19 January Sunday

വരാതെ പോയ അതിഥികളും ഒളിവിലായ ശില്‍പങ്ങളും

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

ചുവന്ന സന്ധ്യകളിലെ 'പൂവുകള്‍ക്ക് പുണ്യകാലം' പാടി പി സുശീല നേടിയ 1975 ലെ മികച്ചഗായികയ്ക്കുള്ള പുരസ്ക്കാര ശില്‍പം,  കഥയുടെ ചലച്ചിത്രാവിഷ്കാരത്തെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണനുമായി  അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ സക്കറിയ വാങ്ങാന്‍ വിസമ്മതിച്ച 1993 ലെ മികച്ച കഥയ്ക്കുള്ള  ശില്‍പം...രവി ബോംബെയ്ക്ക് വരാന്‍ പറ്റാത്തതിനാല്‍ കൊടുക്കാനാവാതെ വന്ന മികച്ച സംഗീത സംവിധായകനുള്ള 1996 ലെ ശില്‍പം ...

ഇങ്ങനെ ഒരു പിടി  ശില്പങ്ങള്‍ തിരുവനന്തപുരത്തെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഒരു ചാക്കുകെട്ടില്‍ വിശ്രമിയ്ക്കുന്നു...
സമ്മാനത്തുക തപാലില്‍ അയച്ചുകൊടുക്കുമായിരുന്നു പക്ഷെ അവാര്‍ഡ് ദാന ചടങ്ങില്‍ എത്താന്‍ കഴിയാത്തവര്‍ക്കുള്ള ശില്പങ്ങള്‍ കുടുങ്ങിക്കിടക്കും ...മുമ്പ് മൂന്നരക്കിലോ വരെ തൂക്കമുണ്ടായിരുന്ന ശില്‍പം പിന്നീട് കാര്‍ അപകടത്തില്‍ പെട്ട  മുഖ്യമന്ത്രി കെ കരുണാകരന് എടുത്തു കൊടുക്കാന്‍ സൌകര്യത്തിനു തൂക്കം കുറച്ചെടുക്കുകയായിരുന്നു.

സമ്മാനശില്‍പങ്ങളുടെ ഈ ഒളിവുജീവിതത്തെപ്പറ്റിയും ശില്‍പത്തിന്റെ രൂപത്തില്‍ വന്ന മാറ്റങ്ങളെപ്പറ്റിയും മുന്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും  പിആര്‍ഡി മുന്‍ അഡീഷണല്‍ ഡയറക്ടറുമായ കെ മനോജ്‌ കുമാര്‍ എഴുതുന്നു :

ശില്‍പങ്ങളിലൊന്നിന്റെ ചിത്രത്തിനൊപ്പം മനോജ് കുമാര്‍ എഫ് ബിയിലെഴുതിയ കുറിപ്പില്‍ നിന്ന്:


ഇത് 1975 ല്‍ ചുവന്ന സന്ധ്യകള്‍ എന്നചിത്രത്തിനു പി സുശീലക്കു കിട്ടിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശില്‍പം ആണ്.

എത്തിച്ചു കൊടുക്കാന്‍ കഴിയാതെ പോയ അവാര്‍ഡ് ശില്‍പങ്ങള്‍ 1996 ല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന അവാര്‍ഡ് നൈറ്റില്‍ വിതരണം ചെയ്തിരുന്നു. മലയാള സിനിമയില്‍ ഇരുപത്തഞ്ചു വര്ഷം പിന്നിട്ട എല്ലാവരെയും അന്ന് ആദരിച്ചിരുന്നു. ഷീല കെ ആര്‍ വിജയ ജെ ഡി തോട്ടാന്‍, സുശീല തുടങ്ങിയവര്‍ക്കു എത്താന്‍ കഴിഞ്ഞില്ല. അവാര്‍ഡ് വിതരണത്തോടെ ആയിരുന്നു സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനവും. ശില്‍പത്തിന്റെ പെഡസ്റ്റല്‍ ഉരുണ്ടതായിരുന്നു. എന്നാല്‍ 1990 ആയപ്പോഴേക്കും എച്ചിങ് തുടങ്ങിയ സങ്കേതം വന്നപ്പോള്‍ മെറ്റല്‍ പ്ലേറ്റില്‍ അച്ചടിക്കും പോലെ എഴുതാന്‍ കഴിയുന്ന സ്ഥിതി വന്നു. ആലേഖനം നന്നാവാനായി ചതുരക്കട്ട കൂട്ടി ചേര്‍ത്തു.

മലയാറ്റൂര്‍ ആയിരുന്നു ആ വര്‍ഷത്തെ ജൂറി ചെയര്‍മാന്‍. നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. സ്റ്റേഡിയത്തില്‍ നേരത്തെ വന്നു. കുറച്ചുനേരം സംഗതികള്‍ നോക്കി നിന്ന് എന്നെ വിളിച്ചു. എന്താടോ ശില്‍പത്തിനു താഴെ വലിയൊരു തടിക്കട്ട. അത് ഡിസൈനില്‍ ഇല്ലാത്തതാണല്ലോ. പെഡസ്റ്റല്‍ ശില്പത്തിന്റെ ഭാഗമാണ്. ഈ ഡിസൈന്‍ ചിത്രകാരന്‍ കൂടി ആയ മലയാറ്റൂരിന്റെ ആണെന്ന് അന്ന് ഞാന്‍ അറിഞ്ഞു.

1969 ല്‍ മലയാറ്റൂര്‍ വ്യവസായ സെക്രട്ടറി ആയിരിക്കുമ്പോഴാണ് സംസ്ഥാന അവാര്‍ഡിന് തുടക്കം കുറിക്കുന്നത്. ദേശീയ അവാര്‍ഡ് തുടര്‍ച്ചയായി കേരളത്തിലേക്ക് വന്നു തുടങ്ങിയതിന്റെ തുടര്‍ച്ചകൂടിയാണിത്. ആദ്യ അവാര്‍ഡ് സുബ്രമണ്യം മുതലാളിക്ക് നല്‍കാതെ വ്യവസായ വകുപ്പിന് മറ്റു മാര്‍ഗ്ഗമില്ലാരുന്നു.

പിറ്റേവര്‍ഷം മുതല്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ ആയി സിനിമ. 1998 വരെ. ഇതിനിടയില്‍ ഈ ശില്‍പത്തിനു ചെറിയമാറ്റങ്ങള്‍ വന്നു. കെ കരുണാകരന്റെ അപകടത്തെ തുടര്‍ന്ന് മുന്നു കിലോ ഉണ്ടായിരുന്ന ഓട് ശില്‍പം വെയ്റ്റ് കുറച്ചു. അകം പൊള്ളയാക്കി. കൂടുതല്‍ ഭാരം എടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല എന്ന് പോലീസ് നിര്‍ബന്ധത്തെ തുടര്‍ന്നാണത്. തിരുവന്തപുരത്തെ കോമളവിലാസം മെറ്റല്‍ ഇന്‍ഡസ്ട്രിയില്‍ ആയിരുന്നു അന്ന് ശില്‍പങ്ങള്‍ തയ്യാറാക്കിയിരുന്നത്. കള്ളന്‍ പവിത്രനില്‍ കാക്കാന്‍ കയറുന്ന ഗോഡൗണ്‍ ഇവിടുത്തേത് ആണ്. അടൂര്‍ ഭാസിയുടെ ചലനങ്ങളും ക്യാരിക്കേച്ചറും കോമളവിലാസത്തിന്റെ ഉടമ മാധവന്‍ തമ്പിയുടെ തനി പകര്‍ച്ച ആയിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top