05 March Friday

കെവിന്റെ മരണവും പോസ്റ്റ് ട്രൂത്തില്‍ വീഴുന്ന ബുദ്ധിജീവികളും

പ്രതീഷ് പ്രകാശ്Updated: Tuesday May 29, 2018

പ്രതീഷ്‌ പ്രകാശ്‌

പ്രതീഷ്‌ പ്രകാശ്‌

ചില പ്രമുഖരായ, ഇടതുപക്ഷമെന്ന് പൊതുവില്‍ ആള്‍ക്കാര്‍ കരുതുന്ന, പ്രൊഫൈലുകള്‍ പോസ്റ്റ് ട്രൂത്ത് പ്രൊപ്പഗന്‍ഡയുടെ ഭാഗമായി നുണകള്‍ പ്രചരിപ്പിക്കുകയും അല്ലെങ്കില്‍ വികാരാധീനരായി അതിന് കൂട്ടു നില്‍ക്കുകയും, ആ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ ഇടതുപക്ഷരീതികള്‍ക്ക് അനുപേക്ഷണീയമല്ലാത്ത രീതിയില്‍ ഉരുണ്ടുകളിക്കുകയും ചെയ്യുന്നത് ഒരു തിരുത്തപ്പെടേണ്ടതുണ്ട് എന്ന തോന്നലിലാണ് ഇതെഴുതുന്നത്.കെവിന്റെ കൊലപാതകത്തെ തുടർന്നുള്ള തെറ്റായ പ്രചരണങ്ങളെ കുറിച്ച്‌ പ്രതീഷ്‌ പ്രകാശ്‌ എഴുതുന്നു.

കഴിയുന്നിടത്തോളം ബോറടിപ്പിക്കാതെയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത് എന്നാണ് ആത്മാര്‍ത്ഥമായ എന്റെ വിശ്വാസം. നീളക്കൂടുതല്‍ ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ മുന്നറിയിപ്പ് തരുന്നു.

പോസ്റ്റ് ട്രൂത്തില്‍ ബുദ്ധിജീവികളും വീണ് പോകും, അവരത് ഭാവിച്ചില്ലെങ്കിലും. ജീവിച്ചു പോകണ്ടേ.

സാമൂഹ്യമാധ്യമങ്ങളിലെ ഓരോരുത്തരുടെയും ഇടപെടലുകളെ സാകൂതം വീക്ഷിക്കുന്നവനാണ് ഈയൊരുവന്‍. സമകാലീന വിഷയങ്ങളെ സംബന്ധിച്ച് വികാരപരതയോടെ സംസാരിക്കുന്നവരെയും അത്തരം വിഷയങ്ങളില്‍ കൃത്യമായ ഇടതുപക്ഷനിലപാട് സ്വീകരിക്കുന്നവരെയും കൌതുകത്തോടെ (ഏത്? മറ്റേ കടലോരത്തെ കവടി പെറുക്കുന്ന ബാലകറാം) വായിച്ചു പോകാറുണ്ട്. ഒരു കാര്യം മനസ്സിലായിട്ടുള്ളത് പലരും വിഷയത്തെ ഗൌരവത്തോടെ പഠിക്കാതെയാണ് അഭിപ്രായം പറയാറുള്ളത് എന്നാണ്. നാം ഫെയ്സ്ബുക്/റ്റ്വിറ്റെര്‍ പോസ്റ്റുകളിലൂടെ റിസെര്‍ച് പേപ്പറല്ല എഴുതുന്നത്, എന്നുകൊണ്ടുതന്നെ, അതൊരു വലിയ പ്രശ്നമല്ല. അല്ലെങ്കിലും നൂണ പറയുവാനുള്ള അവകാശം കൂടിയാണ് 'ഫ്രീഡം റ്റു എക്സ്പ്രെസ്സ് യുവര്‍സെല്‍ഫ്' എന്ന ജനാധിപത്യാവകാശം നിങ്ങള്‍ക്ക് തരുന്നത്. ഇത് പറയുവാന്‍ കാരണമുണ്ട്. ചില പ്രമുഖരായ, ഇടതുപക്ഷമെന്ന് പൊതുവില്‍ ആള്‍ക്കാര്‍ കരുതുന്ന, പ്രൊഫൈലുകള്‍ പോസ്റ്റ് ട്രൂത്ത് പ്രൊപ്പഗന്‍ഡയുടെ ഭാഗമായി നുണകള്‍ പ്രചരിപ്പിക്കുകയും അല്ലെങ്കില്‍ വികാരാധീനരായി അതിന് കൂട്ടു നില്‍ക്കുകയും, ആ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ ഇടതുപക്ഷരീതികള്‍ക്ക് അനുപേക്ഷണീയമല്ലാത്ത രീതിയില്‍ ഉരുണ്ടുകളിക്കുകയും ചെയ്യുന്നത് ഒരു തിരുത്തപ്പെടേണ്ടതുണ്ട് എന്ന തോന്നലിലാണ് ഇതെഴുതുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ്, കെവിന്‍ എന്ന ഹിന്ദു ചേരമര്‍ വിഭാഗത്തില്‍ നിന്ന് മതം മാറിയ ഡി.വൈ.എഫ്.ഐക്കാരന്റെയും നീനു എന്ന റോമന്‍ കത്തോലിക്കാ വിഭാഗക്കാരിയുടെയും മതനിരപേക്ഷവിവാഹം ഡി.വൈ.എഫ്.ഐ. നേതാവായ ശ്രീമോന്റെ നേതൃത്വത്തില്‍ നടത്തിയത്. കെവിന്റേത് ഒരു ഇടതുപക്ഷ കുടുംബപശ്ചാത്തലമാണ്, ജിഷ്ണുവിന്റേത് പോലെ. വലതുപക്ഷവാദികള്‍ മൂലം ഇടയാക്കിയ മരണത്തിന് തൊട്ട് മുന്നേ വരെയും ഇടതുപക്ഷത്തിന് വേണ്ടി, ജിഷ്ണുവിനെപ്പോലെ, നിലപാടെടുത്തിരുന്ന ഒരാളായിരുന്നു കെവിന്‍. ഇത്തരത്തില്‍ മരിച്ചു കഴിയുമ്പോള്‍ വലതുപക്ഷത്തിന്റെ ഉപകരണമാകേണ്ടി വരുന്നത്, മത്തായി ചാക്കോ എം.എല്‍.ഏ. മുതല്‍ ജിഷ്ണു വരെയുള്ള സഖാക്കളുടെ ദുര്‍വിധിയാണ്.

