31 March Friday

യുഗപുരുഷൻ, ഒരു പുരുഷായുസ്സ് മുഴുവൻ മറ്റുള്ളവർക്കായി ഉരുക്കിത്തീർത്ത എം കെ ഹാജി..... കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 25, 2022

1921 ലെ മലബാർ കലാപ കാലത്ത് മതം മാറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന ഒരു ഗവേഷണ വിദ്യാർത്ഥിയുടെ ചോദ്യത്തിന് എം കെ ഹാജി നൽകിയ മറുപടി കാര്യമാത്ര പ്രസക്തവും ചിന്തോദ്ദീപകവുമാണ്. "ബ്രിട്ടീഷുകാർക്കെതിരെ ജീവൻ പണയം വെച്ച് പൊരുതുമ്പോൾ മതം മാറ്റാനൊക്കെ എവിടെന്നാ സമയം" ഭാവത്തിൽ സൗമ്യനെങ്കിലും മനക്കരുത്തിലും ധീരതയിലും എംകെ ഹാജിയെ വെല്ലാൻ സമകാലികർ കുറവായിരുന്നു- കേരള ഹിസ്റ്ററി കോൺഗ്രസ്സിൽ പങ്കെടുത്ത് എം കെ ഹാജിയെ കുറിച്ച് കെ ടി ജലീൽ നടത്തിയ അനുസ്‌മരണ  പ്രഭാഷണത്തിന്റെ പൂർണ്ണ രൂപം


കേരള ഹിസ്റ്ററി കോൺഗ്രസിന് പ്രസക്തി ഏറിയ സമയത്താണ് ആറാമത് അന്തർദേശീയ ചരിത്ര കോൺഗ്രസ്റ്റ് സമ്മേളനം നടക്കുന്നത്. ഇന്ത്യയെ സ്വാതന്ത്ര്യാനന്തരം മതനിരപേക്ഷമായി നിലനിർത്തുന്നതിൽ ചരിത്രകാരൻമാർ വഹിച്ച പങ്ക് അനിഷേധ്യമാണ്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ നിലവിൽ വന്നത് പക്ഷപാതപരമല്ലാതെ ഇന്നലകളെ പുനർജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ ഇടതുപക്ഷ ചരിത്രകാരൻമാർക്കായിരുന്നു ICHR ൽ മേൽക്കൈ. മതനിരപേക്ഷമായി ഓരോ സംഭവങ്ങളെയും അപഗ്രഥിക്കുന്നതിൽ അവർ വിജയിച്ചു. ആ വിജയമാണ് ഇക്കാലമത്രയും ഇന്ത്യയെ മതേതര റിപബ്ലിക്കാക്കി നിലനിർത്തിയത്.

എന്നാൽ ഇന്ന് സ്ഥിതിഗതികൾ  മാറി മറിഞ്ഞു. ചരിത്ര ഗവേഷണ സമിതിയിൽ ഇടതുപക്ഷ ശബ്ദം പൂർണ്ണമായും കേന്ദ്ര സർക്കാർ ഇല്ലാതാക്കി. അതോടെ വർഗീയ ചേരിതിരിവ് ഉന്നംവെച്ചുള്ള കെട്ടുകഥകളെ ആസ്പദിച്ച പഠനവും രേഖപ്പെടുത്തലും ആരംഭിച്ചു. വർഗ്ഗീയതയിൽ ഊന്നിയ ചരിത്ര രചനയും അതിൻ്റെ പ്രചാരവും ഉണ്ടാക്കുന്ന ഭവിഷത്ത് ചെറുതല്ല. അധികം വൈകാതെ ഇന്ത്യ അപ്രഖ്യാപിത മതാധിഷ്ഠിത രാഷ്ട്രമായി രൂപാന്തരപ്പെടും. അതിലേക്കുള്ള യാത്ര സുഗമമാക്കുന്ന ജോലിയാണ് ഭരണകൂടം ഐ.സി.എച്ച്.ആറിനെ കൊണ്ട് നിർവ്വഹിപ്പിക്കുന്നത്. അതിനോടുള്ള പ്രതിഷേധമെന്ന നിലയിൽ രൂപം കൊണ്ട കേരള ചരിത്ര കോൺഗ്രസ്സിന് വലിയ ഉത്തരവാദിത്തമാണ് പുതിയ സാഹചര്യത്തിൽ നിറവേറ്റാനുള്ളത്.

