കൊച്ചി > "മത്സ്യത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും കഷ്ടതകളുടെയും ദുരിതങ്ങളുടെയും ഇടയില്‍ തന്നെ അവരോടൊപ്പം കരഞ്ഞും പൊരുതിയും വളര്‍ന്ന സഖാവാണ് മേഴ്സിക്കുട്ടിയമ്മ. അവരുടെ പോരാട്ടങ്ങളുടെ ഓര്‍മ്മകളും ചരിത്രങ്ങളും നിങ്ങള്‍ക്കറിയാഞ്ഞിട്ടാണ്.'' രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. മേഴ്സിക്കുട്ടിയമ്മ കടന്നു വന്ന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം വിശദമാക്കിയാണ് ശാരദക്കുട്ടി എഴുതുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ കാര്യങ്ങള്‍ തുറന്നെഴുതുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പെരുമണ്‍ തീവണ്ടിയപകടം നടന്ന ദിവസമായിരുന്നു സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ വിവാഹം. മിന്നുകെട്ടിന്റെ ചടങ്ങുകള്‍ മുഴുവന്‍ കഴിയുന്നതിനു മുന്‍പ് വിവാഹ വേദിയില്‍ നിന്ന് ദുരന്തഭൂമിയിലേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ അവരെ രാഷ്ട്രീയ മര്യാദകളോ മാനുഷികതയോ പഠിപ്പിക്കുവാന്‍ മറ്റൊരാള്‍ മുതിരേണ്ടതില്ല. ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും വെള്ളിത്താലത്തില്‍ വെച്ചു നീട്ടിക്കൊടുത്തു തുടങ്ങിയതല്ല അവരുടെ രാഷ്ട്രീയ ജീവിതം. മത്സ്യത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും കഷ്ടതകളുടെയും ദുരിതങ്ങളുടെയും ഇടയില്‍ തന്നെ അവരോടൊപ്പം കരഞ്ഞും പൊരുതിയും വളര്‍ന്ന സഖാവിന്റെ, സ്ഥിരമായി സഹാനുഭൂതി പടര്‍ന്നു നില്ക്കുന്ന മുഖത്ത് ആഴത്തില്‍ പതിഞ്ഞു കിടപ്പുണ്ട് ആ പോരാട്ടങ്ങളുടെ ഓര്‍മ്മകളും ചരിതങ്ങളും. വിപ്ലവ ബോധമോ സഹജീവി സ്നേഹമോ അവര്‍ക്ക് ഒരിക്കലും ഒരു പ്രകടനമോ കയ്യടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. വിവാദമുണ്ടാക്കാനായി അവരിന്നു വരെ ഒരു വാക്കും ഉരിയാടിയിട്ടുമില്ല. കടപ്പുറത്തുള്ളവര്‍ താത്കാലിക ക്ഷോഭത്താലോ വേദനയാലോ എന്തു പറയുമ്പോഴും മേഴ്സിക്കുട്ടിയമ്മക്ക് അവരേയും അവര്‍ക്ക് മേഴ്സിക്കുട്ടിയമ്മയേയും തിരിച്ചറിയാം. സുനാമി ദുരിതകാലത്തെ ഫണ്ടു തിന്നു മുടിച്ചവരുടെ രാഷ്ട്രീയ കാലമൊക്കെ പെട്ടെന്നു മറന്ന് പോകരുത്. അന്നും മേഴ്സിക്കുട്ടിയമ്മ സ്വാര്‍ഥം നോക്കി പ്രവര്‍ത്തിച്ചിട്ടില്ല. വാവിട്ടു കരയുന്ന ദുരിതബാധിതരുടെ ചില വാക്കുകള്‍ ,അവരുടെ ക്ഷോഭങ്ങള്‍ അത് മേഴ്സിക്കുട്ടിയമ്മയെ അപമാനിക്കാനുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. അവര്‍ക്കൊപ്പം എക്കാലത്തും നിന്നിരുന്ന സഖാവിനൊപ്പമേ അവര്‍ നില്ക്കൂ..
പിന്നിലെത്ര ആളുണ്ടെന്നും മുന്നിലെത്ര ക്യാമറയുണ്ടെന്നും നോക്കി രാഷ്ട്രീയം കളിക്കുന്നവരുടെ കൂടെ സഖാവ് മേഴ്സിക്കുട്ടിയമ്മയെ അളക്കരുത്.അവര്‍ ആളു വേറെയാണ്. ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വര്‍ഗ്ഗ ബോധത്തേയും. കാരണം കാരുണ്യവും രാഷ്ട്രീയവും അവര്‍ക്ക് ഒരു ഫേസ്പാക്ക് മാത്രമല്ല..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..