31 May Wednesday

"ദയവ് ചെയ്‌ത്‌ സർജിക്കൽ മാസ്‌ക്, എൻ 95 ഒക്കെ ആരോഗ്യ പ്രവർത്തകർക്ക്‌ വിട്ടു കൊടുക്കണം; രോഗമില്ലെങ്കിൽ മാസ്‌ക്‌ ധരിക്കേണ്ട കാര്യമില്ല' - ന്യൂയോർക്കിൽനിന്ന്‌ നീലു സിബി

നീലു സിബിUpdated: Wednesday Mar 25, 2020

ലോകമെമ്പാടും കോവിഡ്‌ 19 രോഗികളുടെ എണ്ണം നിമിഷംതോറും വർധിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യപ്രവർത്തകർ ഊണും ഉറക്കവും വീടും മറന്ന്‌ രോഗികളെ രക്ഷിക്കാനായി പ്രവർത്തിക്കുകയാണ്‌. ഈ ഘടത്തിൽ അവർക്ക്‌ ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങളാണ്‌ മാസ്‌കും കയ്യുറകളുമെല്ലാം. ഇത്‌ സാധാരണ ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട്‌ ആശുപത്രികളിൽ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്‌. രോഗമില്ലാത്ത ഒരാളും പുറത്തിറങ്ങുമ്പോൾ മാസ്‌ക്‌ ധരിക്കേണ്ട ആവശ്യമില്ല. അത്‌ ഈ മഹാമാരിക്കെതിരെ പൊരുതുന്നവർക്ക്‌ സുരക്ഷാ ഉപകരണങ്ങൾക്ക്‌ ക്ഷാമം സൃഷ്‌ടിക്കും. യുഎസിൽ നഴ്‌സായ നീലു സിബി എഴുതുന്നു.

എന്റെ സഹപ്രവർത്തക കുറച്ചു മുൻപ് അയച്ചു തന്ന ഫോട്ടോയാണ്. അവൾ ഇന്ന് രാവിലെ ജോലി കഴിഞ്ഞു ഇറങ്ങി വീട്ടിൽ ചെന്നതിന് ശേഷമുള്ള കാഴ്ച. കഴിഞ്ഞ ഷിഫ്റ്റിൽ ഉപയോഗിച്ച എൻ 95 മാസ്‌ക് ആണ്. ഷിഫ്റ്റ് കഴിഞ്ഞു അത് മാറ്റി, കൈയിലുള്ള പ്ളാസ്റ്റിക് ബാഗിൽ വെച്ചു വീട്ടിൽ കൊണ്ട് പോയി, എന്നിട്ട് വെയിലത്ത് വെച്ചിരിക്കുകയാണ്, കോവിഡ് 19 വൈറസിനെ കൊല്ലാൻ! അതും വിന്ററിന്റെ അവസാനം ഈ സമയത്ത് ന്യൂയോർക്കിൽ എത്ര വെയിലുണ്ടെന്ന് ഊഹിക്കുക. രോഗിയുടെ മുറിക്ക് പുറത്തു വെച്ചിരിക്കുന്ന ട്രാഷ് കാനിൽ കളയേണ്ട സാധനമാണ് സ്വർണം പോലെ കൈയ്യിൽ കൊണ്ട് നടക്കുന്നത്.

ഇതാണിപ്പോൾ മിക്കവാറും ന്യൂയോർക്ക് ആശുപത്രികളിലെ (രോഗികൾ വളരെ കൂടുതലായി വരുന്ന എല്ലായിടത്തും) അവസ്ഥ. കോവിഡ് 19 രോഗികൾ വന്നു തുടങ്ങിയ ആദ്യ സ്റ്റേജിൽ ഒരാൾക്ക് ഒരു ഷിഫ്റ്റിൽ ഒരു മാസ്‌ക് എന്നായിരുന്നു, ഇപ്പോൾ അത് കഴിയുന്നത്രയും സമയം ഉപയോഗിക്കൂ എന്നായി. ഈ എൻ 95 ന്റെ മുകളിൽ കണ്ണിന് ഷീൽഡുള്ള ഒരു സർജിക്കൽ മാസ്‌ക് കൂടി ധരിക്കും, അത് മാറ്റുന്നുണ്ടല്ലോ എന്നതാണ് N95 വീണ്ടും വീണ്ടും ഉപയോഗിക്കാൻ പറയുന്നതിന്റെ ന്യായം. എന്നാലും ഇതൊട്ടും സുരക്ഷിതമല്ല, ശ്വാസകോശ സംബന്ധിയായ procedures ചെയ്യുമ്പോഴൊക്കെ ചുറ്റിനും ധാരാളം ശ്വാസകോശത്തിലെ ദ്രവങ്ങൾ അതിസൂക്ഷ്മ കണങ്ങളായി പരക്കുന്നുണ്ട് (aerosol transmission). ഈ ഷീൽഡുള്ള മാസ്‌ക് ഒരു tight fit ആവരണം ഒന്നുമല്ല, സൈഡിൽ കൂടിയൊക്കെ അതിനകത്തെ N95 ൽ വൈറസ് എത്താൻ ചാന്സുണ്ട്. പക്ഷേ എന്ത് ചെയ്യാൻ! Supplies ഒക്കെ തീരാറായി. അതിസമ്പന്നമായ ആശുപത്രികൾ, ന്യൂയോർക്ക് പ്രെസ്ബിറ്റെറിയൻ അടക്കം മാസ്കിന് ക്ഷാമമാണെന്ന് കേട്ടു.

