29 July Thursday

നിശബ്ദത അടിമത്തമാണെന്ന് പറയാതെ പഠിപ്പിച്ച വെല്ല്യപ്പച്ച; ആ തീക്കനലുകള്‍ ഇനിയും ബാക്കിയാകും...ചെറുമകള്‍ അശ്വതി അശോക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

അശ്വതി അശോക്

അശ്വതി അശോക്

'ഒരു അപ്പൂപ്പന്‍ എന്ന നിലയില്‍ കഥകള്‍ പറഞ്ഞു തരികയോ ഞങ്ങളുടെ കൂടെ കളിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ലായിരിക്കാം.എന്നിരുന്നാലും തന്റെ പ്രവര്‍ത്തനമേഖലയില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു വെല്ല്യപ്പച്ചയാണ് എന്റെ ഓര്‍മ്മകളില്‍ നിറയെ'- കഴിഞ്ഞ ദിവസം അന്തരിച്ച ജോസഫ് പുലിക്കുന്നേലിനെകുറിച്ച് ചെറുമകളായ അശ്വതി അശോക് പറയുന്നു. 

ദൈവശിക്ഷ എന്ന ഭയം കലര്‍ന്ന വിശ്വാസം ജനിപ്പിച്ചു കൊണ്ട് എതിര്‍ക്കപ്പെടാനാകാത്ത, ചോദ്യം ചെയ്യാനാകാത്ത ഒരു അധികാര കേന്ദ്രമായി സഭ ശക്തി പ്രാപിക്കുന്ന കാലഘട്ടത്തില്‍ സഭയെ ജനകീയമാക്കണമെന്നും സഭാസ്വത്തിന്മേല്‍ വിശ്വാസികള്‍ക്ക് അധികാരം നല്‍കണം എന്നും ആവശ്യപ്പെട്ടു അദ്ദേഹം നടത്തിയ കലാപങ്ങളും  കൊളുത്തിവിട്ട തീക്കനലുകളും. ഇനിയും ബാക്കിയാകും. വെല്യപ്പച്ചയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍  തിങ്ങിക്കൂടിയ ആള്‍ക്കൂട്ടം തന്നെ അതിനു തെളിവാണെന്നും അശ്വതി പറയുന്നു.  ജോസഫ് പുലികുന്നേലിന്റെ മകള്‍ റിനിമയുടെ  മകളായ അശ്വതി ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമാണ്.


പോസ്റ്റ് ചുവടെ
വെല്ല്യപ്പച്ച കലഹിക്കുകയായിരുന്നു. ജീവിതത്തിലൂടെയും മരണത്തിലൂടെയും.
സ്വന്തം മരണാനന്തരചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്ന് മുന്‍കൂട്ടിയെഴുതി വെച്ച് വെല്ലുവിളിച്ചത് നിലനില്‍ക്കുന്ന ചില സമ്പ്രദായങ്ങളെയായിരുന്നു. 'എന്റെ ശേഷക്രിയകള്‍' എന്ന ലഘുലേഖയില്‍ പതിനഞ്ചിന പോയിന്റുകളിലായി കുറിച്ചിട്ട ആ കാഴ്ചപ്പാടുകള്‍ പരമാവധി സത്യസന്ധമായി നിര്‍വഹിക്കാന്‍ സാധിച്ചുവെന്നതു തന്നെയാണ് വെല്യപ്പച്ചയ്ക്ക് നല്‍കാന്‍ സാധിച്ച ഏറ്റവും വലിയ യാത്രാമൊഴി.

തന്റെ പ്രവര്‍ത്തനമേഖലയില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു വെല്ല്യപ്പച്ചയെയാണ് എന്റെ ഓര്‍മകളില്‍. അപ്പൂപ്പന്‍ എന്ന നിലയില്‍ കഥകള്‍ പറഞ്ഞു തരികയോ ഞങ്ങളുടെ കൂടെ കളിക്കുകയോ ചെയ്തിട്ടില്ലായിരിക്കാം. പക്ഷേ അനീതിക്കെതിരെ കലാപമുയര്‍ത്തണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. നിശബ്ദത അടിമത്തമാണെന്ന് പറയാതെ പഠിപ്പിച്ചു. ഡിഗ്രികാലം തൊട്ട് ഞാന്‍ ഇടപെട്ട മേഖലകളിലൂടെ, ഞാന്‍ ബന്ധപ്പെട്ട ആളുകളിലൂടെ ജോസഫ് പുലിക്കുന്നേല്‍ സമൂഹത്തില്‍ എന്തായിരുന്നുവെന്നത് എനിക്ക് തെളിഞ്ഞു വരികയായിരുന്നു. (ചിലപ്പോള്‍ കൊച്ചുമക്കളില്‍ എനിക്കു മാത്രമായിരിക്കും അങ്ങനെ ഒരവസരം കിട്ടിയിട്ടുണ്ടാവുക). നിലപാടുകളിലെ ചില വിയോജിപ്പുകള്‍ക്കുമപ്പുറം

