27 September Sunday

മരണമുറിയില്‍ ജീവിക്കുന്ന ഇവരും മനുഷ്യരാണ് : മോര്‍ച്ചറി അറ്റൻഡർമാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ...

ഡോ. ജെ എസ് വീണUpdated: Monday Mar 5, 2018

ഡോ. ജെ എസ് വീണ

ഡോ. ജെ എസ് വീണ

തലയോട്ടി പൊളിയ്ക്കാന്‍ പിടിയില്ലാത്ത വാള്‍, രക്തത്തില്‍ കുതിരുന്ന കോട്ടന്‍ ഏപ്രണ്‍,മോര്‍ച്ചറിയില്‍ നടക്കാന്‍ റബ്ബര്‍ ചെരുപ്പ് ..മോര്‍ച്ചറി അറ്റൻഡർമാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഡോ. ജെ എസ് വീണ ഫേസ്‌ബുക്കില്‍ എഴുതുന്നു.

ഞാൻ Dr Veena JS
Forensic medicineൽ PG വിദ്യാർത്ഥിനി.
വർഷങ്ങളായി എനിക്ക് നേരിട്ട് അറിയുന്ന ചില മോർച്ചറി അറ്റൻഡർമാരുടെ ബുദ്ധിമുട്ടുകളെകുറിച്ചാണ് ഞാൻ എഴുതാൻ പോകുന്നത്. ഇതിലെ ഓരോ സംഭവങ്ങളും സത്യമാണ്. ദയവു ചെയ്തു അന്വേഷിക്കുക. ഡോക്ടർമാർ അന്വേഷണഅംഗങ്ങൾ ആയിട്ട് യാതൊരു കാര്യവും ഇല്ലാ. ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ മാത്രമേ അറ്റൻഡർമാർ തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നു പറയുള്ളൂ. ദീർഘനാളുകളായി തങ്ങളുടെ അടിസ്ഥാനമനുഷ്യാവകാശങ്ങളും, തൊഴിലിടങ്ങളിലെ അവകാശങ്ങളും ഹനിക്കപ്പെടുകയും, അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്ന ഓരോ നിമിഷവും ശകാരവർഷങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുന്ന അവസ്ഥയായതിനാൽ, ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണമല്ലാതെ മറ്റൊന്നും ഇവർക്ക് സ്വീകാര്യമല്ല എന്ന് വേണം മനസ്സിലാക്കാൻ. അധികാരത്തിലിരിക്കുന്ന ഒരാളെയും ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നത്. ഒരു മാറ്റം ഉണ്ടാവണം ഇവരുടെ ജീവിതത്തിനു. അതിനുവേണ്ടി മാത്രമാണ്.

പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദശാബ്ദങ്ങളായി കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നു. എന്നിട്ടും ഇതുവരെ മോർച്ചറി അറ്റൻഡർ എന്നൊരു പോസ്റ്റ്‌ സൃഷ്ട്ടിക്കാൻ ആയിട്ടില്ല ! ( താല്പര്യപൂർവം മാത്രം ചെയ്യേണ്ട ജോലിയാണ് മോർച്ചറിയിലേത് !)

ഗ്രേഡ് ll അറ്റൻഡർ തസ്തികയിലുള്ളവരെ ഈ വിഭാഗത്തിലോട്ട് മാറ്റിയാണ് മോർച്ചറി കൊണ്ടുപോകുന്നത്. എന്നാൽ, ഇത്രയും ഗൗരവതരമായ, അപകടകരമായ ഈ ജോലിചെയ്യാൻ ഉള്ള യാതൊരു വിധ ട്രെയിനിങ്ങും ഇന്നേ വരെ ഇവർക്ക് ലഭിച്ചിട്ടില്ല. പലരും വർഷങ്ങളായി മോർച്ചറിയിൽ തുടരുന്നു. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾകൊണ്ട് മുറിവേറ്റാൽ എന്തുചെയ്യണമെന്നും എന്തൊക്കെ സേവനങ്ങൾ ലഭ്യമാക്കണമെന്നും കൃത്യമായ പ്രോട്ടോകോൾ ഉള്ള മെഡിക്കൽ കോളേജുകളിൽ മോർച്ചറി അറ്റന്ററായി പ്രവർത്തിക്കുന്നവർക്ക് മാത്രം യാതൊരുവിധ ട്രെയിനിങ്ങും സഹായവും ലഭിക്കുന്നില്ല.

