22 July Monday

ചെക്കൂട്ടിയേട്ടനും ഷിറാള്‍ക്കറും കനയ്യകുമാറും... എ കെ രമേശ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 30, 2021

പഠിച്ചുകൊണ്ടിരിക്കെ ജെ എന്‍ യുവിലെ പോര്‍മുഖത്ത് ജ്വലിച്ചുയര്‍ന്ന രക്ത നക്ഷത്രമാണ് കനയ്യ കുമാര്‍ എന്നായിരുന്നു ധാരണ. പെട്ടെന്ന് തന്നെ സി പി ഐ യുടെ കേന്ദ്ര നേതൃത്വത്തിലേക്ക് ആ സഖാവിനെ ആ പാര്‍ട്ടി കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. വലിയ ആള്‍ക്കൂട്ടമാണ് കനയ്യ കുമാറിനെ കേള്‍ക്കാനും കാണാനുമായെത്തിയത്. ജെ എന്‍ യുവിലും മറ്റ് സര്‍വകലാശാലകളിലുമൊക്കെയായി ഉശിരന്‍ വിദ്യാര്‍ഥികള്‍ നടത്തിപ്പോന്ന പ്രക്ഷോഭത്തിന്റെ ആള്‍രൂപമായാണ് കനയ്യ കുമാറിനെ ജനം നോക്കിക്കണ്ടത്. പക്ഷേ അതൊക്കെ തന്റെ വ്യക്തിപരമായ മിടുക്കാണ് എന്ന് കനയ്യ കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ഒരു വലിയ വിഭാഗവും തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു.

കുറിപ്പിന്റെ പൂര്‍ണ കൂപം

 ചെക്കൂട്ടിയേട്ടനും ഷിറാള്‍ക്കറും കനയ്യകുമാറും

ഞാന്‍  ആദ്യം കണ്ട കമ്യൂണിസ്റ്റുകാരന്‍ തെങ്ങേറ്റക്കാരന്‍ ചെക്കൂട്ടിയേട്ടനാണ്. തെങ്ങിനോളം ഉയരമുള്ള ഒരു വലിയ മുളയുടെ അറ്റത്ത് ചെങ്കൊടി ഉയര്‍ത്തി ഇങ്ക്വിലാബ് വിളിക്കുന്ന ചെക്കൂട്ടിയേട്ടനില്‍ നിന്നു തന്നെയാണ് ഇങ്ക്വിലാബ് എന്ന വാക്ക് ഞാന്‍ ആദ്യം കേള്‍ക്കുന്നതും.
 
57 ലെ യോ 60 ലെയൊ തെരഞ്ഞെടുപ്പ് കാലത്താണത്. കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിയ ത്രിവര്‍ണ പതാക പാറുന്നതിലും ഉയരത്തില്‍ ചെങ്കൊടി പാറുന്നതു കണ്ട് ചെക്കൂട്ടിയേട്ടനോട് ചില്ലറ ബഹുമാനമല്ല തോന്നിയത്.പിന്നീട് എപ്പോഴോ ചെക്കൂട്ടിയേട്ടന്‍ തെങ്ങേറ്റപ്പണി വേണ്ടെന്നുവെച്ച് പാര്‍ട്ടിയുടെ ഫുള്‍ ടൈമറായി. അതിനിടയ്ക്ക്, നാട്ടിലെ ധനിക കുടുംബത്തിലെ വലിയൊരു സ്വത്തുടമയെ തോല്‍പ്പിച്ച് അദ്ദേഹം പഞ്ചായത്ത് മെംബറാവുന്നുണ്ട്. ഉള്ള ജോലിയും വേണ്ടെന്നുവെച്ച് വലിയ സാമ്പത്തിക ഞെരുക്കത്തെ സ്വയം വരിക്കുകയായിരുന്നു  ആ സഖാവ്. എതിര്‍പക്ഷത്തുള്ള ഏത് കൊലകൊമ്പനായ ബുദ്ധിജീവിയായാലും ശരി, അവരോടൊക്കെയും ഏറ്റുമുട്ടി ജയിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നു.

  ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിന്‍ബലമല്ല,  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദൈനംദിന സംഘടനാപ്രവര്‍ത്തനവും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ മുടങ്ങാത്ത വായനയുമായിരുന്നു അതിനു പിന്നില്‍.കര്‍ഷക തൊഴിലാളി യൂണിയന്റെ ഒരു സമര പ്രചാരണത്തിനായി കേരളത്തിലെത്തിയ സഖാവ് ഷിറാല്‍ക്കറുടെ പരിഭാഷകനായാണ് അദ്ദേഹത്തോടൊപ്പം മാവൂരിലേക്ക് പോയത്. യാത്രയ്ക്കിടയില്‍ സഖാവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍, സഖാവ് പറഞ്ഞത് അമ്മയുടെ മരണം കൂടി വന്നുപെട്ടപ്പോള്‍ കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ പാര്‍ട്ടി ജീവിതത്തിനും തടസങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ്.