എം കെ ഹാജിയെന്ന യുഗപുരുഷനെ ഓർക്കാൻ കേരള ഹിസ്റ്ററി കോൺഗ്രസ്സ് പ്രകടിപ്പിച്ച ഔചിത്യത്തെ ആദ്യമേ അഭിനന്ദിക്കുന്നു. മൂന്നുകണ്ടൻ കുഞ്ഞഹമ്മദ് എന്ന എം.കെ ഹാജി 1904 ലാണ് ജനിച്ചത്. ഇന്ത്യൻ ദേശീയ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള നൂറ്റാണ്ടിൻ്റെ തുടക്കമാണത്. വർഗീയ ധ്രുവീകരണം ലാക്കാക്കിയുള്ള ഭരണ നടപടികൾക്ക് ബ്രിട്ടീഷുകാർ പ്രത്യക്ഷമായി തുടക്കമിട്ടത് 1905 ൽ മതാടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിച്ചു കൊണ്ടാണ്. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള പശ്ചിമ ബംഗാളും മുസ്ലിങ്ങൾക്ക് മേധാവിത്വമുള്ള കിഴക്കൻ ബംഗാളെന്നും രണ്ടായി ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ തീച്ചൂള  പിളർക്കപ്പെട്ടു.

എല്ലാ മതസ്ഥരും അണിനിരന്ന ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ നിന്ന് മുസ്ലിങ്ങളെ വേർപ്പെടുത്തി വേറിട്ടൊരു പ്ലാറ്റ് ഫോമിൽ അണിനിരത്തുക എന്ന ഗൂഢ ഉദ്ദേശത്തോടെയാണ് 1906 ൽ ഡാക്കയിലെ നവാബായിരുന്ന ആഗാഖാൻ്റെ നേതൃത്വത്തിൽ സർവ്വേന്ത്യാ മുസ്ലിം ലീഗ് രൂപീകരികരണം നടക്കുന്നത്. ഹിന്ദു-മുസ്ലിം ഐക്യം ഉയർത്തി നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ 1911 ൽ ബംഗാൾ വിഭജനം റദ്ദ് ചെയ്തു. എന്നാൽ സാമുദായിക വിഭജന നീക്കം സാമ്രാജ്യത്വ ശക്തികൾ തുടർന്നു. അതിൻ്റെ പരിണിതിയാണ് 1915 ൽ ഹിന്ദുക്കളെ കോൺഗ്രസ്സിൽ നിന്ന് വേർപ്പെടുത്താൽ ഹിന്ദുമഹാസഭ ഉണ്ടാക്കുന്നതിനുള്ള അവരുടെ കുൽസിത നീക്കങ്ങൾ. ഇവയെ മറികടക്കാനും കൂടിയാണ് മഹാത്മജിയുടെയും മൗലാനാ മുഹമ്മദലിയുടെയും നേതൃത്വത്തിൽ 1919 ൽ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നത്.  ഈ ചരിത്ര പരമ്പരകളുടെ അകമ്പടിയിൽ പിറന്നു വീണ എം.കെ ഹാജിയുടെ രണ്ടാമത്തെ വയസ്സിൽ പിതാവ് മരണപ്പെട്ടു. അനാഥത്വത്തിൻ്റെ നോവറിഞ്ഞ് വളർന്ന ഹാജി സാഹിബ് നിരാലംബർക്കായി ഒരു അഭയ കേന്ദ്രം പിൽക്കാലത്ത് പണിതു. 14 വയസ്സുവരെ ഉമ്മ ഉണ്ടാക്കിയ കൈപ്പത്തിരി ചായക്കടകളിൽ കൊണ്ടുപോയി കൊടുത്താണ് ഉപജീവനം നടത്തിയത്. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യം അദ്ദേഹത്തെ ദയാലുവും ആർദ്രമാർന്ന മനസ്സിൻ്റെ ഉടമയുമാക്കി.