പലരും വാക്‌സിനേഷൻ പോലും എടുത്തിട്ടില്ല ! അതിന് പോലും ഒരു പ്രോട്ടോകോൾ ഇവിടെയില്ലേ ? ആരാണ് ഇതേക്കുറിച്ചു ബോധവൽക്കരണം നടത്തി, വാക്‌സിനേഷൻ നിർബന്ധിതമാക്കേണ്ടത് ?? ( വർഷങ്ങളായുള്ള വഞ്ചനയല്ലേ ഇത് ? ഇതേപ്പറ്റി ചോദിച്ചപ്പോൾ മോർച്ചറിയിൽ അറ്റൻഡറായ ഒരാളുടെ ഉത്തരം ഇങ്ങനെ ! "ഇവിടെ ജീവിക്കാൻ വലിയ പാടാണ് ! സ്ഥലം മാറ്റം പോലും കിട്ടുന്നില്ല"

മോർച്ചറിയിൽ എന്തൊക്കെ ജോലികൾ അറ്റൻഡർ ചെയ്യുന്നു ? ഭാരമുള്ള മൃതദേഹം കോൾഡ് ചേംബറിൽ നിന്നും പുറത്തെടുത്തു ട്രോളിയിൽ ഇടുക, അതു വലിച്ചുകൊണ്ടുവന്ന് തൂക്കം നോക്കുന്ന തട്ടിലേക്കിടുക, അവിടെ നിന്നും വീണ്ടും ട്രോളിയിൽ ഇട്ടു പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന ടേബിളിലോട്ട് എടുത്തിടുക, ശരീരം തുറക്കാൻ ഡോക്ടറെ സഹായിക്കുക, പിടിപോലും ഇല്ലാത്ത വാൾ കൊണ്ട് തലയോട്ടി പൊട്ടിക്കുക (, ശേഷം സൂചികൊണ്ട് അപകടകരമായ തുന്നൽ പ്രക്രിയ, ശരീരം കുളിപ്പിച്ച് വൃത്തിയാക്കി മുണ്ടുടുപ്പിച്ചു പുതപ്പിച്ചു വീണ്ടും ട്രോളിയിലോട്ട് എടുത്തുമാറ്റി ബന്ധുക്കൾക്ക് കൊടുക്കുക. ഒരു മൃതദേഹത്തിന് ചെയ്യുന്ന ഇതിനെല്ലാത്തിനും കൂടെ ഇവർക്ക് കിട്ടുന്ന കൂലി 75രൂപ ( ( ഒരു മൃതശരീരപരിശോധനക്ക് മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർക്ക് 600രൂപയും, മറ്റു സർക്കാർ ആശുപത്രികളിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർമാർക്ക് 1000 രൂപയും ലഭിക്കുമ്പോൾ അതിന്റെ മൂന്നിൽ ഒന്ന് പോലും ഇവർക്ക് കിട്ടുന്നില്ല .

ഈ തുക കൂട്ടാൻ എണ്ണമില്ലാത്തത്ര അവസരങ്ങളിൽ അധികാരികളോട് ഇവർ ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു !
കോട്ടൺ ഏപ്രണിന്റെ മുകളിൽ പ്ലാസ്റ്റിക് ഏപ്രൺ ഇടാറുണ്ട്. പക്ഷേ, അത്‌ കൈകൾ ഇല്ലാത്തതാണ് ! മൃതദേഹത്തിനുള്ളിലൊക്കെ കൈ ഇടുമ്പോഴേക്കും കോട്ടൺ ഏപ്രൺ രക്തത്തിൽ നനയും.

നിരന്തരമായ ട്രൈനിംഗുകളുടെ അഭാവം/അതുണ്ടാക്കുന്ന പ്രോല്സാഹനം ഇല്ലായ്മ എന്നിവ സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള വിമുഖതയിലേക്ക് നയിക്കുന്നു ! ടിബി വന്ന ജോലിക്കാരും ഉണ്ട് .

ഇതിനെല്ലാം പുറമേ, മോർച്ചറി മുഴുവൻ വൃത്തിയാക്കുക, ഡോക്ടർമാർ ഇരിക്കുന്ന മോർച്ചറിയിലെ റൂമും ടോയ്‌ലെറ്റുകളും വൃത്തിയാക്കുക, അലക്കാനുള്ള ഏപ്രണുകൾ അതിനുവേണ്ടിയുള്ള സ്ഥലത്തെത്തിക്കുക, അലക്കിയ തുണികൾ തിരിച്ചെടുക്കുക. ചില ദിവസങ്ങളിൽ ഡിപ്പാർട്മെന്റ് ഡ്യൂട്ടി.

നാട്ടിലൊരു ഡെങ്കിപനി മരണം സ്ഥിരീകരിച്ചാൽ ഉടനെ നാലുപാടേക്കും പടകളെ അയക്കുന്ന COMMUNITY MEDICINE വിഭാഗവും, MICROBIOLOGY വിഭാഗവും മോർച്ചറിയിൽ മാത്രം ഇന്നേ വരെ ഒരു പഠനം പോലും നടത്തിയിട്ടില്ല.

