12 August Wednesday

കൊറോണക്കാലത്തെ നന്മമരങ്ങള്‍

പി കെ ലാലിUpdated: Wednesday Apr 1, 2020

പതിവ്‌പോലെ ഇന്നലെയും എനിക്കും സഖാക്കള്‍ക്കും തിരക്കായിരുന്നു.

പല മുഖങ്ങളും കണ്ടു. പല കോണുകളില്‍ നിന്നും ഫോണ്‍വിളികള്‍ വന്നു.
സ. പ്രീതിശേഖര്‍ (DYFI മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി) വിളിച്ച് ബദലാപൂരില്‍ ഒരുകൂട്ടം വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ഒരാഴ്ചയായി മുഴുപ്പട്ടിണിയില്‍ കഴിയുന്ന വിവരം പറഞ്ഞു. സഖാവ് തന്ന നമ്പറില്‍ വിളിച്ച് അന്വേഷിച്ചു. ഇന്ന് അവിടെ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകൊടുക്കും. സ.അശോക് ധാവ്‌ളെ (അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡണ്ട്, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം) ടിത് വാലയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ദൈന്യതയോടെയുള്ള അപേക്ഷയുടെ കോപ്പിഅയച്ചിരുന്നു. അപേക്ഷയില്‍ കണ്ട ഫോണ്‍നമ്പറില്‍ വിളിച്ചു. അവരുടെ കുഞ്ഞുമകള്‍ക്ക് ടൈഫൊയ്ഡാണ്. അടുത്തുള്ള ഡോക്ടര്‍ സൗജന്യമായി ചികിത്സചെയ്യുന്നു. കുഞ്ഞിന് വിറ്റാമിനുള്ള ഗുളികക്ക് കുറിച്ചുകൊടുത്തു. പക്ഷേ വാങ്ങിക്കുവാന്‍ പണമില്ല. അവരും വടക്കെ ഇന്ത്യയക്കാര്‍തന്നെ. 80 കുടുംബങ്ങളുണ്ടത്രെ. ഒരുപിടിയും കിട്ടുന്നില്ല. എല്ലാം കൂലിവേലക്കാര്‍. ആ കുഞ്ഞിനുള്ള മരുന്ന് ഇന്ന് എത്തിച്ചുകൊടുക്കണം.

ഇന്നുകണ്ട നന്മമരങ്ങള്‍ നിരവധിയാണ്. അവയില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്: വ്യത്യസ്ത സമയങ്ങളില്‍ വന്ന രണ്ട് സ്ത്രീകളില്‍നിന്നും സഹജീവികളോടുള്ള കരുണയും കരുതലും കണ്ടു മനസ്സുനിറഞ്ഞുപോയ നിമിഷം. ഭക്ഷണ സാധനങ്ങള്‍ക്കായുള്ള കൂപ്പണിനായി തൊഴുകയ്യോടെ അപേക്ഷിക്കുന്ന മുഖങ്ങളില്‍നിന്നും കേട്ടത്. മൂന്ന് നാളായി അയല്‍വാസികളാണ് മിക്ക കുടുംബങ്ങള്‍ക്കും ഉള്ളതില്‍ പാതി ഭക്ഷണം നല്‍കുന്നത്. ഞങ്ങള്‍ക്ക് തന്നില്ലെങ്കിലും സാരമില്ല ഇവര്‍ക്ക് ഓരൊ കൂപ്പണ്‍ തരൂ സാബ് എന്ന അപേക്ഷ.

രണ്ടുനാള്‍ മുമ്പ് ഒരു കുഞ്ഞുമുഖത്തെ പരിചയപ്പെടുത്തിയിരുന്നല്ലൊ. ഇന്നലെയും കണ്ടു മറ്റ് ചില മുഖങ്ങള്‍.
ആദ്യം കണ്ടത് പത്തുവയസ്സ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞും അവളുടെ ഏഴുവയസ്സുകാരനായ അനുജനും. അച്ഛനും അമ്മയും ഇല്ല, മാമന്റെയും മാമിയുടെയും സംരക്ഷണയില്‍ വളരുന്നു. രണ്ടാമത്തെ കാഴ്ചയാണ് കണ്ണുനിറയിച്ചത്. പത്തുവയസ്സുള്ള ഒരു കുഞ്ഞ്. അവന്റെ മാതാപിതാക്കള്‍ മരണമടഞ്ഞു, സ്വന്തമായി വീടുമില്ല. അവനെ സംരക്ഷിക്കുന്നത് നല്ലവരായ അയല്‍ക്കാരാണ്.

