07 June Wednesday

സ്‌പീക്കറില്‍ 'ശ്രീരാമനെ'കണ്ട് രാജഗോപാല്‍; ജാഗ്രത വേണമെന്ന് സോഷ്യല്‍മീഡിയ

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2016

സംസ്ഥാന നിയമസഭ പി ശ്രീരാമകൃഷ്ണനെ സ്പീക്കറായി തിരഞ്ഞെടുത്തു. പൊന്നാനിയില്‍നിന്ന് ജയിച്ച എംഎല്‍എ ശ്രീരാമകൃഷ്ണനാണ് സഭയില്‍ ബിജെപിയുടെ ആദ്യ എംഎല്‍എയായ ഒ രാജഗോപാലിന്റെ വോട്ടും. സ്പീക്കറെ അനുമോദിച്ചു സംസാരിച്ച ഒ രാജഗോപിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ ദയനീയം എന്നേ പറയാനാകു എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. മതചിന്തയുടെയും ജാത്യാഭിമാനത്തിന്റെയും ബ്രാന്‍ഡ് അംബാസിഡറാണ് താന്‍ എന്ന് മുന്‍ പ്രകടനങ്ങളിലടക്കം തെളിയിച്ച ബിജെപി നേതാവ് സഭയിലും അവയ്ക്കൊക്കെ സ്ഥാനം കണ്ടെത്താനുള്ള ശ്രമം ആദ്യ അവസരത്തില്‍ തന്നെ തുടങ്ങിയിരിക്കുകയാണ്.

'ശ്രീത്വമുള്ള മുഖമാണ് അങ്ങയുടേത്. ശ്രീരാമന്‍ ധാര്‍മ്മികതയുടെ ആള്‍രൂപമാണല്ലോ. കൃഷ്ണനും അങ്ങയുടെ പേരിലുണ്ട്. അങ്ങനെ എല്ലാ നന്മയും ഉള്ള പേരാണല്ലോ അങ്ങേയ്ക്കുള്ളത്.' – ഇവയൊക്കെയാണ് സ്പീക്കറില്‍ ഒ രാജഗോപാല്‍ കണ്ട ഗുണഗണങ്ങള്‍.

യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി വി പി സജീന്ദ്രനായിരുന്നു. തന്റെ വോട്ടുവേണ്ട എന്നു യുഡിഎഫ് പറഞ്ഞിരുന്നു എന്നാണ് സജീന്ദ്രന് വോട്ടുനല്‍കാത്തതിനുള്ള രാജഗോപാലിന്റെ വിശദീകരണം. എന്നാല്‍ എല്‍ഡിഎഫ് രാജഗോപാലിന്റെ വോട്ടു ആവശ്യപ്പെട്ടിരുന്നതുമില്ല. ആര്‍ക്കും നല്‍കാതെ വോട്ട് അസാധുവാക്കിയ പി സി ജോര്‍ജ്ജും സഭയിലുണ്ട്. എന്നാല്‍ സ്പീക്കര്‍ സ്ഥാനാര്‍ഥിയുടെ ശ്രീത്വം യോഗ്യതയായികാണാനുള്ള വിവേക ശൂന്യതയിലൂടെ ബിജെപി രാഷ്ട്രീയത്തെ സഭയ്ക്കുള്ളിലും അടയാളപ്പെടുത്തുകയായിരുന്നു രാജഗോപാല്‍ എന്നാണ് സോഷ്യല്‍മീഡിയയിലെ പ്രതികരണങ്ങള്‍.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണത്തില്‍ ഗോപിനാഥ് മുണ്ടെ പിന്നാക്കജാതിക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയ വ്യക്തിയാണ് ഒ രാജഗോപാല്‍ എന്നും ചില എഫ് ബി പോസ്റ്റുകള്‍ ഒാര്‍മ്മിപ്പിക്കുന്നു.