 അച്ഛനും അമ്മയും സഹോദരിയുമായിരുന്നു കുടുംബത്തില്‍. സഹോദരി മാത്രമായതോടെ, യാത്രക്കിറങ്ങണമെങ്കില്‍ അവരെ 200 കിലോമീറ്റര്‍ അകലെയുള്ള ബന്ധുവിന്റെ വീട്ടില്‍ കൊണ്ടാക്കണം.എനിക്ക് അതൊട്ടും മനസിലായില്ല എന്ന് സഖാവിന് മനസിലായിക്കാണും. അദ്ദേഹം വിശദീകരിച്ചു: അവര്‍ക്ക്  സ്‌കിസോഫ്രാനിയാ ആണ്. കടുത്ത മാനസിക രോഗമുള്ള ഒരാളെ സ്വീകരിക്കാന്‍ ഒരുവിധപ്പെട്ട സുഹൃത്തുക്കളും സഖാക്കളും തയാറാവില്ലല്ലോ. വിഷയം മാറ്റാനായി ഞാന്‍ ചോദിച്ചു: അപ്പോള്‍ സഖാവ് പഠിച്ചതൊക്കെ?

'ഐഐടിയില്‍ ബി ടെക്കിന് പഠിക്കുമ്പോള്‍ ഞാന്‍ എം എല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീടാണ് എം ടെക്കിന് പഠിക്കുമ്പോള്‍ യെച്ചൂരിയുമായി ബന്ധപ്പെടുന്നതും സി പി ഐ എം ആണ് ശരിയായ പാത എന്ന് ബോധ്യപ്പെടുന്നതും. പിന്നെ ഞാന്‍ ഫുള്‍ ടൈമറാവാനായാണ് പഠനമുപേക്ഷിച്ചത്. '

ഞാന്‍ ഞെട്ടിപ്പോയി. ഒരു ഐഐടി പ്രൊഡക്ടിന്റെ പ്രതിമാസ ശമ്പളപ്പാക്കറ്റ് ചുരുങ്ങിയത് മൂന്നോ നാലോ ലക്ഷം രൂപയാണ്. എം ടെക്ക് കഴിഞ്ഞാല്‍ അത് ഇരട്ടിക്കേണ്ടതാണ്. അതും ഉപേക്ഷിച്ചാണ് ആ സഖാവ് കര്‍ഷക തൊഴിലാളികളെ , വിശേഷിച്ചും ആദിവാസികളെ സംഘടിപ്പിക്കാനായി പഠനമുപേക്ഷിച്ച് ഇറങ്ങിത്തിരിക്കുന്നത്.

പഠിച്ചുകൊണ്ടിരിക്കെ ജെ എന്‍ യുവിലെ പോര്‍മുഖത്ത് ജ്വലിച്ചുയര്‍ന്ന രക്ത നക്ഷത്രമാണ് കനയ്യ കുമാര്‍ എന്നായിരുന്നു ധാരണ. പെട്ടെന്ന് തന്നെ സി പി ഐ യുടെ കേന്ദ്ര നേതൃത്വത്തിലേക്ക് ആ സഖാവിനെ ആ പാര്‍ട്ടി കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. വലിയ ആള്‍ക്കൂട്ടമാണ് കനയ്യ കുമാറിനെ കേള്‍ക്കാനും കാണാനുമായെത്തിയത്. ജെ എന്‍ യുവിലും മറ്റ് സര്‍വകലാശാലകളിലുമൊക്കെയായി ഉശിരന്‍ വിദ്യാര്‍ഥികള്‍ നടത്തിപ്പോന്ന പ്രക്ഷോഭത്തിന്റെ ആള്‍രൂപമായാണ് കനയ്യ കുമാറിനെ ജനം നോക്കിക്കണ്ടത്. പക്ഷേ അതൊക്കെ തന്റെ വ്യക്തിപരമായ മിടുക്കാണ് എന്ന് കനയ്യ കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ഒരു വലിയ വിഭാഗവും തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു.

ഊതിയൂതിയൂതി വീര്‍പ്പിച്ച ആ ബലൂണ്‍ ഒടുക്കം പൊട്ടിത്തകര്‍ന്ന്, തകര്‍ന്ന് നാനാവിധമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടുക്കളയില്‍ ചെന്ന് വീഴുകയും ചെയ്തു.അവിടെയാണ് ചെക്കൂട്ടിയേട്ടനും ഷിറാള്‍ക്കറും വ്യത്യസ്തരായി തിളങ്ങി നില്‍ക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top