19 September Thursday

"പാക്കിസ്ഥാന്റെ അയ്യായിരം വർഷങ്ങൾ!; ആർഎസ്എസ് വിചാരമാതൃക തന്നെയാണ് പാക്കിസ്ഥാനിലേയും'

എം ജെ ശ്രീചിത്രൻUpdated: Tuesday Dec 31, 2019

ഇന്ത്യയ്ക്ക് അയ്യായിരം പോയിട്ട് നൂറുവർഷത്തെ ചരിത്രത്തിന്റെ ആവശ്യമില്ല എന്ന് ഗാന്ധി ഒരിക്കൽ പറഞ്ഞു. ചരിത്രഭാരമല്ല, ചരിത്രരാഹിത്യമാണ് നമ്മുടെ ബലം എന്നും. ആഴമുള്ള വാചകമാണത്. പ്രത്യക്ഷത്തിൽ അതീവലളിതമെന്ന് തോന്നുമ്പോഴും അകത്തേക്ക് വേരുകളുള്ള ഗാന്ധിവാചകങ്ങളിൽ ഒന്ന്. എം ജെ ശ്രീചിത്രന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌:

പോസ്റ്റ് അൽപ്പം ദീർഘമാണ്. ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമെന്ന് ഞാൻ കരുതുന്ന ചിലത്.

ആനകൾ പാറിപ്പൊയ്ക്കൊണ്ടിരിക്കുന്ന നാട്ടിൽ കോണകങ്ങൾ കാണാനില്ലാത്തതിനേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളോട് സംവാദത്തിനോ അവരുടെ അജണ്ടയിൽ ചെന്നു തലവെക്കാനോ എനിക്ക് ഓളംവെട്ടില്ല. എന്നാൽ, എങ്ങനെയാണ് പാക്കിസ്ഥാനിലേയും ഇന്ത്യയിലേയും ദേശീയതാവാദങ്ങളിലേക്ക് സാംസ്കാരികദേശീയത എന്ന പ്രവണത കടന്നുവന്നത് എന്നതിനേക്കുറിച്ച് ചിലത് ചരിത്രപരമായി ഇപ്പോൾ പറയേണ്ടതുണ്ട്. അതുകൊണ്ടിത്രയും:

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമീപകാലദുരന്തങ്ങളിൽ സമാനതകളില്ലാത്തതായിരുന്നു 1947ലെ വിഭജനം. ഒന്നേകാൽക്കോടി മനുഷ്യരുടെ പലായനങ്ങളും ഇന്നും കണക്കറിയാത്തത്രയും മനുഷ്യരുടെ ജീവനും രക്തവും കൊണ്ട് കലുഷിതമായ അദ്ധ്യായം. ആ രക്തസ്നാതമായ ചരിത്രം പിന്നിട്ട് നമ്മൾ ഒരുപാടുനടന്നെങ്കിലും ഇന്നും ആ സന്ദർഭത്തെ രാഷ്ട്രീയമായ ആർജ്ജവത്തോടെ നേരിടാൻ അപൂർവ്വം എഴുത്തുകാർക്കേ കഴിഞ്ഞിട്ടുള്ളൂ. ഇക്കാര്യം ഇന്ത്യക്കും പാക്കിസ്ഥാനും ഒരുപോലെ ബാധകമാണ്. ഇന്ത്യക്കാർ പൊതുവേ വിഭജനത്തിന്റെ രാഷ്ട്രീയസന്ദർഭത്തെ അഭിമുഖീകരിക്കുന്നതിനു പകരം ഉപരിപ്ലവകാൽപ്പനികതകളിൽ മുഴുകി, ഒരുപാട് സാഹിത്യമെഴുതി. പാക്കിസ്ഥാനാകട്ടെ, ചരിത്രത്തിൽ നിന്നുതന്നെ മുഖംതിരിച്ചാണ് ഇക്കാലമത്രയും കഴിച്ചുകൂട്ടിയത്. പ്രത്യയശാസ്ത്രപരമായ പൊള്ളത്തരം മാത്രമുണ്ടായിരുന്ന മുഹമ്മദലി ജിന്നയുടെ ശാഠ്യബുദ്ധിക്ക് വന്ന പരിണാമം പഞ്ചാബിമുസ്ലീമും ബംഗാളിമുസ്ലീമും തമ്മിലുള്ള വിഭജനമായി രൂപാന്തരപ്പെടുകയും വീണ്ടും കലാപങ്ങളിലേക്കും വിഭജനത്തിലേക്കും ബംഗ്ലാദേശിലേക്കും പാക്കിസ്ഥാനെ എത്തിക്കുകയും ചെയ്തു. എന്നാൽ. ഇതെനെല്ലാം മുൻപ്, പാക്കിസ്ഥാന്റെ ചരിത്രശൂന്യതയിലുള്ള നാണക്കേട് പരിഹരിക്കാനൊരു ശ്രമം നടന്നിരുന്നു. അതാണ് മോർട്ടിമർ വീലറുടെ Five thousand years of pakisthan എന്ന പുസ്തകം.

