20 June Thursday

നിശബ്ദകൊലപാതകങ്ങളുടെ പരമ്പരയിലേക്ക് ഒരു പേരുകൂടി, കൃഷ്ണ കിർവാലേ

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2017

മഹാരാഷ്ട്രയിലെ അംബേദ്കര്‍ ചിന്താധാരയിലെ ശ്രദ്ധേയമായ ശബ്ദമായിരുന്ന ഡോ. കൃഷ്ണ കിര്‍വാലേ(62) കൊല്ലപ്പെട്ടത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. നരേന്ദ്ര ധാബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും പട്ടികയിലേക്ക് ഒരു പേരുകൂടി രക്തംകൊണ്ട് എഴുതിചേര്‍ക്കപ്പെട്ടു. ദളിത് എഴുത്തുകാരന്‍, ചിന്തകന്‍, കോലാപുര്‍ ശിവാജി സര്‍വകലാശാലയിലെ മറാഠിവിഭാഗം മുന്‍ മേധാവി തുടങ്ങി വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കൃഷ്ണ കിര്‍വാലേയെ എം ജെ ശ്രീചിത്രന്‍ അനുസ്മരിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ:

മുംബൈയിലായിരുന്ന സമയത്ത് സത്താറയില്‍ വെച്ച് ഒരിക്കല്‍ കൃഷ്ണ കിര്‍വാലേയുടെ സ്പീച്ച് കേട്ടത് ഓര്‍ക്കുന്നു. ആധുനികഇന്ത്യയിലൊരാളെ ഫിലോസഫര്‍ എന്നു വിശേഷിപ്പിക്കാനുണ്ടെങ്കില്‍ അത് അംബേദ്കര്‍ മാത്രമായിരിക്കും എന്നദ്ദേഹം തറപ്പിച്ചുപറഞ്ഞു. തെളിഞ്ഞ ഭാഷയില്‍, പക്വതയാര്‍ന്ന ശബ്ദത്തിലുള്ള പ്രഭാഷണം. മറാത്തയിലെ അക്കാദമിക്ക് പരിസരം വളരെ ആഴമുള്ളതാണ്. സര്‍ഗാത്മകരചനയും അക്കാദമികപ്രയത്നങ്ങളും വെള്ളം കടക്കാത്ത കമ്പാര്‍ട്ട്മെന്റുകളായി വേര്‍തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയെ അവര്‍ എന്നേ മറികടന്നിട്ടുണ്ട്. ഗിരിധര്‍ ഖഡ്ബാഡേ പോലുള്ള അനേകം പേര്‍ ഒരേസമയം മികച്ച കവികളും അക്കാദമികവിദഗ്ദ്ധരുമാണ്. വ്യക്തികള്‍ക്ക് അപ്പുറം, ക്രിയേറ്റീവ് റൈറ്റിങ്ങ് ഭൗതികവല്‍ക്കരിച്ചു കാണാനും അതിന്റെ പ്രായോഗികസാദ്ധ്യതകളെ മനസ്സിലാക്കാനുമുള്ള ശ്രമങ്ങള്‍ പലകോണുകളില്‍ നിന്നും വികസിച്ചുവന്നിട്ടുണ്ട്. ദലിത് ചിന്തകളുടെ മേഖലയില്‍ അത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് കൃഷ്ണ കിര്‍വാലേയുടെ ഡിക്ഷ്ണറി ഓഫ് ദലിത് ആന്‍ഡ് ഗ്രാമീണ്‍ ലിറ്ററേച്ചര്‍. തികഞ്ഞ യുക്തിവാദിയായിരുന്ന കൃഷ്ണ കിര്‍വാലേ ബുദ്ധനെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയതായി കേട്ടിട്ടുണ്ട്. മുന്‍പ് കൊലപ്പെടുത്തപ്പെട്ട ദാബോല്‍ക്കറിനൊപ്പം യുക്തിവാദപ്രസ്ഥാനത്തിലും സജീവമായിരുന്നു എന്നും.

അസഹിഷ്ണുതയുടെ കയ്പ്പുകൂടാരമായി ഇന്ത്യ മാറുകയാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ആയുധമായി നിലനില്‍ക്കുന്ന ഇന്ത്യന്‍ ധിഷണാസാനിദ്ധ്യം അംബേദ്കര്‍ ആണെന്ന് മറ്റാരേക്കാളും നന്നായി വര്‍ഗീയവാദികള്‍ക്കറിയാം. ഉപരിപ്ലവമായി അംബേദ്കറിനെയെന്നല്ല ആരെ വെച്ചു സ്വത്വരാഷ്ടീയം കളിച്ചാലും അതിലവര്‍ക്കു പ്രശ്നമുണ്ടാവില്ല. എന്നാല്‍ ആഴത്തിലുള്ള അംബേദ്കര്‍ പഠനവും സയുക്തികമായ അതിന്റെ അക്കാദമിക്ക് പരിസരവും തകര്‍ക്കപ്പെടുക എന്നത് അവരുടെ ആവശ്യമാണ്. കൃഷ്ണ കിര്‍വാലേയുടെ കൊലപാതകത്തിനു പിന്നിലുള്ളവ എന്തെല്ലാമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഇന്നത്തെ ഇന്ത്യന്‍ ചുറ്റുപാടില്‍, പ്രത്യേകിച്ചും മറാത്താ പോലൊരു ഇടത്തില്‍, വാസ്തവമെന്തെന്ന് തെളിയിക്കപ്പെടുക തന്നെ പ്രയാസമായിരിയ്ക്കും.

പൗലന്റസാസ് ഫാഷിസത്തിന്റെ പ്രയോഗത്തില്‍ എടുത്തുപറഞ്ഞ ‘നിശ്ശബ്ദകൊലപാതകങ്ങളു’ടെ പരമ്പര തുടരുകയാണ് – ദാബോല്‍ക്കര്‍, പന്‍സാരേ, ഇപ്പോള്‍ കിര്‍വാലേ. കാണാതായ നജീബുമാര്‍ക്ക്, കൊല്ലപ്പെട്ട കിര്‍വാലേക്ക്, ആത്മഹത്യ ചെയ്ത രോഹിതിന് – ഒന്നും ഉത്തരമുണ്ടാവാന്‍ പോകുന്നില്ല. അധികാരത്തിലിരിക്കുന്നത് അസഹിഷ്ണുതയാണ്. തീവ്രമായ അപരഹിംസയുടെ, ആണ്‍കോയ്മയുടെ അധീശത്വമാണ്.

അല്ല, നമ്മുടെ നാട്ടിലെ അതിവിപ്ലവകാരികള്‍ ഒന്നും അറിഞ്ഞമട്ടേയില്ലല്ലോ. അവര്‍ക്കെന്ത് കൃഷ്ണ കിര്‍വാലേ! കുട്ടികള്‍ക്ക് മഞ്ച് കൊടുത്തൊന്നു പീഡിപ്പിക്കണമെന്നു പറഞ്ഞ  പീഡോ കുഞ്ഞിനെ എല്ലാവരും ചേര്‍ന്ന് കൊല്ലാക്കൊല ചെയ്യുമ്പോഴാ ഒരു കൊലപാതകം. അല്ല, അവരറിയേണ്ട കാര്യമേയല്ല. പറഞ്ഞെന്നേയുള്ളൂ.

പ്രധാന വാർത്തകൾ
 Top