04 October Wednesday

'എംപി ആയി ചുമതലയേറ്റിട്ട് നാല് വര്‍ഷം'; ഓരോ മേഖലയിലേയും വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇന്നസെന്റ് എംപി; നന്ദി അറിയിച്ച് ചാലക്കുടിക്കാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

കൊച്ചി > എംപിയായി ചുമതലയേറ്റതിന്റെ നാലാം വര്‍ഷത്തില്‍ മണ്ഡലത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ചാലക്കുടി എംപി  ഇന്നസെന്റ്. എംപിയായി അധികാരത്തിലേറിയ ശേഷം ഓരോ മേഖലയിലും നടത്തിയ പദ്ധതികളും വികസനങ്ങളുമാണ് എംപി വിശദീകരിക്കുന്നത്. പ്രധാനപ്പെട്ട വസ്തുതകള്‍ മാത്രമാണ് ചൂണ്ടിക്കാട്ടുന്നതെന്ന മുഖവുരയോടെയാണ് എംപി കുറിപ്പിട്ടിരിക്കുന്നത്. എംപിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്  ചാലക്കുടിയിലെ ജനങ്ങള്‍ നന്ദി അര്‍പ്പിക്കുന്നുണ്ട്. ഒപ്പം ചില നിര്‍ദേശങ്ങളും ആവശ്യങ്ങളും ജനങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് ഇന്നസെന്റ് എം പി കുറിപ്പിട്ടിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം;

എം.പി ആയി ചുമതലയേറ്റിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു.

ചാലക്കുടിയിലെ ജനങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും നിറവേറ്റാന്‍ ആവുന്നത്ര പരിശ്രമിച്ചിട്ടുണ്ട്. കുറവുകള്‍ കണ്ടേക്കാം. എങ്കിലും ചാലക്കുടിയുടെ വികസനത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ചില ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പിന്നിട്ട നാലു വര്‍ഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.

ഈ കാലയളവ് എന്ത് അവശേഷിപ്പിക്കുന്നു എന്നതിന്റെ സമഗ്രവും സവിസ്തരവുമായ പ്രതിപാദനം ഇവിടെ ഉദ്ദേശിക്കുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട ചില വസ്തുതകള്‍ മാത്രം ചൂണ്ടിക്കാട്ടാം.

#ശ്രദ്ധആരോഗ്യസുരക്ഷ
ആരോഗ്യ മേഖലയില്‍ നവീനവും മുന്‍ അനുഭവങ്ങള്‍ ഇല്ലാത്തതുമായ എളിയ ചില ശ്രമങ്ങള്‍ നടത്താനായി.

പൊതുജനാരോഗ്യ സംവിധാനത്തിന്റെ ആധുനീകരണവും ശാക്തീകരണവുമായിരുന്നു പ്രഥമ ലക്ഷ്യം.
മണ്ഡലത്തില്‍ നാല് താലൂക്ക് ആശുപത്രികളും ഒരു ജില്ലാ ആശുപത്രിയുമാണുള്ളത്. ഇവയിലെല്ലാമായി അഞ്ച് മാമോഗ്രാം യൂണിറ്റ് സ്ഥാപിച്ചു. സ്തനാര്‍ബുദ പരിശോധനക്ക് ഇത്രയും വിപുലമായ സൗകര്യം രാജ്യത്ത് വേറെ എവിടെയുമില്ല. ഓരോ യൂണിറ്റിനും 70 ലക്ഷം രൂപ വീതം മൂന്നര കോടി രൂപ ചെലവിട്ടാണ് മാമോഗ്രാം യൂണിറ്റുകള്‍ സ്ഥാപിച്ചത്.

കൊടുങ്ങല്ലൂരും ചാലക്കുടിയിലും രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിച്ചു. അയ്യായിരത്തോളം ഡയാലിസിസുകള്‍ ഇതിനകം ഈ രണ്ടു യൂണിറ്റുകളിലുമായി പൂര്‍ത്തിയാക്കി. കൊടുങ്ങല്ലൂര്‍ ഡയാലിസിസ് യൂണിറ്റില്‍ പൂര്‍ണ്ണമായും സൗജന്യമാണ് ചികിത്സ. അഞ്ചു പൈസയുടെ ചിലവില്ലെന്ന് അര്‍ത്ഥം.

അങ്കമാലി, പെരിഞ്ഞനം, മാള, കാലടി, തുറവൂര്‍, മേലൂര്‍ തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. മാതൃ ശിശു വാര്‍ഡ് , പുതിയ കെട്ടിടങ്ങള്‍, ഡിജിറ്റല്‍ എക്‌സ് റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീനുകള്‍
എന്നു തുടങ്ങി വന്‍ വികസന പദ്ധതികളാണ് യാഥാര്‍ത്ഥ്യമായത്.

