ജനങ്ങൾ തള്ളിക്കളഞ്ഞ വിമർശനങ്ങൾ കുത്തിപ്പൊക്കി വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണ് യുഡിഎഫ്, ബിജെപി നേതാക്കൾ: തോമസ് ഐസക്

thomas issac fb
വെബ് ഡെസ്ക്

Published on Dec 02, 2025, 03:41 PM | 3 min read

തിരുവനന്തപുരം : മസാലബോണ്ട് സംബന്ധിച്ച് ഇ ഡിയുടെ നോട്ടീസ് അവസരമാക്കി ജനങ്ങൾ പണ്ടേ തള്ളിക്കളഞ്ഞ പഴയ വിമർശനങ്ങളൊക്കെ കുത്തിപ്പൊക്കുകയാണ് യുഡിഎഫ്, ബിജെപി നേതാക്കളെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം ഡോ. ടി എം തോമസ് ഐസക്. ഡോളർ നിരക്കിലുള്ള വായ്പയും രൂപയിലുള്ള വായ്പയും തമ്മിൽ ഒരു താരതമ്യവുമില്ല എന്നിരിക്കെയാണ് ഇത്തരം വിവാദങ്ങൾ കുത്തിപ്പൊക്കുന്നത്. വസ്തുതകൾ മറച്ചുപിടിച്ചുകൊണ്ടാണ് പലരും വിവാദത്തിനിറങ്ങിയതെന്നും കാര്യങ്ങളിൽ വ്യക്തതയുള്ളവർ തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും തോമസ് ഐസക് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.


ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം


മസാലബോണ്ട് സംബന്ധിച്ച് ED യുടെ നോട്ടീസ് അവസരമാക്കി ജനങ്ങൾ പണ്ടേ തള്ളിക്കളഞ്ഞ പഴയ വിമർശനങ്ങളൊക്കെ യുഡിഎഫ്, ബിജെപി നേതാക്കൾ കുത്തിപ്പൊക്കുകയാണ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തിൽ മസാലബോണ്ട് തീവെട്ടിക്കൊള്ളയാണ്. ഇന്ത്യയിൽ ചുരുങ്ങിയ പലിശയ്ക്ക് വായ്‌പ കിട്ടുമ്പോൾ 9.72 ശതമാനം എന്തിനാണ് വിദേശ ബോണ്ട് ഇറക്കിയത്? ഇന്നത്തെ മനോരമ ആവട്ടെ പലിശ നിരക്കല്ല മൊത്തം കൊടുക്കേണ്ടിവന്ന പലിശ ചിലവാണ് തലക്കെട്ടാക്കിയിരിക്കുന്നത്. 1045 കോടിരൂപ പലിശകൊടുക്കേണ്ടി വന്നുപോലും.

പൊതുവിപണിയിൽ ഇറക്കുന്ന മസാല ബോണ്ടിൻ്റെ പലിശ നിരക്ക് വായ്പയെടുക്കുന്നവരും വായ്പ കൊടുക്കുന്നവരും നേരിട്ടു ചർച്ച ചെയ്തല്ല തീരുമാനിക്കുന്നത്. കിഫ്ബിയുടെ മസാലബോണ്ടിൻ്റെ പലിശ നിരക്കിനെക്കുറിച്ച് വിവാദമുണ്ടാക്കുന്നവർ അക്കാര്യം ആദ്യം മനസിലാക്കണം. ഇൻ്റർനാഷണൽ കാപിറ്റൽ മാർക്കറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഉള്ള ഇഷ്യുനെറ്റ് പ്ലാറ്റ്‌ഫോം മുഖേനയാണു ഓഫറുകൾ സ്വീകരിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കിനെ കൂപ്പൺ റേറ്റായി നിശ്ചയിക്കുകയും താല്പര്യമുള്ള നിക്ഷേപകർ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ആ നിരക്കിൽ ബോണ്ടുകൾ വാങ്ങുകയുമാണ് ചെയ്യുന്നത്.