എന്റെ ജീവിതത്തെ ഏറ്റവും പ്രചോദിപ്പിച്ച ഒരു വ്യക്തിയായി വെല്യപ്പച്ച മാറുന്നതും അതുകൊണ്ടുതന്നെ. മതപരമായ ചടങ്ങുകളുടെ അകമ്പടികളൊന്നുമില്ലാതെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഓശാന മൌണ്ടിലൊരുക്കിയ ഗ്യാസ് ബര്‍ണറില്‍ വെല്യപ്പച്ചയുടെ ഭൌതികശരീരം എരിഞ്ഞടങ്ങിയപ്പോള്‍ എനിക്ക് നഷ്ടമാകുന്നത് ഞാന്‍ ഏറെ സ്നേഹിച്ച ചില ഇടങ്ങള്‍ കൂടിയാണ്. ഓര്‍മകളാണ്. വെല്ല്യപ്പച്ചയെ കാണാനായി 'പാലാ' എന്ന എന്റെ 'ഒബ്സഷനി'ലേക്കുള്ള യാത്രകളാണ്. പക്ഷേ ബാക്കിയാകുമെന്നുറപ്പുള്ള ചിലതുണ്ട്. ജോസഫ് പുലിക്കുന്നേലിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം കൊളുത്തിവിട്ട തീക്കനലുകളും. വെല്യപ്പച്ചയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഇന്ന് തിങ്ങിക്കൂടിയ ആള്‍ക്കൂട്ടം തന്നെ അതിനു തെളിവ്.

മുമ്പ് ഓശാന മാസിക പബ്ളിഷിങ്ങ് നിര്‍ത്തിയപ്പോള്‍ എഴുതിയ ഒരു കുറിപ്പ് റീപോസ്റ്റ് ചെയ്യുന്നു.

ദേവഗിരി കോളേജില്‍ നിന്ന് അവകാശ പോരാട്ടങ്ങളുടെ ഭാഗമായി പിരിഞ്ഞു പോന്നു വെല്ല്യപ്പച്ച ഓശാന മാസിക ആരംഭിച്ചത്തിന്റെയും, കത്തോലിക്കാ സഭയുടെയും സഭാവിശ്വാസങ്ങളുടെയും കോട്ടയായ പാലായില്‍ (ഇപ്പോള്‍ അന്താരാഷ്ട്ര തീര്‍ഥാടനകേന്ദ്രമായ അല്‍ഫോന്‍സാമ്മ പള്ളിക്ക് വെറും 2 സാ. മാത്രം മാറി) ഓശാന മൌണ്ടില്‍ ഇരുന്നു കൊണ്ട് സഭയ്ക്കുള്ളിലെ അധികാര-സ്വത്തു കേന്ദ്രീകരണത്തിനെതിരെ ഓശാനയിലൂടെ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥ എന്നും ആവേശം കൊള്ളിച്ചിട്ടേയുള്ളൂ.

യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസികളായ നാട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും എതിര്‍പ്പിനെയും വെറുപ്പിനെയും വകവെക്കാതെ സഭക്കുള്ളില്‍ നിന്ന് കൊണ്ട് സഭയെ വിമര്‍ശിക്കാന്‍ കാണിച്ച ആ ദൃദ്ധനിശ്ചയമായിരിക്കും അവകാശധ്വംസനങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും പോരാടാനുള്ള ആവേശവും ഊര്‍ജവും എനിക്ക് നല്കിയത്. (വ്യത്യസ്തമായ പ്രവര്‍ത്തനമേഖല ആണെങ്കില്‍ പോലും).

ദൈവശിക്ഷ എന്ന ഭയം കലര്‍ന്ന വിശ്വാസം ജനിപ്പിച്ചു കൊണ്ട് എതിര്‍ക്കപ്പെടാനാകാത്ത, ചോദ്യം ചെയ്യാനാകാത്ത ഒരു അധികാര കേന്ദ്രമായി സഭ ശക്തി പ്രാപിക്കുന്ന കാലഘട്ടത്തില്‍ സഭയെ ജനകീയമാക്കണമെന്നും സഭാസ്വത്തിന്മേല്‍ വിശ്വാസികള്‍ക്ക് അധികാരം നല്‍കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് ഉയര്‍ന്നു വന്ന നിഷേധ സ്വരത്തെ സഭ എങ്ങനെ നേരിട്ടിരിക്കാമെന്നുള്ളത് എടുത്തു പറയണ്ട ആവശ്യമില്ല.