#സാന്ത്വനം
ഭിന്നശേഷിയുള്ളവര്‍ക്കായി മുച്ചക്ര സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി വരുന്നു. 25 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സ്‌കൂട്ടറുകള്‍ നല്‍കിയത്.

#ഇതിനൊക്കെപ്പുറമേ
ഇന്ത്യക്കു തന്നെ മാതൃകയാവുന്ന ഒരു ആരോഗ്യ സുരക്ഷാ പദ്ധതിയും നടപ്പാക്കും. കൊച്ചി റിഫൈനറിയുടെ സഹായത്തോടെയാണിത്.

ജീവിതശൈലീ രോഗങ്ങളും കാന്‍സര്‍, വൃക്ക, ഹൃദ്രോഗങ്ങളും, മറ്റ് മാരക സ്വഭാവമുള്ള രോഗങ്ങളും നിരവധി പേരെയാണ് ആശങ്കയിലാഴ്ത്തുന്നത്. ചികിത്സിക്കാനുള്ള ചെലവ് എത്രയോ കുടുംബങ്ങളെ വഴിയാധാരമാക്കുന്നു. കൃത്യവും ശാസ്ത്രീയവുമായ ആരോഗ്യ പരിശോധന നടത്താത്തതിനാല്‍ രോഗം മൂര്‍ച്ഛിച്ച ശേഷം മാത്രമാണ് പലരും അസുഖം മനസിലാക്കുന്നത്.ഈ ദുരവസ്ഥ ഒഴിവാക്കാന്‍ രോഗത്തെ പ്രതിരോധിക്കുന്നതിലുടെ മാത്രമേ കഴിയൂ.

ശ്രദ്ധ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ലോകസഭാ മണ്ഡലത്തിലെ 30 വയസിന് മുകളിലുള്ള മുഴുവന്‍ പേരുടേയും പ്രാഥമിക ആരോഗ്യ പരിശോധന തീര്‍ത്തും സൗജന്യമായി നടത്താന്‍ അവസരമൊരുക്കുകയാണ്. ആശ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഓരോ വീടുകളിലുമെത്തി ഈ ആരോഗ്യ പരിശോധന നടത്തും. മരുന്ന് ആവശ്യമുള്ളവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രികള്‍ എന്നിവ വഴി സൗജന്യമായി മരുന്നും നല്‍കും.

#എല്ലായിടത്തും #ലാബുകള്‍
ലാബില്ലാത്ത എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ലാബ് നല്‍കും.

ലോകസഭാ മണ്ഡലത്തിലെ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് നിലവില്‍ ലാബ് സാകര്യം ഇല്ലാത്തത്. ഇവക്ക് ലാബ് ലഭ്യമാകുന്നതോടെ സമ്പൂര്‍ണ്ണ ലാബ് സൗകര്യമുള്ള ഏക മണ്ഡലമായി ചാലക്കുടി മാറും.

#ഗോ #സ്മാര്‍ട്ട്
പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസുകള്‍, സ്മാര്‍ട്ട് ക്ലാസ്സുകള്‍, കെട്ടിടങ്ങള്‍ എന്നിവ നല്‍കി.

34 സ്‌കൂള്‍ ബസുകള്‍ ആണ് പിന്നോക്കാവസ്ഥയുള്ള സ്‌കൂളുകള്‍ക്കായി നല്‍കിയത്.

ലോകസഭാ മണ്ഡത്തിലെ നൂറ്റമ്പതോളം സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിച്ചു. പത്തോളം സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടവും നിര്‍മ്മിച്ചു നല്‍കി.

#സ്രോതസ്സ്
കുടിവെള്ള പദ്ധതി

ആശുപത്രിയും സ്‌കൂളും പോലെ തന്നെ നമുക്ക് ഏറ്റവും വേണ്ട മറ്റൊന്നാണ് കുടിവെള്ളം.

ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ദളിത്, ആദിവാസി, പിന്നോക്ക മേഖകളിലായി 23 കുടിവെള്ള പദ്ധതികളാണ് നടപ്പാക്കിയത്.

