17 July Wednesday

എൻറിക്കാ ലെക്‌സി: നല്ലൊരു നഷ്ടപരിഹാരത്തുക നേടിയെടുക്കുക മറ്റൊന്നും ചെയ്യാനില്ല

ദീപക് രാജുUpdated: Friday Jul 10, 2020

ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ 'എന്‍റിക്ക ലെക്സി'യിലെ ഇറ്റാലിയന്‍ നാവികര്‍  രണ്ടു ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ  കേസിലെ വിധിയെപ്പറ്റി ജനീവയിൽ അന്താരാഷ്‌ട്ര നിയമം പ്രാക്‌ടീസ് ചെയ്യുന്ന ദീപക് രാജുഎഴുതുന്നു

കടലിലെ നിയമങ്ങളെക്കുറിച്ച് നേരത്തെ എഴുതിയ കുറിപ്പുകളിൽ എൻറിക്കാ ലെക്സിയെക്കുറിച്ച് ആ കേസിലെ വിധി വായിച്ചുകഴിഞ്ഞ് വിശദമായി എഴുതാം എന്ന് പറഞ്ഞിരുന്നു. ഇപ്പോഴും വിധി ഔദ്യോഗികമായി വന്നിട്ടില്ല. പക്ഷേ, കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഒരു അപേക്ഷയിൽ വിധി മുഴുവനായി ചേർത്തിട്ടുണ്ട്. നാനൂറിൽ പരം പേജുള്ള വിധി ഇപ്പോൾ വായിച്ച് കഴിഞ്ഞതേയുള്ളൂ.

വളരെ സാങ്കേതികമായ ഒരു വിധിയെക്കുറിച്ച്, അതും ഒരുമാതിരി എല്ലാവരും അഭിപ്രായം പറഞ്ഞുകഴിഞ്ഞ അവസരത്തിൽ, എഴുതുന്നത് അൽപം ബുദ്ധിമുട്ടുള്ള പണിയാണ്. എങ്കിലും ശ്രമിക്കുന്നു.

ഈ കേസിനെക്കുറിച്ച് ചർച്ച ചെയ്യുന്ന പലരും സംഭാഷണം തുടങ്ങുന്നത് "ഇന്ത്യൻ സമുദ്ര അതിർത്തിക്കുള്ളിൽ" വച്ചാണ് വെടിവയ്പ്പ് ഉണ്ടായത് എന്ന് പറഞ്ഞാണ്. ഇവിടെ "സമുദ്ര അതിർത്തി" എന്ന പ്രയോഗം ഒരു ടെക്ക്നിക്കൽ അർത്ഥത്തിൽ അല്ല ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. നേരത്തെ ഇട്ട പോസ്റ്റിൽ പറഞ്ഞതുപോലെ കരയിൽ നിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ ദൂരമാണ് ഇന്ത്യക്ക് പരമാധികാരമുള്ള "ടെറിട്ടോറിയൽ സീ". അതിനപ്പുറം ഇരുനൂറ് നോട്ടിക്കൽ മൈൽ വരെ "എക്സ്ക്ലൂസീവ് ഇക്കണോമിക്ക് സോൺ" എന്ന പേരിൽ ഇന്ത്യക്ക് പരമാധികാരമില്ലാത്ത, എന്നാൽ വിഭവങ്ങളിൽ ഇന്ത്യക്ക് മാത്രം അധികാരമുള്ള സ്ഥലമാണ്. കരയിൽനിന്ന് ഇരുപത് നോട്ടിക്കൽ മൈൽ ദൂരെയാണ് വെടിവയ്പ്പ് ഉണ്ടായത് എന്നാണ് വിധിയിൽ പറയുന്നത്. ഇന്ത്യ അങ്ങനെയല്ല എന്ന് വാദിച്ചിട്ടും ഇല്ല.