അതായത് ഭാവിയില്‍ ഞാനുള്‍പ്പടെ ഏതൊരു ഇടതുപക്ഷക്കാരനും സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചാല്‍, ഇടതുപക്ഷമെന്ന് പൊതുവില്‍ കരുതപ്പെടുന്നവര്‍ പോലും വലതുപക്ഷത്തെ ആകില്ല, ഇടതുപക്ഷത്തെ ആയിരിക്കും കുറ്റപ്പെടുത്തുക എന്നതാണ് വാസ്തവം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇത്തരം പ്രച്ഛന്നവേഷക്കാരെ ഞാന്‍ തള്ളിപ്പറയട്ടെ; അങ്ങനെ ഒരു സാഹചര്യം എനിക്കുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് വേണ്ടി ഒരു ബിജെപിക്കാരനും ഒരു കോണ്‍ഗ്രസുകാരനും സംസാരിക്കണ്ട, പ്രച്ഛന്നവേഷക്കാരുള്‍പ്പടെ.

വിഷയത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല. ഡി.വൈ.എഫ്.ഐ.യുടെ കാര്‍മികത്വത്തില്‍ വിവാഹം കഴിഞ്ഞ കെവിന്‍-നീനു ദമ്പതികളുടെ ജീവിതത്തിന്മേല്‍ അശനിപാതമായി പതിക്കുന്നത് നീനുവിന്റെ കുടുംബത്തിന്റെ പ്രിവിലേജുകളാണ്. പരമ്പരാഗതമായി കോണ്‍ഗ്രസുകാരാണ് നീനുവിന്റെ കുടുംബം. അച്ഛന്‍ ചാക്കോ കൊടി കെട്ടിയ കോണ്‍ഗ്രസുകാരന്‍, സഹോദരന്‍ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകന്‍, അമ്മ രഹ്നയുടേത് കോണ്‍ഗ്രസ് അനുഭാവി കുടുംബം, ഇവരുടെ ബന്ധുക്കള്‍ എല്ലാം കോണ്‍ഗ്രസുകാര്‍ - അങ്ങനെ സമ്പൂര്‍ണ കോണ്‍ഗ്രസ് കുടുംബം.