പതിനാലാം വയസ്സിൽ ഒരു സായിപ്പിൻ്റെ എസ്റ്റേറ്റിൽ എം.കെ ഹാജിക്ക് ജോലി കിട്ടി. ജോലിയിലെ അദ്ദേഹത്തിൻ്റെ ശുഷ്കാന്തി അധികം വൈകാതെ എസ്റ്റേറ്റിലെ മേസ്തിരി സ്ഥാനത്തെത്തിച്ചു. എം.കെ ഹാജിയോട് എതിർപ്പുണ്ടായിരുന്ന ചിലർ അദ്ദേഹം 1921 ൽ കലാപകാരികളെ സഹായിച്ചു എന്ന മട്ടിൽ അധികാരികൾക്ക് പരാതി അയച്ചു. ഇതറിഞ്ഞ കലാപകാരികൂടിയായിരുന്ന കാരാടൻ മൊയ്തീൻ അദ്ദേഹത്തോട് മദിരാശിയിലേക്ക് പോകാൻ ഉപദേശിച്ചു. ഉമ്മ കൊടുത്ത രണ്ടണയുമായി എം കെ ഹാജിയുടെ ആദ്യത്തെയും അവസാനത്തെയും ടിക്കറ്റെടുക്കാത്ത യാത്രക്ക് വഴിയൊരുങ്ങി. കള്ളവണ്ടി കയറിയതിന് പിടിക്കപ്പെട്ടു. ടി.ടിയോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തെ ആർക്കോണത്ത് ഇറക്കി സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിച്ചു. കുറച്ചു ദിവസം അവിടെ തോട്ടം നനക്കാരനായി കഴിഞ്ഞു. പിന്നെ നേരെ മദിരാശിയിലെത്തി. നീണ്ട നാൽപ്പത് വർഷം അവിടെ ചെലവഴിച്ചു. അത്യധ്വാനത്തിലൂടെ അഞ്ചോ ആറോ ഹോട്ടലുകളുടെ ഉടമയായി.  

1943 കേവലമൊരു കലണ്ടർ വർഷമല്ല. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ സാമ്പത്തിക കെടുതികൾ ലോകമെങ്ങും അലയടിച്ച കാലവും കൂടിയാണ്. പണ സ്റോതസ്സുകൾ വറ്റിവരണ്ട സമയത്തു തന്നെയാണ് കോളറ  തിരൂരങ്ങാടിയിലും പരിസരങ്ങളിലും പടർന്നു പിടിച്ചത്. നിരവധി ആളുകൾ മരിച്ചു. എത്രയോ കുട്ടികൾ അനാഥരായി. ആരോരുമില്ലാത്ത മക്കളുടെ ജീവിതം ഒരു സാമൂഹ്യ പ്രശ്നമായി ഉയർന്നു വന്നു. പ്രശ്ന പരിഹാരങ്ങൾക്ക് എല്ലാ ഭാഗത്തും ശ്രമമുണ്ടായി. വി.ആർ നായരുടെ നേതൃത്വത്തിൽ കൊണ്ടോട്ടിയിലും താനൂരിലും അനാഥമന്ദിരങ്ങൾ സ്ഥാപിതമായി. എം.കെ ഹാജിയുടെ കാർമ്മികത്വത്തിൽ തിരൂരങ്ങാടിയിലും ഓർഫനേജ് ആരംഭിച്ചു. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളാണ് യതീംഖാനയുടെ ഉൽഘാടനം നിർവ്വഹിച്ചത്.

