27 September Wednesday

ആ ആക്രോശം ഓര്‍മ്മിപ്പിച്ചത് നാസിഭീകരത അടയാളപ്പെടുത്തിയ ഈ ചലച്ചിത്രം...ആന്‍ പാലി എഴുതുന്നു

ആന്‍ പാലിUpdated: Thursday Jan 23, 2020

ആന്‍ പാലിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്‌ 

'ദെ പിയാനിസ്റ്റ്' എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. (വീഡിയോ ക്വാളിറ്റി കുറവാണ് , നെറ്റ്ഫ്ലിക്സിൽ തെരഞ്ഞപ്പോൾ ഈ സിനിമ ഉണ്ടായിരുന്നില്ല).അഡ്രിയെൻ ബ്രോഡി അവതരിപ്പിച്ച നായകകഥാപാത്രം ,സ്പിൽമാൻ എന്ന പിയാനിസ്റ്റ് നാസികളെ ഭയന്ന് ഒരിക്കൽ ഒരു ഫ്ലാറ്റിൽ ഒളിച്ചു ജീവിക്കുകയാണ്. അബദ്ധത്തിൽ തട്ടിമറിഞ്ഞു വീണ കുറെ പാത്രങ്ങളുടെ ശബ്ദം കേട്ട് അയല്പക്കക്കാരി വന്നു വാതിലിൽ മുട്ടിയപ്പോൾ അയാൾ അവിടെ നിന്നും കിട്ടുന്നതൊക്കെ പെറുക്കിക്കൂട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന രംഗമാണിത്.

എന്നാൽ അയാളെ കണ്മുന്നിൽ കാണുന്ന ആ സ്ത്രീ സ്പിൽമാന്റെ ഐഡന്റിറ്റി കാർഡ് ചോദിക്കുന്നു. അത് കയ്യിലില്ല എന്ന് മനസ്സിലാക്കുന്നതോടെ അവരുടെ ഭാവമാറ്റം ശ്രദ്ധിച്ചോ? അവൻ ഒരു ജൂതനാണ് അവനെ വെറുതെ വിടരുത്, അവനെ പിടിച്ചു നിർത്തൂ എന്നും പറഞ്ഞു ഹിസ്റ്റീരിക് ആയി നിലവിളിക്കുന്ന ആ സ്ത്രീയെ ശ്രദ്ധിച്ചോ? അവരുടെ ഭ്രാന്തമായ വെറുപ്പും അമർഷവും നിങ്ങളെ അസ്വസ്ഥരാക്കിയോ ?

ഇതുപോലൊരു വീഡിയോ നമ്മൾ ഇന്നലെ കണ്ടില്ലേ? നമ്മുടെ കേരളത്തിൽ , കുറെ സ്ത്രീകൾ ചേർന്ന് മറ്റൊരു സ്ത്രീയെ അപമാനിച്ചിറക്കിവിട്ട രംഗം .സ്വന്തം വിശ്വാസങ്ങളും, നിലപാടുകളും എത്ര പ്രിയപ്പെട്ടതാണെങ്കിലും അവയൊന്നും പാലിക്കാത്ത , അവയിലൊന്നും confined ആവാത്ത മറ്റു ജീവിതങ്ങളെ തല്ലുമെന്നും കൊല്ലുമെന്നും ഒക്കെ പറഞ്ഞു ഒരു മുറിയിൽ നിന്നും തള്ളിയിറക്കുന്ന ആ വീഡിയോ ഇല്ലേ, നെറ്റിയിലെ സിന്ദൂരമഹിമ കൊണ്ട് സർവവിധ ശല്യങ്ങളെയും മാറ്റിനിർത്തി സന്തുഷകുടുംബജീവിതം നയിക്കാമെന്ന അവരുടെ വിശ്വാസം എത്ര explicit ആയാണ് അവർ വിളിച്ചു പറയുന്നത് ? അവരെയൊക്കെ കണ്ടപ്പോൾ നാസിഭീകരത ഏറ്റവും വ്യക്തമായി അടയാളപ്പെടുത്തിയ ചിത്രത്തിലെ ഈ ഭ്രാന്തൻ രംഗമാണ് ഓർമ്മ വന്നത്.

