25 April Thursday

'മെര്‍സല്‍' വാക്കുകള്‍ പൊള്ളുമ്പോള്‍ ; ഫാസിസം ഉറയുന്നു

ഇ എന്‍ അജയകുമാര്‍Updated: Sunday Oct 22, 2017

പാലക്കാട് > വാക്കുകള്‍ പൊള്ളുമ്പോള്‍, ഫാസിസം ഉറഞ്ഞുതുള്ളും. വാക്കുകളുടെ തീജ്വാല സഹിക്കാന്‍ കഴിയാത്തവര്‍ കലയായാലും കലാകാരനായാലും വെറുതെവിടില്ല. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന് ഒരു സംഭാവനയും ചെയ്യാത്തവരാണ് സംഘപരിവാര്‍ സംഘടനകള്‍. തങ്ങളെ നോക്കിയാല്‍ സിപിഐ എമ്മുകാരുടെ കണ്ണ് ചൂഴന്നെടുക്കുമെന്ന് പറയുന്ന അസഹിഷ്ണുത. ഇതാണ് കല്‍ബുര്‍ഗി, ഗോവിന്ദ്പന്‍സാരെ, ഗൌരീലങ്കേഷ് എന്നിവരുടെ കൊലപാതകത്തിനും പെരുമാള്‍ മുരുകന്റെ എഴുത്തു നിര്‍ത്താനും കാരണമായത്. അതു തന്നെയാണ് വിജയ്ചിത്രമായ മെര്‍സലിനു നേരെയുള്ള സംഘപരിവാര്‍ ഭീഷണിക്കു പിന്നിലുള്ളതും.

ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ നീക്കണമെന്ന ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ പ്രസ്താവന ഇത്തരമൊരു അസഹിഷ്ണുതയാണ്. എന്നാല്‍ ജനനം മുതല്‍ മരണംവരെ പാട്ടും കളികളും ജീവിതത്തിന്റെ ഭാഗമായ ദ്രാവിഡനാട് സവര്‍ണഫാസിസത്തിന്റെ വെല്ലുവിളി തള്ളിക്കളയും എന്നതിന് സംശയമില്ല. സിനിമ എന്നും തമിഴന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. സ്വാതന്ത്യ്ര സമരകാലത്ത് 1933ല്‍ 'വള്ളിതിരുമണം' എന്ന പുരാണചിത്രം പുറത്തിറങ്ങി. ഈ ചിത്രമാണ് സൂപ്പര്‍ഹിറ്റായി ഓടിയ ആദ്യ തമിഴ്സിനിമ. ഇതിനുശേഷമാണ് സിനിമ കച്ചവടമെന്ന നിലയില്‍ പ്രചാരം നേടിയത്. ഈ സിനിമയില്‍ വള്ളിയായി അഭിനയിച്ച ടി കെ രാജലക്ഷ്മി, മധുരഭാസ്കരദാസ് എന്ന കവി എഴുതിയ ഗാനം ആലപിക്കുന്നുണ്ട്. 'ആലോലം, ആലോലം, ആലോലം അന്നം, കൌതാരികള്‍ ആലോലമേ...എന്നു തുടങ്ങുന്ന പാട്ടില്‍ പിന്നീട് വരുന്നത്.. വെട്കം കെട്ട വെള്ളകൊക്കുകളാവിരട്ടി വിട്ടാലും വാരീര്‍കളാ? എന്നാണ്. ഇതില്‍ വെട്കം കെട്ട വെള്ള കൊക്കുകള്‍ എന്നു പറയുന്നത് ബ്രിട്ടീഷുകാരെയാണ്. 1929ല്‍ പറുത്തിറങ്ങിയ ഒരു നിശ്ബദചിത്രം സ്വാതന്ത്യ്ര സമരത്തെ സഹായിക്കുന്നതായിരുന്നു. ഈ ചിത്രം പുറത്തിറങ്ങാനായി 132 ചുംബനരംഗങ്ങളാണ് ഉള്‍പ്പെടുത്തിയത്. ബ്രീട്ടീഷ് ഭരണകാലത്ത് ചുംബനരംഗമുണ്ടെങ്കില്‍ സെന്‍സര്‍ എളുപ്പമായിരുന്നു. 

ആര്‍എസ്എസ്-ബിജെപി സംഘടനകളുടെ ആവശ്യം ദ്രാവിഡ പാരമ്പര്യം അറിയില്ലെന്നുതെളയിക്കുന്നതാണ്. ദേശീയ അവാര്‍ഡ് ജേതാവാണ് സംവിധായകന്‍ സീനുരാമസ്വാമി. അദ്ദേഹം സംവിധാനം ചെയ്ത 'ഇടം പെരുള്‍ ഏവല്‍' എന്ന വിജയ്സേതുപതി നായകനായ ചിത്രം തടഞ്ഞുവച്ചത് ചിത്രത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത കൊടി ഉപയോഗിക്കുന്നു എന്ന കാരണത്താലാണ്. ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്ന വിജയ് നായകനായ ചിത്രത്തിനെതിരെ സംഘപരിവാര്‍ ഭീഷണി വന്നത് മറ്റൊരു തലത്തിലേക്ക് നയിച്ചിരിക്കുകയാണ്. ബിജെപി ആവശ്യം തള്ളണമെന്ന് വിജയ് ഫാന്‍സ് അസോസിയേഷനും ശക്തമായി ആവശ്യപ്പെട്ടു.