നിരക്ക് നിശ്ചയിക്കുന്നതിലെ നടപടിക്രമം ഇത്രക്ക് സുതാര്യമാണ്. ഇത് ആരെങ്കിലും തമ്മിൽ സ്വകാര്യമായി നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതല്ല. എങ്കിലും 9.72 ശതമാനത്തേക്കാൾ കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുമായിരുന്നില്ലേ എന്നു സത്യസന്ധമായി സന്ദേഹിക്കുന്നവരുണ്ട്.


പലിശനിരക്ക് സ്ഥിരമായി നിൽക്കുന്ന ഒന്നല്ല. കമ്പോളത്തിൽ കയറിയിറങ്ങിക്കൊണ്ടിരിക്കും. അതുതന്നെ ബോണ്ട് ഇറക്കിയവരുടെ റേറ്റിങ് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് 2019 ൽ മസാല ബോണ്ട് ഇറക്കിയകാലത്ത് കിഫ്‌ബിക്ക് സമാനമായ സ്ഥാപനങ്ങൾ എന്ത് പലിശയ്ക്ക് വായ്പ്പയെടുത്തു? അല്ലെങ്കിൽ ബോണ്ട് വിറ്റു? എന്നത് പരിശോധിക്കുകയെ നിർവാഹമുള്ളൂ.


കേരള സർക്കാർ എസ്എൽആർ ബോണ്ടുകൾ വഴി ആർബിഐ മുഖാന്തിരം വിൽക്കുന്ന സെക്വേർഡ് ബോണ്ടുകൾക്ക് 8.17 ശതമാനമാണ് അന്നത്തെ പലിശ. ഈ വായ്‌പ്പാ നിരക്കിൽ ഒരു കാരണവശാലും മറ്റു ബോണ്ടുകൾക്ക് വായ്പ ലഭിക്കില്ല. കാരണം, കേന്ദ്രസർക്കാരിൻ്റെ സെക്യൂരിറ്റി കഴിഞ്ഞാൽ ഏറ്റവും സുരക്ഷിതമായിട്ടുള്ള ഒന്നാണ് എസ്എൽആർ ബോണ്ടുകൾ. എസ്എൽആർ ബോണ്ടുകൾ വഴി സംസ്ഥാന സർക്കാരിന് വാങ്ങാവുന്ന വായ്പയ്ക്കും പരിധിയുണ്ട്. ആ പരിധിയാകട്ടെ, കേന്ദ്രസർക്കാർ തീരുമാനിക്കുന്നതുമാണ്. അതിനു മുകളിൽ നമുക്കു സ്വതന്ത്രമായി വായ്പയെടുക്കാനാവില്ല.


ഈ പരിമിതിയെ മുറിച്ചുകടന്ന് ബജറ്റിനു പുറത്ത് വായ്പ സമാഹരിച്ച് വലിയ തോതിൽ പശ്ചാത്തല സൗകര്യ സൃഷ്ടിയ്ക്ക് നിക്ഷേപം നടത്താനാണ് കിഫ്ബി രൂപീകരിച്ചിരിക്കുന്നതു തന്നെ. നാഷണൽ സേവിംഗ്സ് സ്കീമിൽ നിന്നും സംസ്ഥാന സർക്കാർ 2017 വരെ 9 - 11 ശതമാനം വരെ പലിശയ്ക്കാണ് വായ്പയെടുത്തിരുന്നത്. എന്നാൽ 2019 ആയപ്പോഴേയ്ക്കും അത് 8.4 ശതമാനമായി കുറഞ്ഞു. പക്ഷേ, ഈ വായ്പയും കേന്ദ്രസർക്കാർ നിശ്ചയിച്ച പരിധിയ്ക്കുള്ളിൽപ്പെടും.