ബാഫഖി തങ്ങൾ ഒരേ സമയം സുന്നി നേതാവും ലീഗ് നേതാവുമായിരുന്നു. ഹാജിയാകട്ടെ ലീഗുകാരനും  പുരോഗമന ആശയക്കാരനും. തിരൂരങ്ങാടിയിലെ സ്ഥാപനങ്ങൾക്ക് പൊതു സ്വഭാവം കൈവന്നത് ബാഫഖി തങ്ങളും എം.കെ ഹാജിയും തമ്മിലുള്ള അടുപ്പമാണ്. ഓർഫനേജ് കേമ്പസിലെ പുരോഗമന ആശയ പ്രചരണവും കൂടി ലക്ഷ്യമിട്ട് നിർമ്മിച്ച പള്ളി ഉൽഘാടനം ചെയ്തതും ബാഫഖി തങ്ങളാണ്. ഒരു മുജാഹിദ് ആഭിമുഖ്യമുള്ള പള്ളി അതിന് മുമ്പോ ശേഷമോ ഒരു സുന്നി ആശയക്കാരൻ ഉത്ഘാടനം ചെയ്തത് ചൂണ്ടിക്കാണിക്കാനാവില്ല. യതീംഖാന കേമ്പസിൽ 1955 ൽ ഓറിയൻ്റൽ ഹൈസ്കൂൾ ആരംഭിച്ചു. 1960 ൽ ലോവർ പ്രൈമറി സ്കൂൾ തുടങ്ങി. 1961 ൽ ടീച്ചേഴ്സ് ട്രൈനിംഗ് സ്കൂളിനും എം.കെ ഹാജി തുടക്കമിട്ടു. 1968 ൽ രണ്ടാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യഭ്യാസ മന്ത്രിയായിരിക്കെയാണ് പിഎസ്എംഒ  കോളേജിന് അനുമതിയായത്. 1971 ൽ കെ.എം മൗലവിയുടെ നാമധേയത്തിൽ അറബിക് കോളേജും യാഥാർത്ഥ്യമായി. എം.കെ ഹാജിയുടെ പേരിൽ നിലവിൽ വന്ന ഹോസ്പിറ്റൽ മാത്രമാണ് അധികമായി ഓർഫനേജ് കേമ്പസിൽ ഉള്ളത്.


പി.എസ്.എം.ഒ എയ്ഡഡ് കോളേജ് ആരംഭിക്കാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് വന്ന കമ്മീഷനിൽ മൂന്നു പേരാണത്രെ ഉണ്ടായിരുന്നത്. ഫാദർ കരിയത്തടം, ഭാസ്കരപ്പണിക്കർ, അന്നത്തെ കേരള ചീഫ് എഞ്ചിനിയർ ടി.പി കുട്ടിയാമു സാഹിബ്. പരിശോധന കഴിഞ്ഞ് ഭാസ്കരപ്പണിക്കർ ഫയലിൽ എഴുതി; "ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ചില പരിമിതികൾ ഉണ്ട്. എന്നാൽ സ്ഥാപന നടത്തിപ്പുകാരുടെ സാമൂഹ്യ പ്രതിബദ്ധത കാണാതിരിക്കാനാവില്ല. കമ്മീഷൻ കോളേജിന് ശുപാർശ ചെയ്യുന്നു". എം.കെ ഹാജി പടുത്തുയർത്തിയ സ്ഥാപനങ്ങൾക്കെല്ലാം കലർപ്പില്ലാത്ത മതേതര സ്വഭാവം കൈവന്നത് സ്വാഭാവികം. 1983 ൽ ഹാജി മരണപ്പെടുമ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 772 പേരാണ് യത്തീംഖാനയിൽ പഠിച്ചിരുന്നത്.

പത്തോളം ഹിന്ദു കുട്ടികളും ഓർഫനേജിലെ അന്തേവാസികളായിരുന്നു. അക്കൂട്ടത്തിൽ പ്രമുഖൻ കെ.പി രാമനാണ്. എസ്.സി കുടുംബാംഗമായ അദ്ദേഹം അച്ഛൻ മരിച്ചതിനെ തുടർന്നാണ് ഓർഫനേജിലെത്തിയത്. ബന്ധുക്കളിൽ ചിലർ രാമൻ മാപ്പിളയാകും എന്ന് ശങ്കിച്ചിരുന്നു. ഒരിക്കൽ അസുഖ ബാധിതനായ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാട്ടിൽ പരന്ന കിംവദന്തി രാമനെ തൊപ്പിയിടാൻ പൊന്നാനിയിൽ കൊണ്ടുപോയി എന്നാണ്. പത്താം ക്ലാസ്സ് പാസ്സായ മിടുക്കനായ രാമനെ എം.കെ ഹാജി ട്രൈനിംഗ് സ്കൂളിൽ ചേർത്തു. കോഴ്സ് പൂർത്തിയാക്കിയ അദ്ദേഹത്തെ വൈകാതെ അനാഥലയത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്കൂളിൽ അദ്ധ്യാപകനായി നിയമിച്ചു. അങ്ങിനെ കെ.പി രാമൻ, രാമൻ മാസ്റ്ററായി. നല്ല കഴിവുണ്ടായിരുന്ന രാമൻ മാസ്റ്ററെ എം.എൽ.എ യാക്കുന്നതിലും എം.കെ ഹാജി നിർണ്ണായക പങ്കുവഹിച്ചു. പിന്നീടദ്ദേഹം പി.എസ്.സി മെമ്പറുമായി. ഇന്നും ഇവിടെയുള്ള എയ്ഡഡ് സ്ഥാപനങ്ങളിൽ എസ്.സി വിഭാഗത്തിലെയും സഹോദര സമുദായങ്ങളിലെയും നിർധനർ കോഴ കൊടുക്കാതെ ജോലി ചെയ്യുന്നുണ്ട്. സഹോദര മതസ്ഥരെ ഒരു ചില്ലിക്കാശ് വാങ്ങാതെ ജോലിക്ക് പരിഗണിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങൾ നന്നേ കുറവാകും കേരളത്തിൽ. ഒരുപക്ഷെ എം.കെ ഹാജി പടുത്തുയർത്തിയ യത്തീംഖാനക്ക് കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളാകാം ആ ഗണത്തിൽ മുൻപന്തിയിൽ.

