29 March Wednesday

കോവിഡ് കാലത്തെ മുതലാളിത്ത വൈറസുകള്‍

ഹാരിസ് നജീബ് Updated: Tuesday May 12, 2020

വിശപ്പ് മാറാന്‍, ഒന്ന് സ്വസ്ഥമായുറങ്ങാന്‍ നിങ്ങളെത്ര ദൂരം നടക്കാന്‍ തയ്യാറാണ്?!ബിഹാറി സ്വദേശി ഝുന്നു ഠാക്കൂറിനോട് ഈ ചോദ്യം ചോദിച്ചാല്‍ കൃത്യമായ ഉത്തരമായിരിക്കും ലഭിക്കുക, 1200 കിലോമീറ്റര്‍.

'ഞാനും എന്റെ സഹോദരനും ഗൊരഖ്പൂരില്‍ നിര്‍മാണത്തൊഴിലാളികളായി പണിയെടുക്കുകയായിരുന്നു. അവിടെ താമസിക്കാന്‍ സ്ഥലമില്ലാഞ്ഞതിനാല്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലാണ് ഉറങ്ങാറ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആര്‍.പി.എഫുകാര്‍ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുന്നവരെ ഓടിക്കാന്‍ തുടങ്ങി. കൂലിയില്ലാതായി, ഭക്ഷണമില്ലാതായി, കിടന്നുറങ്ങാന്‍ ഒരു സ്ഥലമില്ലാതായി. സ്വന്തം ഗ്രാമത്തിലേക്ക് നടക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല,' ഝുന്നു പറയുന്നു.

റെയില്‍പ്പാളങ്ങളിലൂടെ ആറു ദിവസത്തോളം നടന്നിട്ടാണ് ഇവര്‍ ഗൊരഖ്പൂരില്‍ നിന്ന് 1200ഓളം കിലോമീറ്ററകലെയുള്ള ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ  ഖൈരത്തിയ മാന്‍പുര്‍ ഗ്രാമത്തില്‍ തിരിച്ചെത്തിയത്. ഇതൊരു ഝുന്നുവിന്റെ മാത്രം അനുഭവമല്ല. സമാന സ്ഥിതിയിലുള്ള ആയിരക്കണക്കിനാളുകളെ രാജ്യത്തെങ്ങും കാണാന്‍ സാധിക്കും. ഇതാണ് ഇന്ത്യയെന്ന റിപ്പബ്ലിക്ക് സ്വന്തം പൗരരോട് ചെയ്യുന്നത്.

കോവിഡ്-19 മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ഇന്ത്യയിലെ തൊഴിലാളികളും ആഭ്യന്തര കുടിയേറ്റത്തൊഴിലാളികളും നേരിടുന്ന ക്രൂരമായ യാഥാര്‍ത്ഥ്യത്തെ നഗ്‌നമാക്കിയിരിക്കുകയാണ്. കോവിഡാനന്തര ഇന്ത്യ, തൊഴിലാളികള്‍ക്ക് നരകമായിരിക്കും എന്ന് പല തൊഴില്‍ നിയമഭേദഗതികളിലൂടെയും കേന്ദ്ര സര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും വ്യക്തമാക്കുന്നു.

ലോക്ഡൗണിനെ തുടര്‍ന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ വിലയിരുത്താന്‍ ജാന്‍ സാഹസ് എന്ന സംഘടനഒരു സമീപകാല ദ്രുത വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. അതനുസരിച്ച് ലോക്ഡൗണ്‍ തുടങ്ങി ഒരാഴ്ചക്കുള്ളില്‍ തന്നെ അസംഘടിത മേഖലയിലെ 92.5% തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, തൊഴിലാളികളുടെ നിലനില്‍പ്പിന് വേണ്ട ഉപാധികളും ഉപജീവനത്തിനുള്ള മാര്‍ഗ്ഗങ്ങളും ചിന്തിക്കുന്നതിനുപകരം, കോവിഡ് -19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ ഭാരം ഇപ്പോഴത്തെ ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകളായ അധ്വാനിക്കുന്ന ജനങ്ങളുടെ തന്നെ ചുമലിലേയ്ക്ക് കെട്ടിവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍. ഇതിനായി സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാനെന്നും പറഞ്ഞ് നിലവില്‍ ദുര്‍ബലമായ തൊഴില്‍ നിയമങ്ങളില്‍ വീണ്ടും ഭേദഗതികള്‍ വരുത്തുകയാണ് സര്‍ക്കാര്‍.