കേരള സർക്കാർ നബാർഡിൽ നിന്ന് ആർഐഡിഎഫ് പദ്ധതിയ്ക്ക് എടുക്കുന്ന വായ്പയ്ക്ക് ശരാശരി 5 ശതമാനമായിരുന്നു പലിശ. എന്നാൽ ഇതിൻ്റെ പരിധി 350 കോടി രൂപയായിരുന്നു. നബാർഡിൻ്റെ തന്നെ നിഡയിൽ നിന്ന് കിഫ്ബിയെടുത്ത വായ്പയുടെ പലിശ 9.30 ശതമാനവും വ്യത്യസ്ത ബാങ്കുകളിൽനിന്ന് എടുത്ത വായ്പയ്ക്ക് 9.15 ശതമാനം വരെ പലിശ നൽകേണ്ടി വന്നു.


ആഭ്യന്തര മാർക്കറ്റിൽ നിന്നും 2018 - 19ൽ കിഫ്ബിയേക്കാൾ വളരെ ഉയർന്ന റേറ്റിംഗുള്ള ഏജൻസികൾ വായ്പയെടുത്തിട്ടുള്ളത് ഏതാണ്ട് ഇതേ നിരക്കിലായിരുന്നു. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ക്യാപിറ്റൽ റീജിയൺ ഡെവലപ്പ്മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകൾ ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഐഒബി 11.7 ശതമാനത്തിനും സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ അഭ്യന്തര മാർക്കറ്റിൽ നിന്നും മൂലധനം സമാഹരിച്ചത്.


കൊച്ചി മെട്രോയ്ക്കും, വാട്ടർ മെട്രോയ്ക്കും 1.3 ശതമാനത്തിനാണ് വിദേശ വായ്‌പ്പാ എടുത്തത് എന്ന കാര്യം ചർച്ചകളിൽ പലരും ഉന്നയിച്ചു കണ്ടു. ഈ വായ്പകളെല്ലാം യൂറോ അല്ലെങ്കിൽ ഡോളർ വായ്പകളാണ്. എന്നു പറഞ്ഞാൽ, ഇന്ന് നൂറു ഡോളർ വായ്പയെടുക്കുന്നു എന്നിരിക്കട്ടെ. വായ്പാ കാലാവധി കഴിയുമ്പോൾ 100 ഡോളറും പലിശയും മടക്കി നൽകണം. അന്ന് എത്രയാണോ ഡോളറിൻ്റെ വിനിമയ നിരക്ക് അതുതന്നെ കൊടുക്കണം. രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ് 1990 ൽ 18 രൂപയായിരുന്നു ഡോളറിന്. ഇന്നത് ഏതാണ്ട് 90 രൂപ ആയിരിക്കുകയാണ്. 1990 ൽ 18 രൂപ വായ്‌പ്പാ എടുത്തത് ഇന്ന് തിരിച്ചടയ്ക്കുവാൻ 90 രൂപയും പലിശയും വേണ്ടിവരും.


ഇതാണ് ഡോളർ വായ്പകളുടെ യഥാർഥ ഭാരം. പലിശയല്ല, മറിച്ച് വിനിമയ നിരക്കിലുണ്ടാകുന്ന ഈ ഇടിവാണ് വിദേശ നാണയത്തിലുള്ള വായ്പകളിൽ ഉള്ള അപായം. പലിശ നിരക്കിലല്ല, വിനിമയനിരക്കിലുള്ള വ്യത്യാസമനുസരിച്ചാണ് ഭാരം കൂടുന്നത്. എന്നാൽ മസാല ബോണ്ടുകൾക്ക് ഈ പ്രശ്നമില്ല. രൂപയിലാണ് നാം വായ്പ വാങ്ങുന്നത്. അതിന് വിനിമയ നിരക്കിലുള്ള ചാഞ്ചാട്ടം ബാധകമല്ല. ഇത് മറച്ചുപിടിച്ചുകൊണ്ടാണ് വിവാദത്തിന് ഇറങ്ങിയിരിക്കുന്നത്. ഡോളർ നിരക്കിലുള്ള വായ്പയും രൂപയിലുള്ള വായ്പയും തമ്മിൽ ഒരു താരതമ്യവുമില്ല എന്ന കാര്യത്തിൽ വ്യക്തതയുള്ളവർ തന്നെയാണ് വിവാദമുണ്ടാക്കുന്നതും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home