ഹോള്‍സെയില്‍ കടക്കാരന്‍ ബില്ല് രാവിലെതന്നെ കൊണ്ടുവന്നുതന്നു. കീശകാലിയാണ്. രണ്ടുനാള്‍ മുമ്പ് എന്റെ സിന്ധികളായ സുഹൃത്തുകള്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒപ്പംതന്നെ പിന്‍തുണയും അറിയിച്ചിരുന്നു. നേരെ അവരെ വിളിച്ചു. രൂപ 35,000 എത്തിച്ചുതന്നു. ഇടക്ക് ഒരു മലയാളിമുഖം വന്നു രൂപ 10,000 തന്നു. എന്നിട്ടും കടം. നല്ലവരായ എന്റെ സ്‌നേഹിതര്‍ എന്നെ കൈവെടിയില്ലെന്നുറപ്പുണ്ട്. എനിക്ക് അപരിചിതനായ ഒരു വലിയ മനസ്സിന്റെയുമ നല്‍കിയ 10,000 രൂപയില്‍ തുടങ്ങിയ പ്രവര്‍ത്തനം ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 1,300 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകൊടുത്തു. ഇനിയും 250 കുടുംബങ്ങള്‍ക്കുകൂടിയുള്ളത് സ്റ്റോക്കുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി നിന്ന് പച്ചക്കറികളുടെ കിറ്റ് നല്‍കിയത് പച്ചക്കറിമൊത്ത വിതരണക്കാരനായ എന്റെയൊരാത്മ സുഹൃത്താണ്. കൂടാതെ പലചരക്ക് സാധനങ്ങള്‍ ഒരേയളവില്‍ തൂക്കി പായ്ക്കറ്റുകളാക്കി വിതരണത്തിനായുള്ള കിറ്റുകളാക്കി മാറ്റുന്നതും സഹായിക്കുന്നതും അദ്ദേഹവും സ്റ്റാഫും ആണ്. കൂപ്പണിനായി തിരക്കാണ്. അതില്‍ തൊണ്ണൂറ് ശതമാനവും ആവശ്യക്കാര്‍തന്നെ. എന്നാല്‍ അങ്ങിനെയല്ലാത്തവരും വരുന്നുണ്ട്. അവരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി തിരികെ അയക്കുന്നു. അര്‍ഹതപ്പെട്ടര്‍ക്ക് കൊടുത്തുവിടുന്നു. പലമുഖങ്ങളും കണ്ടാല്‍ ഹൃദയമുള്ളവര്‍കരഞ്ഞു പോകും.അത്രക്കും ദയനീയം. പേക്കോലങ്ങള്‍ എന്ന് കേട്ടിട്ടില്ലാത്തവര്‍ കുറവല്ല. ഞാന്‍നേരിട്ട് കാണുന്നു.

അനിയന്ത്രിതമായ തിരക്കുകാരണം ഇന്നലെയും കുറച്ചുസമയം കിറ്റുകള്‍ വിതരണം ചെയ്യുന്നത് നിത്തിവച്ചു. ഡി.വൈ.എഫ്.ഐ.സഖാക്കള്‍ ജ്യോതിയും രാജേഷും വന്നാണ് വീണ്ടും പുനസ്ഥാപിച്ചത് (പ്രാദേശികനേതാക്കളുടെ ഫോണ്‍വിളികളും അഭ്യര്‍ത്ഥനകളും വരുന്നുണ്ട്. ചിലയിടങ്ങളില്‍നിന്നും ഭീഷണികളും. അത് പിന്നീട് വിവരിക്കാം). ഇന്നലെ വളരെവൈകിയാണ് വീട്ടിലെത്തിയത്. കുളിയൊക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു ഉറങ്ങിപ്പോയി. അതാണ് നിങ്ങളിലേക്ക് വരാതിരുന്നത് പരിഭവം തോന്നരുത്.
വീണ്ടും വരാം. ഇന്നത്തെ ദിവസത്തിലേക്ക് കടക്കുന്നു. കൊറോണയെ നമ്മള്‍കീഴ്‌പ്പെടുത്തും. അപവാദപ്രചരണങ്ങളില്‍ നിന്നുമുള്ള രക്ഷക്കായി നമ്മള്‍ സ്വയം പാകപ്പെടുത്തുക. നന്മനേരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top