01 October Sunday

ഹാദിയയെ ഉപയോഗിച്ച് രാജ്യത്താകമാനം ആര്‍എസ്എസ് വര്‍ഗ്ഗീയ വികാരമിളക്കി വിടുന്നു: സുജ സൂസന്‍ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2017

തിരുവനന്തപുരം > മതം മാറ്റത്തിന്റെ പേരില്‍ എന്‍ ഐ എ അന്വേഷണം നേരിടുന്ന ഹാദിയ ഒരു ഇരയും ഹിന്ദു -മുസ്ലിം വര്‍ഗീയതകളുടെ പ്രചാരണ വസ്തുവുമാണെന്ന് സുജ സൂസന്‍ ജോര്‍ജ്. ആര്‍ എസ് എസും എസ് ഡി പി ഐയും അവളെ വെറുതെ വിടണമന്നും സുജ സൂസന്‍ ജോര്‍ജ് വ്യക്തമാക്കി. ഇന്ത്യ മുഴുവന്‍ വര്‍ഗീയ വികാരമിളക്കി വിടാന്‍ ആര്‍എസ്എസ് ഈ സംഭവമുപയോഗിക്കുന്നുണ്ടന്നും അവര്‍ പറഞ്ഞു.

  കോട്ടയത്തെ വൈക്കം സ്വദേശി ഹാദിയ (സ്വയം പേര് മാറ്റും മുമ്പ് അഖില) ഇന്ന് വീട്ടു തടങ്കലിന് സമാനമായ സ്ഥിതിയിലാണ്. സ്വന്തം അച്ഛനും അമ്മയും കോടതിയുത്തരവിലൂടെ ഹാദിയയെ സ്വന്തം വീട്ടില്‍ തടഞ്ഞു വച്ചിരിക്കുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണവുമുണ്ട്. കൊല്ലം സ്വദേശിയും എസ് ഡി പി ഐയുടെ പ്രവര്‍ത്തകനുമായ ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം മേയ് 24 നാണ് കേരള ഹൈക്കോടതി റദ്ദു ചെയ്തത്. വിവാഹത്തിനു മുമ്പ് അഖില ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതില്‍ തീവ്രവാദ സംഘടനകളുടെ ഗൂഡാലോചനയും പ്രേരണയും ഉണ്ടെന്നാണ് അഖിലയുടെ അച്ഛന്‍ അശോകന്റെ കേസ്.

 എന്തായാലും മതം മാറിയ ശേഷം എസ് ഡി പി ഐയുടെ സംരക്ഷണയിലായിരുന്നു ഹാദിയ. ഈ തീവ്രവര്‍ഗീയ സംഘടന മലപ്പുറത്തു നടത്തുന്ന സത്യസരണി എന്ന മതപഠന സ്ഥാപനത്തിലായിരുന്നു ഹാദിയയുടെ പഠനവും താമസവും. പുതുതായി മതം മാറ്റപ്പെട്ട പലരും ഇവിടെ എത്തിയ സംഭവങ്ങളും കേസുകളും മുമ്പും ഉണ്ടായിട്ടുണ്ട്. അവിടെ താമസിക്കുന്നതിനിടയിലാണ് കഴിഞ്ഞ ഡിസംബര്‍ 19ന്  എസ് ഡി പി ഐ പ്രവര്‍ത്തകനെ വിവാഹം കഴിക്കുന്നതായി ഹാദിയ/അഖില പ്രഖ്യാപിച്ചത്.

ഈ വിവാഹം റദ്ദു ചെയ്തതിനെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ പരാതി നല്കി. ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നന്വേഷിക്കാനായി എന്‍ ഐ എയോടാവശ്യപ്പെടുകയാണ് ഓഗസ്റ്റ് 16ന് സുപ്രീം കോടതി ചെയ്തത്. അഖിലയുടെ മതംമാറ്റവും വിവാഹവും ലൌ ജിഹാദിനുള്ള തെളിവായും ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടു പോകുന്നതിന് ഉദാഹരണമായും വലിയ തോതിലുള്ള പ്രചാരണമാണ് ആര്‍ എസ് എസും അതിന്റെ മുഖ്യസംഘടനകളും ചെയ്യുന്നത്. ഇന്ത്യ മുഴുവന്‍ വര്‍ഗീയ വികാരമിളക്കി വിടാന്‍ ആര്‍ എസ് എസ് ഈ സംഭവമുപയോഗിക്കുന്നുണ്ട്. ലൌ ജിഹാദ് എന്ന ഉമ്മാക്കി കാട്ടി വര്‍ഗീയ വിദ്വേഷമുണ്ടാക്കാനുള്ള ആര്‍ എസ് എസിന്റെ ശ്രമം ആദ്യമായല്ല. മാധവിക്കുട്ടിയുടെ മതം മാറ്റത്തെപ്പോലും അവര്‍ ഇത്തരം പ്രചാരണത്തിനുയോഗിച്ചു.

