08 April Wednesday

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷം എന്തിന്, എന്തുകൊണ്ട് ?-അശോകന്‍ ചരുവില്‍ എഴുതുന്നു

അശോകന്‍ ചരുവില്‍Updated: Sunday Mar 10, 2019


എന്തിന്?
ഇടതുപക്ഷം?
എന്തിന്, എന്തുകൊണ്ട് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇടതുപക്ഷം? എന്ന ചോദ്യത്തിന്റെ ഏറ്റവും മികച്ച ഉത്തരമാണ് എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന പി രാജീവ്.

സ.രാജീവ് രാജ്യസഭയില്‍ നിന്നു വിരമിക്കുന്നതിന്റെ ഭാഗമായി അവിടെ നടന്ന ചര്‍ച്ച ഇന്ത്യയുടെ പാര്‍ലിമെന്ററി ചരിത്രത്തിലെ രജതരേഖയാണ്. അധ്യക്ഷത വഹിച്ചിരുന്ന ഉപരാഷ്ട്രപതി മുതല്‍ ഗുലാംനബി ആസാദ്, ജയറാം രമേഷ് തുടങ്ങി സഭയിലെ വിവിധ കക്ഷി നേതാക്കളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ രാജീവിന്റെ നേതാവ് സിതാറാം യെച്ചൂരി ഒന്നു പതറിപ്പോയി.

'എന്തുകൊണ്ട് നിങ്ങളുടെ പാര്‍ടി രാജീവിനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നില്ല?' എന്നതായിരുന്നു ചോദ്യം. ഈ മികച്ച പാര്‍ലിമെന്റേറിയനെ സഭക്ക് ആവശ്യമുണ്ട്. ആ ആവശ്യത്തില്‍ കക്ഷിരാഷ്ട്രീയം ഉണ്ടായിരുന്നില്ല. 'രാജീവിനെ കൂടുതല്‍ ഉത്തരവാദപ്പെട്ട ചുമതല ഏല്‍പ്പിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്' എന്ന മറുപടിയാണ് യെച്ചൂരി അന്നു നല്‍കിയത്.

വായന, എഴുത്ത്, സഭാചട്ടങ്ങളിലെന്നപോലെ സാമ്പത്തികം, സാംസ്‌കാരികം, ചരിത്രം, നിയമം, വിദേശബന്ധങ്ങള്‍ എന്നിവയിലും പി.രാജീവ് ആര്‍ജ്ജിച്ചിരുന്ന ജ്ഞാനവും അതിന്റെ അവതരണ ശൈലിയുമാണ് ഇതര കക്ഷിനേതാക്കളെ അത്ഭുതപ്പെടുത്തിയത്. ഒപ്പം സാമാന്യ മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് വിട്ടുവീഴ്ചയില്ലാതെ പുലര്‍ത്തിയ ജാഗ്രതയും രാജീവ് എന്ന അനിവാര്യതയെക്കുറിച്ച് രാഷ്ട്രീയം മറന്ന് സംസാരിക്കാന്‍ അവരെ പ്രേരിപ്പിച്ചു.

ഇതെല്ലാം പി.രാജീവ് എന്ന വ്യക്തിയുടെ ചില ഗുണങ്ങളാണ് എന്നാണല്ലോ സ്വാഭാവികമായും ഇതര രാഷ്ട്രീയ നേതാക്കള്‍ കരുതിയിട്ടുണ്ടാവുക. തുടര്‍ന്നുള്ള വര്‍ഷം സിതാറാം യെച്ചൂരി രാജ്യസഭയില്‍ നിന്നു പിരിഞ്ഞപ്പോഴും ഇതുപോലെയുള്ള നഷ്ടബോധമാണ് രാജ്യം പ്രകടിപ്പിച്ചത് എന്നോര്‍ക്കുക. വ്യക്തി എന്ന നിലക്ക് ഇരുവര്‍ക്കുമുള്ള സവിശേഷ പ്രതിഭയെ ഞാന്‍ അവഗണിക്കുകയല്ല. പക്ഷേ സഖാവ് രാജീവിനേയും സഖാവ് യെച്ചൂരിയേയും ആദരണീയരാക്കിയത് അവരുടെ വ്യക്തിപ്രതിഭ മാത്രമല്ല; നിലപാടുകള്‍ കൂടിയാണ്. ഇതപര്യന്തം പാര്‍ലിമെന്റില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കമ്യൂണിസ്റ്റ്/ഇടതുപക്ഷ നേതാക്കളുടെ ജീവിതവും സമരവും പഠിച്ചാല്‍ അത് മനസ്സിലാവും. നിരവധി യെച്ചൂരിമാരെയും രാജീവുമാരെയും നമുക്കവിടെ കാണാനാവും. ആദ്യമായി പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഖാവ് എ.കെ.ജി.യെ അലട്ടിയ ആത്മവിചാരങ്ങള്‍ പ്രസിദ്ധമാണല്ലോ. ആ ആത്മവിചാരണക്കു പിറകിലുണ്ടായിരുന്നത് വ്യക്തി എന്നതിനപ്പുറം നിലപാടാണ്. ഇടതുപക്ഷ നിലപാട്.

നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും രാജ്യം ഒറ്റക്ക് ഭരിക്കും എന്ന പ്രതീതി സൃഷ്ടിച്ച് ഇടതുപക്ഷം മത്സരിച്ചിട്ടില്ല. (ഇന്ന് കോണ്‍ഗ്രസ് അടക്കമുള്ള ഒരു പാര്‍ടിക്കും അത്തരമൊരു പ്രതീതി സൃഷ്ടിക്കാന്‍ കഴിയാതെ ആയിട്ടുണ്ട്) രാജ്യം ഭരിക്കാന്‍ വേണ്ടിയല്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും സാന്നിദ്ധ്യമുള്ള ഇടങ്ങളിലെല്ലാം ഇടതുപക്ഷ നേതാക്കളെ ജനം വോട്ട് ചെയ്ത് ജയിപ്പിച്ചു. എന്തുകൊണ്ട്? അതിന്റെ ഉത്തരവും നിലപാട് എന്നതാണ്. അവരെ വിശ്വസിക്കാം എന്ന തിരിച്ചറിവ്. ആരു ഭരിച്ചാലും ഒരു നിര കമ്യൂണിസ്റ്റുകാര്‍ സഭയില്‍ വേണ്ടതുണ്ട് എന്ന കരുതല്‍.

എന്തിന്, എന്തുകൊണ്ട് പാര്‍ലിമെന്റില്‍ ഇടതുപക്ഷം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇത്തവണ കേരളത്തില്‍ മത്സരിക്കുന്ന സ.രാജീവ് അടക്കമുള്ള ഇരുപത് സ്ഥാനാര്‍ത്ഥികളും. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top