29 September Friday

കോടതിയുടെ സ്വാഭാവിക നടപടിക്രമം മാത്രം; മാധ്യമ റിപ്പോർട്ടുകളെ നമ്പരുത് എന്ന പാഠം മനസിലുറപ്പിക്കാൻ ഒരനുഭവം കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 20, 2022

വിമാനത്തിലെ അക്രമം തടയാൻ ശ്രമിച്ച സംഭവത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചുവെന്ന മാധ്യമ വാർത്തകളിൽ ഗുരുതര പിഴവുകൾ. ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാനോ, ഗൺമാനെയും പിഎയെയും പ്രതികളാക്കാനോ കോടതി ഉത്തരവിൽ പരാമർശമേയില്ല. സ്വകാര്യ അന്യായം മുമ്പിലെത്തിയാൽ കോടതിയ്‌ക്ക് രണ്ടു വഴികളേയുള്ളൂ. ഒന്നുകിൽ ഫയലിൽ സ്വീകരിക്കാം. അല്ലെങ്കിൽ പോലീസിന് കൈമാറാം. ഈ കേസിൽ യൂത്തു കോൺഗ്രസുകാരുടെ അന്യായം ഫയലിൽ സ്വീകരിക്കുകയല്ല കോടതി ചെയ്‌ത്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനോട് പറയുകയാണ്‌.

കെ ജി ബിജുവിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

മാധ്യമപ്രചരണത്തിന് കീഴ്‌പ്പെട്ട് ചാടിക്കയറി പ്രതികരിച്ചാൽ മാനം പോകും എന്നതിന് ഒരു തെളിവുകൂടിയായി. ഇപി പ്രതികരിച്ചതുപോലെ കോടതിയുടെ സ്വാഭാവിക നടപടിക്രമം മാത്രമാണത്. തന്റെ മുന്നിലെത്തിയ ഒരു സ്വകാര്യ അന്യായം അന്വേഷണത്തിന് പോലീസിന് കൈമാറി. അത്ര മാത്രമേയുള്ളൂ. വിധി ഇങ്ങനെയാണ് – complaint is forwarded to SHO Valiathura for investigation u/s 156(3) CrPC by investigation of FIR treating this complaint as FIS.

സിആർപിസിയിലെ 156 (3) എന്നുവെച്ചാൽ ഇത്രയേ ഉള്ളൂ. Any Magistrate empowered under section 190 may order such an investigation as above mentioned. ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാനോ, ഗൺമാനെയും പിഎയെയും പ്രതികളാക്കാനോ ഒന്നും ഉത്തരവിൽ പരാമർശമേയില്ല. സ്വകാര്യ അന്യായം മുമ്പിലെത്തിയാൽ കോടതിയ്‌ക്ക് രണ്ടു വഴികളേയുള്ളൂ. ഒന്നുകിൽ ഫയലിൽ സ്വീകരിക്കാം. അല്ലെങ്കിൽ പോലീസിന് കൈമാറാം.

ഈ കേസിൽ യൂത്തു കോൺഗ്രസുകാരുടെ അന്യായം ഫയലിൽ സ്വീകരിക്കുകയല്ല കോടതി ചെയ്‌ത്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനോട് പറഞ്ഞു. അപ്പോ നമ്മൾ പരാതിയും വായിക്കണം. ഒരു മാധ്യമസുഹൃത്തു മുഖനെ ആ പരാതിയും സംഘടിപ്പിച്ചു. മൂന്നാമത്തെ പാരഗ്രാഫ് ഇങ്ങനെ....

==വാദികൾ 13/06/2022 വൈകുന്നേരം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്‌ക്കുള്ള 6B7407 നമ്പർ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള ഒരു സുഹൃത്തിനെക്കാണാൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് യാത്ര ചെയ്‌തു വന്നിട്ടുള്ളതും ടി വിമാനത്തിൽ പ്രതികളും കേരള മുഖ്യമന്ത്രി പിണറായി വിജയനും യാത്രക്കാരായി ഉണ്ടായിരുന്നിട്ടുള്ളതുമാണ്===.

ഇക്കാര്യം പോലീസ് അന്വേഷിക്കും. എന്തായിരിക്കും റിപ്പോർട്ട്? അങ്ങനെയൊരു സുഹൃത്ത് ആർസിസിയിൽ വാദികൾക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ശബരിനാഥിന്റെ വാട്സാപ്പ് ആഹ്വാനം അനുസരിച്ച് വിവിഐപി സെക്യൂരിറ്റിയുള്ള മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ  വിമാനത്തിനുള്ളിൽ കയറിയതാണെന്നും ആ ശ്രമത്തിനിടയിൽ യാത്രക്കാരനായിരുന്ന ഇ പി ജയരാജൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ സ്വമേധയാ ഇടപെടുകയായിരുന്നു എന്നും റിപ്പോർട്ടു കൊടുക്കും.