ന്യൂഡല്‍ഹിയില്‍ 2014 ജൂണ്‍ 3ന് ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് ഗോപിനാഥ് മുണ്ടെ മരിച്ചത്. പുലര്‍ച്ചെയുണ്ടായ അപകടത്തെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനു ആദ്യ പ്രതികരണം നല്‍കുകയായിരുന്നു കേരളത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് ഒ രാജഗോപാല്‍. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ദുരന്തം തുടര്‍ക്കഥയാവുകയാണോ എന്നതായിരുന്നു വാര്‍ത്താ അവതാരകന്റെ ചോദ്യം. ഗോപിനാഥ് മുണ്ടെയുടെ ഭാര്യാസഹോദരന്‍ പ്രമോദ് മഹാജന്റെ കുടുംബത്തിലുണ്ടായ അത്യാഹിതങ്ങളായിരുന്നു ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അപമാനകരമായ മറുപടിയായിരുന്നു രാജഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. – ' അവരെങ്ങനെയാണ് ഒരേ കുടുബമാകുന്നത്? പ്രമോദ് മഹാജന്റെ സഹോദരിയാണ് ഗോപിനാഥ് മുണ്ടെയുടെ ഭാര്യ എന്നതു ശരിയാണ്. എന്നാല്‍ മഹാജന്‍ ബ്രാഹ്മണനാണ്. മുണ്ടെ പിന്നാക്കജാതിക്കാരനും'– അന്തരിച്ച ബിജെപി നേതാവിന് മറ്റൊരു ബിജെപി നേതാവിന്റെ അശ്രുപൂജ ഇത്തരത്തിലായിരുന്നു എന്നാണ് സോഷ്യല്‍മീഡിയ പോസ്റ്റുകള്‍  ഒാര്‍മ്മിപ്പിക്കുന്നത്.

ഇതേ നയമാണ് ഒ രാജഗോപാല്‍ നിയമസഭയ്ക്കുള്ളിലും നടപ്പാക്കാന്‍ശ്രമിക്കുന്നത്. വിഷം മുറ്റിയ സവര്‍ണ്ണ മനോഭാവവും വര്‍ഗ്ഗീയതയും ജാത്യാഭിമാനവും ആഘോഷിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്ന് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. ചില പോസ്റ്റുകള്‍ ചുവടെ:

Sujith Chandran

feeling ബാലഗോകുലം എന്ന് തെറ്റിദ്ധരിച്ച് നിയമസഭയില്‍ കയറിയ...

ത്രൈലോക്യവീരന്‍ അയോദ്ധ്യാധിപന്‍ സാക്ഷാല്‍ പരബ്രഹ്മമൂര്‍ത്തി ശ്രീരാമചന്ദ്രനേയും സച്ചിതാനന്ദപ്പൊരുളായ യുഗപ്രഭാവന്‍ ശ്രീകൃഷ്ണപരമാത്മാവിനേയും സ്വന്തം നാമധേയത്തില്‍ വഹിക്കുന്നതുകൊണ്ടുമാത്രം ധന്യാത്മനായ ശ്രീമാന്‍. ശ്രീരാമകൃഷ്ണന് പൂജനീയ രാജഗോപാല്‍ജി സഭാധ്യക്ഷപദവിയിലേക്ക് തെരഞ്ഞെടുക്കാന്‍ സസന്തോഷം സമ്മതിദാനം നല്‍കിയിരിക്കുന്നു...
ശ്രീരാമകൃഷ്ണന്‍റെ ശ്രീത്വമുള്ള (വെളുത്ത) മുഖമാണ് തന്നെ ഹഠാദാകര്‍ഷിച്ചതെന്നും തീരുമാനത്തെ സ്വാധീനിച്ചതെന്നും രാജേട്ടന്‍ അനുഗ്രഹപ്രഭാഷണത്തില്‍ മൊഴിഞ്ഞു.

പ്രായം കൊറേ ആയീന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഉള്ളില്‍ മുഴുവന്‍ ലതല്ലേ... വിഷം മുറ്റിയ സവര്‍ണ്ണതേം വര്‍ഗ്ഗീയതേം ജാത്യാഭിമാനോം...

മിഷ്ടര്‍ രാജഗോപാല്‍, ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ മത്സരിച്ചു ജയിച്ച ആളാണ് ബഹു.സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.

