02 October Monday

‘പീഡന കേസ്‌ പ്രതി’യാക്കി മാധ്യമവേട്ട നടത്തി സലീമിനെ ‘ലാൽ സലീ’മാക്കിയ എല്ലാവർക്കും നന്ദിയെന്ന്‌ സാജുപോൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018

വാടകക്ക്‌ നൽകിയ വീട്ടിൽ പീഡനം നടന്നതിന്റെ പേരിലാണ്‌  സിപിഐ എം പഞ്ചായത്തംഗത്തെ  കരിവാരിതേയ്ക്കാനും പീഡനക്കേസ്‌ പ്രതിയാക്കാനും ചിലർ കച്ചക്കെട്ടിയിറങ്ങിയതെന്ന്‌  മുൻ എംഎൽഎ സാജുപോൾ . സലിം വാടകയ്‌ക്ക്‌ നൽകിയ വീട്ടിലെ ഇതരസംസ്‌ഥാന തൊഴിലാളിയുടെ ആറുവയസുള്ള മകളെ പീഡിപ്പിച്ച കേസിൽ ഇന്നലെ യഥാർത്ഥ പ്രതി അറസ്‌റ്റിലായിട്ടുണ്ട്‌. അത്‌ സംഘപരിവാറുകാരനാണ്‌. എന്നിട്ടും ചിലർ സലിമിന്‌ പിറകെയാണ്‌.

സിപിഐ എം കാരനായതിന്റെ പേരിൽമാത്രമാണ്‌  സലിമിനെ പ്രതിയാക്കാൻ പലരും ശ്രമിച്ചത്‌. അത്തരം പ്രചരണം നടത്തിയവർ അറിയുന്നുണ്ടോ...സലീമിന്റെ അയൽപക്കത്ത് അഭയം നൽകിയ അയൽ സംസ്ഥാനക്കാരന്റെ മകളുടെ പ്രായമുള്ള ഒരു കൂട്ടി സലീമിനുമുണ്ട്. ഫോട്ടോയിൽ തലവരാനും വാർത്തകളിൽ ഇടം പിടിക്കാനും ഇടിച്ചു കയറാനറിയാത്ത ഞങ്ങളുടെ സഖാവിനെ മറയാക്കി അഭിനവ ഗാന്ധിയൻ മാരും ഗാന്ധിഘാതകരും ചെയ്തു കൂട്ടിയ ക്രൂരതകളിൽ നിന്നു തലയൂരാമെന്ന് ദയവായി ധരിക്കരുതെന്നും സാജുപോൾ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

പിടിയിലായ പ്രതി ചന്ദനകുമാർ

പിടിയിലായ പ്രതി ചന്ദനകുമാർപോസ്‌റ്റ്‌ ചുവടെ
മാധ്യമ വേട്ടയ്ക്കും വിചാരണക്കും നിരപരാധിയായ ഒരാൾ കൂടി വിധേയനായിരിക്കുകയാണ്. ദോഷൈകദൃക്കുകൾക്കും രന്ധ്രാന്വേഷികൾക്കും ഇക്കുറി വീണു കിട്ടിയത് പെരുമ്പാവൂർ വെങ്ങോല ഗ്രാമപഞ്ചായത്ത് 18ാം വാർഡ് മെമ്പർ എം എ സലീമിനെയാണ്. കാള പെറ്റെന്നു കേട്ട് കയറെടുത്ത നിരൂപകവ്യാഘ്രങ്ങൾ എനിക്കു നൽകിയതു പോലെ ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ വരെ ഉദാരമായി നൽകി പ്രിയ സലീമിനെ ആദരിച്ചു.