1948 ൽ അന്നത്തെ PWD ചീഫ് എഞ്ചിനീയറായിരുന്ന ടി.പി കുട്ട്യാമു സാഹിബിനെക്കൊണ്ടാണ് അൻപത് വർഷം മുന്നിൽ കണ്ട് കൊണ്ടുള്ള മാസ്റ്റർ പ്ലാൻ എം.കെ ഹാജി തയ്യാറാക്കിച്ചത്. കേമ്പസിൻ്റെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും എല്ലാ സ്ഥാപനങ്ങളുടെയും കവാടങ്ങളും പള്ളി മിനാരവും കാഴ്ചയിൽ പതിയുന്ന രൂപത്തിലാണ് കുട്ട്യാമു സാഹിബ് പ്ലാൻ വിഭാവനം ചെയ്തതും നിർമ്മാണം നടത്തിയതും. സമീപ കാലത്തു വന്ന പുതിയ കെട്ടിടങ്ങൾ നീണ്ട കാഴ്ചക്ക് ഭംഗം വരുത്തിയെന്ന് പറയാതിരിക്കാനാവില്ല. വിവിധ സ്ഥലങ്ങളിലായി 40 ഏക്കർ ഭൂമി വാങ്ങിയാണ് ഹാജി ഓർഫനേജിന് തുടക്കമിട്ടത്. അനാഥശാലയുടെ പ്ലാനുമായി നാട്ടിലെ ഒരു സമ്പന്നൻ്റെ സഹായം തേടി എം.കെ ഹാജി ചെന്നു. പ്ലാൻ കണ്ട അയാൾ ചോദിച്ചത്രെ; അനാധകൾക്ക് എന്തിനാണ് ഒരു താജ്മഹൽ? ഇതുകേട്ട എം.കെ ഹാജി പ്രതികരിച്ചതിങ്ങനെയാണ്; നമ്മളും നമ്മുടെ മക്കളുമൊക്കെ നല്ല സൗകര്യത്തിലല്ലേ ജീവിക്കുന്നത്. അതുപോലത്തെ സൗകര്യങ്ങൾ യത്തീം കുട്ടികളും അനുഭവിക്കട്ടെ. ഹാജിയുടെ വാക്കുകൾ ധനാഢ്യൻ്റെ മനസ്സിളക്കി. അയാൾ നല്ല സംഭാവന നൽകി.

