07 June Wednesday

നിലമ്പൂരിൽ നിന്ന് ബാലുശ്ശേരിയിലേക്കുള്ള ദൂരം‐ ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രതിഷേധത്തിൽ കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 17, 2021

പാൻസും ഷർട്ടും മഫ്‌തയുമണിഞ്ഞ് നഴ്‌സിങ്‌ കോളേജുകളിലേക്കും പാരാമെഡിക്കൽ സ്ഥാപനങ്ങളിലേക്കും മനേജ്മെന്റെ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും സ്വന്തം പെൺമക്കൾ പടിയിറങ്ങിപ്പോകുമ്പോൾ തോന്നാത്ത ‘സ്വത്വബോധം’ ബാലുശ്ശേരിയിലെ സർക്കാർ വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടികളുടെ കാര്യത്തിൽ തോന്നിയതിന്റെ ഗുട്ടൻസ് അരിയാഹാരം കഴിക്കുന്ന ഏവർക്കും പെട്ടന്ന് പിടികിട്ടും. ബഹുമാന്യനായ പി വി അബ്ദുൽ വഹാബ്  എംപി നടത്തുന്ന പീവീസ് പബ്ലിക്ക് സ്‌കൂളിൽ ‘ഹലാലായ’ (അനുവദനീയം) വേഷം ബാലുശ്ശേരിയിലെത്തുമ്പോൾ ‘ഹറാം’ (നിഷിദ്ധം) ആകുന്നതിന്റെ പൊരുൾ വരേണ്യ വർഗ്ഗ ബോധമല്ലാതെ മറ്റെന്താണ്?

ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ഉടുക്കുന്ന വസ്ത്രത്തിലും പഠിക്കുന്ന പാഠഭാഗങ്ങളിലും വായിക്കുന്ന പുസ്‌തകങ്ങളിലും കാണുന്ന സിനിമകളിലും ആസ്വദിക്കുന്ന കലാസൃഷ്‌ടികളിലും ഏർപ്പെടുന്ന കായിക വിനോദങ്ങളിലും കുടുംബ സൃഷ്‌ടിക്കായുള്ള വൈവാഹിക ബന്ധങ്ങളിലും നാടിന്റെ വികസന കാഴ്‌ചപ്പാടുകളിലും സംസ്ഥാനത്തിന്റെ ഭരണനിർവ്വഹണ രംഗങ്ങളിലും തുടങ്ങി നടപ്പിലും ഇരിപ്പിലും പെരുമാറ്റതിലും ശ്വാസോച്ഛ്വാസത്തിലും വരെ വർഗ്ഗീയഭ്രാന്ത് കുത്തിനിറച്ച് വിഷം ചീറ്റുന്ന മനുഷ്യ മൂർഖൻമാരെക്കുറിച്ച് എന്തു പറയാൻ?

അവരുടെ കാർക്കഷ്യതയും സൂക്ഷ്‌മതയും അവരുൾക്കൊള്ളുന്ന വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ പാലിക്കാൻ നിശ്‌കർഷിച്ചിരുന്നുവെങ്കിൽ ചൂഷണ മുക്തവും സമത്വാധിഷ്‌ഠിതവുമായ ഒരു സമൂഹം ആദിഗുരുക്കന്മാരുടെ യുഗത്തിലെന്നപോലെ വർത്തമാന കാലത്തും ഒരുപക്ഷേ സൃഷ്‌ടിക്കപ്പെടുമായിരുന്നു.

പാൻസും ഷർട്ടും മഫ്‌തയുമണിഞ്ഞ് നഴ്‌സിങ്‌ കോളേജുകളിലേക്കും പാരാമെഡിക്കൽ സ്ഥാപനങ്ങളിലേക്കും മനേജ്മെന്റെ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും സ്വന്തം പെൺമക്കൾ പടിയിറങ്ങിപ്പോകുമ്പോൾ തോന്നാത്ത ‘സ്വത്വബോധം’ ബാലുശ്ശേരിയിലെ സർക്കാർ വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടികളുടെ കാര്യത്തിൽ തോന്നിയതിന്റെ ഗുട്ടൻസ് അരിയാഹാരം കഴിക്കുന്ന ഏവർക്കും പെട്ടന്ന് പിടികിട്ടും. ബഹുമാന്യനായ പി വി അബ്ദുൽ വഹാബ്  എംപി നടത്തുന്ന പീവീസ് പബ്ലിക്ക് സ്‌കൂളിൽ ‘ഹലാലായ’ (അനുവദനീയം) വേഷം ബാലുശ്ശേരിയിലെത്തുമ്പോൾ ‘ഹറാം’ (നിഷിദ്ധം) ആകുന്നതിന്റെ പൊരുൾ വരേണ്യ വർഗ്ഗ ബോധമല്ലാതെ മറ്റെന്താണ്? കോരന്റെയും മമ്മദിന്റെയും മക്കൾക്ക് വേഷവിധാനനത്തിന്റെ ചാർട്ട് സമുദായ മേലാളൻമാർ പണ്ടേ കൽപിച്ച് വെച്ചിട്ടുണ്ടല്ലോ? അതിലേക്കുള്ള കടന്ന് കയറ്റമായി ബാലുശ്ശേരിയിലെ കാഴ്‌ച കണ്ടവർക്കേ സച്ചിൻ ദേവെന്ന യുവ എംഎൽഎക്കെതിരെ വിരൽ ചൂണ്ടാനാകൂ.