ജിഎസ്ടിയിലൂടെ നികുതി കൊള്ളക്കെതിരായ കടുത്ത ഭാഷയിലുള്ള സംഭാഷണം ചിത്രത്തില്‍നിന്ന് നീക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിശൈ സൌന്ദരരാജനാണ് ആദ്യം ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും അപമാനിക്കുന്നതാണ് സംഭാഷണമെന്നാണ് തമിഴിശൈ പറയുന്നത്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍, ബിജെപി അഖിലേന്ത്യ സെക്രട്ടറി എച്ച് രാജ എന്നിവരും രംഗത്തുവന്നു.

ജനങ്ങളില്‍ നിന്ന് അനധികൃതമായി പിരിച്ചെടുത്ത പണം കൊണ്ട് ആശുപത്രികളില്‍ സൌകര്യം ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് സൌജന്യ ചികിത്സ നല്‍കണമെന്നാണ് പറയുന്നത്. ഈ സംഭാഷണമാണ് സംഘപരിവാര്‍ ശക്തികളെ ചൊടിപ്പിച്ചത്. മാത്രമല്ല ചിത്രത്തില്‍ നോട്ട് നിരോധനവും തുടര്‍ന്നുണ്ടായ സാമ്പത്തിക അരാജകത്വവും നിശിത വിമര്‍ശനത്തിന് വിധേയമാകുന്നു. ആശയങ്ങളെയും വാക്കുകളേയും ഭയക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് ഇതു സഹിക്കാനാവുന്നിതിലും അപ്പുറമാണ്. വിജയിനെ പോലുള്ള ഒരു ജനകീയ നടന്‍ സിനിമയില്‍ സംഭാഷണം അവതരിപ്പിക്കുമ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങളില്‍ ഇതെത്തുന്നു. ഇതാണ് സംഘപരിവാറുകാരെ യഥാര്‍ഥത്തില്‍ ഭയപ്പെടുത്തുന്നത്.

വിജയിനും സിനിമയക്കും പിന്തുണയുമായി മുന്‍ ക്രേന്ദമന്ത്രി പി ചിദംബരം, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും മെര്‍സിലിന് പിന്തുണ അറിയിച്ചു. നടന്‍ കമല്‍ഹാസന്‍, ശരത്കുമാര്‍, നടിമാരായ ഖുഷ്ബു, നഗ്മ എന്നിവരും വിജയിക്ക് പിന്തുണയുമായെത്തി. നടന്‍ അരിവന്ദ്സ്വാമി ട്വിറ്ററില്‍ കുറിച്ചത് ജിഎസ്ടിയിലൂടെ ജനങ്ങളില്‍ നിന്ന് ഈടാക്കിയ പണം എന്തുചെയ്തു എന്നറിയിക്കണമെന്നാണ്. എന്നാല്‍ ഇതിനെയെല്ലാം ബിജെപി നേതാക്കള്‍ നേരിട്ടത് വര്‍ഗീയത കൊണ്ടാണ്. മെര്‍സലിനെതിരായ ആക്രമണം നടത്തുന്ന സംഘപരിവാര്‍ ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് സിപിഐ എം തമിഴ്നാട് സംസ്ഥാനകമ്മിറ്റിയും ആവശ്യമുന്നയിച്ചു.

നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്നും ഹിന്ദുക്കളെ അപമാനിക്കാനാണ് ഇത്തരം സംഭാഷണങ്ങള്‍ സിനിമയില്‍ ചേര്‍ത്തത്. സംഭാഷണം പറയുന്നതിനു മുമ്പ് തന്നെ അവ ഉപേക്ഷിക്കണമായിരുന്നു. വിശ്വരൂപം സിനിമ പുറത്തിറക്കാന്‍ രാഷ്ട്രീയ നേതാക്കളുടെ കാലുപിടിച്ച കമല്‍ഹാസന് അഭിപ്രായം പറയാനുള്ള അര്‍ഹതയില്ലെന്നുമാണ് ബിജെപി അഖിലേന്ത്യ സെക്രട്ടറി എച്ച് രാജ പറഞ്ഞത്.

വിവാദമുണ്ടായില്ലെങ്കില്‍ ശരാശരി വിജയ് ചിത്രങ്ങളുടെ കുട്ടത്തിലാവുമായിരുന്നു മെര്‍സലും. കത്തി സിനിമയില്‍ ടുജി സ്പെക്ട്രത്തെ കുറിച്ച് നിശിത വിമര്‍ശനമുള്ള സംഭാഷണമുണ്ടായിരുന്നു. അതിനെ പിന്തുണച്ച സംഘപരിവാര്‍, സ്വന്തം തെറ്റുകള്‍ ചൂണ്ടികാണിച്ചപ്പോള്‍ അസഹിഷ്ണുത കാണിക്കുകയാണ്. നടന്‍ വിജയെ സമ്മര്‍ദത്തിലാക്കി തമിഴ്നാട്ടില്‍ ഗതികിട്ടാത്ത ബിജെപിയിലേക്ക് ആകര്‍ഷിച്ച് അടിത്തറയുണ്ടാക്കാനാവുമോ എന്ന ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് ചിലര്‍ സംശയിക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top