Deepu Sadasivan

രാജേട്ടന്റെ ചിന്തകള്‍ എന്നെ ഹഠദാകര്ഷിച്ചു.. എത്ര എത്ര ഐശ്വര്യം ഉള്ളവരാ എല്‍ ഡി എഫിന്റെ ഭാഗമായുള്ളത്.... സീതാറാം യെച്ചൂരി...സീത യില്ലേ??രാമന്‍ ഇല്ലേ ..??! പിണറായി വിജയന്‍ ...വിജയന്‍ എന്ന് വെച്ചാ ആരാ സാക്ഷാല്‍ അര്‍ജുനന്‍ അച്യുതാനന്ദന്‍ ...സാക്ഷാല്‍ അച്യുതന്‍ അല്ലെ അച്യുതന്‍ !! കോടിയേരി ബാല---കൃഷ്ണന്‍ !! അപ്പൊ ഇനി കാര്യങ്ങള്‍ ജഗ പോഗ എല്ലാം ശരിയാവും> ഇത്രേം നാള്‍ കേരള നിയമ സഭ കേട്ടും കണ്ടും അറിഞ്ഞിട്ടില്ലാത്ത പല വീക്ഷണ കോണുകളും ഇനി രാജേട്ടന്‍ നിയ സഭയില്‍ കൊണ്ട് വരും എന്ന് പ്രതീഷയോടെ !!

ഒരു പോസ്റ്റുകൂടി

എന്തെളുപ്പം! നിയമസഭയില്‍ അഞ്ചുവര്‍ഷത്തേക്ക് സംഘിനിലപാട് തീരുമാനമായി. പിണറായി എന്നു തുടങ്ങുന്നെങ്കിലും വിജയന്‍ അര്‍ജുനനാണല്ലോ. ഭഗവാന്റെ പിന്നിലല്ലേ. ബില്‍,പ്രമേയം എന്തുകൊണ്ടുവന്നാലും വോട്ടുചെയ്യും. ഇ പി ജയരാജന്‍ വിഷമിക്കും; എ കെ ബാലനും. പുരാണത്തിലില്ല. കെ കെ ശൈലജ രക്ഷപ്പെടും. പാര്‍വതിയുടെ പര്യായം. തിലോത്തമന് കടന്നുകൂടാനായേക്കും. തിലോത്തമ വരെ ഓക്കേ. ദേവനര്‍ത്തകി. ടി പി രാമകൃഷ്ണന്‍ “ശ്രീ ഇല്ലെങ്കിലും ബാക്കികൊണ്ട് പിടിച്ചുനില്‍ക്കും. ശിവന്റെ പര്യായം. ഇ ചന്ദ്രശേഖരന് വോട്ടുകിട്ടും. കടന്നപ്പള്ളിയെ രാമചന്ദ്രന്‍ കാക്കട്ടെ. കടകംപള്ളി സുരേന്ദ്രനും എ കെ ശശീന്ദ്രനും സി രവീന്ദ്രനാഥുമൊക്കെ ദേവേന്ദ്രന്റെ കേയറോഫില്‍ കയറിപ്പോകും. ജി സുധാകരന് ചന്ദ്രദേവന്റെ ആനുകൂല്ല്യം പ്രതീക്ഷിക്കാം. കെ രാജുവും വി എസ് സുനില്‍കുമാറും പെട്ടതുതന്നെ. ആ പേരില്‍ ദൈവങ്ങള്‍ ഇതുവരെയില്ല. പരിചയമുള്ളവരുണ്ടെങ്കില്‍ തെളിയിക്കട്ടെ. എ സി മൊയ്തീന്‍, കെ ടി ജലീല്‍, എന്നീ നാലാം വേദക്കാര്‍ക്ക് ഒരു പ്രതീക്ഷയും വേണ്ട. തോമസ് ഐസക്ക്, മാത്യു ടി തോമസ് തുടങ്ങിയവര്‍ ബില്ലും ബജറ്റുമായി വരട്ടെ. കൂവിയായാലും തോല്‍പ്പിക്കും. പിന്നെ മേഴ്സിക്കുട്ടിയമ്മ. അമ്മയുണ്ട്, കുട്ടിയാണ് പക്ഷേ മേഴ്സി. നോ മേഴ്സി. അപ്പോ ക്ളിയര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top