അതാണ് കൊട്ടിക്കലാശം. ഇന്നൊരു ദിവസം മാധ്യമങ്ങൾക്ക് ആഘോഷിക്കാമെന്നു മാത്രം. അല്ലാതെ ചാനലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലെ ഇപിയ്ക്കെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്‌ക്കും കേസെടുക്കണമെന്നൊന്നും മജിസ്‌ട്രറ്റ് പറഞ്ഞിട്ടില്ല. പിന്നെ ഈ വകുപ്പുകൾ എവിടുന്നു വന്നു?. അതൊക്കെ പരാതിയിലെ ആവശ്യം മാത്രമാണ്. ജഡ്‌ജി അതേക്കുറിച്ചൊന്നും പറഞ്ഞിട്ടേയില്ല.

പരാതി ബഹുരസമാണ്. നാലാം പാരഗ്രാഫ് ഇങ്ങനെ

== ടി വിമാനത്തിന്റെ ഏറ്റവും മുന്നിലത്തെ സീറ്റിൽ വാദികൾ യാത്ര ചെയ്‌തിരുന്നതും മുഖ്യമന്ത്രിയും പ്രതികളും വിമാനത്തിന്റെ വാതിലിനോട് അടുത്ത ഏറ്റവും പുറകിലെ സീറ്റിൽ  യാത്ര ചെയ്‌തു വന്നിട്ടുള്ളതുമാണ്. വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ വാദികളെ മുൻപരിചയമുള്ള പ്രതികൾ, ഒന്നാം വാദി ധരിച്ചിരുന്ന വസ്‌ത്രത്തെച്ചൊല്ലി ഉറക്കെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുള്ളതും ടിയാൾകളെ പരിഹസിക്കുംവിധം പെരുമാറിയിട്ടുള്ളതുമാകുന്നു==.

യേത്.... പത്തിരുപതു നിരകളുണ്ടാകും ഇൻഡിഗോ ഫ്ലൈറ്റിന്. അതിലേറ്റവും മുന്നിലിരുന്നവരുടെ വസ്‌ത്ര ഏറ്റവും പിന്നിലിരുന്നവർ കാണുകയും അതേക്കുറിച്ച് ഉറക്കെ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്തെന്ന്.... ആരെടാ ഉവ്വേ ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നത്. സമ്മതിക്കണം. പാരഗ്രാഫ് പത്ത് വായിച്ച് ജഡ്‌ജി കുടുകുടെ ചിരിച്ചെന്നാണ് അനൗദ്യോഗിക വിവരം. തമാശ വായിക്കൂ....

==ടി വാദികളോടുള്ള രാഷ്‌ട്രീയവിരോധം നിമിത്തവും കറുത്ത ഉടുപ്പിട്ടതിനാലുളള അസഹിഷ്‌ണുത നിമിത്തവും മുഖ്യമന്ത്രിയോട് പ്രതിഷേധം പ്രകടിപ്പിച്ചതിലുള്ള വിരോധം നിമിത്തവും പ്രതികൾ ന്യായവിരുദ്ധമായി സംഘം ചേർന്ന് പൊതുഉദ്ദേശ കാര്യസാധ്യത്തിനായി ആലോചിച്ചുറപ്പിച്ച് ടിയാൾകളെ കൊല്ലണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ടി വാദികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി വധിക്കാൻ ശ്രമിച്ചിട്ടുള്ളതും കൂടാതെ ടി ഒന്നാം വാദിയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ മറ്റ് യാത്രക്കാർ ഇടപെട്ട് പിന്തിരിപ്പിച്ചതുകൊണ്ടു മാത്രം മരണം സംഭവിക്കാതിരുന്നിട്ടുള്ളതും ടി പ്രതികൾ Section 120(B),  307, 308, 50 6 IPC പ്രകാരവും വിമാനയാത്ര സംബന്ധിച്ചുള്ള പ്രസക്തമായ ചട്ടങ്ങൾ പ്രകാരവുമുള്ള കുറ്റങ്ങൾ ചെയ്‌തിട്ടുള്ളതുമാണ്==.

ഈ പരാതി പൊലീസിന് കൈമാറുമ്പോൾ ജഡ്‌ജിയുടെ മനസിൽ എന്തായിരുന്നിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഏതായാലും ഈ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ ചുമത്തി ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനും പിഎയ്‌ക്കുമെതിരെ വലിയതുറ പൊലീസ് കേസെടുക്കുമെന്ന് മനഃപ്പായസമുണ്ട് അന്തിച്ചർച്ച സംഘടിപ്പിക്കുന്ന എല്ലാ സുന്ദരവിഡ്ഢികൾക്കും നല്ല നമസ്‌കാരം. മാധ്യമ റിപ്പോർട്ടുകളെ നമ്പരുത് എന്ന അടിസ്ഥാന പാഠം മനസിലുറപ്പിക്കാൻ ഒരനുഭവം കൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top