06 June Tuesday

കമ്മ്യൂണിസ്റ്റുകാര്‍ മാത്രം സോഷ്യല്‍ ഓഡിറ്റിന് വിധേയരാകുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

നിയമസഭാ സ്‌‌‌പീക്കര്‍ പി ശ്രീരാമകൃഷ്‌‌‌ണന്‍ കണ്ണട വാങ്ങിയതുമായി ബന്ധപ്പെടുത്തി കുപ്രചരണം നടത്തുന്നവര്‍ക്കുള്ള മറുപടി വൈറലാകുന്നു. കളങ്കമില്ലാത്ത പൊതുജീവിതം തുടരുന്ന കമ്മ്യൂണിസ്റ്റുകാര്‍ മാത്രം സോഷ്യല്‍ ഓഡിറ്റിന് വിധേയമാകുന്നതിന്റെയും ചര്‍ച്ചയാകുന്നതിന്റെയും പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് കുറിപ്പ്. കൊള്ളയും കൊലയും നടത്തുന്ന ഇതര രാഷ്‌ട്രീയപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായി പൊതുസമൂഹം പ്രതീക്ഷയര്‍പ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരില്‍ മാത്രമാണ്. ത്യാഗോജ്ജ്വലമായ ജീവിതം നയിക്കുന്നവരെ വീട്ടിലും ഫേസ്‌‌‌ബുക്കിലുമിരുന്ന് അളന്ന് മുറിക്കുന്നവര്‍ക്കുള്ള മറുപടി എഴുതിയിരിക്കുന്നത് യുകെയില്‍ നിന്ന് രാജേഷ് കൃഷ്‌‌‌‌‌‌‌‌ണയാണ്.

ഫേസ്‌‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണടയുടെ രാഷ്‌ട്രീയം...

ഒരു രാഷ്‌ട്രീയ സമൂഹത്തില്‍ കമ്മ്യൂണിസ്റ്റ്കാരന്‍ മാത്രമാണ് സോഷ്യല്‍ ഓഡിറ്റിന് വിധേയനാക്കപ്പെടേണ്ടത് കാരണം പൊതു സമൂഹം അവനില്‍ നിന്നു മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കോണ്‍ഗ്രെസ്സുകാരന് പൊതു സമൂഹം കല്പിച്ചനുവദിച്ചു കൊടുത്തിട്ടുള്ള അവകാശങ്ങളെന്തെല്ലാമാണെന്ന് നോക്കൂ. അവര്‍ക്ക് കൈക്കൂലി വാങ്ങാം, നല്ല കാറില്‍ സഞ്ചരിക്കാം, നല്ല വസ്ത്രം ധരിക്കാം. കേരളാ കോണ്‍ഗ്രെസ്സുകാരന് ഒരു പടി മുകളില്‍ പരസ്യമായി മദ്യപിക്കുകയും ആവാം. ബിജെപിക്കാരന് കൊല്ലും കൊലയും നടത്താം. ഇപ്പറഞ്ഞതൊന്നും ചെയ്തിട്ട് എന്നത് പോയിട്ട് ചെറുത്തുനില്‍ക്കാന്‍ പോലും കമ്മ്യൂണിസ്റ്റുകാരന് അവകാശമില്ല. സിനിമയിലെപ്പോലെ അവന്‍ എന്നും നായകന്റെ തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട സൗന്ദര്യമില്ലാത്ത അന്യ സംസ്ഥാന വില്ലനാണ് ...!

കമ്മ്യൂണിസ്‌റ്കാര്‍ മണ്ടന്മാരാണ്. പൊതു ഖജനാവിലെ പണം കൊണ്ട് ചികിത്സിക്കുന്നതും കണ്ണട വാങ്ങുന്നതും ഇന്ന് എന്തുകൊണ്ട് ചര്‍ച്ചയായി. അവര്‍ കൈക്കൂലിയോ സമ്മാനമോ ആയി ഇത് വാങ്ങിയിരുന്നെങ്കില്‍ ഇത് ചര്‍ച്ചയാകുമായിരുന്നോ ? 5000 രൂപയില്‍ കൂടിയ ലെന്‍സ് വാങ്ങാന്‍ ഇവര്‍ക്കെന്തവകാശം. 5000 വരെ വാങ്ങാം ട്ടോ, കാരണം കളക്‌‌‌ടര്‍ ബ്രോ യുടെ കണ്ണടയ്ക്ക് വില 5000 ആണ്...! അതാവണം ബഞ്ച് മാര്‍ക്ക് ...! കളക്ടര്‍ ബ്രോയുടെ 5000 രൂപയുടെ കണ്ണടയ്ക്കു 'സെലെക്‌‌‌ടിവ് ബ്ലൈന്‍ഡ്നെസ്സ്' ഉണ്ടെന്നു ദോഷൈകദൃക്കുകള്‍ പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല...!