അതിരപ്പിള്ളിക്കടുത്ത് പുളിയിലപ്പാറയില്‍ കുടിവെള്ളത്തിനായി വര്‍ഷങ്ങളോളം നെട്ടോട്ടമോടിയ ആദിവാസികള്‍ക്കായി 69 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി നടപ്പാക്കി. കയ്പമംഗലം കടലായിക്കുളത്ത് 80 ലക്ഷം രൂപയുടേയും ആലുവ എടത്തല കുര്‍ളാട് പട്ടികജാതി കോളനിയില്‍ 56 ലക്ഷം രൂപയുടേയും കാടുകുറ്റി ചേറാലക്കുന്ന് 57 ലക്ഷം രൂപയുടേതും ഉള്‍പ്പെടെ 23 കുടിവെള്ള പദ്ധതികളാണ് നിര്‍മ്മാണത്തിലുള്ളത്.

#നാട്ടുവെളിച്ചം
തിരക്കേറിയ ജംഗ്ഷനുകളില്‍ വെളിച്ചം ലഭ്യമാക്കി സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് നാട്ടു വെളിച്ചം.

100 ലധികം ഹൈമാസ്റ്റ് ലൈറ്റുകളാണ് ഇപ്രകാരം നാല്‍ക്കവലകളിലും ജനത്തിരക്കേറിയ പ്രദേശങ്ങളിലും സ്ഥാപിച്ചത്.

പ്രധാനപ്പെട്ട 30 ദളിത് കോളനികളില്‍ 'ലൈറ്റുകള്‍ സ്ഥാപിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് സമാഹരിച്ച് പ്രധാന കേന്ദ്രങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും.

ഗ്രാമീണ ലൈബ്രറികള്‍, അംഗനവാടികള്‍, ഗ്രാമീണ റോഡുകള്‍, പാലങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവ പ്രാദേശികാവശ്യങ്ങള്‍ക്കനുസരിച്ച് അനുവദിച്ചു.

#അടിസ്ഥാനസൗകര്യം-വികസനം
റോഡുകളും പാലങ്ങളും ഉള്‍പ്പെടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കി.

കാലടിപ്പാലം എത്ര കാലത്തെ കാത്തിരിപ്പാണ്. ആ പാലം യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നു. പാലത്തിന്റെ സ്ഥലം അളന്നുതിരിക്കുന്ന ജോലി നടക്കുന്നു. പാലത്തിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കി. പാലം നിര്‍മ്മാണ ഘട്ടത്തിലേക്ക് അതിവേഗം ചുവടുവക്കുകയാണ്.

അങ്കമാലി ബൈപാസിന് കിഫ് ബി അനുമതി വാങ്ങി.

പെരുമ്പാവൂര്‍ ബൈപാസിന് ബജറ്റ് വിഹിതം അനുവദിപ്പിച്ചു.

#ആദ്യപാലപ്പെരുമ
പി. എം. ജി. എസ്.വൈ പദ്ധതിയില്‍ കേരളത്തിന് അനുവദിച്ച ആദ്യ പാലം ചാലക്കുടി ലോകസഭാ മണ്ഡലത്തിലാണ്.

തിരുവാണിയൂര്‍ പഞ്ചായത്തിലെ അടിയാക്കല്‍ താഴത്ത് നിര്‍മ്മാണം പൂര്‍ത്തിയാവുന്ന പാലം 3 കോടി രൂപ ചെലവിട്ടാണ് പണിതുയര്‍ത്തിയത്.

പി. എം ജി എസ്.വൈ പദ്ധതിയില്‍, ഒന്നും രണ്ടുമല്ല 23 റോഡുകളാണ് മണ്ഡലത്തിലേക്ക് കൊണ്ടുവന്നത്. എല്ലാം കൂടി 35 കോടി രൂപയുടെ നിക്ഷേപം.

കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് 50 കോടി രൂപയുടെ റോഡുകളാണ് പണിയുന്നത്. ഇവയുടെ നിര്‍മ്മാണം ആരംഭിച്ചു.

#റെയില്‍വേ-വികസനം
ഇക്കാര്യത്തില്‍ ഗംഭീരമുന്നേറ്റം ചാലക്കുടിയില്‍ ഉണ്ടായി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എസ് കലേറ്ററും, ലിഫ്റ്റും, വിശ്രമമുറികളും, ടിക്കറ്റ് കൗണ്ടറുകളും ഉള്‍പ്പെടെ മൂന്നര കോടിയുടെ വികസന പദ്ധതി അനുവദിപ്പിച്ചു.

കറുകുറ്റി സ്റ്റേഷനില്‍ പുതിയ കെട്ടിടം വന്നു.

ആലുവ പുറയാര്‍, അങ്കമാലി ചമ്പന്നൂര്‍ റെയില്‍വേ ലെവല്‍ ക്രോസുകള്‍ക്കു പകരം മേല്‍പ്പാലങ്ങള്‍ക്ക് അനുമതി നേടി.