മതാന്ധത തലയ്ക്കുപിടിച്ച ‘പുരോഗമന യാഥാസ്ഥികർക്ക്’ കളംനിറഞ്ഞാടാൻ അവസരമൊരുക്കിക്കൊടുക്കുന്നവർ നാടിന്റെ മുന്നോട്ടുള്ള പ്രയാണ വീഥിയിലാണ് പ്രതിബന്ധങ്ങൾ തീർക്കുന്നതെന്ന് ഓർമ്മിക്കുക. 1967 ൽ സാക്ഷാൽ എകെജിയും ഇഎംഎസും നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കി കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലിംലീഗ് അധികാര പങ്കാളിത്തം ഉറപ്പാക്കിയപ്പോൾ തോന്നാത്ത കമ്യൂണിസ്റ്റ് അയിത്തം അരനൂറ്റാണ്ടിനിപ്പുറം സമുദായത്തിലെ ‘നിയോ കൺസർവേറ്റീവുകൾ’ക്ക് തോന്നുന്നത് ആദർശ പ്രതിബദ്ധത കൊണ്ടല്ലെന്ന് ഉറപ്പാണ്.

സി. അച്ചുതമേനോൻ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിനെ കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി നീണ്ട ആറുവർഷം അധികാരത്തിന്റെ മധു നുകർന്നപ്പോൾ അനുഭവപ്പെടാത്ത നിരീശ്വരവാദ വിരുദ്ധ മതബോധം ഇപ്പോൾ പൊട്ടി ഒലിക്കുന്നതിന്റെ ‘രഹസ്യം’ മനസ്സിലാക്കാൻ വലിയ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല.

എംകെ ഹാജി എന്ന സാത്വികനും സൈതുമ്മർ ബാഫഖി തങ്ങളെന്ന മിതഭാഷിയും കമ്യൂണിസ്റ്റുകാരുമായി ചങ്ങാത്തം സ്ഥാപിച്ചപ്പോഴും ഇപ്പോൾ വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദ സിദ്ധാന്തമോർത്ത് തലതല്ലിക്കീറുന്ന സമുദായ ഗീർവാണൻമാരെ ആരെയും കണ്ടത് ഓർമ്മയില്ല. ഏകാംഗം മാത്രമുണ്ടായിരുന്ന മുസ്ലിംലീഗിന് ഒന്നാം യുപിഎ സർക്കാറിൽ കമ്യൂണിസ്റ്റ് എംപിമാരുടെ പിന്തുണയിൽ വിഭജനാനന്തര ഇന്ത്യയിൽ പ്രഥമമായി മന്ത്രിക്കസേരയിൽ അവരോധിതമാകാൻ ഭാഗ്യമുണ്ടായ ഘട്ടത്തിലും മാർക്‌സിസ്റ്റുകാർ മതത്തിന്റെ ശത്രുക്കളാണെന്നും അവരുടെ പിന്തുണ വേണ്ടെന്നും തമാശക്ക് പോലും ആരും പറഞ്ഞത് കേട്ടിട്ടില്ല.
റവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടിയുടെ (RMP) ജീവാത്മാവായ സഖാവ് രമയെ വടകരയിൽ പിന്തുണച്ചപ്പോഴും കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയുടെ (CMP) സർവസ്വവുമായിരുന്ന എം വി രാഘവനെ മന്ത്രിയാക്കിയപ്പോഴും സിഎംപി നേതാവ് സി പി ജോണിനെ പ്ലാനിങ്‌ ബോർഡ് അംഗമാക്കാൻ പച്ചക്കൊടി വീശിയപ്പോഴും തൊട്ടു കൂടാത്തവരാണ് മാർക്‌സിസ്റ്റുകാരെന്ന് ഒരു പ്രസംഗ പീഠത്തിൽ നിന്നും ആരും ഉൽബോധിപ്പിച്ചത് സ്‌മൃതിപഥങ്ങളിലില്ല.

കമ്യൂണിസം അടിത്തറയായി അംഗീകരിച്ച റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുമായും (RSP) ഫോർവേഡ് ബ്ലോക്കുമായും സഹകരിച്ച് ഇപ്പോഴും ലീഗ് മുന്നോട്ട് പോകുമ്പോൾ അവരുടെ നാസ്‌തിക വീക്ഷണം സ്റ്റഡീ ക്ലാസ്സുകളിൽ ചർച്ച ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണാവോ?. മുസ്ലിങ്ങൾക്കിടയിലെ മതരാഷ്ട്ര വാദികളെയും നവോത്ഥാനക്കാരെയും ഖിലാഫത്ത് സമര വിരുദ്ധരെയും കൂട്ടുപിടിച്ച് ഇപ്പോൾ നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടപ്പൊരിച്ചിൽ തുടർച്ചയായി രണ്ടാം തവണയും അധികാരം നഷ്ടപ്പെട്ടതിന്റെ കലിപ്പ് തീർക്കലാണെന്ന് ആർക്കാണറിയാത്തത്.

ദീനിൽ ചേർന്നുവെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലീഗാഫീസിൽ നിന്നാണ് കൊടുക്കുന്നതെങ്കിൽ ആ സർട്ടിഫിക്കറ്റ് നാട്ടിൽ ആർക്കു വേണം? അത്തരം ധാരണകൾ ആർക്കെങ്കിലുമുണ്ടെങ്കിൽ അവരാ സാക്ഷ്യപത്രം പുഴുങ്ങി ലേഹ്യമാക്കി സ്വയം സേവിച്ച് ആത്മസായൂജ്യമടയലാകും അഭികാമ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top