1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്താൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ അഭിപ്രായത്തോടാണ് എം.കെ ഹാജി യോജിച്ചത്. സർവ്വേന്ത്യ മുസ്ലിം ലീഗ് ഉണ്ടായിരുന്നിട്ടും കോൺഗ്രസ്സിലാണ് അദ്ദേഹം യുവാവായിരിക്കെ ചേർന്നത്. സമരക്കാരെ ഒരു ഘട്ടത്തിലും അദ്ദേഹം തള്ളിപ്പറഞ്ഞില്ല. കലാപകാരികളിൽ മഹാഭൂരിഭാഗവും കോൺഗ്രസ്സ് അനുഭാവികളോ അംഗങ്ങളോ ആയിരുന്നു. ആലി മുസ്ല്യാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയും ഉൾപ്പടെ. എന്നിട്ടും കോൺഗ്രസ്സ് സന്നിഗ്ദ്ധഘട്ടത്തിൽ സമരക്കാരെ കയ്യൊഴിഞ്ഞതിനോട് അദ്ദേഹം വിയോജിച്ചു. കലാപാനന്തരം ക്രൂരമായ അടിച്ചമർത്തലും അവഗണനയും ബ്രിട്ടീഷ് സർക്കാർ തുടർന്നപ്പോൾ കോൺഗ്രസ്സ് മൗനമവലംഭിച്ചതും എ.കെ ഹാജിയെ വേദനിപ്പിച്ചിരിക്കണം. ബ്രിട്ടീഷുകാർ കൊല്ലുകയും നാടുകടത്തുകയുമെല്ലാം ചെയ്ത ശേഷവും ഏറനാട്ടിലും വള്ളുവനാട്ടിലും അവശേഷിച്ച സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കയ്യൊഴിഞ്ഞ കോൺഗ്രസ്സിൻ്റെ സമീപനത്തിൽ പ്രതിഷേധിച്ച് മറ്റു പലരെയും പോലെ എം.കെ ഹാജിയും മുസ്ലിംലീഗിൽ ചേർന്നു. സ്വാതന്ത്ര്യാനന്തരം രൂപീകൃതമായ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിൻ്റെ നേതൃനിരയിൽ പ്രമുഖ സ്ഥാനീയനായി ഹാജി നിയുക്തനായി. ലീഗ് പിളർന്നപ്പോൾ അഖിലേന്ത്യാ ലീഗിൻ്റെ അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മരണംവരെ ആ പദവിയിൽ തുടർന്നു.

ബാഫഖി തങ്ങളുടെ ഉറ്റ സഹകാരിയായാണ് എം.കെ ഹാജി പ്രവർത്തിച്ചത്. ബർമ്മയിൽ വ്യാപാരമുണ്ടായിരുന്ന തങ്ങളോടൊപ്പം റങ്കൂണും മ്യാൻമോവും സന്ദർശിച്ചു. വിശ്വസ്തൻ എന്ന നിലയിലാണ് ഹാജിയെ ബാഫഖി തങ്ങൾ കൂടെക്കൂട്ടിയത്. ലീഗ് നേതൃനിരയിലെത്തിയ എം.കെ ഹാജി ലീഗിൻ്റെ നയരൂപീകരണങ്ങളിൽ പങ്കാളിയായി. 1968 ൽ ലീഗിന് പങ്കാളിത്തമുള്ള ഇ.എം.എസ് മന്ത്രിസഭ സംസ്ഥാനത്ത് മദ്യനിരോധനം പിൻവലിച്ചു. ഇതിനെതിരെ ലീഗിൽ വലിയ കോളിളക്കമുണ്ടായി. ലീഗ് സ്റ്റേറ്റ് കമ്മിറ്റിയിൽ വാഗ്വാദങ്ങൾ നടന്നു. ലീഗ് മന്ത്രിസഭയിൽ നിന്ന് രാജിവെക്കണം എന്നുവരെ വാദമുയർന്നു. കേബിനറ്റിലെ അംഗമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് കാര്യകാരണ സഹിതം കാര്യങ്ങൾ വിശദീകരിച്ചു. ഇസ്മായിൽ സാഹിബും ബാഫഖി തങ്ങളും അതംഗീകരിച്ചു. പിന്നെയും ചിലർ മുറുമുറുത്തു. ഇതുകേട്ട എം.കെ ഹാജി എഴുനേറ്റ് നിന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞു; "ഇസ്മായിൽ സാഹിബും ബാഫഖി തങ്ങളും അംഗീകരിച്ച തീരുമാനത്തിൽ എതിർപ്പുള്ളവർക്ക് ഇറങ്ങിപ്പോകാം". അതോടെ എല്ലാ എതിർപ്പും കെട്ടടങ്ങി.

