05 July Tuesday

'ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ പണം മുടക്കാൻ മടിക്കുന്ന രാജ്യത്തിന്‌ ചേരുന്നത്‌ പശുവിന്റെ അകിട്ടിലെ സ്വർണം തന്നെ'

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

 

നിഖിൽ ഭാസ്‌കർ

നിഖിൽ ഭാസ്‌കർ

ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കാൻ മടി കാണിക്കുന്ന ഏതൊരു രാജ്യവും ഈ നിസ്സംഗതയിലൂടെ ചെയ്യുന്നത് അതിന്റെ പുരോഗതിക്കു താഴോട്ടുള്ള വഴി കാണിക്കുക മാത്രമാണെന്ന്‌ നിഖിൽ ഭാസ്‌കർ പറയുന്നു. വികസന രാജ്യങ്ങളൊന്നും ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി അഞ്ചു പൈസ പോലും മുടക്കുന്നില്ലെന്ന പച്ചനുണയാണ്‌ ജെഎൻയു സമര വിരോധികൾ പറഞ്ഞു പരത്തുന്നത്‌.ചൈന, ജപ്പാൻ ,ഓസ്‌ട്രേലിയ,  ജർമ്മനി എന്നിവിടങ്ങളിലെല്ലാം എത്രമാത്രം  പ്രാധാന്യമാണ്‌  ഉന്നത വിദ്യാഭ്യാസത്തിന്‌ സർക്കാർ കൊടുക്കുന്നതെന്ന്‌ ഈ വിരോധികൾ കാണുന്നില്ല.  ജെ എൻ യു വിൽ പഠിക്കാൻ സമരം ചെയ്യുന്ന ആ വിദ്യാര്ഥികളോരോരുത്തരും കഠിനമായ പ്രവേശന പരീക്ഷയിലൂടെ ആണ് അവിടെ പ്രവേശനം നേടിയതെന്ന്‌ മനസിലാക്കാൻ പറ്റാത്തവർക്ക്‌ നല്ലത്‌ ഫിറ്റ്നസ് ഫ്രീക്ക് ഭർത്താവിന്റെ കിടപ്പറയിലെ ബാരിക്കേഡും പശുവിന്റെ അകിട്ടിലെ സ്വർണവുംതന്നെയാണ്‌.

പോസ്‌റ്റ്‌ ചുവടെ

ജെ എൻ യു സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കടിയിൽ പോയി നോക്കിയാൽ ചുരുങ്ങിയത് ഒരു വാട്സ്ആപ്പ് യുണിവേഴ്സിറ്റിക്കാരനെയെങ്കിലും കാണാം.

ഇവറ്റകളെ പഠിപ്പിച്ചു വിട്ടിരിക്കുന്നത് മറ്റു വികസിത രാജ്യങ്ങളിലൊന്നും (അഞ്ചു കൊല്ലം കൊണ്ട് ഒറ്റ ചാട്ടത്തിനു നമ്മുടെ രാജ്യം വികസിച്ചു അങ്ങ് മാനം മുട്ടി നിൽക്കുകയാണല്ലോ, അതു കൊണ്ട് താരതമ്യവും വികസിതരുമായി തന്നെ വേണം) ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി അഞ്ചു പൈസ പോലും ഗവർമെന്റ് മുടക്കുന്നില്ല എന്ന പച്ച നുണയാണ്. സത്യമാണെന്നു കരുതി ആ സംശയം പങ്കു വക്കുന്നവരും ഉണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കാൻ മടി കാണിക്കുന്ന ഏതൊരു രാജ്യവും ഈ നിസ്സംഗതയിലൂടെ ചെയ്യുന്നത് അതിന്റെ പുരോഗതിക്കു താഴോട്ടുള്ള വഴി കാണിക്കുക മാത്രമാണ്. തലയിൽ ഓളം മാത്രം തളം കെട്ടി നിർത്തിയിരിക്കുന്ന ഭരണാധികാരികൾക്ക് മാത്രമേ അതു ചെയ്യാനുമാവൂ.ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള പോക്കിനു മറ്റെന്തിനേക്കാളും പ്രാധാന്യം ഉന്നത വിദ്യാഭ്യാസത്തിനു കൊടുത്തേ മതിയാവൂ..