എന്റെ സഹപ്രവർത്തകയുടെ ഭർത്താവും കുഞ്ഞു മോനും asthma രോഗികളാണ്. അവൾക്ക് പേടിയുണ്ട് അവർ രോഗികൾ ആകുമോ, എന്താകും എന്നൊക്കെ.

എനിക്ക് നിങ്ങളോടെല്ലാം ഒരു കാര്യം പറയാനുള്ളത്, ദയവ് ചെയ്തു സർജിക്കൽ മാസ്‌ക്, N95 ഒക്കെ ആരോഗ്യ പ്രവർത്തകർക്കായി വിട്ടു കൊടുക്കണം. നിങ്ങൾക്ക് കോവിഡ് 19 രോഗമില്ലെങ്കിൽ നിങ്ങൾ വെളിയിൽ ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കേണ്ട കാര്യമില്ല. മാസ്‌ക് സത്യം പറഞ്ഞാൽ കുറെ നേരം വെച്ചോണ്ടിരിക്കാനുള്ളതല്ല, അത് ഒരു രോഗിയുടെ മുറിയിൽ കയറി, ചെയ്യാനുള്ളത് ചെയ്തു, വെളിയിൽ വന്നു ഉടനെ ഊരി കളയുന്നതാണ്. ഈ അവസ്ഥ വരുന്നത് വരെ ഞങ്ങളെല്ലാം അതാണ് ചെയ്തിരുന്നത്, അതാണ് സുരക്ഷിതം. അല്ലാതെ ഈ മാസ്‌ക് മണിക്കൂറുകൾ വെച്ചു കൊണ്ടിരുന്നാൽ അത് തന്നെ നല്ലൊരു രോഗാണു പെറ്റുപെരുകൽ കേന്ദ്രമാണ്. ഇപ്പോൾ വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്നു, ഞങ്ങൾ അറിഞ്ഞു കൊണ്ട് ഏറ്റെടുക്കുന്ന റിസ്ക് ആണ്. യാതൊരു ആവശ്യവുമില്ലാതെ നിങ്ങൾ അതേറ്റെടുക്കണോ?

ഈ വൈറസ് ചുമ, തുമ്മൽ വഴി പുറത്തേക്ക് വരുന്ന തുപ്പൽ തുള്ളികളിൽ മൂന്ന് മണിക്കൂറാണ് അന്തരീക്ഷത്തിൽ നിൽക്കുന്നത് (droplet transmission), മറ്റ് വസ്തുക്കളിൽ ഈ ദ്രവ കണങ്ങൾ വീണു പല പല സമയ ദൈർഘ്യത്തിൽ survive ചെയ്യുന്നുണ്ട്. ഈ വഴികളിലൂടെയാണ് ഇത് സാധാരണ ഗതിയിൽ സമൂഹത്തിൽ പടരുന്നത്. അത് കൊണ്ട് ഒരാൾ വായ്/മൂക്ക് പൊത്താതെ ചുമച്ചു/തുമ്മിയത് കൊണ്ട്, സാധാരണ ഇടപെടൽ വഴി ഒക്കെ രോഗം കിട്ടാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, പറ്റാത്തപ്പോൾ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, ആറടി സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുക.

മാസ്കിന് ക്ഷാമം വന്നാൽ നിങ്ങളുടെ ഡോക്ടർമാർ, നേഴ്‌സുമാർ ഒക്കെ ഈ ഫോട്ടോയിൽ കാണുന്നത് പോലെ ഒരേ മാസ്‌ക് ദിവസങ്ങളോളം ഉപയോഗിക്കാൻ നിര്ബന്ധിക്കപ്പെടും, അവർ അതും കൊണ്ട് നിങ്ങളുടെ ബന്ധുക്കളെയും നിങ്ങളെയും നോക്കേണ്ടി വരും. അവർ തന്നെ വൈറസിനെ പടർത്തുന്നതിൽ പങ്കാളികൾ ആകുകയും ചെയ്തെന്നിരിക്കും. അത് ഒഴിവാക്കാൻ കഴിയുന്നത്ര സഹായിക്കുക ദയവായി. കേരളത്തിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ പലരും N95, സർജിക്കൽ മാസ്‌ക് ഒക്കെ ധരിച്ചു സമൂഹത്തിൽ ഇറങ്ങി നടക്കുന്നത് കണ്ടത് കൊണ്ടാണ് ഇത് പറയുന്നത്. ഗവണ്മെന്റുകൾ മാസ്കിന്റെ പ്രൊഡക്ഷൻ കൂട്ടി, ആരോഗ്യ രംഗത്തിന് ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് പറയുന്നത് വരെ ഇത് ചെയ്യരുത്, പ്ലീസ്.

കേരളത്തിൽ ഇപ്പോൾ ആശുപത്രികളിൽ ആവശ്യത്തിന് വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്‌ക് ഉൾപ്പെടെ ഉണ്ടെന്നാണ് അറിഞ്ഞത്. എന്നാൽ അവിടെയും സപ്പ്‌ളൈ കുറയുകയാണ്, ലോകമെങ്ങും ഇതിന് വേണ്ടി ആവശ്യമുണ്ട്. നമ്മൾ പേടിക്കുന്നത് പോലെയുള്ള patient surge/ രോഗികളുടെ തള്ളിക്കയറ്റം ഉണ്ടായാൽ കേരളവും മറ്റിടങ്ങളെ പോലെ കഷ്ടപ്പെടും. അത് കൊണ്ടെല്ലാവരും അത് മനസ്സിലാക്കി പെരുമാറണം, നമുക്കെല്ലാവർക്കും വേണ്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top