Deshabhimani

'ഇനി ഞാൻ പേടിച്ചുപോയാലോ? നിങ്ങളുടെ ആക്രമണം തുടരട്ടെ'; മറുപടിയുമായി എം സ്വരാജ്

m SWARAJ

എം സ്വരാജ്

വെബ് ഡെസ്ക്

Published on Jul 02, 2025, 06:46 PM | 2 min read

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം മുതൽ തനിക്കും ഇടതുപക്ഷത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എം സ്വരാജ്. സ്ഥാനാർഥിയായി വന്നതുമുതൽ തന്നെ പിന്തുണച്ചവരെ ഹീനമായി വേട്ടയാടി. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് നിശബ്ദമായി നേരിടേണ്ടതാണോ എന്നകാര്യം പരിശോധിക്കപ്പെടണമെന്ന് സ്വരാജ് പറഞ്ഞു.


കേരളം ആദ​രവോടെ കാണുന്ന, 90 വയസായ നാടകപ്രവർത്തക നിലമ്പൂർ ആയിഷയെ ഇടതുപക്ഷത്തെ പിന്തുണച്ചതിന് ഹീനമായി വേട്ടയാടി. എഴുത്തുകാരി കെ ആർ മീരയും ഹരിത സാവിത്രിയും ആക്രമിക്കപ്പെട്ടു. അവരെ അശ്ലീലം പറഞ്ഞും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നവമാധ്യമങ്ങളിൽ അരങ്ങ് തകർത്തു. അധിക്ഷേപങ്ങൾ കേട്ടാൽ ഇവരൊക്കെ ഭയന്നുപോകും എന്ന് കരുതുന്നില്ല. എന്നാൽ സാംസ്കാരിക രം​ഗത്തുള്ള മറ്റുചിലർ ഈ ആക്രമണത്തെ ശക്തിപ്പെടുത്തുംവിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാർ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുത് എന്ന സിദ്ധാന്തമൊക്കെ അവർ അവതരിപ്പിച്ചു. അക്കൂട്ടത്തിൽപ്പെട്ട ഒരാൾ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിലമ്പൂരിൽ വന്നു. മറ്റൊരാൾ റോഡ്ഷോയിലും പങ്കെടുത്തു. പക്ഷേ അവർക്കൊന്നും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടിവന്നില്ല.


യുഡിഎഫിനെ പിന്തുണയ്ക്കാൻ ആ​ഗ്രഹിക്കുന്ന സാംസ്കാരിക പ്രവർത്തകർ ആ നിലപാടെടുക്കുന്നതിനെ തെറ്റുപറയാനാകില്ല. എന്നാൽ ആരെങ്കിലും ഇടതുപക്ഷത്തെ പിന്തുണച്ചാൽ ആക്ഷേപിക്കും എന്നതാണ് നില. ഏതെങ്കിലും ഇടത് വിരുദ്ധർക്കെതിരെ ന്യായമായ വിമർശനം ഉയർത്തിയാൽ സൈബർ ആക്രമണം എന്ന് മുറവിളി കൂട്ടുന്നവരെയൊന്നും ഇവിടെ കാണുന്നില്ല. ഇതിലൊക്കെ നിലപാട് പറയേണ്ടവർ നിശബ്ദത പാലിച്ച് സ്വയം അടയാളപ്പെടുത്തുണ്ടെന്നും സ്വരാജ് പറഞ്ഞു.


ഏതൊരാൾക്കും നിർഭയം നിലപാട് പറയാനാകണം. പക്ഷേ ഇപ്പോൾ ഇടതുപക്ഷത്തെ അനുകൂലിക്കുന്നവർക്കെതിരെ സംഘടിതമായ ആക്രമണമാണ് നടത്തുന്നത്. സ്ഥാനാർഥി എന്ന നിലയിൽ തനിക്കുനേരെയും ആക്രമണമുണ്ടായി. ഇത് ജമാഅത്തെ ഇസ്ലാമിയുടെ ചാനൽ ഏറ്റുവാങ്ങി പ്രചരിപ്പിക്കാൻ തുടങ്ങി. ഈ അധിക്ഷേപങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാൾ മാധ്യമപ്രവർത്തകനാണ്. പിണറായി വിജയൻ അധികാരത്തിൽ നിന്ന് ഇറങ്ങുന്ന ദിവസമേ ഇനി കേരളത്തിൽ കാലുകുത്തൂ എന്ന് പ്രഖ്യാപിച്ചയാളാണ് ഇദ്ദേഹം. വർഷങ്ങളായി ഇങ്ങനെ കാത്തിരിക്കുന്ന മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.


ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ ഏത് തരംതാണ മാർ​ഗങ്ങളും സ്വീകരിക്കും. ഇതിനേക്കാളേറെ ആക്രമണങ്ങളെ നേരിട്ടാണ് ഓരോ ഇടതുപക്ഷ പ്രവർത്തകരും മുന്നോട്ടുപോയിട്ടുള്ളത്. നിങ്ങളുടെ ആക്രമണങ്ങളും പരിഹാസങ്ങളും കേട്ട് ഞാൻ പേടിച്ചുപോകുമോ എന്ന് നോക്കുക, ഇനി പേടിച്ചുപോയാലോ.. ഏതായാലും കൂടുതൽ കരുത്തോടെ ആക്രമണം തുടരുക, ഒരു ഇടവേളയും കൊടുക്കാതെ അത്തരം ആക്രമണങ്ങളെ സ്വാ​ഗതം ചെയ്യുന്നു.- സ്വരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home