03 December Saturday

ആരാണ്‌ ഈ ബ്രാഞ്ച്‌ സെക്രട്ടറി? എന്താ അവർക്ക്‌ പണി?..രാജാ ഹരിപ്രസാദ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

രാജാ ഹരിപ്രസാദ്‌

രാജാ ഹരിപ്രസാദ്‌

"സിപിഐ എം  ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്ന കാലമാണ്..... എന്താണ് ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലകൾ എന്നറിയാത്തവർക്ക്, ഒരു സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിലെ മനുഷ്യർ എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന്, ജീവിക്കുന്നതെന്ന് മനസ്സിലാക്കാത്ത മനുഷ്യർക്കു വേണ്ടി......' ഡോ. രാജാ ഹരിപ്രസാദ്‌ ഫേസ്‌‌ബുക്കിൽ എഴുതിയ കുറിപ്പ്‌.

നാലഞ്ചു കൊല്ലം ഭാഗികമായെങ്കിലും ജീവിച്ചത് തൃശ്ശൂരിലെ അഴീക്കോടൻ സ്മാരക മന്ദിരം എന്ന സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിലാണ്.....

എസ്‌എഫ്‌ഐയുടെ ജില്ലാ ഭാരവാഹികളായ ഞങ്ങൾ നാലുപേരെങ്കിലും അവിടെ ഉണ്ടാകും....

വീട്ടിൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും പട്ടിണി ഇല്ലായിരുന്നു... പലഹാരങ്ങളും ആർഭാടങ്ങളുമില്ലെങ്കിലും മൂന്നു നേരം വയറു നിറയെ ചോറുണ്ണാനുണ്ടായിരുന്നു.

ആ പാർട്ടിയാപ്പീസും മുല്ലനേഴി മാഷ് ഇരുട്ടു മുറി എന്നോമനപ്പേരിട്ടു വിളിച്ച, ഓഫീസ് സെക്രട്ടറിയായ ശിവദാസേട്ടൻ ശിവദാസേട്ടന്റെതെന്നും ഞങ്ങൾ എസ്‌എഫ്‌ഐക്കാർ ഞങ്ങളുടേതെന്നും വിളിച്ചിരുന്ന ആ മുറിയും നാലു പായകളും ...

പട്ടിണി എന്താണെന്നറിഞ്ഞത് അക്കാലത്താണ്..

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്ന ദിവസങ്ങൾ....(അതൊരു ടാക്റ്റിക്കൽ അഡ്‌ജസ്റ്റ്മെന്റാണ്... രാവിലെ വൈകി ഉണർന്നാൽ പ്രഭാതഭക്ഷണം ഒഴിവാക്കാമല്ലോ..)

ഉച്ചയ്ക്ക് അരിയും മണ്ണെണ്ണയും ഉള്ള ദിവസങ്ങളിൽ വത്സേച്ചി വന്ന് ഭക്ഷണമുണ്ടാക്കി വെക്കും... കറിവെക്കാനുള്ള കഷണം വാങ്ങാൻ 10 രൂപയാണ് അലോട്ട്മെൻറ്...
പാവം വത്സേച്ചി ആ പത്തിന്റെ കൂടെ തന്റെ കയ്യിൽ നിന്നുള്ള കോൺട്രിബ്യൂഷൻ കൂടെയിട്ട് കറിയുണ്ടാക്കും...
4 പേർക്കുള്ള ഭക്ഷണം ഞങ്ങൾ ഏഴോ എട്ടോ പേർ സുഖമായി പങ്കിട്ടുണ്ണും....

അന്ന് എസ്‌എഫ്‌ഐക്ക് മൊത്തമായി 20 രൂപയാണ് പാർട്ടി അലവൻസ്...
4 പേർ അതു കൊണ്ടു കഴിയണം...
ആ പൈസ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്കു പോകാനുള്ള ബസ്സുകൂലി കൂടിയാണ്...

