കേരള പര്യടനത്തിനിടെ മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയെ കാണില്ല എന്ന നിലപാടെടുത്തതിന് പൗരാവകാശ പ്രശ്‌നം ഉന്നയിച്ച സണ്ണി എം കപിക്കാടിനോട് മുസ്ലിങ്ങളുടെ മുഴുവൻ പ്രതിനിധീകരണം ജമാഅത്തെ ഇസ്ലാമിക്കല്ല എന്ന് പലരും ഓർമിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഏതെങ്കിലും തീവ്ര മതപ്രസ്ഥാനവുമായി ചർച്ചയ്ക്ക് തയ്യാറാവുന്നില്ല എന്ന തീരുമാനത്തെ ഒരു പൗരാവകാശ പ്രശ്നമായി അവതരിപ്പിക്കാനാണ് സണ്ണി എം കപിക്കാട് ശ്രമിച്ചത്. റഫീഖ് ഇബ്രാഹിമിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
ഞാനൊരു ജമാഅത്തെ ഇസ്ലാമിക്കാരനൊന്നുമല്ല. പക്ഷേ എനിക്കത് പറയാതിരിക്കാൻ പറ്റില്ല. ഒരു പൗരാവകാശ പ്രശ്‌നമുണ്ടിതിൽ. കേരളത്തിലെ മുഖ്യമന്ത്രിയാണ് പറയുന്നത് ഒരു മതസമൂഹത്തെ കാണാൻ എനിക്കു പറ്റില്ല എന്ന്.
പല നിലയിൽ ബഹുമാനിതനായ വ്യക്തിപരമായി സ്നേഹത്തോടു കൂടി മാത്രം പെരുമാറിയിട്ടുള്ള സണ്ണി എം കപിക്കാടിന്റെതാണ് മുകളിലുദ്ധരിച്ച വാക്കുകൾ.
മുഖ്യമന്ത്രി ഏതെങ്കിലും തീവ്ര മതപ്രസ്ഥാനവുമായി ചർച്ചയ്ക്ക് തയ്യാറാവുന്നില്ല എന്ന തീരുമാനത്തെ ഒരു പൗരാവകാശ പ്രശ്നമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്, അതിനെ രാഷ്ട്രീയ ഗൂഢാലോചനയും വിവേചനമായും വിലയിരുത്താനും; പക്ഷേ,ഒരു മതസമൂഹത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നത് ഇത്തരം തീവ്രവലതുപക്ഷമാണെന്ന് വിശേഷിപ്പിക്കാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമില്ല. യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അവകാശവാദമാണത്. മതേതരരായ മഹാഭൂരിപക്ഷം മുസ്ലീങ്ങളെ അപമാനിക്കുന്നതും.
കേരളീയ മുസ്ലീങ്ങളിൽ എത്ര ശതമാനം വരും ജമാഅത്തെ ഇസ്ലാമിയിൽ പ്രവർത്തിക്കുന്നവരെന്ന് അദ്ദേഹം മനസിലാക്കേണ്ടതുണ്ട്. വോട്ടിംഗ് പാറ്റേൺ അനുസരിച്ച് 0.06% ആണത്. പതിനായിരം മുസ്ലീങ്ങളെയെടുത്താൽ അതിൽ ആറ് പേരാണ് ജമാഅത്ത്. വോട്ടിംഗ് പാറ്റേൺ വെച്ച് റെപ്രസന്റേഷൻ വിലയിരുത്താൻ പറ്റില്ല എന്നു കരുതിയാലും പരമാവധി ഒരു ശതമാനം വരും ജമാഅത്ത് കേരളീയ മുസ്ലീങ്ങളിൽ. ബാക്കി 99% പേർ സമുദായ രാഷ്ട്രീയ കക്ഷികളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും കോൺഗ്രസടക്കമുള്ള രാഷ്ട്രീയ കക്ഷികളിലും പ്രവർത്തിക്കുന്നവരാണ്.
തങ്ങളാണ് മുസ്ലിം രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നതെന്ന ജമാഅത്തെ യുടെ പ്രചരണങ്ങളിൽ അദ്ദേഹം വീണു പോയതാണോ എന്നറിയില്ല. എങ്കിൽ യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ അദ്ദേഹത്തോടപേക്ഷിക്കുന്നു. വലിയ വാഗ്മി കൂടിയായ അദ്ദേഹത്തിന് അറിയാതെ വന്ന ഒരു സ്ലിപ് ആണതെങ്കിൽ എത്രയും പെട്ടെന്ന് തിരുത്താൻ തയ്യാറാകുമെന്നും പ്രത്യാശിക്കുന്നു.
ജമാഅത്തെ ഇസ്ലാമി, ജമാഅത്തെ ഇസ്ലാമിയാണ്, മുസ്ലിം ജനസാമാന്യമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..