കേരളത്തിലെ പരിസ്ഥിതിവാദികളുടെ വാക്കുകള്‍ വിശ്വസിച്ചു ബഹുഭൂരിഭാഗം മലയാളികളും കരുതുന്നത് നമ്മുടെ പാരസ്ഥിതിക പ്രശ്‌നങ്ങളുടെ കാരണം നമ്മള്‍ തന്നെയാണ് എന്നാണ്. നമ്മുടെ ജീവിതത്തില്‍ പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നിലവില്‍ നിന്നുമുള്ളതിനെക്കാള്‍ ഒരു ചുരുങ്ങിയ ജീവിതം ജീവിച്ചു മാത്രമേ നമുക്ക് ഈ കാലാവസ്ഥ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ എന്നാണ് പരിസ്ഥിതി വാദികളുടെ വാക്കുകള്‍ കേട്ട് അങ്ങടക്കമുള്ള യുഡിഎഫ് നേതാക്കൾ പറയുന്നത്. പക്ഷേ യാഥാര്‍ത്ഥ്യം അങ്ങനെയാണോ?. ദീപക് പച്ച എഴുതുന്നു.
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവര്‍കള്‍ക്ക് ഒരു തുറന്ന കത്ത്,
കെ- റെയിൽ വിഷയത്തിൽ അടിയന്തര പ്രേമേയ ചർച്ചയില്‍ പങ്കെടുത്തു കൊണ്ട് അങ്ങ് നടത്തിയ അങ്ങേയറ്റം ശാസ്‌ത്രവിരുദ്ധവും കേരള വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ വിശദീകരിക്കാനാണ് ഈ കത്ത്. കൊണ്ഗ്രസ്സില്‍ കാര്യങ്ങള്‍ പഠിച്ചു പറയുന്ന നേതാവ് എന്ന്‍ പേര് കേട്ടയാളാണല്ലോ താങ്കള്‍. ചര്‍ച്ചയില്‍ പങ്കെടുത്തു അങ്ങ് പറഞ്ഞത് കാലാവസ്ഥ വ്യതിയാനത്തെ പരിഗണിക്കാതെ നടപ്പിലാക്കുന്ന കെ-റെയിൽ പദ്ധതി കാലത്തിനു അനുസരിച്ചുള്ള പദ്ധതിയല്ല, ഒരു അറുപത് കൊല്ലം പഴക്കമുള്ള വികസന പരിപ്രേക്ഷ്യതോട് കൂടിയതാണ് എന്നാണ്.
വായിൽ തോന്നിയത് എന്തും തള്ളിവിടാനുള്ള സ്ഥലമായി നിയമസഭാവേദിയെ അങ്ങയെ പോലുള്ളവര്‍ മാറ്റുന്നത് ദുഃഖകരമാണ്. കേരളം അടക്കമുള്ള മൂന്നാം ലോക രാജ്യ പ്രദേശങ്ങളിലെ കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്താണ് എന്നാണ് താങ്കള്‍ മനസ്സിലാക്കുന്നത്?. കാലാവസ്ഥ വ്യതിയാനകാലത്ത് ലോകത്ത് ആകമാനം പ്രോത്സാഹിപ്പിക്കപ്പെടുന്ന യാത്ര മാർഗ്ഗം എന്താണ്?. ഇതൊന്നും മനസ്സിലാക്കാതെ കേരളത്തിലെ വ്യാജപരിസ്ഥിതി വാദികളുടെ നാക്കായി പ്രതിപക്ഷ നേതാവ് വിഡ്ഢിത്തം പറയരുത് എന്നൊരു അപേക്ഷയുണ്ട്.
കാലാവസ്ഥ വ്യതിയാനാ കാലത്ത് ലോകത്ത് ആകമാനം കൂടുതൽ സ്വീകാര്യത നേടുന്ന യാത്രമാർഗ്ഗം അതിവേഗം റെയിൽ പാതകളാണ്. Eurepeon Enviroment Agency (EIA) 2014 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് കാര്‍ബണ്‍ ബഹിര്‍ഗമത്തിന്‍റെ അളവ് യാത്രക്കാരന് എന്ന്തോതില്‍ നോക്കിയാല്‍ ഏറ്റവും കുറവ് കാര്‍ബണ്‍ പുറത്തു വിടുന്നത് ട്രെയിന്‍ മാര്‍ഗ്ഗമാണ് എന്ന്‍ കാണാന്‍ സാധിക്കും. ഒരു യാത്രക്കാരന്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ വിമാനത്തില്‍ ആണെങ്കില്‍ 286 ഗ്രാമും കാറില്‍ ആണെങ്കില്‍ 42 ഗ്രാമും അതിവേഗ റെയിലില്‍ ആണെങ്കില്‍ 14 ഗ്രാമും കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തു വിടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തില്‍ മാത്രം അതിവേഗ റെയില്‍ സംവിധാനം കാലാവസ്ഥ വ്യതിയാനത്തെ സഹായിക്കുന്ന യാത്രാമാര്‍ഗ്ഗമാകുന്നതെന്ന് ശ്രീ. വി.ഡി സതീശന്‍ വിശദീകരിക്കണം.
