31 May Wednesday

ലീഗിന്റേത്‌ ദുഷ്‌‌പ്രചരണം: വഖഫ്‌ ബോർഡ്‌ നിയമനത്തെപ്പറ്റി കെ ടി ജലീൽ

ഡോ. കെ ടി ജലീൽUpdated: Thursday Nov 11, 2021

കെ എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും മതേതരവൽകരിച്ച കേരളീയ മുസ്ലിം പരിസരം വർഗീയ വിഷം ചീറ്റി മലീമസമാക്കുന്ന ജോലി എത്ര സമർത്ഥമായാണ് ചില മുസ്ലിം തീവ്ര മനോഭാവക്കാർ നിർവ്വഹിക്കുന്നതെന്ന് അവരുടെ എഴുത്തും പ്രചരണവും ശ്രദ്ധിച്ചാൽ മതി. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വഖഫ് ബോർഡ് നിയമനവുമായും ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ ചെയർമാൻ പദവിയുമായും ബന്ധപ്പെട്ട്  നടത്തുന്ന ദുഷ്പ്രചരണങ്ങൾ...കെ ടി ജലീൽ എഴുതുന്നു.

1) വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌‌സിക്ക് വിട്ടതിൽ ഒരാളും ആശങ്കപ്പെടേണ്ട കാര്യമില്ല. കേരളത്തിലെ മുസ്ലിം സമുദായത്തിലെ എല്ലാ അവാന്തര വിഭാഗങ്ങളിലും പെടുന്ന മിടുക്കരായ യുവതീ-യുവാക്കൾക്ക് ഇതിലൂടെ വഖഫ് ബോർഡിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. ഒരു നേതാവിൻ്റെയും ശുപാർശയില്ലാതെയും ആരുടെയും കയ്യും കാലും പിടിക്കാതെയും ഇനിമേലിൽ വഖഫ് ബോർഡിൽ സാധാരണക്കാരായ മുസ്ലിങ്ങൾക്ക് ജോലി കിട്ടാനുള്ള അവസരം സർക്കാർ ഒരുക്കിക്കൊടുത്തത് എങ്ങിനെയാണാവോ സമുദായ വിരുദ്ധമാവുക?   സഹോദര സമുദായങ്ങളിൽ പെടുന്നവർ ഒരു സാഹചര്യത്തിലും വഖഫ് ബോർഡിൽ ജീവനക്കാരായി വരില്ല. പുതിയ നിയമത്തിൻ്റെ മൂന്നാം വകുപ്പ്


വായിച്ചാൽ അത് ബോദ്ധ്യമാകും (ഇമേജ് നോക്കുക). ദേവസ്വം ബോർഡിൽ ജോലിക്കാരായി ഹൈന്ദവേതരർക്ക് വരാൻ കഴിയാത്ത പോലെത്തന്നെയാണ് വഖഫ് ബോർഡിൽ മുസ്ലിമേതരർക്ക് വരാൻ സാധിക്കില്ലെന്നതും.

2) ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ ചെയർമാൻ സ്ഥാനം ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയതിൽ ഒരു തെറ്റുമില്ല. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് ഒരു കമ്മീഷനും ഒരു ബോർഡുമാണ് പൊതുവായി നിലവിലുള്ളത്. അതിൽ മൂന്നംഗ ന്യൂനപക്ഷ കമ്മീഷൻ്റെ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്നത് റിട്ടയേഡ് ജഡ്ജ് ഹനീഫയും ഒരംഗം അഡ്വ: ഫൈസലുമാണ്. മൂന്നാമത്തെ അംഗം ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള ഒരു വനിതയുമാണ്. കമ്മീഷൻ കഴിഞ്ഞാൽ മൈനോറിറ്റി വകുപ്പിന് കീഴിൽ മുഴുവൻ ന്യൂനപക്ഷങ്ങൾക്കുമായുള്ള രണ്ടാമത്തെ സംവിധാനം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനാണ്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26% മുസ്ലിങ്ങളാണെങ്കിൽ 18% ക്രൈസ്തവരാണ്. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം മുസ്ലിം സമുദായത്തിന് നൽകുമ്പോൾ രണ്ടാമത്തെ ബോഡിയായ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ ചെയർമാൻ സ്ഥാനം ക്രൈസ്തവ സമുദായത്തിന് അനുവദിക്കുന്നത് അനീതിയല്ല നീതിയാണ്. എന്നെങ്കിലുമൊരു കാലത്ത് യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വന്നാലും രണ്ടിലൊന്ന് ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകേണ്ടിവരും, തീർച്ച.

അർഹമായത് വിവേചന രഹിതമായി എല്ലാവർക്കും ലഭ്യമാക്കാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുമ്പോൾ അതിൽ മുസ്ലിം വിരുദ്ധത കാണാൻ ശ്രമിക്കുന്നത് മൂക്കറ്റം വർഗീയത കുടിച്ച് മത്തായവരാണ്. വസ്തുതകൾ മറച്ചുവെച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങൾ ക്രൈസ്തവ-മുസ്ലിം ജനവിഭാഗങ്ങളെ കൂടുതൽ അകറ്റാനേ സഹായിക്കൂ. യു.ഡി.എഫ് ഭരിച്ചപ്പോഴും എൽ.ഡി.എഫ് ഭരിച്ചപ്പോഴും സംഭവിച്ച പിശക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തുമ്പോൾ അതിനെ അഭിനന്ദിക്കുകയാണ് നാട്ടിൽ സൗഹൃദം ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. "മുസ്ലിം സമുദായത്തിൻ്റെ ഒരു മുടിനാരിഴ അവകാശം ആർക്കും ഞങ്ങൾ വിട്ടുകൊടുക്കില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ ഒരു തലനാരിഴ പോലും ഞങ്ങൾ തട്ടിയെടുക്കുകയുമില്ല"എന്ന സി.എച്ചിൻ്റെ വാക്കുകൾ അന്വർത്ഥമാക്കുകമാത്രമാണ് രണ്ടാം പിണറായി സർക്കാർ ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top