06 June Tuesday

ജാതിവെറിയെ എതിർത്തതിന്‌ കുത്തിക്കൊന്ന്‌ മരത്തിൽ കെട്ടിത്തൂക്കി; അറിയണം തിരുപ്പൂർ ഇടുവൈയിലെ സിപിഐ എം നേതാവ്‌ രത്നസ്വാമിയെ

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

ഇടുവൈയിൽ രണ്ടാം വട്ടവും സിപിഐ എം വിജയിച്ചത് പലർക്കും സഹിക്കാൻ കഴിയാത്ത കാര്യമായിരുന്നു. രത്നസ്വാമിയും അയാളുടെ പാർടിയും കൂടുതൽ ഉശിരോടെ പോരാടി. ഭരണരംഗത്ത് ജാതി മേലാളൻമാരുടെ കുത്തക അവസാനിപ്പിക്കപ്പെട്ടു. എന്നാൽ സവർണ്ണ മൂരാച്ചികൾ അടങ്ങിയിരുന്നില്ല. രത്നസ്വാമിയെ വകവരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു അവർ. ഒടുവിൽ... ജിതിൻ ഗോപാലകൃഷ്‌ണൻ എഴുതുന്നു.

സിപിഐഎമ്മും ജാതിയും.

ജാതി വെറിയൻമാരോട് എതിർത്തുനിന്നതിന് ഇന്ത്യയിൽ എവിടെയെങ്കിലും ഒരു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടി തൂക്കി ശിക്ഷാവിധി നടപ്പാക്കിയ സംഭവം നിങ്ങൾ കേട്ടിട്ടുണ്ടോ? അതേ മരക്കൊമ്പിൽ അയാൾചെയ്‌ത‌ "തെറ്റുകൾ" വലിയ കാർഡ്ബോർഡിൽ എഴുതി തൂക്കിയിട്ടുകൊണ്ട് മേലിൽ ആരെങ്കിലും ദളിതർക്കൊപ്പം നിന്ന് സവർണ്ണ ജാതിഹിന്ദുക്കളെ ചോദ്യം ചെയ്‌താൽ ഇതായിരിക്കും വിധിയെന്ന് പ്രഖ്യാപിച്ച ജാതിക്കോമരങ്ങളെപ്പറ്റി നിങ്ങൾ വായിച്ചിട്ടുണ്ടോ? അത്രയൊന്നും പഴയ കഥയല്ല, സംഭവം നടന്നത് 2002 ലാണ്. കൊല്ലപ്പെട്ടത് രണ്ടാം വട്ടവും തമിഴ്‌നാട്ടിലെ ഇടുവൈ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി ജയിച്ചുകയറിയ സിപിഐ എം നേതാവായ സഖാവ് രത്നസ്വാമിയാണ്. അതുകൊണ്ടുതന്നെ മുഖ്യധാരാ മാധ്യമങ്ങളിൽ നിങ്ങളാ പേരോ സംഭവമോ കേട്ടിട്ടുണ്ടാവില്ല.

തമിഴ്നാട്ടിലെ തിരുപ്പൂർ ടൗണിൽ നിന്നും പത്ത് കിലോമീറ്റർ പരിധിയിൽ വരുന്ന ഗ്രാമമാണ് ഇടുവൈ. അയിത്തത്തിനെതിരെ സിപിഐഎം തമിഴ്നാട്ടിലുടനീളം നടത്തിവന്നിരുന്ന പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇടുവൈയിലെ ചായക്കടകളിലെ പരസ്യമായ ജാതി വിവേചനത്തെ രത്നസ്വാമിയും സഖാക്കളും ചോദ്യം ചെയ്തത്. ദളിതർക്ക് പ്രത്യേക ഗ്ലാസിൽ ചായ കൊടുക്കുന്ന രീതി മേലിൽ നടക്കില്ലെന്ന് രത്നസ്വാമി പ്രഖ്യാപിച്ചു. 1996 ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ രത്നസ്വാമിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ്സ് ഉൾപ്പെടെ ആറു പ്രബല രാഷ്ട്രീയ പാർടി സ്‌ഥാനാർത്ഥികൾ ഉണ്ടായിരുന്നു. ഡിഎംകെ യേയും എഐഎഡിഎംകെയേയും തോൽപ്പിച്ചുകൊണ്ടാണ് ജനകീയ നേതാവായി ഉയർന്നുവന്ന രത്നസ്വാമി ജയിച്ചുകയറി പഞ്ചായത്ത്‌ പ്രസിഡന്റായത്.

