24 January Thursday

ബാംഗ്ലൂരിൽ നടന്ന മെയ് ദിന റാലിക്ക് ഐടി രംഗത്തെ തൊഴിലാളികളും

കാട്ടുകടന്നല്‍Updated: Wednesday May 3, 2017

വലിയതോതില്‍ ഐ ടി തൊഴിലാളികള്‍ അണിനിരന്ന ബാംഗ്ലൂരിലെ മെയ്ദിന റാലിയെപ്പറ്റി കാട്ടുകടന്നല്‍ ഫേസ്‌ബുക്ക് പേജില്‍

ഇന്നലെ ബാംഗ്ലൂരില്‍ നടന്ന മെയ് ദിന റാലിക്ക് ചരിത്രപരമായ ഒരു സവിശേഷതയുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഐ.ടി രംഗത്തെ തൊഴിലാളികള്‍ ഒരു തൊഴിലാളി യൂണിയന് കീഴില്‍ അണിനിരന്ന് മെയ് ദിന റാലി സംഘടിപ്പിക്കുന്നത്. അതും ഇന്ത്യയുടെ ഐ.ടി തലസ്ഥാനത്ത് തന്നെ ഇങ്ങനൊരു മുന്നേറ്റം ഉണ്ടാക്കിയതില്‍ പാര്‍ടിക്കും ബാംഗ്ലൂരില്‍ സജീവമായി പാര്‍ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ക്കും അഭിമാനിക്കാവുന്നതാണ്.

ഇന്ത്യയില്‍ മൊത്തത്തില്‍ ഉള്ള ഐ.ടി തൊഴിലാളികളുടെ 35% തൊഴിലാളികളും തൊഴിലെടുക്കുന്നത് ബാംഗ്ലൂര്‍ ആണെന്നിരിക്കെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന തൊഴിലാളി മുന്നേറ്റം രാജ്യത്തുടനീളമുള്ള ഐ.ടി തൊഴിലാളികളെ സ്വാധീനിക്കുക തന്നെ ചെയ്യും. അന്യായമായ പിരിച്ചുവിടലുകളും ചൂഷണവും ശക്തമായ രീതിയില്‍ നടക്കുന്ന ഈ രംഗത്ത് തൊഴിലാളികള്‍ സംഘടിക്കുകയാണെങ്കില്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും നേടിയെടുത്തവ സംരക്ഷിക്കാനും യൂണിയനിലൂടെ തൊഴിലാളികള്‍ക്ക് സാധിക്കും. ഐ.ടി രംഗത്ത് ഒരു തൊഴില്‍ സമരം വരികയാണെങ്കില്‍ അത് വഴി മുതലാളിമാര്‍ക്കുണ്ടാവുന്ന നഷ്ടം മണിക്കൂറുകള്‍ മാത്രം വച്ച് കണക്ക് കൂട്ടിയാല്‍ പോലും ശതകോടികള്‍ വരുമെന്നിരിക്കെ തൊഴിലാളികളുടെ ബാര്‍ഗെയിനിങ് പവര്‍ അത്രമേല്‍ കൂടുതലായിരിക്കും.

ബാംഗ്ലൂരില്‍ തൊഴിലാളികള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളിലൊന്നിലെ മുദ്രാവാക്യം ഇതായിരുന്നു "Your Class Needs You" നിങ്ങളുടെ വര്‍ഗത്തിന് നിങ്ങളെ ആവശ്യമുണ്ട് എന്ന് പറയുമ്പോള്‍ അതിനുള്ള മറുപടി അടുത്ത പ്ലക്കാര്‍ഡില്‍ നിന്ന് ലഭിക്കുന്നുണ്ട്  "Rights are'nt granded by courts, They are Won on the Streets" നമ്മുടെ ഒരവകാശവും കോടതികള്‍ കനിഞ്ഞു നല്‍കിയവയല്ല, അവയെല്ലാം നമ്മള്‍ സംഘടിച്ച് തെരുവില്‍ സമരം ചെയ്ത് നേടിയെടുത്തവയാണ്. 1917 ലെ സോവിയറ്റ് വിപ്ലവത്തെ കുറിച്ചും മാര്‍ക്സ് തൊഴിലാളികള്‍ക്ക് നല്‍കിയ ആഹ്വാനവുമൊക്കെ പ്ലക്കാര്‍ഡുകളില്‍ കാണാമായിരുന്നു.

കൊടി പിടിച്ചവരും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചവരും എല്ലാം ചെറുപ്പക്കാരായിരുന്നു. വൈറ്റ് കോളര്‍ ജോലി നേടി കുടുംബം എന്നൊരു ഇന്‍സിറ്റ്യൂഷനില്‍ ഒതുങ്ങുന്നതിന് പകരം തങ്ങളുടെ അവകാശങ്ങളെ പറ്റിയും ഐ.ടി മേഖലയില്‍ നടക്കുന്ന അവകാശ ലംഘനങ്ങളെ പറ്റിയും ബോധവാന്മാരായ സംഘടിത തൊഴിലാളികള്‍ വാളിനേക്കാളും തോക്കിനേക്കാളും മൂര്‍ച്ചയുള്ളവരാണെന്ന് മുതലാളിമാര്‍ക്കറിയാം, അതുകൊണ്ട് തന്നെ തൊഴിലാളികള്‍ സംഘടിക്കുന്നത് തടയാന്‍ അവരെന്ത് വഴിയും ശ്രമിക്കുക തന്നെ ചെയ്യും. എന്നാല്‍ അവര്‍ ഓര്‍ക്കാത്ത ഒരു കാര്യമുണ്ട്, ചരിത്രത്തിലെപ്പോഴും പലവിധത്തിലുള്ള അക്രമങ്ങളെയും ചെറുത്ത് തോല്‍പ്പിച്ച് തന്നെയാണ് തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയിട്ടുള്ളതെന്ന കാര്യം.

ഇന്ന് ബാംഗ്ലൂരില്‍ നടന്നു, നാളെ അത് പടരും, ബാംഗ്ലൂരില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് നിരവധി ഐ.ടി തൊഴിലാളികള്‍ സംഘടിപ്പിക്കപ്പെടും, അവര്‍ ആദ്യമായി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് തങ്ങളാണെന്ന ബോധ്യത്തിന്മേല്‍ നിലപാടുകള്‍ പ്രഖ്യാപിക്കും, മുതലാളിത്തം തരുന്നത് പോരെന്നും തങ്ങള്‍ക്ക് അവകാശപ്പെട്ടത് വേണമെന്നും അവര്‍ ശഠിക്കും, അവര്‍ സമരം ചെയ്യും, സംഘടിത തൊഴിലാളിവര്‍ഗം ഇന്നല്ലെങ്കില്‍ നാളെ വിജയം നേടിയിട്ടുണ്ടെന്ന സത്യം ഉള്‍ക്കൊണ്ട് തന്നെ..

സഖാക്കളെ., മെയ് ദിനത്തില്‍ നമുക്ക് പറയാന്‍ ഒരു വാചകമേയുള്ളൂ, അത് പറഞ്ഞുകൊണ്ടേയിരിക്കുക, പ്രാവര്‍ത്തികമാക്കാന്‍ പോരാടുക

'സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍, നമുക്ക് നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രമാണുള്ളത്, നേടാനുള്ളതോ പുതിയൊരു ലോകവും..'

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top