എം കെ ഹാജിക്ക് യത്തീംഖാന സ്വന്തം വീടിനെക്കാൾ അപ്പുറമായിരുന്നു. ഒരു ദിവസം യാദൃശ്ചികമായി കുട്ടികൾ ഭക്ഷണം കഴിക്കുന്ന മെസ്സ് ഹാളിൽ രാത്രി അദ്ദേഹമെത്തി. കഞ്ഞിക്കു പകരം  കുട്ടികൾ ചായ കുടിക്കുന്നത് കണ്ട എം.കെ ഹാജി കാര്യം തിരക്കി. അരിയില്ലെന്ന മറുപടിയാണ് കിട്ടിയത്. നേരെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചു. അരിയുണ്ടോ എന്ന് ഉമ്മയോട് ചോദിച്ചു. ഇല്ലെന്ന് മറുപടി കിട്ടി. മറ്റെന്തെങ്കിലും ഇരിപ്പുണ്ടോ എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. പുഴുങ്ങിയ നെല്ലുണ്ടെന്ന ഉമ്മയുടെ മറുപടി ഉടനെ വന്നു. രാത്രി തന്നെ വഹായികളെയും വിളിച്ച് ഹാജിയും വീട്ടുകാരും നെല്ല് കുത്തി അരിയാക്കി. രാവിലെ അതുമെടുത്ത് അദ്ദേഹം യത്തീംഖാനയിലെത്തി  അടുക്കളക്കാരനെ ഏൽപ്പിച്ചു. ഉടനെ കഞ്ഞിയുണ്ടാക്കി കുട്ടികൾക്ക് കൊടുക്കാൻ നിർദ്ദേശിച്ചു. രണ്ട് ഗ്ലാസ് അരിക്ക് ഒരുറുപ്പിക വിലയുള്ള കാലമായിരുന്നു അത്. മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ സാസ്കാരിക ഉണർവുണ്ടാക്കിയ സംഭവമാണ് 1971 ൽ തിരൂരങ്ങാടി ഓർഫനേജ് അങ്കണത്തിൽ വെച്ച് നടന്ന മാപ്പിള സാഹിത്യ സമ്മേളനം. മുഖ്യ സംഘാടകൻ എം.കെ ഹാജിയാണ്. പ്രേംനസീർ ഉൾപ്പടെ കലാ സാംസ്കാരിക രാഷ്ടീയ രംഗത്തെ പ്രമുഖർ അതിൽ സംബന്ധിച്ചു. 1921 ലെ കലാപ കാലത്ത് ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിക്കാൻ കോൺഗ്രസ്സ് നേതാവ് കെ.പി കേശവമേനോൻ തിരൂരങ്ങാടിയിലെത്തിയിരുന്നു. പോരാളികൾ അഭ്യർത്ഥന നിരസിച്ചു.

കേശവമേനോൻ ദു:ഖത്തോടെ മടങ്ങി. അതിനു ശേഷം അദ്ദേഹം തിരൂരങ്ങാടിയിൽ എത്തിയത് എം.കെ ഹാജിയുടെ ക്ഷണ പ്രകാരം 1971 ലെ മാപ്പിള സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ്. കേശവ മേനോൻ്റെ വരവ് സവർണ്ണ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ശേഷിച്ചിരുന്ന അകൽച്ചയും ഇല്ലാതാക്കി. സൗഹൃദം പുനസ്ഥാപിക്കാൻ അങ്ങിനെ കളമൊരുങ്ങി. സംഘാടക സമിതി ചെയർമാൻ എം.കെ ഹാജിയെ മാപ്പിള സാഹിത്യ സമ്മേളന വേദിയിൽ കണ്ടവർ വിരളം. അതിഥികൾക്ക് ഇരിപ്പിടം ഒഴിഞ്ഞ് കൊടുത്ത് ഹാജി എല്ലാ സമയത്തും സദസ്യർക്ക് ഇടയിലാണ് സ്ഥാനം പിടിച്ചത്. 1921 ലെ മലബാർ കലാപ കാലത്ത് മതം മാറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന ഒരു ഗവേഷണ വിദ്യാർത്ഥിയുടെ ചോദ്യത്തിന് എം.കെ ഹാജി നൽകിയ മറുപടി കാര്യമാത്ര പ്രസക്തവും ചിന്തോദ്ദീപകവുമാണ്."ബ്രിട്ടീഷുകാർക്കെതിരെ ജീവൻ പണയം വെച്ച് പൊരുതുമ്പോൾ മതം മാറ്റാനൊക്കെ എവിടെന്നാ സമയം". ഭാവത്തിൽ സൗമ്യനെങ്കിലും മനക്കരുത്തിലും ധീരതയിലും എം.കെ ഹാജിയെ വെല്ലാൻ സമകാലികർ കുറവായിരുന്നു. മകൻ അപകടത്തിൽ പെട്ട് മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ കഴിയവെ സഹപ്രവർത്തകൻ എ.വി അബ്ദുറഹിമാൻ ഹാജി അദ്ദേഹത്തെ സമാശ്വസിപ്പിക്കാനെത്തി. ഹാജിയെ കണ്ടപാടെ വിതുമ്പിക്കരഞ്ഞ് എ.വി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ആ നിമിഷം അബ്ദുറഹിമാൻ ഹാജിയെ പുറത്ത് തടവി എം.കെ ഹാജി ആശ്വസിപ്പിച്ചു. കണ്ടു നിന്നവരുടെ കണ്ണുകൾ നിറച്ചു ആ രംഗം.