രാത്രിയിൽ, അരിയും മണ്ണെണ്ണയുമുള്ള ദിവസങ്ങളിൽ കഞ്ഞിയുണ്ടാക്കും....
രാത്രി ഭക്ഷണത്തിന്‌ 10 രൂപ അലോട്ട്മെൻറുണ്ട്...
ആ പത്തു രൂപയുമായി നന്ദനോ അനൂപോ വാസുവോ സിങ്ങോ ഞാനോ സാബാനോ എം.ജി.റോട്ടിലെ മ്മടെ ഒരു സഖാവിന്റെ പച്ചക്കറിക്കടയിൽ ചെല്ലും....
അയാൾക്കു ഞങ്ങളെ അറിയാവുന്നതു കൊണ്ട് അയാളുടെ സ്നേഹത്തിന്റെ വിഹിതവും കൂട്ടിച്ചേർത്ത് ഒരു സഞ്ചി നിറയെ കായയും പയറും ഞങ്ങൾക്കു തരും...

എല്ലാ ദിവസവും രാത്രി കഞ്ഞിയും കായ-പയർ മെഴുക്കുപുരട്ടിയും  ആണു ഭക്ഷണം...
കഞ്ഞി വിളമ്പുന്നത് കുഴിയുള്ള കവിടിപ്പിഞ്ഞാണത്തിലായിരുന്നു... പാർട്ടിയാപ്പീസിലെ ഡ്രൈവറായിരുന്ന  സത്യേട്ടൻ അന്നു പറഞ്ഞിരുന്ന ഒരു തമാശ "ഈ കവിടിപ്പിഞ്ഞാണം ഇപ്പോൾ നമ്മുടെ പാർട്ടി ഓഫീസിലും വിയ്യൂർ ജയിലിലും മാത്രമേ കാണൂ" എന്നായിരുന്നു.....

കോളേജ് ഇലക്ഷൻ പോലുള്ള ഘട്ടങ്ങളിൽ സംഗതിയാകെ താളം തെറ്റും...
രാവിലെ ആപ്പീസിൽ നിന്നിറങ്ങിയാൽ വൈകിട്ട് ഇരുട്ടിയിട്ടേ തിരിച്ചെത്തൂ.. മേൽക്കമ്മറ്റിയിൽ നിന്നുള്ള സഖാവിന്  ഉച്ചഭക്ഷണം വാങ്ങിക്കൊടുക്കേണ്ട ചുമതല കീ‌ഴ്‌ക്കമ്മറ്റിയുടേതാണ്...
മ്മടെ കുട്ട്യോളുടെ കയ്യിൽ എവിടുന്നാണെന്ന് കാശ്?...
മൊത്തമായും സംഗ്രഹിച്ചും പറഞ്ഞാൽ രാവിലെയും ഉച്ചയ്ക്കും പട്ടിണി, രാത്രിയിൽ നിബന്ധനകൾക്കു വിധേയമായി കഞ്ഞിയും കായ് -പയർ ഉപ്പേരിയും...

കൂട്ടമായി പട്ടിണി കിടക്കുമ്പോൾ അതൊരു ഹരമായി മാറുമെന്ന് മനസ്സിലായത് അന്നാണ്...

ആരോടും പരാതികളില്ലായിരുന്നു...

മാമുക്കുട്ട്യേട്ടനാണ് അന്ന് പാർട്ടി ജില്ലാ സെക്രട്ടറി... പുള്ളിക്കാരൻ കണിശങ്ങളുടെ ആളായിരുന്നു.. പാർട്ടി ജില്ലാ സെക്രട്ടറിക്ക് കാറുണ്ട്, അതെങ്ങനെ ഉപയോഗിച്ചാലും ഒരാളും ചോദിക്കില്ല.. എന്നാലും എഴുപത്തഞ്ചാം വയസ്സിലും പുള്ളിക്കാരൻ ബസ്സിലേ വരൂ.. രാത്രി ഒമ്പതു കഴിഞ്ഞ് തിരികെ വീട്ടിൽ പോകാൻ മാത്രം കാറുപയോഗിക്കും... പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിലെ മറ്റംഗങ്ങൾക്ക് തൊട്ടടുത്തുള്ള ബസ് സ്റ്റാന്റു വരെപ്പോകാൻ മാത്രമാണ് കാറുപയോഗിക്കാവുന്നത്...