വിവാഹശേഷം കെവിനും നീനുവിനും സഹായമൊരുക്കിയത് സിപിഐ(എം) അനുഭാവി കുടുംബാഗംമാണ്. കെവിനും നീനുവിനും സഹായമായി പ്രവര്‍ത്തിച്ചത് ഡി.വൈ.എഫ്.ഐയുടെ ഏറ്റുമാനൂര്‍ ബ്ളോക്ക് സെക്രട്ടറിയായ ശ്രീമോനും സിപിഐ(എം) കുമാരനെല്ലൂര്‍ വെസ്റ്റ് സെക്രട്ടറിയായ പി.എം. സുരേഷ് കുമാറുമാണ്. പൊലീസ് സ്റ്റേഷനിലെ അനുരഞ്ജനചര്‍ച്ചയ്ക്കിടയില്‍ സ്വന്തം മകളായ നീനുവിനെ പിതാവ് കയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍, അയാളുടെ കൂടെ വന്ന കോണ്‍ഗ്രസുകാര്‍ നോക്കി നില്‍ക്കുകയായിരുന്നു. അവിടെ പ്രതിരോധം തീര്‍ത്തത് ഡി.വൈ.എഫ്.ഐ.-സിപിഐ(എം) സഖാക്കളായിരുന്നു. പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരം ഹോസ്റ്റലിലേക്കോ കെവിന്റെ ബന്ധുക്കളുടെ വീട്ടിലേക്കോ മാറ്റണമെന്ന് ആവശ്യപ്പെട്ടതും അവരായിരുന്നു. കെവിന്റെ അച്ഛന്റെ സഹോദരനും സിപിഐ(എം) നേതാവുമായ ബൈജിയുടെ മേല്‍നോട്ടത്തിലായിരുന്നു നീനുവിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. നീനുവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഖേവിഈണ്ഠേ വിട്ടിലെത്തിക്കുവാന്‍ സഹായിച്ചത് കെവിന്റെ പിതൃസഹോദരനും സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയും മറ്റ് സിപിഐ(എം)-ഡിവൈഎഫ്ഐ നേതാക്കളുമാണ്.

അങ്ങനെയിരിക്കെ കെവിനെ തെന്മലയില്‍ നിന്നും എത്തിയ ബന്ധുക്കള്‍ ബലമായി തട്ടിക്കൊണ്ട് പോയി. കെവിന്റെ അച്ഛന്‍, സിപിഐ(എം) ഏറ്റുമാനൂര്‍ ഏര്യാ സെക്രട്ടറി കെ.എന്‍. വേണുഗോപാലിനൊപ്പം പൊലീസില്‍ പരാതി നല്‍കി. നീനുവിന്റെ സഹോദരന്‍, യൂത്ത് കോണ്‍ഗ്രസുകാരനായ ഷാനു ചാക്കോ, നീനുവിന്റെ സഹോദരനെ തട്ടിക്കൊണ്ട് പോകുന്നു. അക്രമിസംഘം വഴിയിലുപേക്ഷിച്ച കെവിന്റെ സുഹൃത്ത് അനീഷിനെ സ്റ്റേഷനിലെത്തിച്ച് മൊഴി നല്‍കിയതും മറ്റും സിപിഐ(എം)-ഡിവൈഎഫൈ നേതാക്കളുടെ നേതൃത്വത്തിലാണ്.

പിന്നെ എപ്പോഴാണ് ഈ കൊടികെട്ടിയ ഇടതുപക്ഷക്കാരുടെ ഭാഷ്യത്തില്‍ സിപിഐ(എം) നീനുവിനും കെവിനും ഒക്കെ എതിരായത്? കൃത്യമായി പറഞ്ഞാല്‍, ഇരുപത്തിയെട്ടാം തീയതി രാവിലെ ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ പോളിങ്ങ് തുടങ്ങുന്നതിന് തൊട്ട് മുന്നേ ആയിരുന്നു അത്. വലതുപക്ഷമാധ്യമങ്ങള്‍ കൃത്യമായി സെറ്റ് ചെയ്ത പോസ്റ്റ് ട്രൂത്ത് അജണ്ടയ്ക്ക് മുന്നില്‍ മൂക്കും കുത്തി വീണത് ചില്ലറ പുള്ളികളൊന്നുമല്ല. ഉത്തര്‍പ്രദേശിലും മറ്റും സംഘപരിവാര്‍ അയക്കുന്ന വാട്സാപ്പ് മെസ്സേജ് വായിച്ച് കലാപത്തിനിറങ്ങുന്ന ഉത്തരേന്ത്യന്‍ സംഘപരിവാറികളെ പരിഹസിക്കുന്ന നല്ല പത്തരമാറ്റ് സ്വതന്ത്രഇടതുപക്ഷക്കാരാണ്. പറയുമ്പോള്‍ സംഘവിരുദ്ധരാണെന്നേയുള്ളൂ. അറിഞ്ഞോ, അറിയാതെയോ (ഇതൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്ത് സംഘപരിവാര്‍ വിരുദ്ധതയാണ് ഇവര്‍ പറയുന്നത്) പ്രവര്‍ത്തിക്കുന്നത് മുഴുവനും അവരുടെ പ്രൊപ്പഗന്‍ഡയ്ക്ക് വേണ്ടിയാണെന്നേയുള്ളൂ.