1948-ലെ ഫാക്ടറി നിയമത്തിലെ 51,54 & 55 എന്നീ സെക്ഷനുകളില്‍ മാറ്റം വരുത്തി നിലവിലുള്ള 48 മണിക്കൂര്‍ പരിധിക്ക് പകരമായി ആറ് ദിവസത്തെ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി അനുവദിക്കുന്ന ഭേദഗതി ഇതിനുദാഹരണമാണ്. ലോക തൊഴിലാളി സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് തന്നെ എതിരാണ് ഈ നീക്കം. 1919-ല്‍ ഐഎല്‍ഒ രൂപീകരണത്തിന് ശേഷം ആദ്യം അംഗീകരിച്ച കരാര്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്നതായിരുന്നു. 1921-ല്‍ ഇന്ത്യ ഈ വ്യവസ്ഥയില്‍ ഒപ്പു വെക്കുകയും ചെയ്തു. പുതിയ ഭേദഗതിയോടെ എട്ടു മണികൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം എന്ന സാര്‍വദേശീയ തൊഴിലാളി അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്.

അസാധാരണ സാഹചര്യം കണക്കിലെടുത്തും, തോഴിലാളി ക്ഷാമം മുന്നില്‍ കണ്ടുകൊണ്ടുമാണ് ഇങ്ങനൊരു തീരുമാനം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ എല്ലാ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും ഒന്നടങ്കം എതിര്‍ത്ത, Occupational Safety, Health and Working Conditions (OSHWC) കോഡ് വഴി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരാന്‍ ശ്രമിച്ച അതേ നയത്തെയാണ്, കോവിഡിന്റെ മറവില്‍ പുതിയ കുപ്പിയില്‍ പഴയ വീഞ്ഞായി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്. Centre for Monitoring Indian Economy (CMIE) യുടെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് മാര്‍ച്ച് മാസത്തിലെ  8 .45 ശതമാനത്തില്‍ നിന്നും  മെയിലെത്തി നില്‍കുമ്പോള്‍ 24 .7 ശതമാനം ആയി ഉയര്‍ന്നിരിക്കുന്നു.

ഈ സാഹചര്യത്തില്‍ തൊഴിലാളി ക്ഷാമം നേരിടുന്നു എന്ന വാദം തികച്ചും വസ്തുതാ വിരുദ്ധമാണ്. പക്ഷെ, കേന്ദ്രനയത്തോട് അനുകൂല നിലപാട് പ്രകടിപ്പിച്ച് സമാന തൊഴില്‍ നിയമ ഭേദഗതികളുമായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ സര്‍ക്കാരുകളും മുന്‍പോട്ട് വന്നിട്ടുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് മോഡലിലാകട്ടെ, അധിക തൊഴില്‍സമയത്തിനുള്ള വേതനം നല്‍കേണ്ട എന്ന തീരുമാനം കൂടി വന്നതോടെ തൊഴിലാളികള്‍ ഇരട്ട ചൂഷണത്തിന് വിധേയമാകുന്നു.

