10 June Saturday

'കെഎന്‍എ ഖാദറിന്റെ സംഘപരിവാര്‍ പ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല'

വെബ് ഡെസ്‌ക്‌Updated: Monday Mar 29, 2021

'പൗരത്വം തെളിയിക്കാനുള്ള ഫോറം പൂരിപ്പിക്കാന്‍ ആരും ബുദ്ധിമുട്ടേണ്ടെന്നും അതിന് ലീഗ് വളണ്ടിയര്‍മാര്‍ നിങ്ങളെ സഹായിക്കാനുണ്ടെന്നുമാണ് കക്ഷി പറഞ്ഞത്. നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയത്തിന് വോട്ട് ചെയ്ത ആളാണ് ഈ പറയുന്നത്.ഒരാത്മാര്‍ത്ഥതയുമില്ലാതെയാണ് ഇയാളൊക്കെ അന്ന് സിഎഎ ക്കെതിരെ വാതുറന്നത്. കേരള നിയമസഭ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞ ഒരു നിയമത്തെപ്പറ്റി ഇങ്ങനെയൊരു നിയമസഭാംഗം പറയുന്നത് സംഘപരിവാറിനെ പ്രീണിപ്പിക്കാനല്ലാതെ മറ്റെന്തിനാണ്?'; ജിതിന്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു

ഫേസ്‌ബുക്ക് കുറിപ്പ്

പൗരത്വ നിയമ സമരങ്ങളില്‍ ലീഗിന് ഒരു ആത്മാര്‍ത്ഥതയുമില്ലായിരുന്നു. പാര്‍ലമെന്റിലും തെരുവിലും ഒക്കെ നമ്മളത് കണ്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ബോറടിച്ചുതുടങ്ങിയെന്നുവരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഒരുഘട്ടത്തില്‍ പറയുകയുണ്ടായി. എല്‍ഡിഎഫിന്റെ പൗരത്വ നിയമത്തിനെതിരെയുള്ള മനുഷ്യചങ്ങലയില്‍ അണിനിരന്ന ലീഗ് നേതാക്കളെ മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കിയതും നമ്മള്‍ കണ്ടതാണ്.

സമരസമയത്ത് സംഘപരിവാറിനെ വിമര്‍ശിക്കാനല്ലായിരുന്നു മുസ്ലിം ലീഗിന് താല്‍പര്യം. ഒരു കാരണവശാലും എന്‍പിആര്‍  കേരളത്തില്‍ നടക്കില്ലെന്ന് ഉറപ്പുപറഞ്ഞ കേരള സര്‍ക്കാരിനെ 'കേരളത്തിലിതാ എന്‍പിആര്‍  നടപടികള്‍ തുടങ്ങിയിരിക്കുന്നു'വെന്ന വ്യാജപടപ്പുകള്‍ ഉണ്ടാക്കിക്കൊണ്ട് വിമര്‍ശിക്കാനാണ് മുസ്ലിം ലീഗ് നേതാക്കള്‍ ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍പിആര്‍  നടപ്പാക്കുമെന്നായിരുന്നു ആ സര്‍ക്കാരിന്റെ നിലപാട്. അതില്‍ പ്രതിഷേധിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ഡിവൈഎഫ്‌ഐ സമരമുഖത്തായിരുന്നു. ക്രൂരമായ അടിച്ചമര്‍ത്തലാണ് മഹാരാഷ്ട്ര പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

സംസ്ഥാന ആഭ്യന്തര മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് അനില്‍ ദേശ്മുഖ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറ്റൊരു പതിപ്പിനെപ്പോലെയാണ് അന്ന് പ്രവര്‍ത്തിച്ചത്. എന്നാല്‍ മഹാരാഷ്ട്രയിലെ സര്‍ക്കാരിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ലീഗുകാര്‍ക്ക് കഴിഞ്ഞില്ലായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് ന്യായീകരണം ചമയ്ക്കാനും ലീഗുകാര്‍ മുന്നിലുണ്ടായിരുന്നു.