കേരളത്തിന്‍റെ പ്രളയത്തിന്റെ കാരണം അപ്രതീക്ഷിതമായ അതിവര്‍ഷമാണ് എന്ന്‍ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. 2018 ലെ മണ്‍സൂണ്‍ കാലത്ത് പതിവില്‍ ലഭിക്കുന്ന മഴയുടെ 118 % അധിക മഴയാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ ലഭിച്ചത്. ഈ വിധത്തില്‍ കേരളത്തെ അതിവര്‍ഷത്തിലെക്ക് നയിച്ചത് ആഗോളതാപനത്തിന്റെ ഭാഗമായി ലോകത്ത് ആകമാനം നടക്കുന്ന കാലാവസ്ഥ വ്യതിയാനമാണ്. ഈ കാലാവസ്ഥ വ്യതിയാനത്തിന് കാരണമൊ ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗം മൂലം അന്തരീക്ഷത്തില്‍ കൂടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവും.
ഇതാണ് വാസ്‌തവം എന്നിരിക്കെ കേരളത്തിലെ പരിസ്ഥിതിവാദികളുടെ വാക്കുകള്‍ വിശ്വസിച്ചു ബഹുഭൂരിഭാഗം മലയാളികളും കരുതുന്നത് നമ്മുടെ പാരസ്ഥിതിക പ്രശ്‌നങ്ങളുടെ കാരണം നമ്മള്‍ തന്നെയാണ് എന്നാണ്. നമ്മുടെ ജീവിതത്തില്‍ പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നിലവില്‍ നിന്നുമുള്ളതിനെക്കാള്‍ ഒരു ചുരുങ്ങിയ ജീവിതം ജീവിച്ചു മാത്രമേ നമുക്ക് ഈ കാലാവസ്ഥ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ എന്നാണ് പരിസ്ഥിതി വാദികളുടെ വാക്കുകള്‍ കേട്ട് അങ്ങടക്കമുള്ള UDF നേതാക്കൾ പറയുന്നത്. പക്ഷേ യാതാര്‍ത്ഥ്യം അങ്ങനെയാണോ?.
ആഗോള താപനത്തിന് കാരണം ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ ഉണ്ടായാ വര്ദ്ധനവും , അതിലേക്ക് നയിച്ചത് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പാദന വ്യവസ്ഥയുമാണ് എന്ന്‍ വ്യക്തമായത് കൊണ്ടാണ് ഇത് നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്ര സഭ United Nations Framework Convention on Climate Change (UNFCCC) നു രൂപം കൊടുക്കുന്നതും 1994 ല്‍ ഇത് പ്രാബല്യത്തില്‍ വരുന്നതും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ബൈബിളായി പരിഗണിക്കാവുന്നതാണ് UNFCCC യുടെ ചട്ടക്കൂടുകള്‍.
എല്ലാ രാജ്യങ്ങള്‍ക്കും ആഗോള താപനം നിയന്ത്രിക്കുന്നതിനു ഉത്തരവാദിത്തമുണ്ട്, പക്ഷേ അതില്‍ എല്ലാവരുടെയും ഉത്തരവാദിത്തം ഒരേ അളവിലല്ല എന്നാണ് UNFCC തീരുമാനിച്ചു പറഞ്ഞത്. (“on the basis of equity and in accordance with the principle of common but differentiated responsibilities and respective capabilities.” ). UNFCC യുടെ ഈയൊരു frame work അനുസരിച്ചു വികസിത രാജ്യങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണുന്ന നടപടികളുടെ നേതൃത്വം വഹിക്കണമെന്നും, വികസ്വര രാജ്യങ്ങളെ പണം കൊടുത്തും സാങ്കേതിക വിദ്യ കൊടുത്തും സഹായിക്കണമെന്നും ഐക്യരാഷ്ട്ര സഭ പറഞ്ഞു. കാരണം വികസ്വര രാജ്യങ്ങള്‍ക്ക് അവരുടെ വികസനവും ദാരിദ്ര്യ നിര്‍മ്മര്‍ജനവുമാണ് മുഖ്യ പരിഗണന. ആ അവസരത്തില്‍ വ്യാവസായിക വളര്‍ച്ചയ്ക്ക് അനിവാര്യമായ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറക്കണം എന്നൊക്കെ അവരോടു നിര്‍ദ്ദേശിക്കുന്നത് അങ്ങേയറ്റം ജനദ്രോഹപരമാണ്. ഇതാണ് UNFCC യുടെ ഇക്കാര്യത്തിലെ നിലപാടുകളുടെ അടിത്തറ. കാര്യങ്ങള്‍ പഠിച്ചു പറയുന്ന ആള്‍ എന്ന്‍ പേരുകേട്ട പ്രതിപക്ഷ നേതാവ് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് ശേഷം സമയം കണ്ടെത്തുന്നത് നന്നാവും.