വിഭജനസമയത്ത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്നു മോർട്ടിമർ വീലർ. പാക്കിസ്ഥാൻ വീലറെ പാക്കിസ്ഥാൻ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ തലവനാക്കി. എന്നിട്ട് അയാളെക്കൊണ്ട് ഇങ്ങനെയൊരു അതിവിചിത്രമായ പുസ്തകമെഴുതിച്ചു – പാക്കിസ്ഥാന്റെ അയ്യായിരം വർഷങ്ങൾ! ആകെ 1300 വർഷം പഴക്കമുള്ള ഒരു മതത്തിന്റെ പേരിൽ ദ്വിരാഷ്ട്രവാദമുന്നയിച്ച്, ആകെ മുപ്പതുവർഷത്തിൽ താഴെയുള്ള തർക്കങ്ങളിൽ കടന്നുപോന്ന്, ആകെ രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു രാജ്യത്തിന്റെ അയ്യായിരം വർഷചരിത്രം! ആകെ വൈരുദ്ധ്യങ്ങളുടെ ആറാട്ടുപൂരമാണ് ആ പുസ്തകം. ഔറംഗസേബിനു മുൻപുള്ള ഭരണങ്ങളുടെ അടിസ്ഥാനത്തിൽ മെറ്റീരിയൽ ഹെറിറ്റേജിന്റെ ഒരു സ്കെച്ച് പാക്കിസ്ഥാനികൾക്കും പുറം ലോകത്തിനും നൽകലായിരുന്നു ഈ പുസ്തകത്തിന്റെ ഉദ്ദേശം. പക്ഷേ എങ്ങനെ തലകുത്തിമറിഞ്ഞാലും അത് അസാദ്ധ്യമായിരുന്നു. ഹിമാലയത്തിന്റേയും ബലൂചി പീഠഭൂമിയുടെയും ഥാർ മരുഭൂമിയുടെയും മദ്ധ്യത്തിലുള്ള സിന്ധുതടം എന്നനിലക്ക് ജിയോളജിക്കൽ ഐഡന്റിറ്റി കണ്ടെത്താൻ മോർട്ടിമർ വീലർ ശ്രമിച്ചതോടെ, ഉത്തരമില്ലാത്ത അപ്പുറത്തെ കുരുക്ക് തെളിഞ്ഞു – ഇതു പശ്ചിമപാക്കിസ്ഥാൻ മാത്രമാണ്, അപ്പോൾ പൂർവ്വപാക്കിസ്ഥാനോ? ഏതുതരം ഉത്തരങ്ങളും ഭൂമിശാസ്ത്രപമായ കൃത്യം ലക്ഷ്യങ്ങളിലെത്താതെ വന്നപ്പോൾ മോർട്ടിമർ വീലർ എത്താനാവുന്ന സ്വാഭാവിക ഉത്തരത്തിൽ എത്തിച്ചേർന്നു – “പൊതുവായ പ്രാചീനസംസ്കാരം, ജീവിതചര്യ”.

ഒരു പഞ്ചാബിമുസ്ലീമിന് ബംഗാളി മുസ്ലീമിന്റെ വീട്ടിൽ ചെന്നാൽ സ്വന്തം വീട്ടിൽ ചെന്ന പോലെ തോന്നുമെന്നും, അതീ പ്രാചീനമായ സംസ്കാരബന്ധമാണെന്നും വീലർ എഴുതി. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ മൗലാനാ അബുൽകലാം ആസാദ് ചിരിച്ചുകൊണ്ട് പറഞ്ഞത് “വീലർക്കറിയാഞ്ഞിട്ടാണ്, ഇന്ത്യയിൽ ഒരു ഹിന്ദുവിന്റെ വീട്ടിൽ മുസ്ലീം ചെന്നാലും തിരിച്ചു ചെന്നാലും അങ്ങനെ തോന്നും, തോന്നണം എന്നു നമുക്കറിയുകയും ചെയ്യാം.” എന്നായിരുന്നു. :)