അതിഥികളാരെങ്കിലും വന്നാൽ/ജില്ലാ കമ്മറ്റി യോഗങ്ങൾക്ക് ചായ വരുത്തിയിരുന്നത് തൊട്ടടുത്തുള്ള വുഡ്‌ലാൻറ്സ് ഹോട്ടലിൽ നിന്നാണ്... ചായ കൊണ്ടുവരുന്ന പയ്യന്മാർക്ക് ശിവദാസേട്ടൻ അഞ്ചു രൂപ ടിപ്പു കൊടുക്കും... ഒരു ദിവസം ശിവദാസേട്ടൻ ഇല്ലാത്ത ദിവസം ഒരു പയ്യൻ ചായയുമായി വന്നു... 95 രൂപയാണ് ബില്ല്... മാമുക്കുട്ടിയേട്ടൻ നൂറു രൂപ കൊടുത്തു... ആ പാവം അഞ്ചു രൂപ തന്റെ ടിപ്പാണെന്നു കരുതി പോക്കറ്റിലിട്ടു... ബാക്കി അഞ്ചു രൂപ തിരികെ വരാത്തതു കണ്ട ചങ്ങായി അസ്വസ്ഥനായി... വുഡ്‌ലാന്റ്സിലെ മാനേജരെ വിളിച്ച് ചീത്ത പറഞ്ഞു... പേടിച്ചു വിറച്ചാണ് ആ പയ്യൻ അഞ്ചു രൂപയുമായി തിരികെയെത്തിയത്... ഞങ്ങൾ മാമുക്കുട്ടിയേട്ടന്റടുത്ത് മാധ്യസ്ഥത്തിന് പോയി. പുള്ളി പറഞ്ഞു "നിങ്ങൾക്കറിയില്ല, പാവപ്പെട്ടവന്റെ വിയർപ്പിന്റെ കാശാണ്... ഓരോ പൈസയ്ക്കും അതിന്റെ വിലയുണ്ട്"....

താഴത്ത് രണ്ടു ഫോണുണ്ടായിരുന്നു.. ഒരെണ്ണത്തിലേ എസ്‌ടിഡി കണക്ഷനുള്ളൂ... അത് പൂട്ടി വെയ്ക്കും... താക്കോൽ മാമുക്കുട്ടിയേട്ടന്റെ കയ്യിലാണ്... മറ്റേ ഫോൺ, ലോക്കൽ കോളുകൾ മാത്രം ചെയ്യാനാവുന്നവ ഞങ്ങൾക്കെല്ലാം യഥേഷ്ടം ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു...

ഇതിനെല്ലാം ഒരു മറുപുറവുമുണ്ടായിരുന്നു...

 പരുക്കനും വരട്ടുതത്ത്വവാദിയും മനുഷ്യപ്പറ്റില്ലാത്തവനുമെന്നൊക്കെ ഞങ്ങളെല്ലാം വിധിയെഴുതിയ ആ മനുഷ്യൻ ഞങ്ങളോടെല്ലാം കാണിച്ചിരുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുണയുടെയും മുഖം...

പണ്ട് തൃശ്ശൂരിൽ സർവ്വകലാശാലാ ഡി സോൺ  യുവജനോത്സവം നടക്കുകയാണ്... ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ പ്രെസ്റ്റീജ് ഇനങ്ങൾക്ക് വിധികർത്താക്കളായി വന്നത് കലാമണ്ഡലത്തിലെ അധ്യാപികമാരായിരുന്നു.... അന്ന് കലാമണ്ഡലം വൈസ് ചെയർമാനായിരുന്ന നമ്പീശൻ മാഷ് ഏർപ്പാടാക്കിയ ആളുകളാണ്..... ശനിയാഴ്ച രാത്രി തുടങ്ങി ഞായറാഴ്ച രാവിലെ തീരുന്ന മത്സരങ്ങൾ.... പുലർച്ചെ മൂന്നരയ്ക്കാണ് മോഹിനിയാട്ടം തുടങ്ങുന്നത്... അതിനു മുമ്പേ വിധികർത്താക്കൾക്കുള്ള ബത്ത കൊടുക്കാൻ ഞാനും മുരളി മാഷും ചെന്നു.. ഓരോരുത്തർക്കും രണ്ടായിരം രൂപ വീതം എന്നാണ് നമ്പീശൻ മാഷ് പറഞ്ഞിരുന്നത്.... നൃത്താദ്ധ്വാപികമാർ കണക്കു പറഞ്ഞു... ഓരോ ഐറ്റത്തിനും രണ്ടായിരം വീതം... ഒരാൾക്ക് ആറായിരം, മൂന്നാൾക്കും കൂടി പതിനെട്ടായിരം.. ഇല്ലെങ്കിൽ ഞങ്ങളിപ്പോൾ പത്രക്കാരോടു പറയും...

