28 September Thursday

ചലച്ചിത്ര അവാർഡ് ശിൽപ്പം ഡിസൈൻ ചെയ്തത് മലയാറ്റൂർ... ചരിത്രം വെളിപ്പെടുത്തി കെ മനോജ് കുമാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023

കെ മനോജ് കുമാർ

കെ മനോജ് കുമാർ

"ചലച്ചിത്ര അവാർഡ് ശിൽപ്പത്തിന്റെ ആദ്യ ഡിസൈൻ മലയാറ്റൂരിന്റേത്. 1969 ൽ മലയാറ്റൂർ വ്യവസായ സെക്രട്ടറി ആയിരിക്കുമ്പോഴാണ് സംസ്ഥാന അവാർഡിന്  തുടക്കം കുറിക്കുന്നത്. തിരുവന്തപുരത്തെ കോമളവിലാസം മെറ്റൽ ഇൻഡസ്ട്രിയിൽ ആയിരുന്നു അന്ന് ശിൽപ്പങ്ങൾ തയ്യാറാക്കിയിരുന്നത്. പിന്നീട് കരമന തളിയിൽ കലാകാരനും ഫൈൻ ആർട്സ് കോളേജ് അധ്യാപകനുമായിരുന്ന ആശാരി സാറിന്റെ മേല്‌നോട്ടത്തിലായി.

ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ പദ്‌മ‌‌കുമാറാണ് നിർമാണം നടത്തുന്നത്. (ശിൽപ്പത്തിൻ്റെ ആദ്യ വര മലയാറ്റൂരും അത് ഡൈ ചെയ്ത് ഇപ്പോഴത്തേ തരത്തിൽ കൃത്യ രൂപമാക്കിയത് എം ആർ ഡി ദത്തനും സുഹൃത്ത് ബാബുരാജുമാണ്.)"- സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയറിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് പിന്നാലെ ചലച്ചിത്ര അവാർഡ് ശിൽപ്പത്തിന്റെ ചരിത്രം വെളിപ്പെടുത്തി പബ്ലിക് റിലേഷൻസ് വകുപ്പ്‌ മുൻ അഡി. ഡയറക്ടർ  കെ മനോജ് കുമാർ. 


ഇതിലെ ഒരു ചിത്രം 1975 ൽ ചുവന്ന സന്ധ്യകൾ എന്നചിത്രത്തിനു പി സുശീലക്കു കിട്ടിയ സംസ്ഥാന ചലച്ചിത്ര അവാർഡ്  ശില്‍പ്പം ആണ്. എത്തിച്ചു കൊടുക്കാൻ കഴിയാതെ പോയ അവാർഡ്  ശില്‍പ്പങ്ങൾ 1996 ൽ കൊച്ചി ജവഹർലാൽ നെഹ്‌റു  ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അവാർഡ് നൈറ്റിൽ വിതരണം ചെയ്തിരുന്നു. മലയാള സിനിമയിൽ ഇരുപത്തഞ്ചു വർഷം പിന്നിട്ട എല്ലാവരെയും അന്ന് ആദരിച്ചിരുന്നു. ഷീല  കെ ആർ വിജയ ജെ ഡി തോട്ടാൻ, സുശീല തുടങ്ങിയവർക്കു എത്താൻ കഴിഞ്ഞില്ല. അവാർഡ് വിതരണത്തോടെ ആയിരുന്നു സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനവും. അക്കാര്യങ്ങൾ പിന്നീട് പങ്കുവയ്ക്കാം.

ശില്‍പ്പത്തിന്റെ  പെഡസ്റ്റിയൽ ഉരുണ്ടതായിരുന്നു. എന്നാൽ 1990 ആയപ്പോഴേക്കും എച്ചിങ് തുടങ്ങിയ സങ്കേതം വന്നപ്പോൾ മെറ്റൽ പ്ലേറ്റിൽ അച്ചടിക്കും പോലെ എഴുതാൻ കഴിയുന്ന സ്ഥിതി വന്നു. ആലേഖനം നന്നാവാനായി ചതുരക്കട്ട കൂട്ടി ചേർത്തു. മലയാറ്റൂർ ആയിരുന്നു ആ വർഷത്തെ ജൂറി ചെയർമാൻ. നടക്കാൻ ബുദ്ധിമുട്ടുണ്ട്. സ്റ്റേഡിയത്തിൽ നേരത്തെ വന്നു. കുറച്ചുനേരം സംഗതികൾ നോക്കി നിന്ന് എന്നെ വിളിച്ചു. എന്താടോ  ശില്‍പ്പത്തിനു താഴെ വലിയൊരു തടിക്കട്ട. അത് ഡിസൈനിൽ ഇല്ലാത്തതാണല്ലോ. പെഡസ്റ്റൻ  ശില്‍പ്പത്തിന്റെ ഭാഗമാണ്. ഈ ഡിസൈൻ ചിത്രകാരൻ കു‌ടി ആയ മലയാറ്റൂരിന്റെ ആണെന്ന് അന്ന് ഞാൻ അറിഞ്ഞു.

