെന്നു പറഞ്ഞുള്ള മെസ്സേജുകൾ ഇതേ തുടർന്ന് പലർക്കും വരികയുണ്ടായി.
എന്നാൽ ഇത്തരം വ്യാജ സന്ദേശങ്ങളെ ഭയപ്പെടേണ്ടതില്ല എന്നാണ് വിദഗ്ദർ നൽകുന്ന ഉപദേശം. ഇന്റർനെറ്റിൽ ലഭ്യമായ VoIP അപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആർക്കും വിദേശ നമ്പറിൽ ഇത്തരം പരിപാടികൾ ചെയ്യാൻ കഴിയുന്നതാണ്. കൂടാതെ അവർ അയച്ച് തരുന്ന ഫോട്ടോ ഓപ്പൺ ചെയ്താലും നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയില്ല എന്നതാണ് യാഥാർത്ഥ്യം. അഥവാ, എന്തെങ്കിലും ഒരു കോഡ് മോമോയുടെ ഫോട്ടോയിൽ ബൈൻഡ് ചെയ്തയച്ചാലും, ബൈൻഡഡ് ഇമേജ് ഫയൽ ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ എക്സിക്യൂട്ട് ആവുകയുമില്ല.
മൊമോ ഒരു ഗെയിം അപ്ലിക്കേഷൻ ആണെന്ന് തെറ്റിദ്ധരിച്ച് പലരും MOMO എന്ന പേരിലുള്ള APK ഇൻസ്റ്റലേഷൻ ഫയൽ ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുവാൻ ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് അപകടകരമായ പ്രവണതയാണ്. ഇത്തരം APK ഫയലുകളിൽ RAT virus (Remote Administration Tool) ബൈൻഡ് ചെയ്തിരിക്കാൻ സാധ്യതയുള്ളതിനാൽ ഇവ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലേക്ക് എളുപ്പത്തിൽ നുഴഞ്ഞു കയറാനും നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ഇങ്ങനെ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന APK ഫയലുകൾ വഴി നിങ്ങളുടെ ഫോണിന്റെ മുൻവശത്തെ ക്യാമറ ഓട്ടോമാറ്റിക്കായി ഓൺ ആക്കാനും നിങ്ങൾ പോലുമറിയാതെ ചിത്രങ്ങളും വീഡിയോകളും പകർത്താനും ഹാക്കർമാർക്ക് സാധിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ബ്ലൂ വെയിൽ ചലഞ്ച് വന്ന സമയത്ത്, BLUE WHALE എന്ന പേരിൽ നിരവധിയായ APK ഫയലുകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. അതുകൊണ്ട് തന്നെ MOMO എന്ന പേരിൽ APK ഫയലുകൾ ഇന്റർനെറ്റിൽ പ്രചരിക്കുവാൻ തീർച്ചയായും സാധ്യതയുണ്ട്.
മോമോ ഗെയിമിന്റെ APK ഇൻസ്റ്റലേഷൻ ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഫോൺ ഹാക്കിങ് സാദ്ധ്യമാവൂ എങ്കിലും ഹാക്ക് ചെയ്യപ്പെട്ടു എന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബ്ലാക്ക് മെയിലിങ് മോഡ് ഓഫ് ഓപറേഷനാണ് മോമോ ഗെയിമിന്റെ ഒരു രീതി. ഗെയിം കളിക്കുന്നവരിൽ അതിയായ അഭിനിവേശവും, താത്പര്യവും ജനിപ്പിച്ച ശേഷം സാവധാനം മനസ്സും ശരീരവും അഡ്മിന് അല്ലെങ്കിൽ തന്റെ മാർഗ്ഗദർശിക്ക് മുൻപാകെ വിധേയപ്പെട്ടുത്തുന്നതാണ് ഇത്തരം ഗെയിമുകളുടെ പൊതുവായ രീതി. പിന്നീട് കളിക്കാരന് തന്റെ മനസ്സിലും ആത്മാവിലുമുള്ള നിയന്ത്രണം നഷ്ടമാകുകയും യാന്ത്രികമായി കളിയിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇളം മനസ്സുകളെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത് എന്നതുകൊണ്ടുതന്നെ എളുപ്പത്തിൽ അതിനു സാധിക്കുകയും ചെയ്യുന്നു. കൂടാതെ ഗെയിമിന്റെ ഭാഗമായുള്ള ചലഞ്ചുകളിൽ നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ അഡ്മിൻസിനു നൽകേണ്ടതുണ്ട്. ഇവ ഉപയോഗിച്ചു പിന്നീട് നടത്തുന്ന ഭീഷണികളും, വിലപേശലുകളും പിന്നീട് കളിക്കാരെ ഇതിൽ തളച്ചിടുന്നതിനും ഒടുവിൽ ആത്മഹത്യ ചെയ്യിക്കുന്നതിനും കാരണമാകുന്നു.
കൗമാരത്തിന്റെ സാഹസികതയാണ് ഇത്തരം ഗെയിമുകൾക്ക് പിന്നാലെ പോകാൻ കുട്ടികൾക്ക് പ്രേരണയാകുന്നത്. സുഹൃത്തുക്കളുടെ ഇടയിൽ ധീരപരിവേഷം ലഭിക്കുമെന്ന തോന്നലും അപകടകരമായ ഗെയിമുകളിലേക്ക് അവരെ ആകർഷിക്കുന്നുണ്ട്. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബർ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബർ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും കുട്ടികളെ തെറ്റിലേക്ക് നയിക്കും.
ബ്ലൂ വെയിലും മോമോയും ലക്ഷ്യമിടുന്നത് മാനസികമായി ഏകാന്തത അനുഭവിക്കുന്ന, അന്തർമുഖരായിട്ടുള്ള, നല്ല സൗഹൃദങ്ങളില്ലാത്ത, ഇന്റർനെറ്റ് അടിമകളാക്കപ്പെട്ട കുട്ടികളെയാണ്.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധം കുറഞ്ഞ് വരുന്നു. കുട്ടികൾ പാഠപുസ്തകങ്ങൾ മനപ്പാഠമക്കേണ്ടവർ മാത്രമാണെന്ന മാതാപിതാക്കളുടെ കാഴ്ചപ്പാടുകളും കൂടി വരുന്നു. ഇതിനായി കുട്ടികളെ പൊതുസമൂഹത്തിൽ നിന്നും അവർ മാറ്റി നിർത്തുന്നു. അവരെ വെർച്വൽ റിയാലിറ്റിയുടെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടുമ്പോൾ അവർക്ക് നഷ്ടമാവുന്നത് ഈ ലോകത്തിലെ തെറ്റും ശെരിയും തിരിച്ചറിയാനുള്ള അവസരങ്ങളാണ്.
തിരിച്ചറിവുകൾ ഉണ്ടാകേണ്ടത് നാം ഓരോരുത്തർക്കുമാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..