വീണ്ടും വിഷയത്തിലേക്ക് തിരികെ വരട്ടെ. കെവിന്റെ പിതാവിന്റെയും നീനുവിന്റെയും തന്നെ പരാതിയില്‍ പൊലീസ് അലംഭാവം കാണിച്ചു എന്നത് വ്യക്തമാണ്. ഡി.വൈ.എഫ്.ഐയുടെ പരാതി, മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പ് എന്നിവ നമുക്ക് നല്‍കുന്ന സന്ദേശം അതാണ്. എത്രയൊക്കെ ജനാധിപത്യപരതയും പുരോഗമനവും പറഞ്ഞാലും അങ്ങേയറ്റം ഫ്യൂഡലായ ഒരു സംവിധാനമാണ് പൊലീസ്. കാരണം, ആ സംവിധാനത്തിന്റെ കൈവശമുള്ള അധികാരങ്ങള്‍ തന്നെയാണ്. എന്നാല്‍, ആ അധികാരങ്ങള്‍ ഇല്ലാതെയാക്കുന്നത് പ്രാവര്‍ത്തികമല്ല. പൊലീസിന്റെ ഫ്യൂഡല്‍ സ്വഭാവത്തെ ഇല്ലാതെയാക്കുവാന്‍ രാഷ്ട്രീയപരമായ ഇടപെടല്‍ കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. അതാകട്ടെ, വളരെ സാവധാനവും സ്വാഭാവികമായി നടക്കേണ്ടുന്നതുമായ പ്രക്രിയയാണ്. ബാഹ്യഇടപെടലുകളില്‍ നിന്ന് മുക്തമാക്കിക്കൊണ്ട് മാത്രമേ അത് സാധിക്കുകയുള്ളു താനും.

പൊലീസിനെ നിലയ്ക്ക് നിര്‍ത്തണമെന്നാണ് ചിലര്‍ പറയുന്നത്. അത്തരക്കാര്‍ അറിയേണ്ട ഒരു കാര്യം, നിലവില്‍ കൃത്യവിലോപം കാണിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് 24 ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായി സെര്‍വീസിന് പുറത്ത് നില്‍ക്കുകയാണ് എന്നാണ്. മറ്റ് ചിലരുടെ ആവശ്യം വിചിത്രമാണ്.'യൂ ഹര്‍ട്ട് മീ ഏ ലോട്ട് ബാലു', 'യൂവാര്‍ ഡിസ്മിസ്ഡ് ബാലു' എന്നൊക്കെ പറഞ്ഞ് കുറ്റം ചെയ്യുന്ന പൊലീസുകാരെ സെര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ്. നിലവിലെ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിന് ചില ചട്ടങ്ങളും വകുപ്പുകളും ഒക്കെയുണ്ട്. സിനിമയില്‍ മുരളിയും സുകുമാരനും ഒക്കെ ഡയലോഗടിച്ച് പുറത്താക്കുന്നത് പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ അത് നടക്കുമെന്ന് വിചാരിക്കുന്നുവെങ്കില്‍ അത് മണ്ടത്തരമാണത്. സസ്പെന്‍ഷന്‍ തന്നെ അത്തരം നടപടികളുടെ ആദ്യ ഭാഗമാണ്.

