18 October Friday

ചാലക്കുടി മണ്ഡലത്തിന്റെ വികസനം എങ്ങനെ വേണം? പദ്ധതി തരൂ; സമ്മാനം തരാം- ഇന്നസെന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2017

എംപി ഫണ്ട് ഉപയോഗിച്ച് എന്ത് ചെയ്യണം എങ്ങനെ വേണം എന്ന് പൊതുജന അഭിപ്രായം തേടി ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ്. 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ഏതൊക്കെയെന്ന് ചാലക്കുടി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാം. മികച്ച പദ്ധതി നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പുരസ്ക്കാരം നല്‍കുമെന്നും ഇന്നസെന്റ് അറിയിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് എംപി ഫണ്ടായി ലഭിക്കുക.

മണ്ഡലത്തിനാകെ പ്രയോജനപ്പെടുന്ന ക്രിയാത്മകമായ പദ്ധതി നിര്‍ദ്ദേശങ്ങളാണ് വേണ്ടത്. നിര്‍ദ്ദേശം-- എം.പി ഓഫീസ്, സെന്റ് ജോര്‍ജ്ജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പി.ഒ, ഫോണ്‍: 0484 2452644 /chalakkudymp@gmail.com എന്നീ വിലാസത്തിലേക്ക് മാര്‍ച്ച് 31ന് അകം അയക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ എംപി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നും അത് തുടരുമെന്നും ഇന്നസെന്റ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും ഇന്നസെന്റ് വിവരിക്കുന്നു. സോഷ്യല്‍ ഓഡിറ്റ് എന്ന പേരില്‍ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇന്നസെന്റ് പുത്തന്‍ ആശയങ്ങളെ സ്വാഗതം ചെയ്തിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

അടുത്ത സാമ്പത്തിക വര്‍ഷം എം പി ഫണ്ട് ഉപയോഗിച്ച് എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് കൂട്ടായി തീരുമാനിക്കാം. 2017-18 വര്‍ഷത്തില്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കാം. അതിനര്‍ത്ഥം അവരവരുടെ നാട്ടിലെ ആവശ്യങ്ങള്‍ ഓരോന്നായി നല്‍കണമെന്നല്ല. മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിര്‍ദ്ദേശിക്കേണ്ടത്. ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക- പശ്ചാത്തല മേഖലകളില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കാന്‍ കഴിയുന്നവയും ഏറ്റവും താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതുമായ പദ്ധതികളാണ് നമുക്ക് വേണ്ടത്.

ഇത്തരത്തിലുള്ള പുതുപുത്തന്‍ ആശയങ്ങള്‍ നിങ്ങളുടെ മനസിലുണ്ടാകും. അവ എനിക്കു നല്‍കുക. 5 കോടി രൂപയാണ് എം.പി ഫണ്ടായി ലഭിക്കുക. ഇതില്‍ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങള്‍ക്കും 37.5 ലക്ഷം പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള പദ്ധതികള്‍ക്കായി മാറ്റി വക്കണം. ബാക്കിയുള്ള 3.75 കോടിയോളം രൂപയാണ് ജനറല്‍ വിഭാഗ പദ്ധതികള്‍ക്കായി ലഭിക്കുക. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള ഒരോരോ പദ്ധതികള്‍ നിര്‍ദേശിക്കാവുന്നതാണ്. ഒന്നിലധികം പദ്ധതികളും തരാം. മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കും. നിര്‍ദ്ദേശിച്ചയാള്‍ക്ക് പുരസ്കാരവും നല്‍കും.

നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 31ന് മുമ്പായി എം.പി ഓഫീസ്, സെന്റ് ജോര്‍ജ്ജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പി.ഒ, ഫോണ്‍: 0484 2452644 /chalakkudymp@gmail.com എന്നീ വിലാസങ്ങളില്‍ അയക്കുക.

ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ എം.പി ഫണ്ടുപയോഗിച്ച് ആസ്തി നിര്‍മ്മാണം ആണ് ഏറ്റെടുക്കാനാവുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ എം പി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. 'ശ്രദ്ധ കാന്‍സര്‍ പ്രതിരോധ പദ്ധതി'യിലെ 5 മാമോഗ്രാം യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, 'Go Smart' - സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി, സുരക്ഷിത യാത്ര - സുന്ദരയാത്ര' പദ്ധതി, പിന്നോക്ക - ദളിത്- ആദിവാസി മേഖലകള്‍ക്കുള്ള കുടിവെള്ള പദ്ധതികള്‍, നാട്ടു വെളിച്ചം പദ്ധതി, താലൂക്ക് - പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം മാറ്റം കുറിക്കുന്നതായിരുന്നു. ഒരു കാര്യത്തില്‍ നിര്‍ബന്ധവുമുണ്ടായിരുന്നു. സ്വകാര്യ മേഖലയുടെ വികസനത്തിന് പൊതുപണം ചെലവഴിക്കില്ല എന്നതായിരുന്നു അത്. ഈ കാഴ്ചപ്പാടോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥന.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top