ഇനി ചിലവേറിയ ചികിത്സയുടെ കാര്യം. സഖാവ് ശ്രീരാമകൃഷ്‌‌‌‌ണനെ അടുത്ത് കിട്ടുമ്പോള്‍ ഒന്ന് തലകുനിക്കാന്‍ പറയണം. അനുസരിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ചു കുനിപ്പിക്കണം ഉച്ചിയില്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിപോലെ ഒരു മുറിവുകാണാം.സമാധാനത്തിന്റെ കാവലാളുകളായ RSS ന്റെ സംഭാവനയാണ്. നിങ്ങള്‍ക്ക് പരിചിതമായ ഒരേ ഒരു സംഖ്യയായ '52' ഒന്നുമില്ല, ഒരു 25 തുന്നലെങ്കിലും കാണും. നടക്കുമ്പോള്‍ ദൂരെ നിന്നും ഒന്ന് നോക്കണം ഒരു ഘട്ടത്തില്‍ കാലുവയ്ക്കാന്‍ ഒരു ചെറിയ 'ഡിലേ' കാണും. തലച്ചോറിന് പണ്ടേറ്റ ക്ഷതത്തിന്റെ ബാക്കിപത്രം. ഇനി അടുത്ത പരിശോധനയ്ക്കും അവസരം തരാം അടുത്ത് ചെന്ന് ആ മുണ്ട് മുട്ടുവരെ ഒന്ന് ഉയര്‍ത്തി നോക്കിക്കോളൂ,സമ്മതിച്ചില്ലെങ്കില്‍ ബലമായിത്തന്നെ ചെയ്യണം. രണ്ടു കാലിന്റെയും മുട്ടിന് 'knee' ക്യാപ്പ് കാണാം. വിദേശിയാണ്,കൈക്കൂലിയല്ല തെറ്റിദ്ധരിക്കരുത്, സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് കൊണ്ടു കൊടുത്തതാണ്. ദോഷം പറയരുതല്ലോ ഇത് നമ്മുടെ സ്വന്തം കേരളാ പോലീസിന്റെ സംഭാവനയാണ്.

അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും വേണ്ടി വാങ്ങിയതല്ല. കാലാകാലങ്ങളില്‍ വീട്ടിലിരുന്നും ഫേസ്‌‌‌‌ബുക്കിലിരുന്നും ഓഡിറ്റ് ചെയ്തു മറിക്കുന്ന ഞാനടക്കമുള്ള കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി വാങ്ങിയ തല്ലുകളുടെ ബാക്കിപത്രം. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങള്‍ ദൃശ്യമായത്. അദൃശ്യമായ എത്രയോ ക്ഷതങ്ങള്‍ ആ ശരീരത്തില്‍ ഉണ്ട്. കാരണം ഞങ്ങളുടെ സഖാക്കള്‍ AC മുറികളിലെയും സംരക്ഷിത ഫേസ്‌‌‌ബുക്ക് ഇടങ്ങളിലെയും രാഷ്‌ട്രീയം പരിചയിച്ചവരല്ല.

എന്റെ അറിവില്‍ രണ്ടോ മൂന്നോ പ്രാവശ്യം രണ്ടു വര്‍ഷത്തിനുള്ളില്‍ ചികിത്സ കഴിഞ്ഞു. കോയമ്പത്തൂര്‍, കോട്ടക്കല്‍ ആര്യവൈദ്യശാലകളിലെ ചികിത്സയുടെ ചിലവൊന്ന് എടുത്തു നോക്കൂ. ഇനി കോട്ടക്കല്‍ പോകാതെ കോയമ്പത്തൂര്‍ പോയതിനെ കുറ്റമായി കണ്ടു പിടിക്കേണ്ട. വൈദ്യശാലക്കാര്‍ തന്നെയാണ്, കോട്ടക്കല്‍ ആണെങ്കില്‍ ശ്രീരാമകൃഷ്‌‌ണനോടുള്ള സ്വാതന്ത്ര്യത്തിന്റെ കൂടുതല്‍കൊണ്ട് ആളുകള്‍ ആവശ്യങ്ങളുമായി നിരന്തരം കയറിയിറങ്ങും എന്നതിനാല്‍ കോയമ്പത്തൂരിലേക്ക് ആക്കാം എന്ന് തീരുമാനിച്ചത്. കമ്മ്യൂണിസ്റ്റ്കാരനായ പൊതുപ്രവര്‍ത്തകന് വിശ്രമം അനുവദനീയമല്ലല്ലോ. ആവശ്യക്കാരന് ഔചിത്യവുമില്ലല്ലോ ...!

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അച്ഛന്റെ തിമിര ശസ്ത്രക്രിയ ചെയ്ത സമയത്തെ ഒരു സംഭവം പറയാം. ഒരു ദിവസം വിളിച്ചപ്പോള്‍ പത്തനംതിട്ടയിലെ ഒരു കണ്ണട ക്ലിനിക്കില്‍ പോയിവന്നിരിക്കുകയാണ് അച്ഛന്‍. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അവര്‍ 5000,15000,25000 എന്നിങ്ങനെ മൂന്നുതരം ലെന്‍സിനെക്കുറിച്ചു പറഞ്ഞു. കൂട്ടത്തില്‍ അച്ഛന്‍ ഒന്നുകൂടി പറഞ്ഞു, മക്കള്‍ ഒക്കെ എവിടെ എന്ന് സൗഹാര്‍ദ്ദപൂര്‍വം വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് വില വിവര പട്ടിക നിരത്തിയതെന്ന്.