 

രണ്ടു കൂറ്റൻ പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഈ പ്രാവശ്യത്തെ ബഡ്ജറ്റിൽ ചൈന വിഭാവനം ചെയ്തിരിക്കുന്നത് (പ്രൊജക്റ്റ്‌ 211, പ്രൊജക്റ്റ്‌ 985).രാജ്യത്തെ പ്രധാനപ്പെട്ട നൂറ്റിപന്ത്രണ്ടു യൂണിവേഴ്സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആണ് പ്രൊജക്റ്റ്‌ 211 നടപ്പാക്കുന്നത്. രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക പുരോഗതിക്കു ഉത്തേജനം നല്കാനും മറ്റു ലോക രാജ്യങ്ങളെ പിന്തള്ളി മനുഷ്യ വിഭവ ശേഷിയിൽ ചൈനയെ സ്വയം പര്യാപ്തമാക്കുക എന്നതുമാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ലോക നിലവാരമുള്ള നിരവധി യൂണിവേഴ്സിറ്റികൾ വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രൊജക്റ്റ്‌ 985 ന്റെ ലക്ഷ്യം. ഈ ഒരു ബജറ്റ് കാലാവധിയോടു കൂടി പദ്ധതിയുടെ പൂർണമായ കൃത്യനിർവഹണം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് അവരുടെ അനുമാനം. നാഷണൽ പ്രയോറിറ്റി (ദേശീയ മുൻഗണന ) ആയി പ്രഖ്യാപിച്ചു കൊണ്ടാണ് ഈ രണ്ടു പ്രൊജെക്ടുകളുടെയും നടത്തിപ്പ്.

ഇത്രയ്ക്കു ബൃഹത്തായതല്ലെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയെ വളരെ പ്രസക്തമായി കണ്ടു കൊണ്ട് ഓസ്‌ട്രേലിയയും പ്രോജെകട് 211 നു സമാനമായ ഒരു പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

ജപ്പാൻ ആകട്ടെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് നിലവിലുണ്ടായിരുന്ന ഫീസു പോലും (താമസവും ഭക്ഷണവും അടക്കം) വേണ്ടെന്നു വയ്ക്കുന്ന ബില്ല് കഴിഞ്ഞ ജനുവരിയിൽ പാർലമെൻറിൽ പാസാക്കി (ഒക്ടോബറോടു കൂടി നടപ്പിൽ വരുത്തുകയും ചെയ്തു).
 


കൂറ്റൻ ലോൺ ഭാരവും മുതുകിൽ കേറ്റി യൂറോപ്പിലും മറ്റും എം ബി എ പഠിക്കാൻ പോകുന്ന പിള്ളേർക്കറിയാം ഗവൺമെന്റിനോട് പൈസ ഇങ്ങോട്ട് വാങ്ങി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി ലോൺ ഭാരമൊന്നുമില്ലാതെ ജോബ് മാർക്കെറ്റിൽ മറിച്ചിടാനാകാത്ത എതിരാളികളായി വിലസുന്ന ജർമൻ സഹപാഠികളെ കുറിച്ച്.

വിദ്യാർത്ഥി സമരത്തിന്റെ വിഡിയോ ടീവിയിൽ കണ്ടു ഫിറ്റ്നസ് ഫ്രീക്ക് ഭർത്താവിന്റെ കിടപ്പറയിലെ ബാരിക്കേഡ് എന്ന് സ്വയം ഊറ്റം കൊള്ളുന്ന ഈ ചാണകങ്ങളിൽ പലരും ഒന്നു എത്തി നോക്കിയാൽ പോലും തല കറങ്ങി വീഴാൻ സാധ്യതയുള്ള കഠിനമായ പ്രവേശന പരീക്ഷയിലൂടെ ആണ് പഠിക്കാൻ സമരം ചെയ്യുന്ന ആ വിദ്യാര്ഥികളോരോരുത്തരും ജെ എൻ യു വിൽ പ്രവേശനം നേടിയത്. വിദ്യാഭ്യാസം നേടാനുള്ള അവരോരുത്തരുടേയും നിശ്ചയ ദാര്ഢ്യത്തിന്റെ നേർക്കാഴ്ചയാണത്. ഒട്ടു മുക്കാലും ദരിദ്ര നാരായണന്മാരുമാണ്.
ആ തീക്ഷ്ണമായ നിശ്ചയദാർഢ്യം അവരുടെ പോരാട്ടത്തിലും ഉണ്ട്. ഉണ്ടാവണം.
പശുവിന്റെ അകിട്ടിലെ സ്വർണം സ്വപ്നം കണ്ടു കിടന്നാൽ രാജ്യം വളരുമെന്നു കരുതുന്നവരുടെ കയ്യിലെ പൂമാലയായി ജെ എൻ യു മാറാതിരിക്കട്ടെ..

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top