പ്രസിഡന്റ് ആയ ശേഷം അദ്ദേഹം ദളിതരുടെ ഭൂമിയൊഴിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ കമ്പനികളെ ഇടുവൈ ഗ്രാമത്തിൽ നിന്നും തുരത്തിയോടിച്ചു. ജാതി മേലാളൻമാരുടെ തിട്ടൂരങ്ങളെ തുറന്നെതിർത്തു. പ്രകോപിതരായ ജാതിവെറിയന്മാർ 1998 ൽ രത്നസ്വാമിയെ കുത്തിവീഴ്ത്തി ഒരു പാടത്തിൽ കൊണ്ടിട്ടു. അത്ഭുതകരമായാണ് അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടിയത്.

2001 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരെ ഒരു എതിരാളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിഎംകെ, എഐഎഡിഎംകെ, കോൺഗ്രസ്സ് ഉൾപ്പെടെ സകലരും ഇടുവൈ ഗ്രാമത്തിലെ ഡോമിനന്റ് കാസ്റ്റ് പ്രതിനിധിയെ സിപിഐ എം സ്‌ഥാനാർത്ഥി ക്കെതിരെ സംയുക്ത സ്‌ഥാനാത്ഥിയായി നിർത്തി. ജാതി മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടപ്പോൾ സവർണ്ണ ഹിന്ദുക്കൾ ഉണർന്നു. കീഴാളന്റെ പാർടി ജയിക്കരുത് എന്ന ഒറ്റ ലക്ഷ്യത്തിൽ ദ്രാവിഡ പാർട്ടികൾ പരസ്പരമുള്ള വൈരം മറക്കാൻ തയ്യാറായി. എന്നാൽ കടുത്ത മത്സരത്തിൽ രത്നസ്വാമി വീണ്ടും ജയിച്ചുകയറുകയായിരുന്നു. അദ്ദേഹം വീണ്ടും ഇടുവൈ പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം വട്ടവും സിപിഐ എം വിജയിച്ചത് പലർക്കും സഹിക്കാൻ കഴിയാത്ത കാര്യമായിരുന്നു. രത്നസ്വാമിയും അയാളുടെ പാർടിയും കൂടുതൽ ഉശിരോടെ പോരാടി. ഭരണരംഗത്ത് ജാതി മേലാളൻമാരുടെ കുത്തക അവസാനിപ്പിക്കപ്പെട്ടു. എന്നാൽ സവർണ്ണ മൂരാച്ചികൾ അടങ്ങിയിരുന്നില്ല. രത്നസ്വാമിയെ വകവരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു അവർ. ഒടുവിൽ, 38 വയസ്സുമാത്രം പ്രായമുള്ള സഖാവ് രത്നസ്വാമി 2002 മാർച്ച്‌ 13 ന് രാത്രി വീട്ടിലേക്കുള്ള വഴിയിൽ വെച്ച് സവർണ്ണ ഭൂ ഉടമകളാൽ കൊലചെയ്യപ്പെട്ടു. തന്റെ TN 38 D 1083 ബജാജ് ടൂ വീലറിൽ പഞ്ചായത്തിലെ സ്‌കൂളുകളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കാൻ തിരുപ്പൂരിൽ പോയി തിരിച്ചുവരികയായിരുന്നു സഖാവ്. വീടിന് ഇരുന്നൂറുമീറ്റർ അകലെ അദ്ദേഹം ആക്രമിക്കപ്പെട്ടു. മേലാസകലം അദ്ദേഹത്തിന് വെട്ടും കുത്തുമേറ്റു. കുത്തേറ്റുചോര വാർന്ന അദ്ദേഹം സംഭവസ്‌ഥലത്തുതന്നെ മരണപ്പെട്ടു.

