'വീടില്ല, ഒരു 30 റീൽ അങ്ങ് തരും'; യൂത്ത് കോൺഗ്രസിനെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: മുണ്ടക്കൈ ഭവനപദ്ധതിയുടെ പേരിൽ പൊതുജനങ്ങളിൽനിന്നുൾപ്പെടെ പണം പിരിച്ചിട്ടും വീട് വച്ച് കൊടുക്കാതിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതൃത്വത്തെ ട്രോളി സോഷ്യൽമീഡിയ.
'അതു മുക്കിയല്ലേ..? ഉവ്വ്.. അതാണല്ലോ ശീലം', 'ഞങ്ങൾക്ക് വച്ച് തരാമെന്ന് പറഞ്ഞ ആ മുപ്പത് വീട്...? ഒരു 30 റീൽ അങ്ങ് ഇട്ട് തരും', 'കെപിസിസി 1000 വീട്, യൂത്ത് കോൺഗ്രസ് 30 വീട്, അങ്ങനെ വച്ച് കൊടുക്കേണ്ട വീട് 1030 ആയി ', 'എവിട്രാ ഞങ്ങൾക്ക് വീട് വെക്കാനുള്ള ഫണ്ട്..? ഏത് ഫണ്ട്... അതൊക്കെ മുക്കി ' - ഇങ്ങനെ നിരവധിയായ ട്രോൾ പോസ്റ്റുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
യൂത്ത് കോൺഗ്രസ് പഠന ക്യാമ്പിൽ വിമർശനം ഉയർന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദുരന്തബാധിതർക്കായി പണം പിരിച്ചിട്ടും ഒരു വീട് പോലും നൽകിയില്ലെന്നും ഭൂരിപക്ഷം കമ്മിറ്റികളും പണം നൽകിയിട്ടും വീടു പണി തുടങ്ങാത്തത് നാണക്കേടാണെന്നുമാണ് പ്രതിനിധികൾ പറഞ്ഞത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ കോലഞ്ചേരി സ്വദേശിയും ഹൈക്കോടതി അഭിഭാഷകയുമായ ടി ആർ ലക്ഷ്‌മി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, അരിത ബാബു, ടി അനുതാജ്, വൈശാഖ് എസ് ദർശൻ, വിഷ്‌ണു സുനിൽ, വി കെ ഷിബിൻ, ഒ ജെ ജനീഷ് എന്നിവർക്കെതിരെയാണ് പരാതി.
ദുരന്തബാധിതർക്കായി 2.80 കോടി രൂപയും സ്‌പോൺസർഷിപ് തുകയും ശേഖരിച്ച് 30 വീടുകൾ നിർമിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നതായി പരാതിയിലുണ്ട്. നിയോജകമണ്ഡലങ്ങളിൽനിന്ന് രണ്ടുലക്ഷം രൂപവീതം സ്വരൂപിക്കാനും നേതൃത്വം നിർദേശിച്ചിരുന്നു.
ഭവനപദ്ധതിയിലേക്ക് താനുൾപ്പെടെയുള്ള പൊതുജനങ്ങൾ സംഭാവന ചെയ്‌തു. എന്നാൽ, വീടുനിർമാണം ഉപേക്ഷിച്ച നിലയിലാണ്. സ്വരൂപിച്ച തുക ദുരന്തബാധിതർക്കായി ഉപയോഗിക്കുന്നില്ല. കണക്കുകളും അവതരിപ്പിക്കുന്നില്ല. 88 ലക്ഷം രൂപ ശേഖരിച്ചതായാണ് റിപ്പോർട്ട്. ഓഡിറ്റ്, അക്കൗണ്ടിങ് നടപടിക്രമങ്ങളും പാലിച്ചിട്ടില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് തുക ഉപയോഗിച്ചെന്നാണ് വ്യക്തമാകുന്നത്.
പൊതുജനങ്ങളെ പറ്റിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ പണം അപഹരിച്ചെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ മൊഴിയെടുത്തശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
0 comments