ഇന്ത്യയുടെ ജനസംഖ്യക്ക് ആനുപാതികമായി കണക്കാക്കിയാല്‍ ലോകത്തെ ആകെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ 17 % ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. പക്ഷെ നിലവില്‍ 2.5 % മാത്രമേ ഇന്ത്യ പുറത്ത് വിടുന്നുള്ളൂ. എന്നാല്‍ അമേരിക്കയ്ക്ക് അവകാശപ്പെട്ട ഷെയര്‍ 4.25 % ആണെന്നിരിക്കെ ഇന്ന് ലോകത്ത് ആകെ ബഹിര്‍ഗമിക്കുന്ന CO2 വിന്‍റെ 24.5 % അമേരിക്കയില്‍ നിന്നാണ്. ഫോസില്‍ ഇന്ധനങ്ങളുടെ സിംഹഭാഗവും ഉപയോഗിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ പേരും പറഞ്ഞു പലവിധ നിയന്ത്രങ്ങള്‍ക്ക് നിര്‍ബന്ധിച്ചു മൂന്നാം ലോക രാജ്യങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന സമീപനമാണ് കാലങ്ങളായി അവര്‍ സ്വീകരിച്ചു പോരുന്നത്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഫോസില്‍ ഇന്ധനം കുറക്കുന്നതിനായുള്ള മൂലധനവും സാങ്കേതിക വിദ്യയും നിഷേധിച്ചുകൊണ്ട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ചെയ്യുന്ന ഈ ജനദ്രോഹ സമീപനത്തിനെതിരെ പോര്‍മുഖം തുറക്കെണ്ടാവരാണ് കേരളം പോലുള്ള മൂന്നാം ലോക പ്രദേശത്തു ജീവിക്കുന്ന മനുഷ്യർ. എന്നാൽ അങ്ങയെ പോലുള്ളവർ ഇപ്പോൾ പറയുന്ന വാദങ്ങൾ അങ്ങേയറ്റം വികസന വിരുദ്ധവും മലയാളി ദ്രോഹവുമാണ്.
വെള്ളക്കാർ 150 കൊല്ലം കൊണ്ട് അന്തരീക്ഷം ചൂടാക്കിയതുകൊണ്ടു കേരളം അതിവർഷങ്ങളും അനുബന്ധ ദുരന്തങ്ങളും അനുഭവിക്കുന്നു. എന്നിട്ട് അങ്ങയെ പോലുള്ളവരുടെ വർത്തമാനം കേട്ട് മലയാളികൾ ചെയ്യുന്നതോ? നമ്മൾക്കിതു വരണം നമ്മൾ പാറപൊട്ടിച്ചതുകൊണ്ടല്ലേയെന്ന് തൊമ്മിമാരെപ്പോലെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതാണ് കുറ്റബോധത്തിന്റെ കയറ്റുമതി. സാമ്രാജ്യത്വം അതിന്റെ ഇരകളെ നിയന്ത്രിച്ചു നിർത്താൻ ഉപയോഗിക്കുന്ന പ്രത്യയശാസ്ത്രയുദ്ധമുറകളിൽ ഒരു പ്രധാന ഇനമാണ് "കുറ്റബോധത്തിന്റെ കയറ്റുമതി". അതിന്റെ ദല്ലാളൻമാരാണ് കേരളത്തിലെ വ്യാജപരിസ്ഥിതിവാദികളും മാധ്യമങ്ങളും. കെ-റെയില്‍ സംബധിച്ചുള്ള പരിസ്ഥിതി തര്‍ക്കങ്ങളിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് ശ്രീ. വി.ഡി സതീശന്‍ നിയമസഭയിലും വന്ന്‍ വിളമ്പുന്നത്. ആരോ ചെയ്‌ത കുറ്റത്തിന്റെ ദുരന്തം അനുഭവിക്കേണ്ട വന്ന മലയാളികളോടാന് കാര്യങ്ങള്‍ പഠിച്ചു പറയുന്ന അങ്ങ് ചുരുങ്ങിയ ജീവിതം ജീവിച്ചു പരിസ്ഥിതി സംരക്ഷിക്കണം എന്ന് പറയുന്നത്.
ഇനിയെങ്കിലും കേരളത്തിന്‍റെ പൊതുബോധത്തില്‍ പ്രബലമായുള്ള സാമ്രാജ്യത്വ പക്ഷബാധിയായ ഈ പരിസ്ഥിതി വാദത്തെ പുറന്തള്ളി അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗതിന്റെതായ ഒരു പരിസ്ഥിതി വാദം നാം വികസിപ്പിചെടുക്കണം. കേരളം ഒന്നാകെ ഒരുമിച്ചുനിന്ന് അത്തരം കടമകള്‍ നിറവേറ്റെണ്ടുന്ന സമയത്താണ് അങ്ങയെപോലുള്ളവര്‍ സങ്കുചിതമായ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഇരയായ മലയാളിയെ വേട്ടക്കാരന്‍റെ വേഷം കെട്ടിക്കുന്നത്. ഇത്തരം വികലമായ പരിസ്ഥിതി വാദത്തില്‍ നിന്നും കാര്യങ്ങള്‍ പഠിച്ചു പറയുന്ന അങ്ങ് പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബഹുമാനപൂര്‍വ്വം
ദീപക് പച്ച
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..