26 May Tuesday

മോഡിയുടെ ടോര്‍ച്ച് കത്തിയ്ക്കലിനു കപട ശാസ്ത്ര വ്യാഖ്യാനവുമായി ഐഎംഎ നേതാവ് : പ്രചരിപ്പിച്ച് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

കൊച്ചി> ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ വിളക്കുകത്തിയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് വ്യാജ ശാസ്ത്ര വ്യാഖ്യാനം ചമച്ചു ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഐഎംഎയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ രംഗത്ത്.ഇന്ത്യാ ഗവര്‍മെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി പ്രചരിപ്പിച്ച ഈ വീഡിയോ പിന്നീട് നീക്കം ചെയ്തു. പത്മ അവാര്‍ഡ് ജേതാവുമാണ് അഗര്‍വാള്‍.

കൂട്ടമായി ചിന്തിച്ചു വിളക്ക് കൊളുത്തിയാല്‍ ശരീരത്തില്‍ കൊറോണ വൈറസ് കടക്കാനുള്ള സാധ്യത തടയുമെന്നും യോഗാവസിഷ്ടയിലും ക്വാണ്ടം സയന്‍സിലും ഇത് പറയുന്നുണ്ടെന്നുമാണ് അഗര്‍വാളിന്റെ വീഡിയോ.ശാസ്ത്രബോധം വളര്‍ത്തുക എന്നത് കടമയായി അംഗീകരിയ്ക്കുന്ന ഭരണഘടന നിലനില്‍ക്കെയാണ് സര്‍ക്കാര്‍ മാധ്യമത്തിലൂടെ ഈ അന്ധവിശ്വാസ പ്രചാരണം നടന്നത്. ഡോക്ടര്‍മാരുടെ സംഘടന എന്നാ നിലയിലുള്ള ഐ എം യുടെ വിശ്വാസ്യത കൂടി തകര്‍ക്കുന്നതായി അവരുടെ നേതാവിന്റെ ഈ പ്രതികരണം.

ഇത്തരം ശാസ്ത്ര വ്യാഖ്യാനങ്ങള്‍ ഉടനെ വരും എന്ന് ട്രോളുകള്‍ പ്രചരിക്കുന്നതിനിടയിലാണ് അഗര്‍വാളിന്റെ വീഡിയോ ഇറങ്ങിയത്.

ട്രോളില്‍ ഒന്ന് ചുവടെ: മുകേഷ് കുമാര്‍ ഫേസ് ബുക്കില്‍ എഴുതിയത്.

വാട്ട്സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ...കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..

"ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഒാര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.
"സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ"

വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ
അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോൾ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാൻ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാൻ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?!!"
 

 


പ്രധാന വാർത്തകൾ
 Top