22 October Thursday

സ്ത്രൈണ കാമസൂത്രത്തിന്റെ എഴുത്തുകാരി ആണത്രേ.. പുറത്തേക്കൊഴുക്കുന്നത്‌ വംശീയ വിദ്വേഷവും സ്‌ത്രീ വിരുദ്ധതയും... ജലജമോൾ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

 മുസ്ലിം - ദളിത് വിരുദ്ധതയും, മതരാഷ്ട്ര വാദവും മാത്രം കൈമുതലായുള്ള ചിന്തകളിലെ നെറികേട് ആണ് കെ ആർ ഇന്ദിരയുടെ രാഷട്രീയ പദ്ധതി എന്ന് പറയാതെ വയ്യെന്ന്‌ ചിത്രകാരി ജലജമോൾ .  സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും പ്രസവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ എത്ര ലജ്ജാകരമായ കാഴ്ചപ്പാടാണ് അവർക്കുള്ളത്‌.  സ്ത്രൈണ കാമസൂത്രത്തിന്‌ ഇലസ്‌ട്രേഷൻ ചെയ്‌തപ്പോൾ സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിനും, ചിത്രത്തിലെ പുരുഷൻ വെളുത്തവനും സുന്ദരനുമല്ലാത്തതിനും,  ഫോണിൽ വിളിച്ച് പരാതി പറഞ്ഞയാളാണ്‌ ഇന്ദിര. വംശീയ വിദ്വേഷം തന്നെയായിരിക്കും അന്നും അവരെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചതെന്നും കുറഞ്ഞ പക്ഷം ഇനിയും ഇതുവഴി സ്ത്രീപക്ഷമെന്ന വാദമുന്നയിച്ച് വരരുതേയെന്നും  ജലജമോൾ ഫേസ്‌ബുക് പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയിൽ സഹികെട്ട് സ്ത്രീകളെ ലൈംഗീക സമത്വം പഠിപ്പിക്കാൻ സ്ത്രൈണ കാമസൂത്രമെഴുതിയ സ്ത്രീയാണ് കെ ആർ ഇന്ദിര.
DCബുക്ക്സ് 2012-ൽ പുറത്തിറക്കിയ ഈ പുസ്തകം സ്ത്രീ പുരുഷൻമാർക്കിടയിൽ സർവേ നടത്തി 4 വർഷം കൊണ്ട് പൂർത്തിയാക്കിയതാണെന്ന അവകാശവാദവുമുണ്ട്.
താത്തമാർ പന്നികളപ്പോലെ പെറ്റുകൂട്ടുമെന്നും പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും ഭൂമിയെ ഇവരിൽ നിന്ന് രക്ഷപ്പെടുത്താൻ എന്ന് പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ഇവരൊക്കെയാണല്ലോ സ്ത്രീ സമത്വത്തെക്കറിച്ച് സംസാരിക്കുന്നത്? ഇത്ര സ്ത്രീവിരുദ്ധവും വംശീയവുമായ അധിക്ഷേപം ഇതിന് മുമ്പ് കേരളത്തിലിരുന്നു കൊണ്ട് ഉത്തവരാദിത്ത്വപ്പെട്ട സ്ഥാപനത്തിന്റെ ഉയർന്ന പദവി വഹിക്കുന്ന ഒരു സ്ത്രീയും പറഞ്ഞിട്ടുണ്ടാവില്ല.
എഴുത്തുകാരിയാണത്രേ.

ആസ്സാമിനെക്കുറിച്ചാവട്ടെ,ബാബ്റി മസ്ജിദ് നെക്കുറിച്ചാവട്ടെ,വംശീയ വിദ്വേഷം തന്നെയാണ് പുറത്തേക്ക് വമിക്കുന്നത്.കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കാൻ ഇനി ഇന്ത്യയിൽ കൂടി ഒരു ഹോളോകോസ്റ്റ് നടത്താമെന്നാണ് ഇവരുടെ അഭിപ്രായം.

