മുസ്ലിം ലീഗിനകത്ത് തിളച്ചു മറിയുന്ന താലിബാനിസത്തിൻ്റെ, വരേണ്യ വംശീയ വർഗീയതയുടെ പുറന്തള്ളലാണ് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണൻ. അപമാനകരമായ വർഗീയ അശ്ലീല പ്രകടനമാണ് നടത്തിയത്. ലീഗ് ഒരു രാഷ്ട്രീയ പാർടിയാണോ അതോ മത രാഷ്ട്രീയം കളിച്ച് വോട്ട് ബാങ്ക് നില നിർത്താൻ സംഘപരിവാറിൻ്റെ മറുപുറം കളിക്കുന്ന വർഗീയ സംഘടനയാണോ?യെന്ന് പരിശോധിക്കേണ്ട സമയമായിയെന്നും കെ ടി കുഞ്ഞിക്കണ്ണൻ ഫേസ്‌ബുക് പോസ്‌റ്റിൽ പറഞ്ഞു.
പോസ്‌റ്റ് ചുവടെ
സഖാക്കളെ,
മതനിരപേക്ഷതക്ക് വേണ്ടി
നിലകൊള്ളുന്ന സുഹൃത്തുക്കളെ,
ഇന്നലെ കോഴിക്കോട് കണ്ടത് അപമാനകരമായ വർഗീയ അശ്ലീല പ്രകടനമാണ്.
മുസ്ലിം ലീഗിനകത്ത് തിളച്ചു മറിയുന്ന താലിബാനിസത്തിൻ്റെ, വരേണ്യ വംശീയ വർഗീയതയുടെ പുറന്തള്ളൽ.വിമോചന സമര കാലത്തെ ലജ്ജിപ്പിക്കുന്ന വംശീയ അധിക്ഷേപങ്ങളും കൊലവിളികളുമാണ് ലീഗ് ജാഥയിൽ മുഴങ്ങിക്കേട്ടത്.
നമ്മുടെ സംസ്കാരികപ്രബുദ്ധതയെയും മതനിരപേക്ഷ രാഷ്ട്രീയത്തെയും തനി മതരാഷ്ട്രീയവും വർഗീയ വെല്ലുവിളികളും നടത്തി പരിഹസിക്കുകയായിരുന്നു ലീഗ് നേതാക്കൾ ഇന്നലെ കോഴിക്കോട്ടെ പ്രസംഗങ്ങളിൽ . ഷാജിമാരിലുംഅബ്ദുറഹിമാന്മാരിലും ഉറഞ്ഞു തുള്ളിയത് മുല്ലാഉമർമാരുടെ ആത്മാക്കളാണ്.
താലിബാൻ മാതൃകയിൽ മത ഫത് വകൾ ഇറക്കുന്ന മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് ഇന്നലെ കോഴിക്കോട്ട് കേട്ടത്. പിണറായി വിജയനെതിരെ ജാത്യാധിക്ഷേപം, പച്ചക്ക് കത്തിച്ചുകളയുമെന്ന താലിബാൻ ഭീഷണി. കെ ടി ജലീലിനെതിരെ വധഭീഷണി .
മുഹമ്മദ് റിയാസിൻ്റേത് വിവാഹമല്ല പോലും വ്യഭിചാരമാണത്രേ! ട്രാൻസ്‌ജെൻഡറുകൾക്കെതിരെ അധിക്ഷേപം. വരേണ്യപുരുഷാധിപത്യ വംശീയ ആക്രോശങ്ങളാണ് മുദ്രാവാക്യങ്ങളായും പ്രസംഗങ്ങളായും മുഴങ്ങിയത്. ലീഗ് എന്ത് മാത്രം ഉള്ളിൽ വർഗീയത കത്തിച്ചു നടക്കുന്ന താലിബാൻ സംഘങ്ങളെ പേറി നടക്കുന്ന മത രാഷ്ട്രീയ സംഘടനയാണെന്നതാണ് ഇത്തരം വർഗീയ ആക്രോശങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തുന്നത്.
ലീഗിനകത്തെ മതനിരപേക്ഷ വാദികളായ സുഹൃത്തുക്കൾ ഗൗരവ പൂർവ്വം പരിഗണിക്കേണ്ട പ്രശ്നങ്ങളാണ് ഇന്നലത്തെ കോഴിക്കോട്ടെ റാലി ഓർമ്മിപ്പിക്കുന്നത്. ലീഗു ഒരു രാഷ്ട്രീയ പാർടിയാണോ അതോ മത രാഷ്ട്രീയം കളിച്ച് വോട്ട് ബാങ്ക് നില നിർത്താൻ സംഘപരിവാറിൻ്റെ മറുപുറം കളിക്കുന്ന വർഗീയ സംഘടനയാണോ?
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..