മറ്റ് ചിലരുണ്ട്. ഉടനടി പുറത്താക്കുവാന്‍ സാധിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ മാറ്റുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഇടതുപക്ഷ സര്‍ക്കാരെന്തിന് എന്ന് പറയുന്ന യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍. അവരുടെ നിലപാട് പ്രകാരം കോര്‍പറേറ്റ് കമ്പനികളെപ്പോലെ, ഈയിടെ മോഡി നിയമവിധേയമാക്കിയ ഹയര്‍ & ഫയര്‍ നടപ്പിലാക്കണം എന്നാണ് നിലപാട്. ഒരു കാര്യം പരിശോധിച്ചാല്‍, ഇവരെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് അറിവില്ലാത്തത് കൊണ്ടും, ആ കുറവ് പൊതുമധ്യേ തുറന്ന് സമ്മതിക്കുവാന്‍ മടിക്കുന്നത് കൊണ്ടുമാണ്, വളരെ ര്ീിലിശലി ആയ സംഘപരിവാര്‍ നറേറ്റീവ് ഏറ്റെടുത്ത് പറയുന്നത്. സംഘപരിവാര്‍ നറേറ്റീവുകളുടെ ഒരു എളുപ്പമെന്ന് പറയുന്നത്, അത് ഡിഫെന്‍ഡ് ചെയ്യേണ്ടി വരില്ലായെന്നതാണ്. വായില്‍ തോന്നിയത് വിളിച്ച് പറയാം, ഉരുണ്ട് കളിക്കാം, ചോദ്യം ചോദിച്ചവനെ പ്രതിക്കൂട്ടില്‍ നിര്‍ത്താം - അങ്ങനെ ഒത്തിരിയൊത്തിരി ഓപ്ഷനുകള്‍ ഉണ്ട്.

എന്തായാലും, കെവിന്റെ മൃതദേഹം കണ്ടെടുത്തുവെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ട ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യവിലോപം കാട്ടിയവര്‍ക്കെതിരെ നിലപാടെടുത്തു. പന്ത്രണ്ട് മണിക്കൂറുകള്‍ക്കകം, ബന്ധുവായ ഡിവൈഎഫ്ഐക്കാരനടക്കം, ഒന്നം പ്രതിയായ ഷാനുവിനെ ഉള്‍പ്പടെ നാല് പ്രതികളെ പിടികൂടി. ഈ പൊലീസിനെയാണ് 'കേരളചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരവകുപ്പ്' എന്ന സംഘപരിവാര്‍ നറേറ്റീവിനെ ബലപ്പെടുത്തിക്കൊണ്ട് ചില പ്രച്ഛന്ന ഇടതുപക്ഷക്കാര്‍ കുഴലൂത്ത് നടത്തുന്നത്.

?ഇവര്‍ ആഭ്യന്തരവകുപ്പിനെ മോശപ്പെട്ടത് എന്ന് വിലയിരുത്തുന്നത് എന്തെങ്കിലും വസ്തുതാപരമായ തെളിവുകളെ (objective evidence) അടിസ്ഥാനപ്പെടുത്തിയല്ല. അവരുടെ വ്യക്തിപരമായ frustrationകളെയോ അല്ലെങ്കില്‍ വികാരോദ്ദീപനമായ ചില ഒറ്റപ്പെട്ട സംഭവങ്ങളെ ഉദാഹരിച്ചുമാണ്. അതായത്, പലപ്പോഴുമീ താരതമ്യം 'പിഴവുകളുമേതുമില്ലാത്ത പൊലീസ് സംവിധാനം' എന്ന അങ്ങേയറ്റം കാല്പനികമായ റെഫെറെന്‍സ് പോയിന്റിനെ വെച്ചായിരിക്കും, അല്ലാതെ റിയലിസ്റ്റിക്കായ 'ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ പൊലീസ്' അല്ലെങ്കില്‍ 'കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ പൊലീസ്' എന്ന റിയലിസ്റ്റിക്കായ റെഫെറെന്‍സ് പോയിന്റുകളെ അടിസ്ഥാനപ്പെടുത്തി ആകില്ല. എല്ലാ ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കും വിരുദ്ധമായി മറ്റൊരു ഒറ്റപ്പെട്ട സംഭവം ഉണ്ടാകും (‘there is an individual case contradicting your hypothesis based solely on an individual case’) എന്നതിനാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ വെച്ച് താരതമ്യെപ്പെടുത്തുന്നതിലെ അര്‍ത്ഥരാഹിത്യം ഞാനധികം വ്യക്തമാക്കേണ്ടതില്ല. എന്നാല്‍, കുറച്ച് കൂടെ ഗ്ളോബല്‍ എന്ന് പറയാവുന്ന സ്റ്റാറ്റിസ്റ്റിക്സ് താരതമ്യപ്പെടുത്തുമ്പോള്‍, 2011ന് കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും 2011ന് ശേഷം കൂടുന്നതായും 2016ന് ശേഷം അത് കുറയുന്നതായും കാണാം. പ്രത്യേകിച്ചും 2017-18ല്‍ ഏകദേശം 21% കുറവാണ് ഉമ്മന്‍ ചാണ്ടിയുടെ കാലത്തിനെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. കൊള്ളയും കൊള്ളിവെയ്പ്പും ഏകദേശം പകുതിയോളമായിട്ടാണ് കുറഞ്ഞിരിക്കുന്നത്.

