കണ്ണൂര്‍ > തന്റെ മകന്‍ സിപിഐ എം വിട്ട് ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചാരണം കള്ളമാണെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു. കുടുംബകലഹം ഉണ്ടാക്കാനുള്ള ശ്രമമാണ് ഈ പ്രചാരണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ ശ്രീജിത്ത് ഒരിക്കലും സിപിഐ എമ്മില്‍ വന്നിരുന്നില്ല. സിപിഐ എമ്മുകാരനല്ലാത്ത മകന്‍ സിപിഐ എം വിട്ടുവെന്ന കള്ളപ്രചാരണമാണ് നടക്കുന്നത്- ഒ കെ വാസു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീജിത്ത് അന്നും ഇന്നും ആര്‍എസ്എസ്സാണെന്ന് സഹോദരി ഒ കെ ശ്രീമോളും വ്യക്തമാക്കി. ഒ കെ വാസുവിന്റെ ഭാര്യയും മക്കളും ബിജെപിയില്‍ ചേര്‍ന്നുവെന്ന രീതിയില്‍ ബിജെപി നേതൃത്വം നടത്തുന്ന നുണപ്രചാരണത്തെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
"ഞാനും വാസു മാഷുടെ മകളാണ്. ഞാന്‍ ഇപ്പോഴും സിപിഐ എം അനുഭാവിയായി ഉറച്ചുനില്‍ക്കുന്നു. നാട്ടില്‍ ഉള്ളപ്പോഴെല്ലാം സിപിഐ എം പരിപാടികളില്‍ പങ്കെടുക്കാറുമുണ്ട്. എന്നാല്‍ ഇന്നുവരെ റോഡില്‍ക്കൂടി പോകുന്ന സിപിഐ എം പ്രകടനത്തെപ്പോലും അനുഭാവപൂര്‍വം നോക്കാത്തയാളാണ് ശ്രീജിത്ത്''- ശ്രീമോള്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സിപിഐ എമ്മില്‍നിന്ന് രാജിവച്ചെന്ന് പറയുന്ന ആള്‍ സിപിഐ എമ്മിന്റെ ഏത് ഘടകത്തിലാണ് പ്രവര്‍ത്തിച്ചത്? സിപിഐ എമ്മില്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നോ?- ശ്രീമോള്‍ ചോദിച്ചു. "കുടുംബത്തില്‍ കലഹമുണ്ടാക്കാനുള്ള ആര്‍എസ്എസ്സിന്റെ നെറികെട്ട പ്രവര്‍ത്തനമാണിത്. ആര്‍എസ്എസ്സുകാരനായ ശ്രീജിത്തിന് സ്വീകരണം കൊടുത്ത് ആര്‍എസ്എസ് നടത്തിയ പരിപാടികൊണ്ട് പാര്‍ടിയെയോ വ്യക്തികളെയോ അപകീര്‍ത്തിപ്പെടുത്താനാവില്ല.
ആര്‍എസ്എസ്സിന്റെ ഗൂഢ നീക്കമാണിത്. ഞാനും ഒ കെ വാസു മാഷുടെ മോളാണ്. എനിക്ക് എന്നില്‍ വിശ്വാസമുണ്ട്; അതിലേറെ ഈ ചെങ്കൊടി പ്രസ്ഥാനത്തെയും''- ലാല്‍സലാം സഖാക്കളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന വികാരവായ്പാര്‍ന്ന പോസ്റ്റില്‍ ശ്രീമോള്‍ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..