21 September Thursday

കഞ്ചിക്കോട് കോച്ച് ഫാക്ടറി: കോണ്‍ഗ്രസിനോടും ബിജെപിയോടും അക്കമിട്ട് ചോദ്യങ്ങള്‍ നിരത്തി എം ബി രാജേഷ് എംപി

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

കൊച്ചി > കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ വ്യക്തമാക്കി  എം ബി രാജേഷ് എംപി. വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും എന്ത് ചെയ്തുവെന്ന് ചോദ്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് എംപി ചോദിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് എം പി ഇതുമായി ബന്ധപ്പെട്ട കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഞാന്‍ നടത്തിയ ഇടപെടലിനെക്കുറിച്ച് പലതവണ വിശദീകരിച്ചിട്ടുള്ളതാണ്. ഇനിയും ഏത് ചോദ്യത്തിനും ഉത്തരം പറയാം. എന്റെ ഓരോ ചോദ്യത്തിനും കൊണ്ഗ്രസും ബിജെപിയും അക്കമിട്ട് ഉത്തരം പറയുമോ? ചോദ്യങ്ങള്‍ ഇപ്പോഴേ തരാം. ഉത്തരം സമയമെടുത്ത് പഠിച്ചിട്ടു പറഞ്ഞാല്‍ മതി. പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെയും പാലക്കാട്ടെ പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ പരസ്യ സംവാദവും ആകാം. പരസ്യ സംവാദത്തിനു കോണ്‍ഗ്രസും ബിജെപിയും തയ്യാറുണ്ടോ?

കോച്ച് ഫാക്ടറി വിഷയത്തില്‍ കൊണ്ഗ്രസിനോട് 12 ഉം ബിജെപിയോട് 10 ഉം ചോദ്യങ്ങള്‍.

കൊണ്‍ഗ്രസിനോട്

1.2008ല്‍ റായ്ബറേലിക്കൊപ്പം പൊതുമേഖലയില്‍ പ്രഖ്യാപിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി മാത്രം എങ്ങിനെ പൊതുസ്വകാര്യമേഖലയില്‍ (പിപിപി) ആയി?

2. പിപിപി ക്ക് സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തത് (2008 മുതല്‍ 2014 വരെ ആറു വര്‍ഷം) ആരുടെ പരാജയം?

3. സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയാതിരുന്നപ്പോള്‍ സംയുക്ത സംരഭത്തില്‍ പങ്കാളിയായി സെയിലിനെ (SAIL) ഞാന്‍ കൊണ്ടുവരികയും 74% ഓഹരി പങ്കാളിത്തത്തിന് സെയില്‍ തയ്യാറാവുകയും ചെയ്തത് രണ്ടാം യു.പി.എ സര്‍ക്കാര്‍ അംഗീകരിക്കാത്തതിന് കാരണം ഇതുവരെ വിശദീകരിക്കാത്തത് എന്തുകൊണ്ട്?

4. സ്വകാര്യപങ്കാളിയെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിട്ടും 2012 ഫെബ്രുവരി 21 ന് കോട്ടമൈതാനത്ത് തറക്കല്ലിട്ടത് രാഷ്ട്രീയ മുതലെടുപ്പിനു മാത്രമായിരുന്നില്ലേ?

5. തറക്കല്ലിട്ടശേഷം രണ്ടുവര്‍ഷം കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേ. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ തറക്കല്ലില്‍ നിന്ന് ഫാക്ടറി മുന്നോട്ടു പോകാന്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ടു നിരത്താമോ?

6. രണ്ടാം യു.പി.എ. സര്‍ക്കാരിലെ 8 കേന്ദ്രമന്ത്രിമാര്‍ ഇതിനായി എന്തുചെയ്തു?

7. പാലക്കാട് കോച്ച് ഫാക്ടറി എന്ന ആവശ്യം ഏ.കെ.ആന്റണി, വയലാര്‍ രവി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം.പി.മാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും മോദിസര്‍ക്കാരിനോട് എന്തു കൊണ്ട് ഉന്നയിച്ചില്ല?

8. ശ്രീ. ആന്റണിക്കും വയലാര്‍ രവിക്കും കോച്ച് ഫാക്ടറി എന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയേയും റെയില്‍വെ മന്ത്രിയേയും കാണാന്‍ ഇനിയും വരാന്‍ ധൈര്യമുണ്ടോ?

9. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിലെ ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ശശി തരൂരിന്റെ തിരുവനന്തപുരത്തെ റെയില്‍വെ മെഡിക്കല്‍ കോളേജ്, ബോട്ട്ലിങ്ങ് പ്ലാന്റ് എന്നിവ നടപ്പാക്കാത്തതിന്റെ ഉത്തരവാദിത്തം ആര്‍ക്ക്്?

10. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇപ്പോഴും ഒരു സജീവ വിഷയമായി നില്‍ക്കുന്നുണ്ടെങ്കില്‍ അത് എം.പി. എന്ന നിലയില്‍ നിരന്തരം നടത്തിയ ഇടപെടല്‍ മൂലമാണ്. വാഗണ്‍ ഫാക്ടറി, മെഡി.കോളേജ് എന്നിവയെക്കുറിച്ച് ആരും ഓര്‍ക്കുക പോലും ചെയ്യാത്തതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്?

11. കോച്ച് ഫാക്ടറിയുടെ പേരില്‍ എം.പി.യെ കുറ്റപ്പെടുത്തുന്ന നിങ്ങള്‍ കേന്ദ്രം പ്രഖ്യാപിച്ച ഐ.ഐ.ടി.കളില്‍ ആദ്യത്തേത് പാലക്കാട് തുടങ്ങാനായതിന് എം.പി.ക്ക് കയ്യടിക്കുമോ?