മോർട്ടിമർ വീലർ പാക്കിസ്ഥാനിൽ അവസാനിച്ചു എന്നു കരുതരുത്. അതു പലധാരകളായി പാക്കിസ്ഥാന്റെ രാഷ്ട്രീയഭാവനയിൽ തുടർന്നു. ആധുനിക കാലത്തെ പാക്ക് രാഷ്ട്രീയനേതാവും എഴുത്തുകാരനുമായ ഐത് സാസ് അഹ്സാന്റെ The indus saga വായിക്കുക – സിന്ധുവിനും ( അതായത് പാക്കിസ്ഥാൻ) ഇന്ത്യക്കും ഇടയിലുള്ള വിഭജനം 1947ൽ നടന്നതല്ല എന്നും അതു പണ്ടേക്കുപണ്ടേ ഉള്ളതാണെന്നും കാണാം. റാഡ്ക്ലിഫ് വരച്ച അതിർത്തിരേഖയല്ല, അതിപ്രാചീനമായ ഒരു സംസ്കൃതിയുടെ വ്യതിയാനമാണ് വിഭജനത്തിന്റെ യുക്തി എന്ന് അഹ്സാൻ വാദിക്കുന്നു.

നോക്കൂ, അയ്യായിരം വർഷത്തിന്റെ ചരിത്രം എന്നൊക്കെ കേൾക്കുമ്പോൾ നിങ്ങൾക്കൊന്നും ഓർമ്മവരുന്നില്ലേ? ഇപ്പോൾ നമ്മുടെ നാട്ടിലിരുന്ന് അയ്യായിരം വർഷത്തിന്റെ 'പുണ്യപുരാതനവിശുദ്ധപവിത്രസനാതനധാർമ്മിക 'മായ ആർഷഭാരതചരിത്രത്തിനെക്കുറിച്ച് സംസാരിക്കുന്നവരുടെ അതേ ഭാഷയാണിത്. തമ്മിലൊരു മാറ്റവുമില്ല. ഇല്ലാത്തൊരു വ്യാജപൂർവ്വകാലം സങ്കൽപ്പിച്ചുണ്ടാക്കുകയും, ഇല്ലാത്ത പൂർവ്വകാലവസന്തത്തിൽ അഭിരമിക്കുകയും, ഇല്ലാത്ത ഒരു ‘ഞങ്ങളെ’ സൃഷ്ടിക്കുകയും അങ്ങനെ ഇല്ലാത്ത അപരലോകത്തിന്റെ കടന്നുവരവാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നു സ്ഥാപിക്കുകയും ചെയ്യുന്ന അതേ സാംസ്കാരികദേശീയതയുടെ ആർഎസ്എസ് വിചാരമാതൃക തന്നെയാണ് പാക്കിസ്ഥാനിലേയും സാംസ്കാരികദേശീയതാവാദത്തിന്റെ വിചാരമാതൃക.

വർഗീയതയുടെ ഉദരത്തിൽ പിറന്ന് വർഗീയതയിൽ തന്നെ ജീവിക്കുന്ന ഇവരെല്ലാം ആ അർത്ഥത്തിൽ സഹോദരന്മാരാണ്. മതേതരത്വത്തിന്റെ ജീവശ്വാസമെടുത്തു പിറന്ന നമ്മൾ ഇന്ത്യക്കാർ എന്ന യഥാർത്ഥസാഹോദര്യത്തിന്റെ ഭരണഘടനാഭാഷ ഇവർക്ക് രണ്ടുപേർക്കും മനസ്സിലാവില്ല.

ഇന്ത്യയ്ക്ക് അയ്യായിരം പോയിട്ട് നൂറുവർഷത്തെ ചരിത്രത്തിന്റെ ആവശ്യമില്ല എന്ന് ഗാന്ധി ഒരിക്കൽ പറഞ്ഞു. ചരിത്രഭാരമല്ല, ചരിത്രരാഹിത്യമാണ് നമ്മുടെ ബലം എന്നും. ആഴമുള്ള വാചകമാണത്. പ്രത്യക്ഷത്തിൽ അതീവലളിതമെന്ന് തോന്നുമ്പോഴും അകത്തേക്ക് വേരുകളുള്ള ഗാന്ധിവാചകങ്ങളിൽ ഒന്ന്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top