ചീത്തപ്പേരിന് ഒരു പഞ്ഞവുമില്ലാത്ത കാലമായിരുന്നു, ഞങ്ങളുടെ കുറവുകൾ കണ്ടെടുത്ത് പൊലിപ്പിച്ചെഴുതാൻ നിൽക്കുന്ന മാധ്യമ പ്രവർത്തകർ അപ്പുറത്തും...സോണൽ കലോത്സവങ്ങൾക്കുള്ള അലോട്ട്മെന്റ് കുറവാണ്...നുള്ളിപ്പിടിച്ചുണ്ടാക്കിയ ആറായിരം രൂപയേ ബാക്കിയുള്ളൂ...

ഞായറാഴ്ചയുടെ പുലരിയാണ്... കേരളവർമ്മ കോളേജിലെ ഒരു സഖാവിന്റെ അച്ഛന് മണ്ണൂത്തിയിൽ ഒരു ഫൈനാൻസ് സ്ഥാപനമുണ്ടായിരുന്നു... ബ്രാഹ്മമുഹൂർത്തത്തിൽ അവനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു.... അവൻ അവസരത്തിനൊത്തുയർന്നു..... പൈസ ഞാനെത്തിക്കാം, അപ്പൻ പള്ളീപ്പോയി തിരിച്ചെത്തുമ്പോൾ 11 മണിയാകും, അതിനിടയിൽ ആ കാശിനുള്ള ഒരു ഉരുപ്പടി റെഡിയാക്കണം.... പുള്ളി കാശുമായെത്തി, നൃത്താദ്ധ്യാപികമാരെ സെറ്റിൽ ചെയ്തു..

എന്റെ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികളുടെ ആഭരണങ്ങൾ യൂണിയൻ ഉദ്ഘാടനം. കലോത്സവം, സമരങ്ങൾ എന്നിവയുടെ എല്ലാം പേരിൽ ഹിന്ദിയും തമിഴും പഠിക്കുന്ന കാലമായിരുന്നു അത്...(പണയം വെക്കുന്ന ബ്ലേഡ് കമ്പനികളിലെ മുതലാളിമാർ ഹിന്ദിയോ തമിഴോ മാത്രം അറിയാവുന്നവരായിരുന്നു).

നേരം രാവിലെ പരപരെ വെളുത്തപ്പോൾ ഞാൻ എന്റെ ഹോസ്റ്റലിലേക്കു ഫോൺ ചെയ്തു... സന്തോഷായിരുന്നു അന്ന് കോളേജ് യൂണിയൻ ചെയർമാൻ,... "നീ നേരേ ലേഡീസ് ഹോസ്റ്റലിൽ ചെന്ന് ബെല്ലടിക്കുക.. അവിടെ X എന്ന കുട്ടി മാല ഊരിത്തരും.. അതുമായി ഇപ്പോൾത്തന്നെ തൃശ്ശൂരെത്തുക".... കാര്യങ്ങളെല്ലാം കൃത്യമായി  നടന്നു... അടുത്ത ശനിയാഴ്ച X ന് വീട്ടിൽ പോണം... മാല എടുത്തു കൊടുക്കണം.. ആകെ പ്രശ്നമായി... ഞാൻ പാർട്ടിയാപ്പീസിലെ എന്റെ സഖാക്കളോടു വിവരം പറഞ്ഞു... എല്ലാവരും ചേർന്ന് പ്രശ്നം സോൾവാക്കി...

