22 July Monday

'അവരുടെ കരിയറും കവിതയും തിസീസുമൊക്കെ സ്വന്തം ജീവന്‍ തന്നെയാണ്; അതുകാക്കാനുതകുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അവര്‍ നടത്തിക്കൊള്ളും'

വെബ് ഡെസ്‌ക്‌Updated: Tuesday May 8, 2018

പി കെ ശ്രീകാന്ത്

പി കെ ശ്രീകാന്ത്

കണ്ണൂരിനെ അക്രമരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായി ചിത്രീകരിയ്ക്കുന്നവര്‍ക്ക് മറുപടിയായി പി കെ ശ്രീകാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ബോംബിന്റെയും വടിവാളിന്‍റെയും നാട്,അക്രമ രാഷ്ട്രീയത്തിന്‍റെ ഈറ്റില്ലം,ഗോത്രപരത കൈവിട്ടിട്ടില്ലാത്ത പുരോഗമനവല്‍ക്കരിക്കാത്ത ജനക്കൂട്ടം..... ഉവ്വ,നന്ദി,വരവ് വച്ചിരിക്കുന്നു.

കണ്ണൂര്‍ക്കാരനാണ്.കണ്ണൂരുള്‍പ്പെടുന്ന ഉത്തര മലബാറിനെ കുറിച്ച് നിങ്ങള്‍ പറയുന്ന പുരോഗമനവല്‍ക്കരിക്കാത്ത ഗോത്രയുക്തി പിന്തുടരുന്ന ജനക്കൂട്ടത്തില്‍പ്പെട്ടത്.നിഷ്കളങ്ക അക്കാഡമീഷ്യന്‍മാര്‍ക്കും,ആധുനികോത്തര കവി ഹൃദയങ്ങള്‍ക്കും,തൂക്കമൊപ്പിക്കല്‍ കച്ചവടക്കാര്‍ക്കും,കരിയറിസ്റ്റ് ആക്റ്റിവിസ്റ്റുകള്‍ക്കും,നൂറ്റാണ്ടിന്‍റെ പത്ര മുത്തശ്ശിമാര്‍ക്കും ഇനിയൊരു ജന്മം കിടന്നു പുളഞ്ഞാലും തിരിയാന്‍ പാങ്ങില്ലാത്ത തരം രാഷ്ട്രീയ വ്യവഹാരത്തില്‍ ജീവിതം കൊണ്ട് ഇടപെടുന്നവര്‍.

ഗുജറാത്തിലും,മുസഫര്‍ നഗറിലും,രാജസ്ഥാനിലും,ജമ്മുകാശ്മീരിലും തുടങ്ങി കാവികൂട്ടങ്ങള്‍ക്ക് ചവിട്ടാന്‍ ഇടമുള്ള സകലയിടങ്ങളിലും തല്ലിയും വെട്ടിയും ചുട്ടും വെടിവച്ചും കൊന്നും കലാപം നടത്തിയും തിരഞ്ഞെടുപ്പുകളായ തിരഞ്ഞെടുപ്പുകള്‍ മുഴുവന്‍ ജയിച്ചു മുന്നേറുന്ന ആ തീവ്രവാദി സംഘം എവിടെയെങ്കിലും പരുങ്ങുന്നുണ്ടെങ്കില്‍,അറച്ചു നിക്കുന്നുണ്ടെങ്കില്‍,ശബ്ദം താഴ്ത്തുന്നുണ്ടെങ്കില്‍ അത് തിരിച്ചടിയുടെ സുഖം അനുഭവിക്കുമ്പോള്‍ മാത്രമാണ്.ഗുജറാത്തിലും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലുമോന്നും കവിതയെഴുത്തുകാര്‍ക്ക് പഞ്ഞമുണ്ടായിട്ടല്ല ,ആട്ടവും പാട്ടവും നടത്താന്‍ ആളെ കിട്ടാഞ്ഞിട്ടുമല്ല.

'മൂര്‍ഖന്‍ പാമ്പിനെ കൊല്ലാന്‍ അതിന്‍റെ തലക്കടിക്കണം,സിപിഐ(എം) നെ തകര്‍ക്കാന്‍ കണ്ണൂരില്‍ നിന്ന് തുടങ്ങണം.' മുപ്പത് വര്ഷം മുന്നേയൊരു സംഘടന പരസ്യമായി പ്രഖ്യാപിച്ച രഹസ്യമാണിത്.ആ തലക്കടി അവര്‍ അവിടെ ഇടതടവില്ലാതെ നടത്തിപ്പോരുന്നുമുണ്ട്.പക്ഷേ പത്തി താഴ്ത്താന്‍ മനസ്സില്ലാത്തൊരു ജനതയുടെ പ്രതിരോധത്തിന്‍റെ മുന്നില്‍,അവര്‍ ജീവിതം കൊണ്ടാര്‍ജ്ജിച്ച ചെറുത്തുനില്‍പ്പുകള്‍ക്ക് മുന്നില്‍ ഓരോ തവണയും ആ വിഷക്കൂട്ടം തോറ്റു പോയിട്ടേയുള്ളൂ.

രാജ്യത്ത് തന്നെ ഏറ്റവുമധികം ശാഖകളുള്ള സംസ്ഥാനത്തെ, ഏറ്റവുമധികം ശാഖകളുള്ള ജില്ലയില്‍, ഏറ്റവും കുറവ് രാഷ്ട്രീയ വളര്‍ച്ച രേഖപ്പെടുന്നത് വെറും കണക്കിലെ കളിയല്ല.മണ്ണിലുറ്റിയ ചെറുത്തു നില്‍പ്പ് രാഷ്ട്രീയത്തിന്‍റെ ചരിത്രം കൂടിയാണ്.

സംഘി ട്രോളുകള്‍ കണ്ട് പണ്ടേയധികം ചിരിക്കാറില്ല.സംഘിനെ ട്രോളുന്ന നമ്മളാണ് ട്രോള്‍ ചെയ്യപ്പെടുന്നതെന്നുള്ള നല്ല ബോധ്യം കൂട്ടത്തിലിരുന്നു പഠിച്ചത് കൊണ്ട് തന്നെ.
കവിതയെഴുത്തുകാരെ, അക്കാഡമിക്ക് നിഷ്കളങ്കരേ,പാതി വെന്ത ആധുനികോത്തര അപ്പോസ്തലന്മാരേ,ആക്ടിവിസ്റ്റ് ആഘോഷക്കമ്മറ്റിക്കാരെ നിങ്ങളുടെ കരിയര്‍ വളര്‍ച്ചയ്ക്കുതകുന്ന എല്ലാതരം 'രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും' ഭംഗിയായി മുന്നോട്ട് കൊണ്ട് പോവുക.മണ്ണില്‍ പണിയെടുക്കുന്ന ചിലരുണ്ട്,അവരുടെ കരിയറും,കവിതയും,തിസീസും,പബ്ലിഷിങ്ങുമൊക്കെ സ്വന്തം ജീവന്‍ തന്നെയാണ്. അതുകാക്കാനുതകുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അവരും നടത്തിക്കൊള്ളും.

പ്രിയ സഖാവേ ബാബു.രക്ത പുഷ്പങ്ങള്‍.ആദരാഞ്ജലികള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top