കൊച്ചി> ജൂഡ് ആന്തണി ജോസഫിന്റെ '2018' റെക്കോർഡ് കളക്ഷനുമായി മുന്നേറുമ്പോൾ മഹാപ്രളയത്തിലെ കേരളത്തിന്റെ അതിജീവനകഥ വീണ്ടും ചർച്ചയാവുകയാണ്. പ്രളയകാലത്തെ ഓർമ്മകളിലൊന്നാണ് കുട്ടനാട്ടിലെ രക്ഷാപ്രവർത്തനത്തിനിടെ മന്ത്രിയായിരുന്ന തോമസ് ഐസക് പിഞ്ചുകുഞ്ഞിനെ നൊഞ്ചോട് ചേര്‍ത്തു പിടിച്ചിരിക്കുന്ന ചിത്രം. ആ കുഞ്ഞിനെ തേടിയുള്ള തോമസ് ഐസകിന്റെ മുൻ സ്റ്റാഫും ഗവേഷകനുമായ ഗോപകുമാർ മുകുന്ദന്റെ അന്വേഷണം അവസാനം കുട്ടനാട്ടിലെ ജൊഹാനിലെത്തി.
മൂന്ന് ദിവസം മുമ്പാണ് തോമസ് ഐസകിനൊപ്പമുള്ള കുഞ്ഞ് സ്‌കൂളിൽ പോയിത്തുടങ്ങിയോ, എന്താണ് പേര്, ഇപ്പോൾ എവിടെയാണുള്ളത് തുടങ്ങിയ കൗതുകമുണർത്തുന്ന ചോദ്യവുമായി ഗോപകുമാർ ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടത്. ഗോപകുമാറിന്റെ അറിയാനുള്ള കൊതിക്ക് രണ്ട് ദിവസമെ കാത്തിരിക്കേണ്ടി വന്നുള്ളൂ. കുഞ്ഞിന്റെ ഫോട്ടോ സഹിതം വിവരങ്ങളെത്തി.
പേര് ജൊഹാൻ. ജോസഫ് ആൻമേരി ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമൻ. പുളിങ്കുന്ന് കെ ഇ കാർമ്മൽ സ്‌കൂളിൽ യുകെജി വിദ്യാർത്ഥി. ദാ ഇവിടെയുണ്ട് ജൊഹാൻ എന്ന പോസ്റ്റിലൂടെ കുഞ്ഞിന്റെ വിവരങ്ങൾ ഗോപകുമാർ തന്നെ പങ്കുവെച്ചു.
ഫെയ്‌സ്‌ബുക്ക് കുറിപ്പ്
ദാ ഇവിടെയുണ്ട് ജൊഹാൻ.
ചേച്ചി അലോൻ, അനിയത്തി അലോണ എന്നിവർക്കൊപ്പം യുകെജിക്കാരൻ ജൊഹാൻ.
ഐസക്കിന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് .
ആ ആഗസ്റ്റ് 15 ന് ബഹറിനിലേയ്ക്ക് മടങ്ങാനിരുന്നതാണ് ജോസഫും ആൻമേരിയും.വിമാനം റദ്ദാക്കിയതോടെ പുളിങ്കുന്നിലേയ്ക്ക് മടങ്ങി.
16, 17, 18 കുട്ടനാട് മുങ്ങി. തദ്ദേശ ഭരണ സ്ഥാപനങ്ങളും സർക്കാരും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും മാദ്ധ്യമങ്ങളും എല്ലാം കൈകോർത്ത സ്വപ്‌നം പോലുള്ള റസ്ക്യൂ ഓപ്പറേഷൻ .
ഒരു താലൂക്ക് മുഴുവൻ ഒഴിപ്പിച്ച ഒരു രക്ഷാ പ്രവർത്തനം .
അന്ന് പുളിങ്കുന്നിൽ നിന്നുമുള്ള ഒരു ചിത്രമാണ് ഞാൻ ഫെയ്‌സ്‌ബുക്കിൽ പങ്കു വെച്ചത്.
ഇപ്പോൾ ജോഹാൻ പുളിങ്കുന്ന് കെ ഇ കാർമ്മൽ സ്‌കൂളിൽ യുകെജി കുട്ടൻ .
അവർ കുട്ടനാട്ടിലെ പുളിങ്കുന്നിൽ പുതിയ വീടുവെച്ച് താമസിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..