1976 ലെ ഇന്ത്യൻ നിയമവും അതിൻകീഴിൽ സർക്കാർ ഇറക്കിയ ഒരു നോട്ടിഫിക്കേഷനും വഴി ഇന്ത്യൻ ശിക്ഷാ നിയമം എക്സ്ക്ലൂസീവ് എക്കണോമിക്ക് സോണിൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ബാധകമാക്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യാൻ ഇന്ത്യക്ക് അധികാരം ഇല്ല എന്നും 1976-ലെ ഇന്ത്യൻ നിയമം അന്താരാഷ്‌ട്ര നിയമത്തിന് വിരുദ്ധമാണ് എന്നും ഇറ്റലി വാദിച്ചു. പക്ഷേ, ഈ നിയമപ്രകാരമാണ് ഇന്ത്യ ഈ കേസിൽ നടപടികൾ സ്വീകരിച്ചത് എന്ന് ട്രൈബ്യൂണലിന് ബോദ്ധ്യമായില്ല എന്നതുകൊണ്ട് ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കേണ്ടതില്ല എന്ന് ട്രൈബ്യൂണൽ കണ്ടെത്തി.

ട്രൈബ്യൂണലിന് മുന്നിലെ അടുത്ത ചോദ്യം എൻറിക്കാ ലെക്സിയിൽനിന്ന് വെടിവച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വധിച്ച സംഭവം അന്വേഷിക്കാനും കേസ് എടുക്കാനും ആർക്കാണ് അധികാരം എന്നതായിരുന്നു. കടലിനെ സംബന്ധിക്കുന്ന അന്താരാഷ്‌ട്ര കരാർ 92-ആം വകുപ്പ് അനുസരിച്ച് ഒരു കപ്പലിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ആ കപ്പൽ ഏത് രാജ്യത്തിന്റെ ദേശീയത ഉള്ളതാണോ ആ രാജ്യത്തിന് (ഫ്ലാഗ് സ്റ്റേറ്റ്, പതാകാ രാഷ്ട്രം) മാത്രമാണ് അധികാരം. ഇവിടെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ഇറ്റാലിയൻ കപ്പലായ എൻറിക്കാ ലെക്സിയിൽ തുടങ്ങുകയും ഇന്ത്യൻ കപ്പലായ സെന്റ് ആന്റണിയിൽ അവസാനിക്കുകയും ചെയ്തതിനാൽ രണ്ട് രാജ്യങ്ങൾക്കും ഈ സംഭവം അന്വേഷിക്കാനും നടപടികൾ എടുക്കാനും അവകാശം ഉണ്ടെന്ന് ട്രൈബ്യൂണൽ കണ്ടെത്തി.

എന്നാൽ, രാജ്യങ്ങൾക്ക് പരമാധികാരം ഇല്ലാത്ത പുറംകടലിൽ (ഹൈ സീസ്) ഒരു കപ്പൽ ആയിരിക്കുമ്പോൾ ആ കപ്പലിന് മേൽ അധികാരം പ്രയോഗിക്കാൻ കഴിയുന്നത് പതാകാ രാഷ്ട്രത്തിന് മാത്രമാണ്. ഇന്ത്യക്ക് പരമാധികാരമില്ലാത്ത ഇടത്ത് നിന്ന് എൻറിക്ക ലെക്സിയെ കോസ്റ്റ് ഗാർഡിന്റെയും പോലീസിന്റെയും അകമ്പടിയോടെ കൊച്ചിയിൽ എത്തിച്ചത് ഈ നിയമത്തിന്റെ ലംഘനമാണ് എന്ന് ഇറ്റലി വാദിച്ചു. എന്നാൽ കപ്പലിന്റെ ക്യാപ്റ്റന്റെ സാക്ഷിമൊഴി അനുസരിച്ച് കപ്പൽ നിർബന്ധിച്ച് കൊച്ചിയിലേയ്ക്ക് കൊണ്ടുവന്നതല്ല, സ്വമേധയാ അധികാരികളോട് സഹകരിക്കാൻ തീരുമാനിച്ചതാണ് എന്ന് കോടതി കണ്ടെത്തി. ഇന്ത്യയ്ക്ക് പരമാധികാരമുള്ള ഇടത്ത് എത്തിക്കഴിഞ്ഞ് മാത്രമേ ഇന്ത്യ കപ്പലിന് മേൽ അധികാര പ്രയോഗം നടത്തിയുള്ളൂ എന്നാണ് കോടതി കണ്ടെത്തിയത്.