ലീഗിലെ ദൗർഭാഗ്യകരമായ പിളർപ്പിനെ തുടർന്ന് ഏറെ ശകാരവർഷങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എം.കെ ഹാജിക്ക്. എല്ലാം അദ്ദേഹം ചിരിച്ചു തള്ളി. "യത്തീംഖാനയുടെ പണം കട്ടു" എന്ന് ചിലർ ആക്ഷേപിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത്രത്തോളം സത്യസന്ധനും നിഷ്കളങ്കനുമായിരുന്നു എം.കെ ഹാജി.  ലീഗും എം.ഇ.എസും തമ്മിൽ വാക്പോര് നടക്കുന്ന സമയം. എം.ഇ.എസിൻ്റെ സേവനങ്ങൾ ലീഗണികളെ പറഞ്ഞു മനസ്സിലാക്കാൻ സി.എച്ച് ഉപമിച്ചത് എം.കെ ഹാജിയുടെ നരച്ച താടിരോമങ്ങളോടാണ്. സി.എച്ച് പറഞ്ഞു; ''എം.ഇ.എസ് മുസ്ലിം സമുദായത്തിന് ചെയ്ത സേവനങ്ങൾ തുലാസിൻ്റെ ഒരു തട്ടിലും അഭിവന്ദ്യനായ എം.കെ ഹാജിയുടെ നരച്ച താടിരോമങ്ങൾ മറുതട്ടിലുമായി തൂക്കി നോക്കിയാൽ ഹാജി സാഹിബിൻ്റെ നരച്ച താടി രോമങ്ങൾക്കാകും ഭാരം കൂടുക".

വെസ്റ്റ് മിനിസ്റ്റർ ആബിയിലെ ലോകപ്രശസ്ത ചർച്ചിൻ്റെ മഹാനായ  ശിൽപി ഒരിടത്ത് എഴുതി വെച്ചു; "ചുറ്റുഭാഗത്തേക്കും കണ്ണോടിച്ചാൽ നിങ്ങൾക്കെന്നെ കാണാം". എം.കെ ഹാജി എവിടെയും അങ്ങിനെ എഴുതി വെച്ചില്ല. പക്ഷെ തിരൂരങ്ങാടി യതീംഖാനയുടെ മുന്നിൽ വന്ന് നിന്ന് ചുറ്റുപാടും ദൃഷ്ടി പായിച്ചാൽ എം.കെ ഹാജിയെന്ന മഹാ മനുഷ്യനെ നമുക്ക് കാണാം. ഒരു പുരുഷായുസ്സ് മുഴുവൻ മറ്റുള്ളവർക്കായി ഉരുക്കിത്തീർത്ത എം.കെ ഹാജിയുടെ ദീപ്തമായ ഓർമ്മകൾ അയവിറക്കാൻ വേദിയൊരുക്കിയ കേരള ഹിസ്റ്ററി കോൺഗ്രസ്സിൻ്റെ ഭാരവാഹികളായ ഡോ: എം.ആർ രാഘവ വാര്യറോടും ഡോ: രാജൻ ഗുരുക്കളോടും ഡോ: കേശവൻ വെളുത്താട്ടിനോടും ഡോ: പി.പി അബ്ദുൽ റസാഖിനോടും പ്രത്യേക നന്ദി രേഖപ്പെടുത്തി അവസാനിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top