ഗുജറാത്തും മധ്യപ്രദേശും ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരും തൊഴില്‍ സമയ പരിഷ്‌കരണം കൂടാതെ, കോവിഡ് -19 ബാധിച്ച സംസ്ഥാനത്തെ നിക്ഷേപത്തിന് ഉത്തേജനം നല്‍കുന്നതിന് അടുത്ത മൂന്ന് വര്‍ഷത്തേക്ക് മിക്കവാറും എല്ലാ തൊഴില്‍ നിയമങ്ങളുടെയും പരിധിയില്‍ നിന്ന് ബിസിനസ്സുകളെ ഒഴിവാക്കുന്ന ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കിയിട്ടുണ്ട്. മിനിമം വേതനം, തൊഴിലാളി യൂണിയന്‍, സുരക്ഷ, ജോലി സ്ഥലത്തെ സാഹചര്യം, തൊഴിലാളിയുടെ ആരോഗ്യത്തിന്റെ മുകളില്‍ ഉള്ള തൊഴില്‍ ഉടമയുടെ ഉത്തരവാദിത്വം തുടങ്ങി 35 തൊഴില്‍ നിയമങ്ങളാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ 3 വര്‍ഷത്തേക്ക് റദ്ദാക്കിയിരിക്കുന്നത്. നിലവിലുള്ള ബിസിനസുകള്‍ക്കും സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഫാക്ടറികള്‍ക്കും ഇത് ബാധകമാകും. ഇതിനെതിരെ എല്ലാ ദേശീയ തൊഴിലാളി യൂണിയനുകളും രംഗത്ത് വന്നിട്ടുണ്ട്. വരേണ്യവര്‍ഗ്ഗത്തിന്റെ മുതലാളിത്ത അജണ്ടകള്‍ നടപ്പിലാക്കാനുള്ള കേവല ഉപാധികളായി ഭരണകൂടം മാറുമ്പോള്‍ തൊഴിലാളികള്‍ ഇനിയെന്ത് എന്നറിയാതെ രാജ്യത്തിന്റെ പല ഭാഗത്ത് തെരുവുകളില്‍ ദുരിതമനുഭവിക്കുകയാണ്.


ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്, കര്‍ണാടകയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (ക്രെഡായ്) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന്, കുടിയേറ്റ തൊഴിലാളികള്‍ക്ക് തങ്ങളുടെ നാടുകളിലേക്ക് പോകാനുള്ള ട്രെയിന്‍ കര്‍ണാടകം സര്‍ക്കാര്‍ റദ്ദ് ചെയ്ത സംഭവം. ഇതിനെത്തുടര്‍ന്ന് അനേകം തൊഴിലാളികള്‍ കാല്‍നടയായി തങ്ങളുടെ നാടുകളിലേക്കുള്ള യാത്ര ആരംഭിച്ചു. തങ്ങളുടെ കൊള്ളലാഭത്തിനായി തൊഴിലാളികളെ കുരുതി കൊടുക്കുന്ന ഈ സമീപനം എല്ലാ വലതുപക്ഷ ഗവണ്‍മെന്റുകളുടെയും മുഖമുദ്രയായി മാറിയിരിക്കുന്നു.

ഇന്ത്യയിലെ മൊത്തം തൊഴിലാളികളില്‍ 90 -94  ശതമാനം  അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഈ തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. വേതനം നിഷേധിക്കപ്പെട്ടു. തൊഴില്‍ മന്ത്രാലയത്തിന്റെ എല്ലാ ഉപദേശങ്ങളും ലംഘിച്ച് പലയിടങ്ങളിലും തൊഴിലുടമകള്‍ തിരിച്ചെടുക്കല്‍ നടത്തുന്നുമുണ്ട്.

ജോലി ചെയുന്ന സ്റ്റീല്‍ കമ്പനി ഉടമയില്‍ നിന്നും അര്‍ഹതപ്പെട്ട വേതനം പോലും ലഭിക്കാതെയാണ്  മഹാരാഷ്ട്രയിലെ  ജല്‍നയില്‍ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കാല്‍നടയായിയാത്രയാരംഭിച്ച 16 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചത്. അതേ ദിവസം തന്നെയാണ്, വ്യവസായത്തെ നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് തൊഴില്‍ നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തണമെന്ന് 12 തൊഴിലുടമകളുടെ അസോസിയേഷനുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ലോക്ക്ഡൗണ്‍ കാലഘട്ടത്തെ ലേ-ഓഫ് ആയി കണക്കാക്കുന്നതിന് വ്യാവസായിക തര്‍ക്ക നിയമത്തില്‍ ഇളവ് വരുത്തുക, ഈ കാലയളവില്‍ നല്‍കിയ വേതനം സിഎസ്ആര്‍ ഫണ്ടായി പരിഗണിക്കുക, രണ്ട് മൂന്ന് വര്‍ഷത്തേക്ക് മിനിമം വേതനം, ബോണസ്, നിയമപരമായ കുടിശ്ശിക എന്നിവ നിയന്ത്രിക്കുന്ന തൊഴില്‍ നിയമങ്ങള്‍ ഒഴികെയുള്ള എല്ലാ തൊഴില്‍ നിയമങ്ങളും റദ്ദ് ചെയ്യുക, തൊഴില്‍ സമയം 12 മണിക്കൂറായി ഉയര്‍ത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ കൂടിക്കാഴ്ചയിലാണ് അസോസിയേഷനുകള്‍ ഈ ആവശ്യം ഉന്നയിച്ചത്. വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനും സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ശ്രമിക്കുമെന്ന് മന്ത്രി അവര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