സഖാവ് രത്നസ്വാമിയുടെ മൃതദേഹത്തിനുകീഴെ അദ്ദേഹത്തിന്റെ കണ്ണടയും വച്ചും തൂവാലയുമെല്ലാം ചോരയിൽ കുളിച്ചുകിടപ്പുണ്ടായിരുന്നു. ചോരയൊലിക്കുന്ന കത്തിയും വടിവാളുകളും ഇരുമ്പുദണ്ഡും ഉപേക്ഷിച്ച രീതിയിൽ കാണാമായിരുന്നു. എന്തുകൊണ്ട് രത്നസ്വാമി കൊല്ലപ്പെട്ടുവെന്ന് കൊലയാളിസംഘം ഒരു കാർഡ് ബോർഡിൽ നോട്ടീസായി ഒട്ടിച്ചുവെച്ചിരുന്നു. മുന്നോക്കജാതിയിൽ ജനിച്ചിട്ടും ദളിതർക്കുവേണ്ടി നിലകൊണ്ടതിനാണ് രത്നസ്വാമി മരണമർഹിച്ചതെന്ന് എഴുതിവെച്ചിരുന്നു. "കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി" എന്ന പേരിലായിരുന്നു നോട്ടീസ്.

രത്നസ്വാമിയുടെ രക്തസാക്ഷിത്വത്തിനുശേഷം തമിഴ്നാട്ടിലെ പ്രബലകക്ഷികൾ "മക്കൾ മുന്നണി" എന്ന പേരിൽ ഇടുവൈ പഞ്ചായത്തിൽ ഒരു അവിശുദ്ധ രാഷ്ട്രീയസഖ്യം രൂപീകരിച്ചു. ഉപതെരഞ്ഞെടുപ്പിൽ അവർ സിപിഐ എം നെ തോൽപ്പിക്കാൻ പണമൊഴുക്കി. 2004 ൽ സിപിഐ എം ന് പഞ്ചായത്ത്‌ ഭരണം നഷ്ടമായി. സിപിഐ എം ന്റെ സമര-നിയമ പോരാട്ടങ്ങളെ തുടർന്ന് രത്നസ്വാമിയുടെ കൊലയാളികൾ ജയിലിലായെങ്കിലും 2020 വരെ തുടർച്ചയായ മൂന്ന് തവണ "മക്കൾ മുന്നണി" എന്ന പേരിൽ സവർണ്ണമേലാളൻമാർ ഇടുവൈ പഞ്ചായത്ത്‌ ഭരിച്ചു. വർഷങ്ങളോളം പ്രതിപക്ഷത്ത് സിപിഐ എം എന്ന ഒരേയൊരു പാർടി മാത്രം. സംസ്‌ഥാന രാഷ്ട്രീയത്തിലെ അതിരൂക്ഷമായ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കുമിടയിലും ഇടുവൈയിലെ എഐഎഡിഎംകെ, ഡിഎംകെ, കോൺഗ്രസ്സ്, ബിജെപി നേതാക്കൾ ഒരുമിച്ചുനിന്നു. ജാതിയായിരുന്നു അവരെ ഒന്നിച്ചുചേർത്തത്.