കേരള നിയമസഭയില്‍ പൗരത്വബില്ലിനെതിരെ പ്രമേയം പാസാക്കിയതാണ്. ഒരു കരണവശാലും അതിവിടെ നടക്കില്ലെന്ന് കേരള സര്‍ക്കാരും നിയമസഭയിലെ ഭരണ പ്രതിപക്ഷ എംഎല്‍എമാരും നിലപാടെടുത്തതാണ്. അന്ന് ആ പ്രമേയത്തെ അനുകൂലിച്ച് കൈപൊക്കിയ കെഎന്‍എ ഖാദര്‍ പൗരത്വ രെജിസ്റ്ററിന്റെ ഫോറം പൂരിപ്പിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ സൗകര്യം ചെയ്തുകൊടുക്കുമെന്നാണ് ഇന്നിപ്പോള്‍ പ്രസംഗിച്ചുനടക്കുന്നത്.

പൗരത്വം തെളിയിക്കാനുള്ള ഫോറം പൂരിപ്പിക്കാന്‍ ആരും ബുദ്ധിമുട്ടേണ്ടെന്നും അതിന് ലീഗ് വളണ്ടിയര്‍മാര്‍ നിങ്ങളെ സഹായിക്കാനുണ്ടെന്നുമാണ് കക്ഷി പറഞ്ഞത്. നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയത്തിന് വോട്ട് ചെയ്ത ആളാണ് ഈ പറയുന്നത്.ഒരാത്മാര്‍ത്ഥതയുമില്ലാതെയാണ് ഇയാളൊക്കെ അന്ന് സിഎഎ ക്കെതിരെ വാതുറന്നത്. കേരള നിയമസഭ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞ ഒരു നിയമത്തെപ്പറ്റി ഇങ്ങനെയൊരു നിയമസഭാംഗം പറയുന്നത് സംഘപരിവാറിനെ പ്രീണിപ്പിക്കാനല്ലാതെ മറ്റെന്തിനാണ്?

കെഎന്‍എ ഖാദര്‍ മത്സരിക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതും തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി  കെഎന്‍എ ഖാദറിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതും യാദൃശ്ചികമല്ല. 2016 ല്‍ 25000 ല്‍ അധികവും 2019 ലോക്സഭയില്‍ ഇതേ സുരേഷ് ഗോപി മത്സരിച്ചപ്പോള്‍ 34000 ത്തോളവും വോട്ട് നേടിയ ഗുരുവായൂരില്‍ ബിജെപിക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിയില്ലാത്തത് കോലീബി സഖ്യത്തിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ കാരണമാണ്.

ഖാദറിന്റെ സംഘപരിവാര്‍ പ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മഭൂമിയില്‍ ഇടയ്ക്കിടയ്ക്ക് ലേഖനങ്ങള്‍ എഴുതുന്നയാളാണ് ഖാദര്‍. 2017 ലെ ജന്മഭൂമി ഓണപ്പതിപ്പിലെ മുഖ്യ ആകര്‍ഷണം ഇ ശ്രീധരനും ജേക്കബ് തോമസും പിന്നെ കെഎന്‍എ ഖാദറുമായിരുന്നു. ഇ ശ്രീധരനെ ജേക്കബ് തോമസ് ഐപിഎസ് ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നെങ്കില്‍ ഖാദര്‍ വക കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്ന സ്ഥിരം പല്ലവിയിലെ ഗമണ്ടന്‍ ലേഖനമായിരുന്നു ഉണ്ടായിരുന്നത്.

ഇ ശ്രീധരനും ജേക്കബ് തോമസും ഇന്ന് പാലക്കാട്ടെയും ഇരിങ്ങാലക്കുടയിലെയും ബിജെപി സ്ഥാനാര്‍ഥികളാണ്. ഖാദറാവട്ടെ ഗുരുവായൂരിലെ കോലീബി സ്ഥാനാര്‍ത്ഥിയും.
കോലീബിക്ക് വോട്ടുചെയ്യുന്ന യുഡിഎഫ്  അണികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതേ ഈ അവസരത്തില്‍ പറയാനുള്ളൂ:

'നിങ്ങളുടെ നേതാവ് കെഎന്‍എ ഖാദര്‍ പറഞ്ഞ ഫോറം കേരളത്തില്‍ സിപിഐഎം  ഉള്ളിടത്തോളം കാലം ഒരാള്‍ക്കും പൂരിപ്പിക്കേണ്ടി വരില്ല.'മതനിരപേക്ഷ കേരളത്തിന് ഇടതുപക്ഷത്തിന്റെ ഉറപ്പാണത്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top