24 September Sunday

മലബാര്‍ കലാപവും മുസ്ലീം വിരോധവും- അശോകന്‍ ചരുവില്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ചാതുര്‍വര്‍ണ്ണ വ്യവസ്ഥക്കും മുജ്ജന്മ വിധിക്കും വിശ്വാസത്തിനും വിധേയപ്പെടാത്ത ഒരു തൊഴില്‍സമൂഹം നിലനില്‍ക്കരുതെന്നാണ് ജാതി ജന്മി പുരുഷ നാടുവാഴിത്തം പഠിച്ചതെന്ന് അശോകന്‍ ചരുവില്‍. ദളിതരേയും ആദിവാസികളേയും അടിമശ്രേണിയിലേക്ക് കൊണ്ടുവരുവാന്‍ നേരത്തേ പൗരോഹിത്യത്തിനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ മുസ്ലീം ജനവിഭാഗത്തെയും ഭീഷണിപ്പെടുത്തി അടിമകളാക്കി അടക്കി നിര്‍ത്താനാണ് അവര്‍ പരിശ്രമിക്കുന്നതെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പ്- പൂര്‍ണരൂപം 

ഇന്ത്യയിലെ രാഷ്ട്രീയഹിന്ദുത്വം തങ്ങളുടെ ഒന്നാം നമ്പര്‍ ടാര്‍ജറ്റായി മുസ്ലീം സാമാന്യജനതയെ കാണുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം മലബാര്‍ കലാപത്തെ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. അതു മതവുമായി ബന്ധപ്പെട്ട വിരോധമല്ല. തങ്ങള്‍ക്ക് ഒരു നിലക്കും വിധേയമല്ലാത്ത ഒരു അടിസ്ഥാന ജനത രാജ്യത്ത് നിലനില്‍ക്കുന്നതിലുള്ള അര്‍ദ്ധ ഫ്യൂഡല്‍ മുതലാളിത്തത്തിന്റെ അസംതൃപ്തിയാണ്.

നാടുവാഴിത്ത കാലത്തെന്ന പോലെ ഇന്നും ഇന്ത്യയിലെ ചൂഷണത്തിന് മതത്തിന്റെയും ജാതിമേധാവിത്തത്തിന്റെയും പിന്തുണയുണ്ട്. തൊഴിലാളികളും കൃഷിക്കാരും കൈവേലക്കാരും പൊതുവെ പിന്നാക്ക ദളിത് ആദിവാസി വിഭാഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. വര്‍ണ്ണവ്യവസ്ഥയനുസരിച്ചു തന്നെ ഇവര്‍ അടിമകളാണ്. ചവിട്ടിയാലും തിരിഞ്ഞു കടിക്കാന്‍ അവകാശമില്ലാത്തവര്‍. അടിമത്തം ഈശ്വരേച്ഛയാണെന്ന് ഇവര്‍ കരുതുന്നു. ഇക്കൂട്ടരെ ചൂഷണം ചെയ്യുന്നത് എളുപ്പമാണ്. പക്ഷേ ജാതിവ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത മുസ്ലീം കര്‍ഷകര്‍ക്ക് ചവിട്ടുകൊള്ളാന്‍ ബാധ്യതയില്ല. അവര്‍ ആശ്രയിക്കുന്ന പൗരോഹിത്യത്തിന് അന്ന് ധനപ്രമാണിത്തവും ഭൂസ്വത്തും ഇല്ല.

സമരം നടക്കുന്ന കാലത്തെ മലബാറിലെ പ്രത്യേകിച്ചും ഏറനാട് വള്ളുവനാട് മേഖലകളിലെ കാര്‍ഷികവ്യവസ്ഥ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. കോണ്‍ഗ്രസ് - ഖിലാഫത്തിനെ തുടര്‍ന്ന് 1921ല്‍ ആണല്ലോ പ്രധാന സമരം ഉണ്ടായത്. അതിനു മുന്‍പും പല ഘട്ടങ്ങളിലായി മാപ്പിള കുടിയാന്‍ കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലബാറിലെ കുടിയാന്മാരില്‍ നായര്‍, തിയ്യ, മാപ്പിള വിഭാഗങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒരേ തരത്തിലുള്ള ചൂഷണവും മര്‍ദ്ദനവുമാണ് ഇവരെല്ലാം അനുഭവിച്ചിരുന്നത്. എന്നിട്ടും പ്രതിഷേധത്തിനും സമരത്തിനും മാപ്പിളമാര്‍ മാത്രം എന്തുകൊണ്ട് മുന്നില്‍ നിന്നു?

ഹിന്ദുമതത്തില്‍ ഉള്‍പ്പെട്ട കുടിയാന്‍ കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാനുള്ള ശേഷി അന്ന് ഉണ്ടായിരുന്നില്ല. കീടങ്ങളേപ്പോലെ തങ്ങളെ ചവിട്ടിയരക്കുന്നയാള്‍ അവര്‍ക്ക് ഭൂവുടമയും ജന്മിയും മാത്രമായിരുന്നില്ല. പൗരോഹിത്യത്തിന്റെ പിന്‍ബലമുള്ള സവര്‍ണ്ണമേല്‍ജാതിക്കാരനായിരുന്നു. സവര്‍ണ്ണപൗരോഹിത്യത്തിന്റെ ചവിട്ടു കൊള്ളാന്‍ അവര്‍ക്ക് ബാധ്യതയുണ്ടായിരുന്നു. ഈ ബാധ്യത ഇല്ലാത്തതിനാല്‍  മാപ്പിള കര്‍ഷകര്‍ തിരിഞ്ഞു നിന്നു. പ്രതിഷേധിച്ചു. സമരം ചെയ്തു. പല ഘട്ടത്തിലും അത് കലാപമായി.

ചാതുര്‍വര്‍ണ്ണ വ്യവസ്ഥക്കും മുജ്ജന്മ വിധിക്കും വിശ്വാസത്തിനും വിധേയപ്പെടാത്ത ഒരു തൊഴില്‍സമൂഹം നിലനില്‍ക്കുന്നത് മഹാ അപകടമാണ് എന്ന സന്ദേശമാണ് മലബാര്‍ കലാപത്തില്‍ നിന്ന് ജാതി ജന്മി പുരുഷ നാടുവാഴിത്തം പഠിച്ചത്. ദളിതരേയും ആദിവാസികളേയും അടിമശ്രേണിയിലേക്ക് കൊണ്ടുവരുവാന്‍ നേരത്തേ പൗരോഹിത്യത്തിനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ മുസ്ലീം ജനവിഭാഗത്തെയും ഭീഷണിപ്പെടുത്തി അടിമകളാക്കി അടക്കി നിര്‍ത്താനാണ് അവര്‍ പരിശ്രമിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top