കേരളത്തിലെ പൊലീസ് സംവിധാനം, സിപിഐ(എം) ചുമതലപ്പെടുത്തിയ അഭ്യന്തരമന്ത്രിക്ക് കീഴില്‍ മെച്ചപ്പെട്ടതായാണ് ഈ കണക്കുകള്‍ സൂചിപ്പികുന്നത്. എന്താണ് അതിന്റെ അര്‍ത്ഥം? സംഘപരിവാര്‍ അജണ്ടയ്ക്ക് കഞ്ഞി വെയ്ക്കുന്ന വികാരമൊലിപ്പിക്കല്‍ തൊഴിലാളികളുടെ മനസ്സിലാക്കലിന് കടകവിരുദ്ധമാണ് ശാസ്ത്രീയമായ വിലയിരുത്തല്‍ എന്നതാണ്.

തിരികെ കെവിനിലേക്ക് വരാം. ഇന്ന് രാവിലെയാണ് കെവിന്റെ മൃതശരീരം ലഭിച്ചത്. ഏഷ്യാനെറ്റിലെ വിനു വി. ജോണൂം, മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമനും റ്റ്വിറ്റെറില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ സിപിഐ(എം)നെയും അത് നയിക്കുന്ന ഗവണ്‍മെന്റിനേയും ആക്രമിക്കുന്ന നിലപാടാണ് എടുത്തത്. പൊതുബോധത്തിന് ഉപരിയായി നില്‍ക്കേണ്ടുന്ന, അങ്ങനെ നില്‍ക്കുന്നുവെന്ന് കരുതപ്പെടുന്ന പലരും ആ വലതുപക്ഷ അജണ്ട ശരി വെയ്ക്കുന്ന രീതിയില്‍ ഫെയ്സ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും സ്ഖലിച്ചുരമിച്ചു. വാസ്തവമാണ്, വൈകാരികതയല്ല തങ്ങള്‍ പറയേണ്ടത് എന്ന ഉത്തരവാദിത്തം പോലും മറന്നു കൊണ്ട് മാധ്യമനുണകളുടെ ചിറകേറി പറന്നു, ഇവര്‍.

നിലവിലെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി ഹൈക്കോടതിയില്‍ നിന്നും ജാമ്യം വാങ്ങിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍, അതി തീവ്ര ജനാധിപത്യ വാദികളായ ഇവര്‍, സര്‍ക്കാരിനെതിരെ, പ്രത്യേകിച്ച് ബന്ധമില്ലെങ്കില്‍ കൂടിയും ആയുധമാക്കി.

നിങ്ങള്‍ എല്ലാവരും ഒന്നോര്‍ക്കണം, സിപിഐ(എം)നെതിരായ വലതുപക്ഷ-സംഘപരിവാര്‍ അജണ്ടകള്‍ക്ക് നിങ്ങള്‍ കുഴലൂതുമ്പോള്‍ സിപിഐ(എം)ന് മാത്രമായിട്ടോ, സിപിഐ(എം)കാര്‍ക്ക് മാത്രമായിട്ടോ, ആ പാര്‍ടിയുടെ അനുഭാവികള്‍ക്ക് മാത്രമായിട്ടോ, ഒന്നും നഷ്ടമാകുന്നില്ല. നഷ്ടമാകുന്നത് നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ചാണ്. അതേത് കൊമ്പത്തെ കമ്മാരനായാലും ആ നഷ്ടം പങ്കിടേണ്ടി വരും. അതോര്‍ത്താല്‍ നന്ന്.

പക്വതയോടെയും വികാരാധീനരാകാതെയും പെരുമാറുക എന്നതാണ് ഓരോ ഇടതുപക്ഷക്കാരുടെയും പോസ്റ്റ് ട്രൂത്ത് കാലത്തെ ഉത്തരവാദിത്തം. ഉടനടി മറുപടി എഴുതണമെന്നില്ല. വസ്തുതകളെല്ലാം അറിഞ്ഞ ശേഷം മതി. ചോര തിളപ്പിക്കുന്ന ഊര്‍ജമെങ്കിലും ലാഭിക്കാം. ഏത്?
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top