ഞാന്‍ എന്റെ അടുത്ത സുഹൃത്തിന്റെ ചേട്ടനെ വിളിച്ചു ആള്‍ തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ ഐ ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജിസ്റ്റാണ്. തിരക്കുമൂലമാവും കിട്ടിയില്ല. അടുത്ത ഓപ്ഷനായി എന്റെ സഹപാഠിയുടെ ഭര്‍ത്താവും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വളരെ പ്രശസ്തനായ ഒഫ്താല്‍മോളജിസ്റ്റുമായ സുഹൃത്തിനെ വിളിച്ചു തിരക്കി. അദ്ദേഹത്തിന്റെ ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളില്‍ ' ഇത് ബ്രാന്‍ഡ് കോണ്‍ഷസ് ആയ സമൂഹത്തില്‍ നടത്തുന്ന വെറും മുതലെടുപ്പാണ്, രാജേഷ് എന്റെ കൂടെ കയറാറുണ്ടോ സര്‍ജറിക്ക്, ഇല്ലല്ലോ, ഇതിന്റെ ഗുണനിലവാരം പിന്നീട് പൊളിച്ചു നോക്കി ചെക്ക് ചെയ്യാറുമില്ലലോ. ആരും ലെന്‌സ് മോശമായതുകൊണ്ട് വീണ്ടും ചെയ്തതായും അറിവില്ല.

അത് കൊണ്ട് വിലകൂടിയതിന്റെ പിന്നാലെ പോകണ്ട' അടുത്ത ദിവസം തിരുവന്തപുരത്തെ ഡോക്ടര്‍ പറഞ്ഞതും സമാനമായ ഉത്തരമാണ്. അദ്ദേഹത്തിന്റെ തിരക്ക് കാരണം ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയിരുന്നതിനെ റൂള്‍ ഔട്ട് ചെയ്‌‌‌ത് അദ്ദേഹം തന്നെ സര്‍ജറിയും ചെയ്തു. അച്ഛന്‍ ഒരു റിട്ടയേഡ് പ്രൊഫെസര്‍ ആണ്, വിദ്യാഭ്യാസമുള്ള അദ്ദേഹത്തിനുപോലും ഒരുനിമിഷം രണ്ടുചിന്തയുണ്ടാക്കി എന്നതാണ് ഇതിന്റെ വ്യാപ്തി. നാട്ടില്‍ കൂണുപോലെ മുളച്ചിരിക്കുന്ന ഹൈടെക് ലാബുകളും കണ്ണട ക്ലിനിക്കുകളും 'ക്വാളിറ്റി' എന്ന പുകമറ സൃഷ്ടിച്ച് സാധാരണ ജനങ്ങളില്‍ വലിയ കണ്‍ഫ്യൂഷനാണ് വിതച്ചിരിക്കുന്നത്.

SFI ക്കാലം മുതല്‍ അടുത്തു നിന്ന് കാണുന്ന ജ്യേഷ്‌‌ഠ തുല്യനായ സഖാവാണ് ശ്രീരാമകൃഷ്ണന്‍. അന്നും ഇന്നും സൗഹൃദത്തിലോ പെരുമാറ്റത്തിലോ കാപട്യം കാണിക്കാത്ത, 'നേതാവ്' എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹന്‍. അദ്ദേഹത്തെ 'ഗ്ലോറിഫൈ' ചെയ്യാന്‍ കഴിയുന്ന ഒരു നൂറു സംഭവങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്. അതൊക്കെ അടുത്തു നിന്ന് നേരിട്ട് കണ്ടു സ്വയം ബോധ്യപ്പെട്ടിട്ടുള്ളതിനാലും, അതൊന്നും ഇവിടെ ഇപ്പോള്‍ വിളമ്പേണ്ടതല്ലാത്തതിനാലും മൗനം പാലിക്കുന്നു. എന്റെ നാട്ടിലെ ഒരു ഐ ക്ലിനിക്കിന്റെ വെബ്‌സൈറ്റിലെ വിലവിവരകണക്കുകളാണ് ചിത്രത്തില്‍.

എന്നെ ന്യായീകരണ തൊഴിലാളി എന്ന് വിളിക്കുന്നവരോട് ഒരു പരിഭവവുമില്ല. ഇത് ന്യായീകരണം തന്നെയാണ്,കൂട്ടത്തില്‍ ചെറുത്തുനില്‍പ്പും.ഒരു ചില്ലിക്കാശിന്റെ അഴിമതി കാട്ടാത്ത,സ്വജന പക്ഷപാതം കാട്ടാത്ത,ഒട്ടേറെ ആക്രമണങ്ങളെ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം അതിജീവിച്ച ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് നേതാവിനെ ചെളിവാരിയെറിയാനുള്ള നീക്കത്തെ ചെറുത്തില്ലെങ്കില്‍ പിന്നെ എന്ത് രാഷ്‌ട്രീയം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top