മോർച്ചറി അറ്റൻഡർമാർക്കു ഗവണ്മെന്റ് ആകെ നൽകുന്ന ആനുകൂല്യം വർഷത്തിൽ ഒരിക്കൽ നൽകുന്ന ഒരുജോഡി റബ്ബർ സ്ലിപ്പർ ചെരിപ്പുകളാണ്. ഏത് രാജ്യത്തേക്കു വിദേശയാത്ര പോകാനാണോ എന്തോ ഈ ചെരിപ്പുകൾ !! ബൂട്ടുകൾ ആണ് അവർക്കു വേണ്ടത്. മുട്ടുവരെ മൂടുന്ന ബൂട്ടുകൾ കൊടുക്കണം അവർക്ക്‌. അവ വൃത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാവണം. (പുതിയ മോർച്ചറി തുടങ്ങുമ്പോൾ എല്ലാം ശെരിയാവും എന്ന പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഹേ !)

പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം ശരീരം തുന്നാൻ ഇന്നും അവർക്കു ലഭിക്കുന്നത് അരിവാള്പോലെ വളഞ്ഞ സൂചി ! Suturing പഠിച്ചവരോ ട്രെയിനിങ് കിട്ടിയവരോ അല്ലാത്ത സാഹചര്യത്തിൽ, ഈ സൂചി മെറ്റൽകൊണ്ട് അടിച്ചു നിവർത്തി നേരെയാക്കിയാണ് അവർ മൃതശരീരങ്ങൾ ഇന്നും തുന്നിക്കൊണ്ടിരിക്കുന്നത് !

രക്തവും വെള്ളവും കലർന്ന വെള്ളം കൃത്യമായ ഇടവേളകളിൽ കഴുകി മാറ്റാൻ നാളിതുവരെ ആയിട്ടും ഒരു machine ഇല്ലാ മോർച്ചറികളിൽ ! ചൂലുകൊണ്ടും കൈകൊണ്ടും ഒക്കെയാണ് എല്ലാ ജോലിയും ! പലപ്പോഴും ഈ വെള്ളത്തിൽ തെന്നിവീണ്, ഭാഗ്യത്തിന് രക്ഷപ്പെട്ടവർ അനവധി. ലഭ്യമാകുന്ന അണുനശീകരണ ലായനികളും സോപ്പുകളും ആവശ്യത്തിന് തികയുന്നുമില്ല. 

ആകെ നാലോ അഞ്ചോ അറ്റൻഡർമാരെ വെച്ചാണ് മെഡിക്കൽ കോളേജുകളിൽ മോർച്ചറി നടത്തുന്നത്. വർഷം മൂവായിരത്തിലധികം കേസുകൾ വരെ വരുന്ന അവസ്ഥയിലാണിത് ! മോർച്ചറി അറ്റൻഡർമാർക്കു വർഷം ഇരുപത് casual ലീവുകൾ മാത്രമേ ഉള്ളൂ. ഇരുപത്തിരണ്ട് compensatory ഓഫുകൾ കൂടെ ആവാം. പക്ഷേ, അഞ്ചുപേർ മാത്രം ഉള്ള സാഹചര്യം വരുമ്പോൾ ലഭ്യമായ ഈ ലീവുകൾ പോലും എടുക്കാൻ കഴിയാതെ വരുന്നു ! മോർച്ചറിയിൽ ജോലി ചെയ്യുന്നവർക്ക് "നിർബന്ധിത ഒഴിവു ദിനങ്ങൾ" ലഭ്യമാക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. പല രാജ്യങ്ങളും ഇത് നടപ്പിലാക്കുന്നുണ്ട് !

പത്രപ്രവർത്തകർക്കാണെങ്കിൽ, മോർച്ചറി ജീവനക്കാരുടെ "മനക്കരുത്തിനെ" അല്ലെങ്കിൽ "മാനസികവ്യാപാരങ്ങൾ" സംബന്ധിച്ച പഠനങ്ങൾ മാത്രം മതീത്രെ ! നാടിനെ കൊടുമ്പിരി കൊള്ളിച്ച കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ മോർച്ചറിയിൽ വരുമ്പോഴെങ്കിലും, നിങ്ങളിൽ ആരെങ്കിലും ഇവരുടെ uniform ഒന്നു ശ്രദ്ധിച്ചിട്ടുണ്ടോ ? കീറിപ്പറിഞ്ഞ ഏപ്രണും, ആ ഏപ്രണിന്റെ കൈഭാഗത്തു പറ്റിപ്പിടിച്ച രക്തവും, പിന്നെ ചെരിപ്പുകളും എന്നെങ്കിലും നിങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ ? ഇനിയും വൈകരുത് !

മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുക്കേണ്ട കാര്യമാണിത് !, ഒരു കോപ്പി അങ്ങോട്ടയക്കുന്നു.

എന്തുകൊണ്ട് ഇവർ സമരങ്ങൾ നടത്തുന്നില്ല ?
അതിനും ഉണ്ട് അവർക്കുത്തരം. കണ്ണ് നിറയും കേട്ടാൽ !
"സമരം ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ, മരണം നടന്ന ആളിന്റെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടാവില്ലേ ? കുറച്ച് നേരം വൈകിയാൽ അവർ അനുഭവിക്കുന്ന വിഷമത്തിന്റെ ആഴം കൂടും ! നമ്മൾ കാരണം എന്തിനാ മരിച്ചവരുടെ ആളുകളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ????"


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top