ശബരി പാതക്കായി മറ്റ് എം.പിമാരുമായി യോജിച്ച് പ്രവര്‍ത്തിച്ച് 213 കോടി രൂപ അനുവദിപ്പിച്ചു.

കൂടുതല്‍ സ്റ്റോപ്പുകള്‍ക്കു വേണ്ടി ചാലക്കുടിയില്‍ നടത്തിയ സത്യഗ്രഹ സമരത്തിന്റെ റിസള്‍ട്ട് വരും വര്‍ഷം ഉണ്ടാകുമെന്ന് കരുതുന്നു.

#മെഗാപദ്ധതികള്‍
4 വമ്പന്‍ പദ്ധതികളാണ് ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ ഒരുങ്ങുന്നത്.

#ടൂറിസംബസര്‍ക്യൂട്ട്
അതിരപ്പള്ളി മുതല്‍ കോടനാട് വരെയുള്ള ടൂറിസം സര്‍ക്യൂട്ട് പദ്ധതി എല്ലാ നടപടികളും പൂര്‍ത്തിയാക്കി കേന്ദ്രാനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. താമസിയാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

മധ്യകേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രങ്ങളായ അതിരപ്പിള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി ഏഴാറ്റു മുഖം ബ മലയാറ്റൂര്‍ കാലടി കാഞ്ഞൂര്‍ ഇരിങ്ങോള്‍ കാവ് നാഗഞ്ചേരി മന വഴി കോടനാട് അവസാനിക്കുന്ന സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാവുന്നതോടെ വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും.

#നട്‌മെഗ്-പാര്‍ക്ക്
ജാതിക്കാകര്‍ഷകര്‍ക്ക് വേണ്ടിയുള്ള നട്‌മെഗ് പാര്‍ക്ക് സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

ജാതിക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കുകയും മറ്റ് സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന നട്‌മെഗ് പാര്‍ക്ക് 50 കോടി രൂപയുടെ സംരംഭമാണ്.

#ടെക്‌നോളജിസെന്റര്‍
കേന്ദ്ര ങടങഋ മന്ത്രാലയത്തിന് കീഴില്‍ ആരംഭിക്കുന്ന ടെക്‌നോളജി സെന്റര്‍ അങ്കമാലിയിലാണ്.

200 കോടി രൂപ മുതല്‍ മുടക്കുന്ന ഈ പദ്ധതി ചെറുകിട സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ചെയ്യും.

#ആയുഷ് -ആസ്പത്രി
നാഷണല്‍ ആയുഷ് മിഷന്റെ 50 ബെഡുള്ള ആയുഷ് ആശുപത്രി ചാലക്കുടിയില്‍ സ്ഥാപിക്കുന്നതിന് രണ്ടേ കാല്‍ കോടി രൂപ അനുവദിപ്പിച്ചു. ആയുര്‍വേദ ഹോമിയോ സിദ്ധ ചികിത്സാ രീതികള്‍ സംയോജിപ്പിച്ചുള്ള ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

#സോഷ്യല്‍-ഓഡിറ്റ്
എം.പി ഫണ്ട് ഏതൊക്കെ കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നു?
അവ കൃത്യ സമയത്ത് പൂര്‍ത്തിയാവുന്നുണ്ടോ?
പണം ചോരാതെ നടപ്പാക്കുന്നുണ്ടോ എന്നെല്ലാം ആര്‍ക്കും പരിശോധിക്കാന്‍ അവസരമുണ്ടാക്കിയ ആദ്യ മണ്ഡലമാണ് ചാലക്കുടി.

എം.പി ഫണ്ടിന് രാജ്യത്താദ്യമായി സോഷ്യല്‍ ഓഡിറ്റ് നടത്തിയത് ചാലക്കുടിയിലാണ്.

എം.പി ഫണ്ട് ഏതൊക്കെ പദ്ധതികള്‍ക്ക് വേണ്ടി ഉപയോഗിക്കണം എന്ന് ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ക്ഷണിച്ച് നടപ്പാക്കിയ അപൂര്‍വ്വതയും ചാലക്കുടിക്കുണ്ട്.

മികച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചവര്‍ക്ക് സമ്മാനവും നല്‍കി.

നാലു വര്‍ഷത്തെ സമഗ്ര പുരോഗതി റിപ്പോര്‍ട്ടല്ല ഇത്. പ്രധാന പോയിന്റുകള്‍ മാത്രം. ചാലക്കുടിയെ രാജ്യത്തിന് മുന്നില്‍ മാതൃകയാക്കാന്‍ വരുന്ന വര്‍ഷവും നമുക്ക് ഒന്നായി പ്രയത്‌നിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top