12. നീണ്ട 36 വര്‍ഷം കോച്ച് ഫാക്ടറിയുടെ പേരില്‍ ജനങ്ങളെ വഞ്ചിച്ച നിങ്ങള്‍ ഇപ്പോള്‍ സമരം നടത്തുന്നത് നാണം എന്ന വികാരം നിങ്ങള്‍ക്ക് തീര്‍ത്തും നഷ്ടമായതുകൊണ്ടാണോ? അതോ തൊലിക്കട്ടിയില്‍ നിങ്ങള്‍ തനി കാണ്ടാമൃഗങ്ങളായതുകൊണ്ടോ?

ബിജെപിയോട്


1. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥലമെടുപ്പിന്റെ സര്‍വ്വെക്കെത്തിയ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതും നന്ദിഗ്രാം വീഡിയോ പ്രദര്‍ശനം നടത്തി സ്ഥലമെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതും നിങ്ങളായിരുന്നില്ലേ?

2. 2014 മുതല്‍ ഇതുവരെ കോച്ച് ഫാക്ടറി പദ്ധതിക്ക് സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തത് ആരുടെ പരാജയമാണ്?

3. സെയിലുമായി ചേര്‍ന്നുള്ള സംയുക്തസംരംഭ വാഗ്ദാനം 2015 ല്‍ ഞാന്‍ മുന്‍കയ്യെടുത്ത് രണ്ടാമതും ലഭ്യമാക്കിയിട്ടും നിങ്ങളുടെ തന്നെ ഉരുക്കു വകുപ്പ് മന്ത്രി അത് അംഗീകരിച്ചിട്ടും റെയില്‍വെ മന്ത്രാലയം അതിന് തയ്യാറാവാത്തത് എന്തുകൊണ്ട്?

4. 2015 ജൂലായ് 31ന് ഞാന്‍ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?

5. ബെമലുമായി ചേര്‍ന്ന് സംയുക്തസംരംഭത്തിനുള്ള മറ്റൊരു നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വച്ചതിനുള്ള മറുപടിയായി കോച്ചുകളുടെ ആവശ്യം നിറവേറ്റാന്‍ പുതിയ ഫാക്ടറി തുടങ്ങേണ്ടതില്ലെന്ന വിശദീകരണം ഒഴിഞ്ഞുമാറല്‍ അല്ലാതെ മറ്റെന്താണ്?

6. കഞ്ചിക്കോട് പുതിയ ഫാക്ടറി വേണ്ടെന്ന് പറയുന്ന നിങ്ങളുടെ റെയില്‍വെ മന്ത്രി തന്നെ ഇവിടെ ഒരു തറക്കല്ല് അനാഥമായി കിടക്കുമ്പോള്‍ ബി.ജെ.പി. ഭരിക്കുന്ന ഹരിയാനയിലെ സോണാപ്പെറ്റില്‍ പുതിയ ഫാക്ടറിക്കുള്ള നടപടി തുടങ്ങിയതും ആദിത്യനാഥിനോട് പുതിയ കോച്ച് ഫാക്ടറിക്ക് സ്ഥലം ആവശ്യപ്പെടുന്നതും കേരളത്തോടുള്ള രാഷ്ട്രീയ വിവേചനമല്ലാതെ മറ്റെന്താണ്'?

7. ബി.ജെ.പി.യുടെ കേരളത്തില്‍ നിന്നുള്ള എം.പി.മാരും കേന്ദ്രമന്ത്രിയും കോച്ച് ഫാക്ടറി ആവശ്യം ഇതുവരെ പാര്‍ലമെന്റിലോ സര്‍ക്കാരിലോ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ട്?

8. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ആറു വര്‍ഷം ശ്രീ.ഒ.രാജഗോപാല്‍ റെയില്‍വെ സഹമന്ത്രിയായിരുന്നുവല്ലോ. പാലക്കാട് കാരന്‍ കൂടിയായ അദ്ദേഹം അക്കാലത്ത് കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ? കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സഹായം കോച്ച് ഫാക്ടറിക്കായി ഞാന്‍ തേടിയപ്പോള്‍ അദ്ദേഹം നിസ്സഹായത പ്രകടിപ്പിച്ചത് നിങ്ങള്‍ക്കറിയാമോ? അതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുമോ?

9.ഇന്‍സ്ട്രുമെന്റേഷന്റെ രാജസ്ഥാനിലുള്ള കോട്ട യൂണിറ്റ് പൂട്ടിയപ്പോള്‍ ഞാന്‍ പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് യൂണിറ്റ് കേരളത്തിന് വിട്ടു കിട്ടുകയും എല്‍.ഡി.എഫ്. സര്‍ക്കാര്‍ അത് ഏറ്റെടുക്കുകയും ചെയ്തത് തകര്‍ക്കാന്‍ കേന്ദ്രത്തിലും കോടതിയിലും പോയ നിങ്ങള്‍ക്ക് കോച്ച് ഫാക്ടറിയുള്‍പ്പെടെ പാലക്കാടിന്റെ വികസന കാര്യത്തില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്?

10.കോച്ച് ഫാക്ടറിക്ക് 145 കോടി അനുവദിച്ച മോദിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് ഫ്ളക്സുകള്‍ സ്ഥാപിച്ച് നഗരസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടിയ ബി.ജെ.പി.തങ്ങള്‍ പറഞ്ഞത് നുണയാണെന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയുമോ?
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top