വിവരം മാമുക്കുട്ടിയേട്ടൻ അറിഞ്ഞു..(തലേ ദിവസമേ അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു). വീട്ടിൽ നിന്ന് കുറച്ചു കാശുമായാണ് അന്നു പുള്ളി വന്നത്... എന്നെ മുകളിലേക്കു വിളിപ്പിച്ചു... കയ്യിലെ കാശ് മേശപ്പുറത്തു വച്ച് പറഞ്ഞതിത്ര മാത്രം... "വിവരങ്ങളൊക്കെ ഞാനറിഞ്ഞു... ആ പെൺകുട്ടിയ്ക്ക് ഈയാഴ്ച മാല എടുത്തു കൊടുക്കാൻ പറ്റിയില്ലെങ്കിൽ ആ കുട്ടിയുടെയും അവളുടെ വീട്ടുകാരുടെയും മുമ്പിൽ അപഹാസ്യമാകുന്നത് ഈ പാർട്ടിയാണ്.. അത് കാത്തിരിക്കുന്ന ഒരു പാടാളുകളുണ്ട്.. അതിന് നാം വഴി മരുന്നിട്ടു കൊടുക്കരുത്"..

എസ്‌എഫ്‌ഐ പ്രവർത്തനത്തിനിടയിൽ നാട്ടിലെത്തുമ്പോളായിരുന്നു മാമുക്കുട്ടിയേട്ടൻ പറഞ്ഞ വാക്കുകൾ ജീവനോടെ നിൽക്കുന്ന കാഴ്ച്ചകൾ..

ഒരു നാട്ടിൻ പുറത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി/ ലോക്കൽ കമ്മറ്റിയംഗം ഓരോ ദിവസവും ഏറ്റെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യം എന്താണെന്ന് പുറത്തു നിന്ന് മാത്രം കാര്യങ്ങളെ നോക്കിക്കണ്ടു ശീലിച്ചവർക്ക് മനസ്സിലാകാനിടയില്ല..... അയാൾ പലപ്പോഴും  ആ നാട്ടിൻ പുറത്തെ കോടതിയും  പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും വിവിധ വിഷയങ്ങളിലെ ഉപദേഷ്ടാവും, അങ്ങനെയങ്ങനെ, പലതുമാണ്... രാവിലെ തന്നെ ആരുടെയെങ്കിലും പരാതിക്കു തീർപ്പുണ്ടാക്കാനായി അന്നത്തെ പണിയും കളഞ്ഞിറങ്ങുന്ന അയാളുടെ പോക്കറ്റ് മിക്കവാറും കാലിയായിരിക്കും. അയാൾ ഭക്ഷണം കഴിച്ചോ എന്ന്, അയാളുടെ വീട്ടിൽ അടുപ്പു പുകയുന്നുണ്ടോ എന്നൊന്നും കൂടെ പോകുന്ന പരാതിക്കാരൻ അന്വേഷിക്കാറുമില്ല... ജീവിക്കാൻ അറിയാത്തവൻ എന്ന് നാട്ടുകാരും (വീട്ടുകാർ പോലും) അയാൾക്കു മുദ്ര കുത്തും...

മധ്യവർഗ്ഗമലയാളി സമ്പൂർണ്ണപരാജയമാണെന്നു മുദ്ര കുത്തിയ അത്തരം മനുഷ്യരാണ് നമ്മുടെ സാമൂഹികസുരക്ഷിതത്വത്തിന്റെ അസ്ഥിവാരം....

അത്തരത്തിലുള്ള നൂറുകണക്കിനാളുകളെ  നിത്യേന കാണുന്ന ഒരാളാണു ഞാൻ... മേൽപ്പറഞ്ഞതു പോലുള്ള ഒരു പാടനുഭവങ്ങളിലൂടെയാണ് വളർന്നത്.. ഇതെന്റെ മാത്രം അനുഭവമല്ല....

ഇതിലും തീവ്രമായ അനുഭവങ്ങളുള്ള പതിനായിരക്കണക്കിനാളുകളുണ്ട് ഇന്നാട്ടിൽ...

അതുകൊണ്ട് നിങ്ങളെന്തൊക്കെ കുത്തിത്തിരിപ്പു പറഞ്ഞാലും ഞങ്ങൾ കുറേയേറെ ആളുകൾ അതിനെ പ്രതിരോധിക്കാനുണ്ടാകും...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top