ഒരു തവണ കണ്ടു സംസാരിച്ചിട്ടുള്ള, അടുത്തറിയുന്ന ആർക്കും വിശ്വസിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത ക്രൂരനും പീഢന വീരനുമായി പാവം സലീമിനെ ചിത്രീകരിച്ചു തൃപ്തരായി. മഞ്ഞു തുള്ളിയുടെ നൈർമ്മല്ല്യവും സ്ഫടിക സമാനമായ സുതാര്യതയും ജീവിതത്തിൽ പുലർത്തുന്ന സലിം ചെയ്ത തെറ്റെന്താണ്....1) കമ്യൂണിസ്റ്റായി, 2) ജനപ്രതിനിധിയാണ്, 3) സർവ്വോപരി ‘സലീമാണ്.... സംഘപരിവാർ സഹയാത്രികനായ ചന്ദന കുമാറാണ് യഥാർത്ഥ പ്രതി എന്നറിഞ്ഞിട്ടും ചിലർ അടങ്ങിയിട്ടില്ല....

 മന്ത്രി, എംപി., എംഎൽഎ. സ്ഥാനങ്ങൾ അലങ്കരിക്കുന്ന സ്വന്തം നേതാക്കൾ അഴിയെണ്ണുമ്പോൾ ഒരു സിപി ഐ എം കാരനെ ശരിയാക്കാൻ അവസരം കിട്ടിയാൽ എന്തും ചെയ്തു പോകുന്നവർ ചിന്തിക്കുക..

 സലീമിന്റെ അയൽപക്കത്ത് അഭയം നൽകിയ അയൽ സംസ്ഥാനക്കാരന്റെ മകളുടെ പ്രായമുള്ള ഒരു കൂട്ടി സലീമിനുമുണ്ട്. ഫോട്ടോയിൽ തലവരാനും വാർത്തകളിൽ ഇടം പിടിക്കാനും ഇടിച്ചു കയറാനറിയാത്ത ഞങ്ങളുടെ സഖാവിനെ മറയാക്കി അഭിനവ ഗാന്ധിയൻ മാരും ഗാന്ധിഘാതകരും ചെയ്തു കൂട്ടിയ ക്രൂരതകളിൽ നിന്നു തലയൂരാമെന്ന് ദയവായി ധരിക്കരുത്.

 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ‘ സാജു പോളേ.....കൊലയാളി... വിളിച്ചു നടന്നവരും പുറം തിരുമ്മി വലഞ്ഞവരും ഇന്നു പുറം തിരിഞ്ഞോടി ഒരു പരുവത്തിലായ അനുഭവം മറക്കരുത്.

12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുമ്പോൾ കുടുങ്ങുന്ന സ്വന്തം നേതാക്കൾക്കു വേണ്ടി വിലപിക്കാൻ തയ്യാറെടുക്കേണ്ട കശ്മല ഹൃദയങ്ങളിൽ കുഞ്ചൻ നമ്പ്യാരുടെ വരികൾ ‘പരമാർത്ഥത്തെ അറിഞ്ഞീടാതെ പരിഹാസത്തെ നടത്തിടരുതേ.....’ നമുക്കു വീണ്ടും സമർപ്പിക്കാം.

‘ചില പത്രമുത്തശ്ശിമാരും മാധ്യമ കുത്തകകളും നമ്മെ കുറിച്ച് നല്ലത് വല്ലതും പറഞ്ഞാൽ എവിടെയോ തെറ്റിയിട്ടുണ്ടാകുമെന്ന’ ഇഎം എസിന്റെ വാക്കുകൾ ഒരിക്കൽ കൂടി ഹൃദയത്തോട് ചേർത്തു വയ്ക്കാം. നാടിനും നൻമക്കും വേണ്ടി മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന, ‘മനനം’ ചെയ്യുന്ന മനുഷ്യ കുലത്തിൽ പിറന്ന, തെറ്റായ വാർത്തകൾ നൽകുമ്പോഴും അത് ഏറ്റുപാടുമ്പോഴും ലജ്‌ജ എന്ന വികാരം കണികയോളം മനസ്സിൽ തോന്നുന്ന ഏവർക്കുമായി ഈ വാക്കുകൾ സമർപ്പിക്കുന്നു. സലീമിനെ ‘ലാൽ’ സലീമായി മുദ്രകുത്താൻ സഹായിച്ച എല്ലാവർക്കും നന്ദി !!!!! മെയ് ദിന ആശംസകളോടെ സ്വന്തം സാജു പോൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top