1969 ൽ മലയാറ്റൂർ വ്യവസായ സെക്രട്ടറി ആയിരിക്കുമ്പോഴാണ് സംസ്ഥാന അവാർഡിന്  തുടക്കം കുറിക്കുന്നത്. ദേശീയ അവാർഡ് തുടർച്ചയായി കേരളത്തിലേക്ക് വന്നു തുടങ്ങിയതിന്റെ തുടർച്ചകൂടിയാണിത്. ആദ്യ അവാർഡ് സുബ്രമണ്യം മുതലാളിക്ക് നൽകാതെ വ്യവസായ വകുപ്പിന് മറ്റു മാർഗ്ഗമില്ലാരുന്നു. പിറ്റേ വര്ഷം മുതൽ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ചുമതലയിൽ ആയി സിനിമ. 1998 വരെ അങ്ങനെ ആയിരുന്നു . ഇതിനിടയിൽ ഈ  ശില്‍പ്പത്തിനു ചെറിയമാറ്റങ്ങൾ വന്നു. കെ കരുണാകരന്റെ അപകടത്തെ തുടർന്ന് മൂന്ന് കിലോ ഉണ്ടായിരുന്ന ഓട്  ശില്‍പ്പം വെയ്റ്റ് കുറച്ചു. അകം പൊള്ളയാക്കി. കൂടുതൽ ഭാരം എടുക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്ന് പോലീസ് നിർബന്ധത്തെ തുടർന്നാണത്.

തിരുവന്തപുരത്തെ കോമളവിലാസം മെറ്റൽ ഇൻഡസ്ട്രിയിൽ ആയിരുന്നു അന്ന്  ശില്‍പ്പങ്ങൾ തയ്യാറാക്കിയിരുന്നത്. കള്ളൻ പവിത്രനിൽ കാക്കാൻ കയറുന്ന ഗോഡൗൺ ഇവിടുത്തേത് ആണ്. അടൂർ ഭാസിയുടെ ചലനങ്ങളും ക്യാരിക്കേച്ചറും കോമളവിലാസത്തിന്റെ ഉടമ മാധവൻ തമ്പിയുടെ തനി പകർച്ച ആയിരുന്നു. പിന്നീട് കരമന തളിയിൽ കലാകാരനും ഫൈൻ ആർട്സ് കോളേജ് അധ്യാപകനുമായിരുന്ന ആശാരി സാറിന്റെ മേല്നോട്ടത്തിലായി. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ പദ്മകുമാറാണ് നിർമാണം നടത്തുന്നത്. (ശില്പത്തിൻ്റെ ആദ്യ വര മലയാറ്റൂരും അത് ഡൈ ചെയ്ത് ഇപ്പോഴത്തേ തരത്തിൽ കൃത്യ രൂപമാക്കിയത് എം ആർ ഡി ദത്തനും സുഹൃത്ത് ബാബുരാജുമാണ്.) ആദ്യ വർഷത്തെ  ശില്‍പ്പത്തിൽ നിന്ന് ഡയമെൻഷനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഒരു അമൂർത്ത ഭാവവും ചേർത്തുമാണ് എം ആർ ഡി ദത്തൻ 1970 ൽ പുതിയ  ശില്‍പ്പത്തിന് പെർഫെക്ഷൻ കൊണ്ടുവന്നത്. ചിത്രം ഒന്ന് 1969 ലേതു രണ്ടാമത്തേത് തൊട്ടടുത്ത വര്ഷം നടന്ന അവാർഡ് നൈറ്റ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top