കനേഡിയന്‍ സോഷ്യല്‍ ആക്ടിവിസ്റ്റും മുതലാളിത്ത വിരുദ്ധ പ്രസ്ഥാനത്തിലെ മുന്‍നിര ചിന്തകരില്‍ ഒരാളുമായ നവോമി ക്ലെയ്ന്‍, 2007 -ല്‍ പ്രസിദ്ധീകരിച്ച 'ഷോക്ക് ഡോക്ടറിന്‍' എന്ന പുസ്തകത്തില്‍, പതിറ്റാണ്ടുകളായി രാഷ്ട്രീയക്കാരും, സര്‍ക്കാരുകളും മുതലാളിത്ത ശക്തികളും പിന്തുടര്‍ന്നു വരുന്ന 'ഡിസാസ്റ്റര്‍ ക്യാപിറ്റലിസ'ത്തിന്റെ ബ്ലൂപ്രിന്റിന്റിനെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.

വലിയ തോതിലുള്ള പ്രതിസന്ധികളില്‍ നിലവിലുള്ള അസമത്വങ്ങളെ ചൂഷണം ചെയ്യുകയും അതില്‍ നിന്ന് നേരിട്ട് ലാഭം നേടുന്നതിന് സ്വകാര്യ വ്യവസായങ്ങള്‍ക്ക് വളരാന്‍ അവസരം നല്‍കുകയും ചെയ്യുന്ന നിയോലിബറല്‍ നയങ്ങളെയാണ് 'ഡിസാസ്റ്റര്‍ ക്യാപിറ്റലിസം'' എന്ന് ക്ലെയ്ന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ദുരന്തങ്ങളില്‍ പെട്ട് ജനം വലയുമ്പോള്‍, മാനസികമായും ശാരീരികമായും ആ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ദൈനംദിന അടിയന്തര സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസരം മുതലെടുത്ത്, സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന, വരേണ്യവര്‍ഗത്തെ സമ്പന്നമാക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ''ഷോക്ക് ഡോക്ടറിന്‍''.

വര്‍ഗ്ഗങ്ങളെയും സമ്പത്തിനെയും കൂടുതല്‍ ധ്രുവീകരിക്കുന്ന, ജനവിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കാനുള്ള അവസരമായി ഈ പ്രതിസന്ധിയുടെ നിമിഷങ്ങളെ രാഷ്ട്രീയ-സാമ്പത്തിക വരേണ്യവര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. കോവിഡ് മറികടക്കുന്നതില്‍, ലോകത്തിലെ പ്രധാനശക്തി എന്ന്‌ കൊട്ടിഘോഷിക്കപ്പെട്ട അമേരിക്ക അമ്പേ പരാജയപ്പെടാന്‍ കാരണം, മനുഷ്യജീവനേക്കാള്‍ സാമ്പത്തിക ലാഭത്തിന് പ്രാധാന്യം നല്കിയതുകൊണ്ടാണ്. ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയായിട്ട് കണ്ട വേണ്ട നടപടികള്‍ എടുക്കുന്നതിന് പകരം സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി. ഒടുവില്‍ സ്ഥിതി വഷളായപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് അവിടത്തെ അടിസ്ഥാന വര്‍ഗ്ഗമാണ്. വരേണ്യവര്‍ഗ്ഗം അപ്പോഴും സുരക്ഷിതരാണ്. അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യത്തില്‍, തൊഴിലും വേതനവും ഇല്ലാതെ ആരോഗ്യ ചിലവുകള്‍ വഹിക്കാന്‍ കഴിയാതെ ജനങ്ങള്‍ മരിച്ചു വീഴുന്നത് ഈ നയങ്ങളുടെ പാളിച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഡിസാസ്റ്റര്‍ കാപിറ്റലിസത്തിന്റെ കീഴില്‍ ഒരു ദുരന്ത സമയത്തിന് ശേഷമുള്ള 'പുനര്‍നിര്‍മ്മാണം' ആരംഭിക്കുന്നത് തന്നെ പൊതുമേഖലയില്‍ അവശേഷിക്കുന്ന സമത്വവും കൂടി ഇല്ലാതാക്കിയാണ്. ദുരന്തത്തിന്റെ പ്രധാന ഇരകളായ അടിസ്ഥാന വര്‍ഗ്ഗത്തിന് തങ്ങളുടെ കാലുകളില്‍ വീണ്ടും ഉയര്‍ന്നു നില്ക്കാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ കോര്‍പ്പറേറ്റ് രൂപകല്‍പ്പന ചെയ്ത സാമ്പത്തിക, രാഷ്ട്രീയ ഘടനകള്‍ ഉപയോഗിച്ച് ലാഭം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായിരിക്കും അപ്പോള്‍ സര്‍ക്കാര്‍ ഉള്‍പ്പടെ പ്രാധാന്യം നല്കുക.