ഇതിനിടെ, കപ്പലിനെ കൊച്ചിയിലേയ്ക്ക് കൊണ്ടുവന്നത് കടൽക്കൊള്ളക്കാരുടെ രണ്ട് ബോട്ട് പിടിച്ചിട്ടുണ്ട്, അത് സംബന്ധിച്ച് മൊഴി തരണം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് എന്ന് ഇറ്റലി വാദിച്ചു. തെളിവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആ വാദവും ട്രൈബ്യൂണൽ തള്ളി.

"കപ്പലുകൾ തമ്മിൽ കൂട്ടിമുട്ടുന്ന കേസുകളിലും ഗതാഗതം സംബന്ധിക്കുന്ന മറ്റ് സംഭവങ്ങളിലും" കേസെടുക്കാനുള്ള അധികാരം ഫ്‌ളാഗ് സ്റ്റേറ്റിന് മാത്രമായി പരിമിതപ്പെടുത്തുന്ന കരാറിലെ 97-ആം വകുപ്പ് പ്രകാരമുള്ള ഇറ്റലിയുടെ വാദവും ട്രൈബ്യൂണൽ തള്ളി. രണ്ട് കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു എന്ന് ട്രൈബ്യൂണൽ കണ്ടെത്തിയെങ്കിലും വെടിവയ്പ്പ് ഗതാഗതം സംബന്ധിക്കുന്ന ഒരു സംഭവം അല്ല എന്നായിരുന്നു ട്രൈബ്യൂണൽ കണ്ടെത്തിയത്.

ഇത്രയും വായിക്കുമ്പോൾ ഈ കേസ് ഇന്ത്യ ജയിച്ചില്ലേ എന്ന് തോന്നാം. ഇനിയാണ് ട്വിസ്റ്റ്.

വെടിവച്ച നാവികർ ഇറ്റാലിയൻ നാവിക സേനയിലെ ഉദ്യോഗസ്ഥരാണ്. സൈനിക ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണത്തിൽ വിദേശ രാജ്യങ്ങളുടെ അധികാരത്തിൽ നിന്ന് ഇമ്യൂണിറ്റി ഉണ്ട് എന്ന് ഇറ്റലി വാദിച്ചു.

ഈ വാദം ട്രൈബ്യൂണലിനു കേൾക്കാൻ സാധിക്കുമോ എന്നത് തന്നെ പ്രശ്നമായിരുന്നു. കടലിനെ സംബന്ധിക്കുന്ന അന്താരാഷ്ട്ര കരാറിൽ ഈ വാദത്തിന് ആസ്പദമായ ഇമ്യൂണിറ്റിയെ സംബന്ധിക്കുന്ന വ്യവസ്ഥകൾ ഒന്നുമില്ല; ആ കരാറിൽ സർക്കാർ കപ്പലുകൾക്കും യുദ്ധവിമാനങ്ങൾക്കും ഒക്കെ മാത്രമാണ് ഇമ്യൂണിറ്റി ഉള്ളത്. കരാറിന് പുറത്ത് മറ്റ് അന്താരാഷ്ട്ര നിയമപ്രകാരം ഇമ്യൂണിറ്റി ഉണ്ട് എന്ന വാദം കരാർ തർക്കങ്ങൾ പരിഹരിക്കാൻ സ്ഥാപിതമായ ട്രൈബ്യൂണലിനു തീർപ്പാക്കാൻ സാധിക്കുമോ? ആ വാദം പ്രധാന തർക്കത്തിന് "അനുബന്ധം" ആണെന്നും, അതുകൊണ്ട് അതും ട്രൈബ്യൂണലിന് കേൾക്കാൻ സാധിക്കും എന്നും ട്രൈബ്യൂണൽ തീരുമാനിച്ചു.

ആ വാദത്തിന്റെ മെറിറ്റിൽ ട്രൈബ്യൂണൽ ഇറ്റലിയോട് യോജിച്ച് നാവികർക്ക് ഇമ്യൂണിറ്റി ഉണ്ട് എന്ന് തീരുമാനിച്ചു. അതുകൊണ്ട്, അവർക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യക്ക് അധികാരമില്ല. ഇന്ത്യ എല്ലാ നടപടികളും നിർത്തി വയ്ക്കണം. അതായത്, മറ്റെല്ലാ വിഷയങ്ങളും ഇന്ത്യക്ക് അനുകൂലമായി വിധിച്ചിട്ട് അവസാനം ഈ അനുബന്ധത്തിൽ ട്രൈബ്യൂണൽ ഇന്ത്യക്കെതിരായി വിധിച്ചു.