എസ് ഡി പി ഐയും ജമാ അത്തെ ഇസ്ലാമിയും പോലുള്ള മുസ്ലിം വര്‍ഗീയ സംഘടനകളും ആര്‍ എസ് എസിന്റെ അതേ വര്‍ഗീയവികാരമിളക്കി വിടല്‍ തന്നെയാണ് ഹാദിയയെ ഉപയോഗിച്ച് നടത്തുന്നത്. ഹാദിയയുടെ അവസ്ഥയെ ഒരു വ്യക്തിയുടെ മനുഷ്യാവകാശ പ്രശ്‌നം മാത്രമായി കാണണമെന്നും അതില്‍ ഇവര്‍ക്കുള്ള വര്‍ഗീയ ലാക്ക് കാണരുതെന്നുമാണ് എസ് ഡി പി ഐ ജമാ അത്തുകാര്‍ വാദിക്കുന്നത്.

കേരളത്തിലെ ചില സ്ത്രീ വാദികളും ഈ വാദത്തോട് യോജിച്ചു കണ്ടു. എസ് ഡി പിഐയുടെ പദ്ധതിക്ക് ഹാദിയയെ വിട്ടുകൊടുക്കുന്നതാണ് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാവൂ എന്നാണിവര്‍ വാദിക്കുന്നത്. ഞാനതിനോട് യോജിക്കുന്നില്ല. വളരെ നിഷ്‌കളങ്കമെന്നു തോന്നുന്ന അപകടകരമായ നിലപാടാണത്. ചുറ്റുമുള്ള വര്‍ഗീയ കാളകൂടം കാണാതെ വീട്ടിലടച്ചിട്ട പെണ്‍കുട്ടിയെ മാത്രം കാണൂ അവളുടെ സ്വാതന്ത്ര്യം സംരക്ഷിക്കൂ എന്ന് വാദിക്കുന്നത് എസ് ഡി പിഐ യും ജമാ അത്തെ ഇസ്ലാമിയും ആണെന്നതാണ് വിരോധാഭാസം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രണ്ട് പതാകവാഹകര്‍! കേരളത്തിലെ മുസ്ലിങ്ങളിലെ 99 ശതമാനവും ഈ തീവ്ര വര്‍ഗീയവാദികളെ തള്ളിക്കളയുന്നു എന്നതാണ് വസ്തുത.

ഹാദിയയുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് എസ് ഡി പി ഐയും ആര്‍എസ്എസും അവളെ വെറുതെ വിടുകയാണ്. അവളൊരു രാഷ്ട്രീയ ഉപകരണം അല്ല. അവള്‍ക്കിഷ്ടമുള്ള മതവും വിവാഹവും സ്വതന്ത്രമായ ഒരു അന്തരീക്ഷത്തില്‍ അവള്‍ സ്വീകരിച്ചോട്ടെ. കാര്യങ്ങള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതിയുത്തരവുകള്‍ ശരിയാവാം തെറ്റാവാം. പക്ഷേ, ഇന്ത്യയിലെ ജനാധിപത്യത്തില്‍ ഈ കോടതിയുത്തരവുകളെ നിയമപരമായ മാര്‍ഗത്തിലൂടെ മാറ്റാനാവൂ. അതിനാലാണല്ലോ അശോകനും ഷഫിന്‍ ജഹാനും കോടതിയെ സമീപിച്ചിരിക്കുന്നത്. അതില്‍ തീരുമാനമുണ്ടാകട്ടെ.

ആര്‍ എസ് എസി ന്റെയും എസ് ഡി പി ഐ യുടെയും മത്സരിച്ചുള്ള വര്‍ഗീയ വിഷം വമിക്കലിനിടയില്‍ പെട്ടു പോയിരിക്കുന്നത് 25 വയസ്സായ ഒരു സ്ത്രീയാണ്. അവളെ നിങ്ങള്‍ വെറുതെ വിടൂ.ഹാദിയയെ ഉപയോഗിച്ച് കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ച് തങ്ങള്‍ക്ക് ആളു കൂട്ടാമെന്നാണ് ആര്‍ എസ് എസും ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും വിചാരിക്കുന്നത്. ഹിന്ദുത്വ വര്‍ഗീയതയും ഇസ്ലാമിസ്റ്റ് വര്‍ഗീയതയും പരസ്പരം പാലൂട്ടുകയാണിവിടെ. മതേതര കേരളം ഇവരുടെ ദുഷ്ടലാക്ക് തിരിച്ചറിയണം. ഇവരെ തള്ളിക്കളയണമെന്നും സുജ സൂസന്‍ ജോര്‍ജ്  പറഞ്ഞു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top