എന്നാൽ, തമിഴ്നാട്ടിലെ സ്വത്വവാദി പാർടികളുടെ ഐക്യദാർഢ്യം ഇടുവൈയിലെ ചെങ്കൊടി പ്രസ്‌ഥാനത്തിന് കിട്ടിയതേയില്ല. EPW ലും മറ്റ് അക്കാദമിക് ജേണലുകളിലും ലേഖനങ്ങൾ വന്നില്ല. സബാൾട്ടേൺ സ്റ്റഡീസുകാർ തിരിഞ്ഞുനോക്കിയില്ല. പക്ഷേ, ഇടുവൈയിലെ കമ്മ്യൂണിസ്റ്റുകാർ പോരാട്ടം തുടർന്നു. ഭരണത്തണലിൽ ദളിത്‌വേട്ട നടത്തിയ ജാതി മേലാളരെ അവർ തുറന്നെതിർത്തു. ജനങ്ങളെ അണിനിരത്തി സിപിഐ എം സമരം ചെയ്തു. ഇടുവൈ പഞ്ചായത്തിൽ ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് നടന്നത് 2020 ജനുവരിയിലാണ്. സിപിഐ എം ലെ സഖാവ് കെ ഗണേശനാണ് കഴിഞ്ഞവർഷം പഞ്ചായത്ത്‌ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പതിനാറു വർഷങ്ങൾക്ക് ശേഷം ഇടുവൈയിൽ "മക്കൾ മുന്നണി" പരാജയപ്പെട്ടു. സഖാവ് രത്നസ്വാമിയുടെ പാർടി വീണ്ടും ഇടുവൈയിൽ വിജയം കൊയ്തു. രത്നസ്വാമിയുടെ സഹോദരൻ കറുപ്പസ്വാമിയും സഖാക്കളും ഇടുവൈയിൽ ചെങ്കൊടി കൂടുതൽ ഉയരത്തിൽ പാറിപ്പിച്ചു.

സിപിഐഎമ്മിന് ഇന്ത്യനവസ്‌ഥയിലെ ജാതിയെന്ന യാഥാർഥ്യത്തെ അഡ്രസ് ചെയ്യാൻ പറ്റിയില്ലെന്നാണല്ലോ സ്വത്വവാദികളുടെയും എലീറ്റ് അക്കാദമിക് പേനയുന്തികളുടെയും സ്‌ഥിരം പല്ലവി. "ജയ് ഭീം" സിനിമയെ ആദ്യം അവഗണിച്ച ഇക്കൂട്ടർ ജസ്റ്റിസ് ചന്ദ്രുവിന്റെ ഇടപെടലുകളിൽ സിപിഐഎമ്മിന് ഒരു റോളുമില്ലെന്നും പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതാണെന്നും മറ്റും പറഞ്ഞുകൊണ്ടാണ് ഇപ്പോൾ ആഘോഷിക്കുന്നത്. സിപിഐ എം വിരുദ്ധതയിൽ ഉണ്ടുറങ്ങുന്ന എലീറ്റ് അക്കാദമിക് ബുദ്ധിജീവിതങ്ങൾക്ക് "ജയ് ഭീം" കണ്ട് നല്ല സങ്കടമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന് വേറെ മരുന്നൊന്നുമില്ല. കീഴ് വെൺമണിയും വാചാത്തിയും മുതൽ ഉത്തപുരവും ഇടുവൈ വരെയും നീളുന്ന അസംഖ്യം ജാതിവിരുദ്ധ പോരാട്ടങ്ങളുടെ കഥകളാണ് സിപിഐ എമ്മിന് പറയാനുള്ളത്. നിങ്ങളതിനെപ്പറ്റി മിണ്ടില്ലെന്നറിയാം. ഞങ്ങളതിനെപ്പറ്റി മിണ്ടിക്കൊണ്ടിരിക്കും. "ജയ് ഭീം" പോലെ എല്ലാം സിനിമയാവാത്തത് നിങ്ങളുടെ ഭാഗ്യമെന്ന് കരുതിയാൽ മതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top