ഇതേ രീതിയില്‍ ഇന്ത്യയിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികളെ, പ്രതിസന്ധി സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായിട്ടാണ് നിയോലിബറലിസ്റ്റുകള്‍ കാണുന്നത്. എന്നാല്‍ ഇതില്‍ ഏത് വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കാണ് അവര്‍ മുന്‍തൂക്കം കൊടുക്കുന്നതെന്നാണ് മില്യണ്‍ ഡോളര്‍ ചോദ്യം.

അതിനുള്ള തെളിവാണ്, തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്ന ഇതേ സമയത്ത് വിജയ് മല്യ, മേഹുല്‍ ചോക്സി എന്നിവരടക്കമുള്ള അന്‍പതോളം കോര്‍പറേറ്റുകളുടെ കടമായ ഏകദേശം 68,607 കോടി രൂപ ബാങ്കുകളെക്കൊണ്ട് എഴുതിത്തള്ളിച്ചത്. ഇത് ഇന്ത്യയില്‍ മാത്രം കാണുന്ന ഒരു പ്രത്യേക പ്രതിഭാസമല്ല. മറിച്ച് ആഗോള മുതലാളിത്തത്തിന്റെ അക്രമണോത്സുകമായ സാമ്പത്തിക നയങ്ങളുടെ ഭാഗമാണ്. മഹാമാരി പോലുള്ള പ്രതിസന്ധികളില്‍ ലോകരാഷ്ട്രങ്ങള്‍ വലയുമ്പോള്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാനുള്ള അവസരങ്ങളായിട്ട് അവയെ നവലിബറലിസത്തിന്റെ പ്രയോക്താക്കള്‍ കാണുന്നത്.
 
മഹാമാരി മൂലം രാജ്യത്തെ ദരിദ്രരായ ആളുകള്‍ എണ്ണമറ്റ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും, ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളും കരാര്‍ തൊഴിലാളികളും ജോലി നഷ്ടപെട്ട് ഉപജീവനമാര്‍ഗം എന്തെന്നറിയാതെ വഴിമുട്ടി നില്‍ക്കുകയും ചെയ്യുന്ന ഒരു സമയത്ത് വന്‍തോതില്‍ കോര്‍പറേറ്റുകളുടെ വായ്പ എഴുതിത്തള്ളുന്നത് ആഗോള മൂലധനത്തിന്റെ അക്രമണോത്സുകതയെ വെളിപ്പെടുത്തുന്നു.


തൊഴിലാളികളെ കേവലം ഒരു വിഭവമാക്കി മാത്രം ചുരുക്കിക്കൊണ്ട് ആഗോള മുതലാളിത്തത്തെയും സാമ്പത്തിക വിപണികളെയും പുനര്‍നിര്‍മ്മിക്കാനുള്ള തീവ്രമായ ഈ ശ്രമങ്ങളെ സാമ്പത്തിക വളര്‍ച്ചയുടെ ഉപാധികളായി മാത്രം കണ്ട് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന എല്ലാവരുടെയും കയ്യില്‍ ഔറംഗബാദില്‍ ട്രെയിന്‍ തട്ടി മരിച്ച 16തൊഴിലാളികളുള്‍പ്പെടെ ഈ ലോക്ക്ഡൗണ്‍ കാലത്ത് പൊലിഞ്ഞ എല്ലാ ജീവനുകളുടെയും രക്തം പുരണ്ടിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top