ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ പ്രസംഗത്തെ പ്രശംസിച്ച് ചലച്ചിത്രതാരം പ്രകാശ് രാജും ക്രിക്കറ്റ് താരം റെയ്നയും. കനയ്യയുടെ വാക്കുകള്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമാണെന്നാണ് ഇരുവരും ഫേസ് ബുക്കില്‍ കുറിച്ചത്.
'ജെഎന്‍യുവില്‍നിന്ന് കനയ്യകുമാറിന്റെ ആത്മാര്‍ത്ഥമായ ശബ്ദം കേട്ടു. രാഷ്ട്രനിര്‍മ്മിതിക്കായുള്ള പുതുതലമുറയുടെ ശബ്ദം.. ' – എന്ന് പ്രകാശ് രാജ് പറയുന്നു. ജയ്ഹിന്ദ് എന്നെഴുതിയാണ് പ്രകാശ് രാജ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
'ഹൃദ്യം!!! ഓരോ വാക്കുകളിലും ആത്മാര്‍ത്ഥത സ്പുരിക്കുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു യഥാര്‍ത്ഥ പോരാളിയും സത്യസന്ധനായ മനുഷ്യനുമാണയാള്‍.' സല്യൂട്ട് ചെയ്യുന്നുവെന്നാണ് റെയ്നയുടെ പോസ്റ്റ്.കഴിഞ്ഞദിവസം ജെഎന്‍യുവില്‍ കനയ്യകുമാറിന്റെ പ്രസംഗം നടന്നുകൊണ്ടിരിക്കവെയാണ് റെയ്ന ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച കനയ്യകുമാര്‍ ഇടക്കാല ജാമ്യംനേടി ജെഎന്‍യു കാമ്പസില്‍ എത്തിയാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തത്. അര്‍ദ്ധരാത്രിയില്‍ ദേശീയ മാധ്യങ്ങളിലൂടെ രാജ്യം കനയ്യകുമാറിന്റെ പ്രസംഗം കേട്ടിരുന്നു. ഇതാ പുതിയ രക്തതാരകം ഉദിച്ചിരിക്കുന്നുവെന്നാണ് നിരവധി പ്രമുഖര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചത്. പ്രസംഗം നടക്കവെതന്നെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കനയ്യയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു.
കനയ്യകുമാറിനെ പിന്തുണയ്ക്കുന്നവരെ രാജ്യദ്രോഹികളെന്നു മുദ്രകുത്തി സംഘപരിവാര്‍ അധിക്ഷേപിക്കുന്നതിനിടയിലാണ് റെയ്നയും പ്രകാശ്രാജും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഇരുവരെയും അധിക്ഷേപിച്ചും പാകിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം ചെയ്തും ഒരുകൂട്ടം ആളുകള്‍ രംഗത്തുവന്നുകഴിഞ്ഞു. എന്നാല്‍ കനയ്യകുമാറിനെ പിന്തുണച്ച നിലപാടിനെ അഭിനന്ദിച്ച് നിരവധിപേരാണ് ഇരുവര്‍ക്കും ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.