എന്നാൽ, ഈ വിഡിയോയിൽ ഉള്ളതിലും ഭീകരമായി കൂട്ടം കൂടിയുള്ള ആക്രമണമാണ് ഇന്നലെ കേരളത്തിൽ കണ്ടത്. കാരണം ആ സംഘത്തിലുള്ള പലർക്കും ഒറ്റയ്ക്ക് നിന്ന് സംസാരിച്ച സ്ത്രീയെ പരിചയമുണ്ടാവും , കുറച്ചു നാളുകൾ മുൻപ് വരെയും അവരൊരുമിച്ചു വഴിയിലോ അമ്പലത്തിലോ ഒക്കെ വെച്ച് കണ്ടവരാവും, സംസാരിച്ചവരാവും. അവരൊക്കെ എത്ര പെട്ടന്നാണ് ശത്രുക്കളായി മാറിയത്?

ഒരു മുസ്‌ലിം പള്ളിയിൽ ഹിന്ദുവിന്റെ കല്യാണം നടത്തിയ വാർത്ത വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഇങ്ങനെയൊരു ദൃശ്യം കണ്ടതിൽ ഏറെ ദുഖമുണ്ട്. എത്ര വിരുദ്ധാഭിപ്രായം ഉള്ളവരാണെങ്കിലും ഒരു സ്ത്രീയെ പരസ്യമായി ഇങ്ങനെ അധിക്ഷേപിക്കാൻ കുറേപ്പേർ മുന്നോട്ടുവന്നതിനേക്കാളും അതിനെ തടയാൻ ശ്രമിക്കാതെ അതുകണ്ടാസ്വദിച്ചിരുന്ന കുറേപ്പേരോടാണ് ഏറ്റവും സഹതാപം, ഇത്ര ഇന്റെഗ്രിറ്റി ഇല്ലാത്തവരാണല്ലോ നമുക്ക് ചുറ്റുമെന്നതാണ്, കഷ്ടം !

കൂട്ടിച്ചേർക്കുന്നത് - ഈ ചിത്രത്തിന്റെ അവസാനം വാഡിസ്വാഫിനെ രക്ഷപ്പെടുത്തുന്ന രംഗത്തിൽ 'ഇയാളൊരു ജെർമനാണ്' എന്നും പറഞ്ഞു നിലവിളിച്ചു പട്ടാളക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു സ്ത്രീ കൂടിയുണ്ട്.താനൊരു ജർമൻ അല്ലെന്നും പോളിഷ് ആണെന്നും വിളിച്ചുപറയുന്ന അയാളോട് എന്തിനാണ് പിന്നെ ജര്മന്കാരുടെ പച്ച വിന്റർ കോട്ട് ധരിച്ചു നിൽക്കുന്നതെന്ന് പട്ടാളക്കാർ തിരിച്ചു ചോദിക്കുന്നുണ്ട്. 'എനിക്ക് തണുത്തിട്ട് ...' അയാൾ ഉത്തരം പറയുന്നു. മരണത്തിന്റെ മുൻപിലും മനുഷ്യന്റെ നിസ്സഹായത അത്രയൊക്കെയേ അടയാളപ്പെടുത്താനാവൂ എന്ന് തുളുമ്പുന്ന പിയാനിസ്റ്റിന്റെ കണ്ണുകൾ ... വസ്ത്രം കൊണ്ട് ആളുകളെ തിരിച്ചറിയാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഭരണാധികാരികൾ പ്രിവിലേജുകൾ ഇല്ലാത്ത സാധാരണക്കാരുടെ ജീവിതം ഇടയ്ക്കെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ ...ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top