വെല്ല്യപ്പച്ച പുറത്തു പോയാല്‍ തിരിച്ചെത്തുന്നത് വരെ വീട്ടില്‍ എല്ലാവരും എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്നിരുന്നതും, ജോസഫ് പുലിക്കുന്നേലിന്റെ മക്കളായത് കൊണ്ട് ഇന്റേണല്‍ പരീക്ഷകള്‍ക്ക് അല്‍ഫോന്‍സ കോളേജിലെ സിസ്റ്റര്‍മാര്‍ മാര്‍ക്ക് കുറച്ചതും ഒക്കെ അമ്മ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു.

വിശ്വാസികള്‍ക്ക് അപ്രാപ്യമായ സഭയെയും വിശ്വാസസംഹിതകളെയും ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പരിഭാഷ ചെയ്ത ഓശാന ബൈബിളിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിച്ചതില്‍ യാതൊരു അത്ഭുതവും ഇല്ല. "വിശുദ്ധ'' ഗ്രന്ഥമായ ബൈബിളിനെ "ചരിത്ര'' ഗ്രന്ഥമായും നോക്കിക്കാണാമെന്നുള്ള കാഴ്ചപ്പാട് ലഭിച്ചതും വെല്ല്യപ്പച്ചയില്‍ നിന്ന് തന്നെയാണ്.

ഈയിടെ പാലാ സെന്റ് തോമസ് കോളേജില്‍ എസ്എഫ്ഐക്കാര്‍ സമരം നടത്തിയപ്പോള്‍ "കുറെ ചെകുത്താന്മാര്‍ അകത്തും, പുലിക്കുന്നേലിനെ പോലുള്ള ചെകുത്താന്‍ പുറത്തും നിന്ന് കൊണ്ട് സ്വൈര്യം തരാതായി'' എന്ന് പ്രിന്‍സിപ്പാളച്ചന്‍ പറഞ്ഞതായി എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി. കാലമിത്രയും കഴിഞ്ഞിട്ടും ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ സഭ പുലര്‍ത്തുന്ന അസഹിഷ്ണുത തന്നെയാണ് ഇത് തെളിയിക്കുന്നത്.

ജോസഫ് പുലിക്കുന്നേലിന്റെ ചിതയ്ക്ക് ചെറുമക്കള്‍ തീ കൊളുത്തിയപ്പോള്‍

ജോസഫ് പുലിക്കുന്നേലിന്റെ ചിതയ്ക്ക് ചെറുമക്കള്‍ തീ കൊളുത്തിയപ്പോള്‍


എന്നാല്‍ ജോസഫ് പുലിക്കുന്നേലിന്റെ സംഭാവനകളെ വിലമതിക്കുന്ന ഒരുപാട് ക്രൈസ്തവ പുരോഹിതരേ കണ്ടിട്ടുണ്ട്. എത്തിപ്പെട്ട ഇടങ്ങളിലെല്ലാം ജോസഫ് പുലിക്കുന്നേലിന്റെ കൊച്ചുമോള്‍ എന്ന നിലയില്‍ കിട്ടിയിട്ടുള്ള പരിഗണനയും വിലമതിക്കാനാവാത്തതാണ്.

ഓശാന മാസികയുടെ ജൈത്രയാത്രക്ക് വിരാമാമിടുമ്പോള്‍ വെല്ല്യപ്പച്ച ഇന്ന് ഒറ്റയാള്‍ പോരാളിയല്ല. വെല്ല്യപ്പച്ച തൊടുത്ത് വിട്ട ആശയങ്ങള്‍ ഏറ്റെടുത്തു കൊണ്ട് 'church properties bill' പാസ്സാക്കണമെന്ന ആവശ്യം വിശ്വാസികള്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നു വന്നിരിക്കുന്നു.

ഓശാനയും, ഓശാനമൌണ്ടും, ഞങ്ങളുടെ വീടും എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ഓശാന മാസിക നിര്‍ത്തുകയാണെങ്കിലും ഓശാന മൌണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന പോലെ "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമുള്ള ഒരിടമായി'' അവിടം എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top