നാവികർക്കെതിരെ അന്വേഷണം പുനരാരംഭിക്കാം എന്ന് ഇറ്റലി ഉറപ്പ് നൽകി എന്ന് ട്രൈബ്യൂണൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അന്വേഷണത്തിൽ സഹകരിക്കാനും തെളിവ് കൊടുക്കാനും ഇന്ത്യക്ക് അവസരമുണ്ട്.

അവസാനമായി, ഇന്ത്യ ഇറ്റലിക്കെതിരെ കൊണ്ടുവന്ന വാദങ്ങളെയും ട്രൈബ്യുണൽ പരിശോധിച്ചു. ഇവയിൽ, പുറംകടലിൽ ഉള്ള കപ്പലിന്റെ സ്വതന്ത്ര ഗതാഗതത്തെ തടസപ്പെടുത്തിക്കൊണ്ട് ഇറ്റലി കരാറിന്റെ 87, 90 വകുപ്പുകൾ ലംഘിച്ചു എന്ന് ട്രൈബ്യുണൽ കണ്ടെത്തി. ഇത് മൂലം ഉണ്ടായ നഷ്ടത്തിന് (ജീവ നാശം ഉൾപ്പടെ) ഇറ്റലി ഇന്ത്യക്ക് നഷ്ടപരിഹാരം തരണം. നഷ്ടപരിഹാര തുക സംബന്ധിച്ച് തർക്കം ഉണ്ടായാൽ കക്ഷികൾക്ക് വീണ്ടും കോടതിയെ സമീപിക്കാം.

വിധിയൊടൊപ്പം രണ്ട് ആർബിട്രേറ്റർമാരുടെ വിയോജനക്കുറിപ്പുകളുമുണ്ട്. ഇവയിൽ ഡോ. പി.എസ്. റാവുവിന്റെ വിയോജനക്കുറിപ്പ് വളരെ ശക്തമാണ്. കരാർ വ്യവസ്ഥകൾപ്രകാരമല്ലാത്ത ഇമ്യൂണിറ്റി സംബന്ധിക്കുന്ന തർക്കങ്ങൾ തീർപ്പാക്കാൻ ട്രൈബ്യൂണലിന് അധികാരം ഇല്ല എന്ന് അദ്ദേഹം വാദിക്കുന്നു. കരാറിനെ അടിസ്ഥാനമാക്കി മാത്രം തർക്കം പരിഹരിച്ച്, ഇമ്യൂണിറ്റി സംബന്ധിക്കുന്ന തർക്കം ഇന്ത്യൻ കോടതിക്ക് വിടണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇമ്യൂണിറ്റി സംബന്ധിക്കുന്ന വാദങ്ങൾ ട്രൈബ്യൂണലിന് കേൾക്കണമെങ്കിൽ പോലും കച്ചവടക്കപ്പലുകളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികർക്ക് ഇമ്യൂണിറ്റി ഇല്ല എന്നും അദ്ദേഹം വാദിക്കുന്നു.

ഈ വിധി അന്തിമമാണ്. ഇനി, നല്ലൊരു നഷ്ടപരിഹാരത്തുക നേടിയെടുക്കുക, ഇറ്റലിയിൽ നടക്കുന്ന അന്വേഷണത്തിൽ തെളിവുകൾ നൽകി സഹകരിക്കുക എന്നിവ മാത്രമേ ഇന്ത്യക്ക് ചെയ്യാനുള്ളൂ.

കൂടുതൽ വായനയ്ക്ക്‌:

കടലിലെ നിയമങ്ങൾ...ദീപക് രാജു എഴുതുന്നു

കടലിലെ നിയമങ്ങൾ .
Read more: https://www.deshabhimani.com/from-the-net/deepak-raju-on-laws-of-the-sea/881174
കടലിലെ നിയമങ്ങൾ .
Read more: https://www.deshabhimani.com/from-the-net/deepak-raju-on-laws-of-the-sea/881174

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top