മുസ്ലിം - ദളിത് വിരുദ്ധതയും, മതരാഷ്ട്ര വാദവും മാത്രം കൈമുതലായുള്ള ചിന്തകളിലെ നെറികേട് ആണ് ഇവരുടെ രാഷട്രീയ പദ്ധതി എന്ന് പറയാതെ വയ്യ!
ഇവരുടെയൊക്കെ വർഗ്ഗീയത തുറന്ന് കാട്ടുന്ന കാലം ഇപ്പോഴെങ്കിലും ആയതിൽ ആശ്വസിക്കാം. ഇനിയെങ്കിലും ജാഗ്രത പുലർത്താമല്ലോ.
ജീവിതത്തിൽ ഇക്കാലത്തിനിടയിൽ ഒരേയൊരു പുസ്തകത്തിന് വേണ്ടിയാണ് ഇല്ലസ്ട്രേഷൻ ചെയ്തിട്ടുള്ളത്. കാമശാസ്ത്രത്തിന്റെ സ്ത്രീ വെർഷന് വേണ്ടി ഒരു സ്ത്രീ തന്നെ വരക്കണമെന്ന് ആവശ്യമുന്നയിച്ച് DCബുക്ക്സ് സമീപിച്ചപ്പോൾ മേൽപ്പറഞ്ഞ സ്ത്രൈണ കാമസൂത്രത്തിന് വേണ്ടി.സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിനും, ചിത്രത്തിലെ പുരുഷൻ വെളുത്തവനും സുന്ദരനുമല്ലാത്തതിനും, ശരീരത്തിന്റെ അഴകളവുകൾ (Anatomy) ഇങ്ങനെയാണോ?എന്നും ഫോണിൽ വിളിച്ച് പരാതി പറഞ്ഞയാളാണ്.വ്യവസ്ഥാപിത അഴകളവുകൾ അല്ലെന്നായിരുന്നു പരാതി.

ആറടി പൊക്കമുള്ള സിക്സ്പാക്ക് മാത്രമല്ലകറുത്തവരും, പൊക്കം കുറഞ്ഞവരും, മെലിഞ്ഞവരും, തടിച്ചവരും, വയറുള്ളവരും, കഷണ്ടിയുള്ളവരും എല്ലാം നിറഞ്ഞതാണ് പുരുഷലോകം ഇതിലാരാണ് നിങ്ങളുടെ റോൾ മോഡൽ? എന്നായിരുന്നു അന്ന് എന്റെ ഉത്തരം.വംശീയ വിദ്വേഷം തന്നെയായിരിക്കും അന്നും അവരെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത്എന്ന് ഇന്ന് തിരിച്ചറിയുന്നു.

പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.അന്ന് അവർക്ക് ഇഷ്ടപ്പെടാതിരുന്നത് എന്റെ ചിത്രങ്ങളിലെ സ്ത്രീ പുരുഷ ബന്ധങ്ങൾ ചിത്രീകരിച്ചതിലെ, സ്ത്രീ പുരുഷ-സമത്വ രാഷ്ട്രീയ ബോധ്യങ്ങളിലെ ശരി കൊണ്ടാണെന്നത് എനിക്ക് ഉറപ്പിക്കാം. അതിൽ അഭിമാനിക്കുകയും ചെയ്യുന്നു.
അന്നവരുടെ വഷളൻ കമന്റിനു ശേഷം ഞാൻ വരച്ചത് മുത്തുച്ചിപ്പിക്കല്ലെന്നും സ്ത്രീകളുടെ കാമശാസ്ത്രത്തിനുമാണെന്ന് പറഞ്ഞ് സമാധാനിച്ചിരിക്കുകയായിരുന്നു.
(എന്തായാലും അന്ന് എനിക്ക് ഇല്ലസ്ട്രേഷനു വേണ്ടി DC തന്ന തുക കേരളത്തിലെ ഇല്ലസ്ട്രേഷൻ ചെയ്യുന്ന ആർട്ടിസ്റ്റുകൾക്ക് കൊടുത്തിട്ടുള്ളതിൽ ഏറ്റവും വലിയ തുകയാണ് എന്നാണ് ചിലർ പിന്നീടെന്നോട് പറഞ്ഞത്.ഒരു ലക്ഷത്തി അമ്പത്തിയെണ്ണായിരം രൂപ.അതിൽ DC ബുക്സിനോടുള്ള നന്ദി ഇവിടെ പ്രകാശിപ്പിക്കുന്നു.)

കെ.ആർ.ഇന്ദിര, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും പ്രസവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ എത്ര ലജ്ജാകരമായ കാഴ്ചപ്പാടാണ് നിങ്ങൾക്കുള്ളത്? അപരന്റെ അന്തസ്സിനേയും വ്യക്തിത്വത്തേയും ശരീരത്തേയും ബഹുമാനിക്കാൻ എന്നാണ് താങ്കൾക്ക് കഴിയുക?കുറഞ്ഞ പക്ഷം ഇനിയും ഇതുവഴി വരരുതേ സ്ത്രീകൾക്ക് വേണ്ടി/സ്ത്രീപക്ഷമെന്ന വാദമുന്നയിച്ച്, സ്ത്രൈണ കാമസൂത്ര ആനകളെയും എഴുന്നള്ളിച്ച് കൊണ്ട്..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top