10 December Tuesday

സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ല എന്നത്‌ അസംബന്ധം; ഡോ. കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

"പാണക്കാട് പ്രേമികൾക്ക്" വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡണ്ടിൻ്റെ സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടി സാഹിബിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലത്? പാണക്കാട് തങ്ങൻമാരെ രാഷ്ട്രീയ നേതൃത്വം കയ്യാളുന്നതിൽ നിന്ന് ഒഴിവാക്കി നിർത്തി, മത സംഘടനാ നേതൃത്വത്തിലും ''ഖാളി ഫൗണ്ടേഷനി"ലും പതിമിതപ്പെടുത്തിയാൽ മാത്രമേ അവർ വിമർശനത്തിന് അതീതരാകൂ! - ഡോ. കെ ടി ജലീൽ എഴുതുന്നു.

ഡോ. കെ ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

മുഖ്യമന്ത്രിയുടെ പ്രസ്താവനയും ലീഗിൻ്റെ പിടച്ചിലും!

സി.പി.ഐ എമ്മും കോൺഗ്രസ്സും കഴിഞ്ഞാൽ കേരളത്തിലെ മൂന്നാമത്തെ ശക്തിയുള്ള രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്. അതിൻ്റെ സംസ്ഥാന പ്രസിഡണ്ടാണ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ. അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലെന്ന മട്ടിൽ ചില പ്രസ്താവനകളൊക്കെ കണ്ടു. മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണത്തിൽ തങ്ങളെയും മുസ്ലിംലീഗിനെയും വിമർശിക്കും. ഇങ്ങോട്ട് പറഞ്ഞാൽ അങ്ങോട്ട് പറയുന്നതും കേൾക്കേണ്ടി വരും. വിമർശിക്കപ്പെടരുത് എന്ന് നിർബന്ധമുണ്ടെങ്കിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പ്രസ്താവനകളിൽ നിന്നും രാഷ്ട്രീയ പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും സാദിഖലി തങ്ങൾ മാറി നിൽക്കുകയാണ് വേണ്ടത്.

മുഖ്യമന്ത്രി എന്താ പറഞ്ഞത്‌....?
"മുസ്ലീം ലീഗ്‌ പ്രസിഡന്റ്‌ സാദിഖലി തങ്ങൾ ജമാ അത്തെ ഇസ്ലാമി അംഗത്തെ പോലെ സംസാരിക്കുന്നു. നേരത്തേ ഉള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാൾ ആയിരുന്നു". ഈ പ്രസ്താവനയിൽ ലീഗ് നേതാക്കൾ തെറ്റുകാണുന്നത് എവിടെയാണ്? ജമാഅത്തെ ഇസ്ലാമി അംഗം സംസാരിക്കുന്ന പോലെ സംസാരിക്കുന്നു എന്നുള്ളത് അത്രക്ക് അപരാധമായിട്ടാണോ ലീഗ് കരുതുന്നത്. സമീകരണത്തിന് പോലും അർഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിയെ എന്തിനാണ് ലീഗ് സ്വന്തം ആലയിൽ കെട്ടിയിരിക്കുന്നത്?  ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കലാണ് ജമാഅത്തിൻ്റെ ആത്യന്തിക ലക്ഷ്യം എന്നറിഞ്ഞിട്ടും ലീഗ് സി.എച്ചിൻ്റെ വഴിയിൽ നിന്ന് വ്യതിചലിക്കുന്നത് കാണുമ്പോൾ അഭ്യുദയകാംക്ഷികൾക്ക് പ്രയാസം തോന്നുക സ്വാഭാവികം! സംഘിഭാഷയാണ് പിണറായിയുടേത് എന്ന് ലീഗിന് പറയാമെങ്കിൽ ജമാഅത്തെ ഇസ്ലാമി അംഗത്തെ പോലെയാണ് സാദിഖലി തങ്ങൾ സംസാരിക്കുന്നത് എന്നു പറയാൻ മറുഭാഗത്തുള്ളവർക്കും അവകാശമില്ലേ? ഒരു പാലമിടുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടക്കാനാണ്. ആ ഓർമ്മ എല്ലാവർക്കും വേണം.

"പാണക്കാട് പ്രേമികൾക്ക്" വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡണ്ടിൻ്റെ സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടി സാഹിബിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലത്? പാണക്കാട് തങ്ങൻമാരെ രാഷ്ട്രീയ നേതൃത്വം കയ്യാളുന്നതിൽ നിന്ന് ഒഴിവാക്കി നിർത്തി, മത സംഘടനാ നേതൃത്വത്തിലും ''ഖാളി ഫൗണ്ടേഷനി"ലും പതിമിതപ്പെടുത്തിയാൽ മാത്രമേ അവർ വിമർശനത്തിന് അതീതരാകൂ!

അങ്കത്തട്ടിൽ കളരിക്കിറങ്ങിയ ചേകവരെ തൊടാൻ പാടില്ലെന്ന് പറയും പോലെ അസംബന്ധമാണ് രാഷ്ട്രീയക്കളരിയിൽ സജീവമായി നിൽക്കുന്ന സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ലെന്നത്.

അന്തരിച്ച ആര്യാടൻ മുഹമ്മദിനോളം പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചവർ മറ്റാരും ഉണ്ടായിട്ടില്ല. അന്നെന്തേ ലീഗ് നേതാക്കളുടെയും കോൺഗ്രസ് നേതാക്കളുടെയും നാക്ക് പൊങ്ങിയില്ല? കൊടപ്പനക്കൽ തറവാട്ടിലെ തങ്ങൻമാരെ പണ്ടത്തെ അഖിലേന്ത്യാലീഗ് (വിമതലീഗ്) നേതാക്കൾ അപഹസിച്ച പോലെ മറ്റാരും പരിഹസിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. അവരെല്ലാം ഇന്ന് ലീഗ് നേതൃനിരയിലെ പ്രമുഖൻമാരാണ്. അവരെയൊക്കെ നേരിട്ടിട്ട് പോരേ നാട്ടുകാരുടെ
മെക്കട്ട് കയറൽ!

തുർക്കിയിലെ ''അയാസോഫിയ" വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ അതേ അഭിപ്രായമാണ് സാദിഖലി തങ്ങൾ ഏറ്റെടുത്ത് ലേഖനമാക്കി ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചത്. അതിൻ്റെ അവസാന പാരഗ്രാഫ് ഇങ്ങിനെ വായിക്കാം: "ഭരണപക്ഷം പ്രതിപക്ഷം എന്ന വ്യത്യാസമില്ലാതെ തുർക്കി ജനത ഒന്നടങ്കം ആവശ്യപ്പെട്ട, ടർക്കിഷ് റിപബ്ലിക്കിൻ്റെ രേഖകളിൽ പള്ളിയായിത്തന്നെ റജിസ്റ്റർ ചെയ്യപ്പെട്ട, റിപബ്ലിക്കിൻ്റെ ആദ്യത്തെ ആറുവർഷം പള്ളിയായി നിലനിന്ന ആരാധനാലയം വിശ്വാസികൾക്ക് തുറന്നുകൊടുക്കാതിരിക്കലല്ലേ യഥാർത്ഥത്തിൽ ജനാധിപത്യ വിരുദ്ധം. ആരാധനാലയങ്ങളും പള്ളികളും താഴിട്ടുപൂട്ടുന്ന പാശ്ചാത്യ മതേതരത്വത്തിൽ നിന്ന് ആരാധനാലയങ്ങൾ വിശ്വാസികൾക്ക് തുറന്നു കൊടുക്കുന്ന കിഴക്കൻ മതേതരത്വത്തിലേക്കുള്ള തിരിഞ്ഞുനടത്തമാണ് അയാസോഫിയയുടെ പള്ളി പുനസ്ഥാപനം എന്ന് നിസ്സംശയം പറയാം".(സാദിഖലി തങ്ങൾ, പ്രസിഡണ്ട്, കേരള സ്റ്റേറ്റ് മുസ്ലിംലീഗ്, 'ചന്ദ്രിക'). ഇതുകൊണ്ടാണ് മുഖ്യമന്ത്രി അത്തരം ഒരു പ്രസ്താവന നടത്തിയത്? അതിലെന്താ തെറ്റ്?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top